അവശേഷിച്ച വായുദൂതുകൾ
അവിചാരിതമായി Facebook ലൂടെ ഉടലെടുത്ത ഒരജ്ഞാത സൗഹൃദവും അതിന്റെ വേദനാജനകമായ പരിസമാപ്തിയും തീർത്ത മനോവ്യാപാരങ്ങളിൽ നിന്നാണ് ഈ രചന ഉടലെടുത്തത്. ദൈർഘ്യമേറിയതിനാൽ ഖണ്ഡശ്ശ: പ്രസിദ്ധീകരിക്കുന്നു. പ്രതീക്ഷയോടെ.
ഒന്നാംഭാഗം സമർപ്പിക്കുന്നു. By sree
അവശേഷിച്ച വായുദൂതുകൾ.
---------------------------
നഗരത്തിരക്കിൽനിന്നൊഴിഞ്ഞ് കാർ പതിയെ ഓടുകയാണ്. ഇടയ്ക്കിടെ GPS ൽ സെറ്റ്ചെയ്തുവച്ച റൂട്ട് നോക്കി. പതിനെട്ടുകിലോമീറ്റർകൂടെ ബാക്കിയുണ്ട്. ഉച്ചവെയിലിന്റെ കാഠിന്യം കുറയാൻ തുടങ്ങി.
"ഋഷിപുരം" പേരിലൊരു പുതുമയുണ്ട്. ഒരന്വേഷണമാണീയാത്ര, മനസ്സ് പലവട്ടം മടിച്ചിട്ടും ഒടുവിലന്വേഷിക്കുന്നയിടം ഋഷിപുരമാണെന്നറിഞ്ഞപ്പോൾ മുതൽ ത്രില്ലായി... ഋഷിപുരം ഈ ജില്ലയിലായിട്ടുപോലും ഇങ്ങനൊരു സ്ഥലപേര് ആദ്യം കേൾക്കുന്നു. പേരിൽ ദുരൂഹതയൊന്നുമില്ലെങ്കിലും മനസ്സിലുറഞ്ഞ ഒരു ദുരൂഹത മാറ്റാനാണീയാത്ര.
" ചെകുത്താന്റ കുഞ്ഞ്" അതാണാ ഫേയ്സ്ബുക്ക് അക്കൗണ്ടിന്റെ പേര്... about തിരഞ്ഞാൽ ഋഷിപുരമെന്ന സ്ഥലനാമത്തിനപ്പുറമൊന്നും കിട്ടാത്തൊരക്കൗണ്ട്.
" ഈശ്വരൻ മനസ്സുകൊണ്ട് സൃഷ്ടിക്കാത്തവയും ഈ ഭൂമിയിലുണ്ടെന്നതിന്റെ ദൃഷ്ടാന്തം"- എന്നാണ് bio... .
ആ bio-യിൽനിന്നാണ് ഈയാത്ര...
"ഋഷിപുരം" അവിടെത്തിയാലെങ്കിലും ഈ സമസ്യാപൂരണമാകുമോ... അറിയില്ല പക്ഷേ കണ്ടെത്തണമവനെ അല്ലെങ്കിലവളെ... മറഞ്ഞിരുന്ന് ചിരിക്കുന്നതാരായാലും.. കണ്ടെത്തണം.. മനസ്സ് ജിജ്ഞാസയിൽനിന്ന് അറിയാനുളള വ്യഗ്രതയിലേക്ക് പരിണമിച്ചിരിക്കുന്നു.
