short story- Malayalam

കുച്ച് കുച്ച് മാലൂം
""""""""""""""""""""""""
രണ്ടുദിവസംകൊണ്ടാണ്   വെടിവട്ടപഞ്ചായത്തിലൂടെ ആ വാർത്ത പുറത്തുവന്നത്. കേട്ടപാടേ ആരുമാദ്യം മൂക്കത്തു വിരൽവച്ചുപോയി... പുതിയൊരു സംഗതിയൊന്നുമല്ലെങ്കിലും കൊച്ചൗസേപ്പിൽനിന്ന്  ഇങ്ങനൊരു പ്രവൃത്തി ആരും നിനച്ചുകൂടിയില്ല.  എന്നിരുന്നാലും  പ്രമീളടീച്ചർക്കിതെന്തിന്റെ കേടാന്നാ മനസ്സിലാകാത്തത്. ഭർത്താവൊരുത്തൻ അന്യനാട്ടിലാണേലും മൂന്നുമാസംകൂടുമ്പോഴും മറ്റത്ത്യാവശ്യങ്ങൾക്കും വന്നുപോകുന്നുണ്ട്. തടിമിടുക്കായ രണ്ടാണ്മക്കളുള്ളതെങ്കിലും നോക്കണ്ടേ...  അതെല്ലാംപോകട്ടെ അങ്ങനെന്തേലും ആയാൽതന്നെ ഈ  അറുപത്തഞ്ചുകാരൻ  കൊച്ചൗസേപ്പിനെയേ കണ്ടുള്ളൂ.. അറിഞ്ഞവരറിഞ്ഞവർ ആത്മഗതമായും പരസ്പരം ചെവികടിച്ചതും ഈവിധചിന്തകളായിരുന്നു.
എന്നിട്ടും കൊച്ചൗസേപ്പ് നാട്ടിൽ തനിക്കെതിരെവരുന്ന ആക്ഷേപസ്വരങ്ങളൊന്നും അറിഞ്ഞമട്ടില്ല പ്രമീളടീച്ചറും എന്നും തന്റെ ഹിന്ദിവിദ്യാലയത്തിലെത്തുന്നുണ്ട്.   എന്തൊക്കെയായാലും കൊച്ചൗസേപ്പിനെക്കുറിച്ച് മോശമായി ചിന്തിക്കാനേ കഴിയുന്നില്ല.  പക്ഷെ പത്രക്കാരൻ രാജപ്പൻനായർ ഉറപ്പിച്ചു പറയുന്നു.. കുറച്ചുദിവസമായി കൊച്ചൗസേപ്പ് സന്ധ്യാനേരത്ത് പാത്തുംപതുങ്ങീം  പ്രമീളടീച്ചറുടെ വീട്ടിലേയ്ക്ക് കയറിപ്പോകാറുണ്ടത്രെ ഏകദേശം  ഒരുമണിക്കൂറോളം കഴിഞ്ഞ് അതുപോലെ തിരിച്ചൊരുപോക്കും. ഈ സമയത്ത് ടീച്ചർ ഒറ്റയ്ക്കാണത്രെ വീട്ടിൽ. മക്കൾ രണ്ടുപേരും അടുത്തുള്ള ഹോംട്യൂഷന്പോകുന്ന സമയത്താണ്പോലും കൊച്ചൗസേപ്പിന്റെ ഗന്ധർവ്വബാധ...!
പാൽക്കാരൻ നാണുവും പലവ്യഞ്ജനക്കടയിലെ തുളസിയുമൊക്കെ പറഞ്ഞതുപോട്ടെ ഓതിക്കാൻ മമ്മതും സാക്ഷിയാണത്രേ... മമ്മത് കള്ളംപറയുന്നോനല്ല കൂടാതെ കൊച്ചൗസേപ്പിന്റെ കൂട്ടും.
"ഞമ്മളെങ്ങനെ ശോയ്ക്കും ചങ്ങാതീനോട്.. ബല്ലാത്ത ബലാലല്ലേ യിദ്..."
മമ്മതിന് ചങ്ങാതിയോട് ചോദിക്കാനൊരു ശങ്ക.  ഏതായാലും സത്യമാണെങ്കിൽ മോശമായി.  കൊച്ചൗസേപ്പിതെന്തുഭാവിച്ചാ.. കെട്ടിയോൾ പോയിട്ട് അഞ്ചെട്ടുവർഷമായിക്കാണും... മക്കളെല്ലാം കാനഡയിലും. ഇക്കാലത്തിനിടയ്ക്ക് ഒരു വാല്യക്കാരിയോടുപോലും മോശമായി പെരുമാറിയവിവരമില്ല.. എന്നിട്ടും അയാൾക്കിതെങ്ങനെ പറ്റി..
നാട്ടിൽപാട്ടാകുന്നതിനുമുമ്പേ  കൂട്ടുകാരനെന്നനിലയിൽ എന്തെങ്കിലും ചെയ്യണം.  നാരീജനസംസാരത്തിലേക്ക് വിഷയമെത്തിയാൽപിന്നെ കമ്പക്കെട്ടിലെ പെരുക്കംപോലെ വാർത്ത കത്തിക്കയറും.
  