കൃത്യമായിപറഞ്ഞാൽ ഒന്നരവർഷമായിക്കാണും ഒരു ഫ്രണ്ട്സ് റിക്വസ്റ്റ് കണ്ടത്. പ്രൊഫൈൽ പരതിയതിൽ പുതിയൊരക്കൗണ്ടാണെന്ന് മനസ്സിലായി.. തുടങ്ങിയിട്ട് കേവലദിനങ്ങളായ ആ അക്കൗണ്ടിൽ കുറച്ച് ശുഭദിനാശംസകളും ശുഭരാത്രികളും മാത്രം. കുഴപ്പമില്ലെന്ന് കണ്ട് അസപ്റ്റ് ചെയ്തുടൻ ഇന്ബോക്സിൽ ഒരു താങ്ക്സ് എത്തി. ഒരു ലൈക്കിൽ ചാറ്റ് മതിയാക്കി. പിന്നെ കണ്ടത് എന്റെ എല്ലാ രചനകളും പടങ്ങളും ഇഷ്ടപ്പെട്ടും സൂക്ഷ്മനിരീക്ഷണം നടത്തിയുമുളള കമന്റുകളും ലൈക്കുകളുമായിരുന്നു. പിന്നെ ഒരു പോസ്റ്റ് കഴിഞ്ഞാൽ ആദ്യലൈക്ക് അല്ലെങ്കിൽ ആദ്യകമന്റ്റ് ആ അക്കൗണ്ടിൽ നിന്നായി.. പതിയെപ്പതിയെ ആ അക്കൗണ്ട് തിരിച്ച് പരതാനും ലൈക്ക് ചെയ്യാനും തുടങ്ങിയപ്പോഴാണത് ശ്രദ്ധയിൽപ്പെട്ടത്.. ആ അക്കൗണ്ടിൽ ഉടമ സ്വന്തം ചിത്രമോ സ്വന്തമായതെന്തെങ്കിലുമോ പോസ്റ്റ് ചെയ്തു കാണുന്നില്ല.
സ്ഥിരം കാണാറുള്ളതുപോലെ blood. Cash, service എന്നിവയ്ക്കുള്ള അഭ്യർഥനയോ ഷെയറുകളോ കാണാനില്ല. ദൈവങ്ങൾക്കുളള സ്പോൺസർ പ്രചരണങ്ങൾ പോയിട്ട് ഭൂമിയിലെ ഒരു മതത്തിന്റെയോ ദൈവത്തിന്റെയോ ഒരു ചിത്രം പോലും പോസ്റ്റ് ചെയ്തിട്ടില്ല. ചെകുത്താന്റെ കുഞ്ഞെന്ന പേരിന് അടിവരയിടാനുളള പോസ്റ്റുകളുമില്ല.
എന്നാൽ രാവിലെ കൃത്യം 6നും 6.30നുമിടയിൽ സൂര്യനുദിക്കുന്നതിന്റെയൊരാകാശചിത്രവും ശുഭദിനമെന്ന കാപ്ഷനും വൈകുന്നേരം ആറുമണിയോടടുപ്പിച്ച് ചെമപ്പ് രാശി അല്ലെങ്കിൽ കറുത്ത ആകാശവും ശുഭരാത്രിയും.. അക്കൗണ്ട് ആരംഭിച്ചനാൾമുതൽ മുടക്കമില്ലാതെ ഇവരണ്ടും പോസ്റ്റ് ചെയ്യുന്നുണ്ട്.. വിലകുറഞ്ഞ മൊബൈൽ ക്യാമറയിലെടുത്ത് എഡിറ്റ് ചെയ്യപ്പെടാതെയാണവ പോസ്റ്റ് ചെയ്തിരിക്കുന്നത്. കൂടുതൽ പരതാനാകാംക്ഷയായി, 120 ഓളം സുഹൃത്തുക്കൾ . എല്ലാം ഫ്രണ്ട്സ് റിക്വസ്റ്റിലൂടെ നേടിയവ... അവരിൽ 30-40 പേർ സ്ഥിരം ഈ പോസ്റ്റുകളെ ലൈക്ക് ചെയ്തിരിക്കുന്നു.. അതിനപ്പുറം ഒരു കമന്റുപോലും കാണാത്തതിനാലാണ് ഒരുദിവസം nice pic എന്നൊരു കമന്റിട്ടത്.. ഉടനൊരു നന്ദി തിരിച്ചെത്തി.. പിന്നെ അതൊരു പതിവായി.. ദിനചര്യയായി സുഹൃത്തുക്കൾക്കയയ്ക്കുന്ന ശുഭദിനസന്ദേശം ആ അക്കൗണ്ടിലേക്കും അയയ്ക്കാൻ തുടങ്ങി. എല്ലാത്തിനും ഉടനുടൻ മറുപടിയും.. പിന്നെപ്പോഴൊ ആണ് ആ ആളുടെ സൗഹൃദങ്ങളിലേക്ക് കണ്ണോടിച്ചത്. അത്ഭുതമെന്തെന്നാൽ അവരുടെയെല്ലാം പോസ്റ്റുകൾ സസൂക്ഷ്മം വായിച്ചഭിപ്രായമിട്ട അയാളുടെ ശുഭദിന,ശുഭരാത്രിപോസ്റ്റുകൾ അവരിൽ പലരും അവഗണിക്കയാണ് ചെയ്തിരുന്നത്. എന്നാലും ആ ആളുടെ അക്കൗണ്ടിലേക്കൊരുപ്രാവശ്യംപോലും ആരെയും ടാഗ്ചെയ്യാനവസരം നൽകാതെ closed ആയിത്തന്നെ കാണപ്പെട്ടു. ക്രമേണ അയാളുടെ ആ സുഹൃത്തുക്കളിൽ നല്ലൊരുപങ്കും എന്റേയും സുഹൃത്തുക്കളായി മാറി.
ആവർത്തനങ്ങളെ വെറുക്കുന്ന ഏക ജീവിവർഗ്ഗം മനുഷ്യൻതന്നെയാണെന്ന് എവിടെയോ വായിച്ചിരിക്കുന്നു... ക്രമേണ ആ അക്കൗണ്ടിലെ ശുഭദിന-ശുഭരാത്രിസന്ദേശങ്ങളെ ഞാൻ വെറുക്കാൻ തുടങ്ങി. പ്രഭാതത്തിലും പ്രദോഷത്തിലുമെത്തുന്ന ആ ആവർത്തനങ്ങളെ കാണുമ്പോൾതന്നെ മടുപ്പനുഭവപ്പെടാൻ തുടങ്ങിയിരുന്നു. ലൈക്കുകളും കമന്റുമൊന്നും ആ അക്കൗണ്ടിന് നൽകാതെയായി മാത്രമല്ല മറ്റുളളവരും എന്നെപ്പോലെ ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു എന്ന് ലൈക്കുകളുടെ എണ്ണത്തിൽനിന്ന് മനസ്സിലാക്കാനായിരിക്കുന്നു. 40ൽ നിന്ന് മുന്നോ നാലോ ലൈക്കുകളിലേക്ക് ആ അക്കൗണ്ടിന്റെ നിലവാരം താഴ്ന്നിരിക്കുന്നു. എന്നാലും മുടങ്ങാതെ അയാൾ എല്ലാവർക്കും അഭിപ്രായവും ഇഷ്ടപ്പുളളികളുമിടുന്നതിൽ മുടക്കം വരുത്തുന്നില്ല എന്നത് എന്നിലെപ്പോഴോ അയാളോടുളള ഈർഷ്യയാകുന്നത് ഞാനറിയുന്നുണ്ടായിരുന്നു.
ചെങ്കതിരുന്നു ശോഭ തീരെയില്ലാതെ സൂര്യനുദിച്ചുയരുന്ന പ്രഭാതചിത്രവും പതിവിന് വിപരീതമായി "ഏവർക്കും നല്ലത് വരട്ടെ " എന്ന കാപ്ഷനുമായി കണ്ട പോസ്റ്റ് രാവിലെ പതിവുപോലെ കണ്ടില്ല എന്ന് നടിച്ചു. എന്നാൽ വൈകുന്നേരം ആ കടലോരത്തിരിക്കെ അസ്തമയസൂര്യനും പതിവുളള സൗന്ദര്യമില്ല എന്ന് തോന്നി. വീട്ടിലെത്തി ലാപ്ടോപ്പിനുമുന്നിലിരിക്കെ അസ്തമയസൂര്യന്റെ നേർക്കാഴ്ച മനസ്സിലേക്കോടിയെത്തി. അറിയാതെ ആ അറിയപ്പെടാത്തയാളിന്റെ അക്കൗണ്ട് പരതി...