കൃഷിഭവനിൽ നിന്ന് മുന്തിയ ഇനം പച്ചക്കറിവിത്തുമായി മടങ്ങുകയാണ്  കൊച്ചൗസേപ്പ്..  ഇതുതന്നെയാണ്  അവസരം.
ഒരുകൂട്ടം ചോദിക്കാനിരിക്കയാണ് ഔസേപ്പേ...
" ബോലോ... ഭയ്യാ.."
ഞെട്ടിച്ചുകൊണ്ടാണ് മറുപടി..
" താനീ ഹിന്ദിയൊക്കെ എവിടുന്നാ പഠിച്ചേ...?"
" ഓ  എന്തു പറയാനാ.. തേങ്ങാവെട്ടാൻ വരുന്നവൻ ബംഗാളി..  പറമ്പ് കിളയ്ക്കാൻ വന്നവൻ ആസ്സാമീസ്... പൊട്ടിയ ഓട്മാറാൻ വന്നവൻ മറാഠി... മീൻകാരനും പാൽക്കാരനും മലക്കറിക്കാരനും മുതൽ  മെഡിക്കൽ സ്റ്റോറിലും സൂപ്പർസ്റ്റോറിലും വരെ ബംഗാളി.  ഇപ്പോൾ ബാർബറും ബംഗാളി.. ഇവന്റെയൊക്കെയിടയിൽകിടന്ന് നട്ടംതിരിയാതിരിക്കാനാ..   പോരാത്തതിന് വീട്ടിലേക്ക്  സഹായത്തിനുവരുന്നതും ബംഗാളി..  അതുകൊണ്ടല്പം ഹിന്ദിപഠിച്ചേക്കാമെന്ന് കരുതി.
"അതുനന്നായി...  ആട്ടെ എങ്ങനാ ഹിന്ദി പഠിത്തം ആരാ ഗുരു...?"-  പകുതി കളിയാക്കിയും ഒന്നുമറിയാത്തപോലെയുമാണ് ചോദിച്ചത്..  കൊച്ചൗസേപ്പ് തിരിഞ്ഞുനിന്നു അടുത്തവന്നശേഷം ഒരു വളിച്ചചിരി പാസ്സാക്കി.." അതേ മാഷേ ആരോടും ങ്ങള് പറയാൻ നിക്കണ്ടാന്ന്.. സംഗതി ഗോപ്യാണ്.. നമ്മളിപ്പം ആ പ്രമീളടീച്ചറിന്റെ ശിഷ്യനാ.."
"ശിഷ്യനോ...അതോ... (ജാരനോ എന്നവാക്ക് വിഴുങ്ങി)."
" അതേന്ന്  ഹിന്ദി പഠിപ്പിക്കാൻ  ആ കുട്ടിയോളം ആരാ ഇപ്പൊ ഇവ്ടെ...?. ഓൾടെ ഹിന്ദിവിദ്യാലയത്തിലെ കിടാങ്ങളെകൂടെ എങ്ങനാ ഇരിക്കുക. അയ്നാലെ ഓൾടെ പെരേ ചെന്നോളാൻ പറഞ്ഞു  വൈകീട്ട്..... ... ദോഷം പറയരുതല്ലോ..  കൊച്ച് നല്ലോണം പഠിപ്പിക്കണുണ്ട്.. പിന്നെ പീസുമില്ല പരീക്ഷേമില്ല കേട്ടാ..."
"അതെന്താ ഔസേപ്പേ ഫീസ് വേണ്ടാത്തത്.. ?
അർത്ഥംവച്ചൊരുനോട്ടത്തിലാണത് ചോദിച്ചത്...
"അതിനതിന്റെ അപ്പനെ പഠിപ്പിക്കാൻ പീസ് വേണ്ടാന്ന്... ഒള്ളതാ.. ഒന്നോർത്താ ന്റെ മൂത്തകുട്ടി ഗ്രേസീന്റെ പ്രായംവരുമതിന് പാവം.. അപ്പാന്നാ വിളിക്കുന്നെ..."
കൊച്ചൗസേപ്പത് പറയുമ്പോൾ  ആ കണ്ണുകളിലൊരു വാത്സല്യബിന്ദുവന്നുനിറഞ്ഞ് കരകവിയാൻ തയ്യാറായി... അതുമറയ്ക്കാനാവും അയാൾ തിരിഞ്ഞുനടന്നു. പാവം ഈ പച്ചമനുഷ്യനുനേരെയുതിരുന്ന ഊഹാപോഹങ്ങളിൽപെട്ട് എന്റെ മനസ്സും...
വളവുതിരിയുന്ന കൊച്ചൗസേപ്പൊന്നു തിരിഞ്ഞുനോക്കി.. കൈയുയർത്തിചോദിച്ചു.. കൊച്ചൗവ്വേ..ഹിന്ദി മുഴുവനും പഠിച്ചോ..
"നഹി നഹീ... കുച്ചു മാലൂം... " അയാൾ  നടന്നുമറയവെ ഉള്ളിലൂറിയൊരു വിദ്വേഷമലിഞ്ഞലിഞ്ഞ് പുഞ്ചിരിയായിമാറി.
                                ശ്രീ.

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്