ഇല്ല പതിവുപോലെ ശുഭരാത്രിയില്ല പകരം രണ്ട് വരിമാത്രം. "അസ്തമയത്തിനു മുമ്പേ കരിമേഘമിറങ്ങിയാൽ പിന്നെന്തസ്തമയക്കാഴ്ച" !!.
മനസ്സ് അസ്വസ്ഥമായി.. അറിയാതെ വിരലുകൾ കീബോർഡിലുരസി.
"താങ്കളാരാണെന്നറിയില്ല.. എന്നാലും പറയുന്നു. ഉദയാസ്തമനങ്ങൾ മാത്രം പോസ്റ്റ് ചെയ്യുന്ന നിങ്ങൾ ഈ ആവർത്തനങ്ങളാലെന്നെ ഏറ്റവും കൂടുതൽ ബോറടിപ്പിച്ചു... ഒരാൾക്ക് താങ്ങാവുന്നതിലധികമാണത്. നിങ്ങളതിലൂടെ എന്താത്മനിർവൃതിയാണ് നേടുന്നത്.?. ഒരാൾക്ക് ഇത്രയും ബോറനാകാനാവുമോ.? . "
Logout ന് മെനക്കെടാതെ സിസ്റ്റം ഷട്ടൗൺ ചെയ്തു നീക്കിവച്ചു. മനസ്സിലെന്തോ ഒരു സുഖംതോന്നുന്നു. പുറത്തെ ആകാശത്ത് ചന്ദ്രനും ശുക്രനും കുശലപ്രശ്നം ചെയ്യുന്നു. ആകാശത്തിന്റെ പ്രസരിപ്പ് ഉടലിലേക്ക് പകരുന്നപോലെതോന്നി...
രാവിലെ ഓൺലൈനിലെത്തിയയുടനെ ഇൻബോക്സിലൊരു ചിത്രം.. പ്രഭാതസൂര്യനെ നിസ്സംഗം നോക്കിനിൽക്കന്ന ഒരു മധ്യവയസ്കന്റെ വശത്തുനിന്നുളള മുഖം... ആ മുഖത്തിന് മുന്നിൽ അല്പംമാറി ചായഗ്ലാസ്സിലോമറ്റോനിന്ന് വമിക്കുംപോലെ നേർരേഖകൾ നഷ്ടപ്പെട്ട രണ്ട് പുകച്ചുരുളുകൾ... കുറച്ചുസമയം ആ ചിത്രത്തിൽത്തന്നെ നോക്കിയിരുന്നു. ഒരു ലൈക്ക് നൽകി.. ഉടനൊരു നന്ദിവാക്കെത്തി......
" എനിക്കും നിനക്കുമിടയിലെ വായുദൂതുകൾ എവിടെവച്ചാണ് കൂട്ടിമുട്ടുന്നത്... എന്താണവർ സംവേദനംചെയ്യുക..... "
എഴുത്ത് പിടിച്ചുകെട്ടിയപോലെ നിന്നു.. തുടർവാക്കുകൾ കിട്ടാനില്ലാതെ ഏറെ നേരം ആ വാക്യം വീണ്ടുംവീണ്ടും വായിച്ചു... പിന്നെ അറിയാതെ സെന്റ് ബട്ടണിൽ വിരലമർത്തി... വളർച്ചയെത്താതെ ജന്മമെടുത്തൊരു ഭ്രൂണംപോലെ ആ വാക്യം എന്റെ അന്നത്തെ സ്റ്റാറ്റസ് ആയി ടൈംലൈനിലിടം നേടി... ഒരുപക്ഷേ ഇക്കാലത്തിനിടയിൽ ആദ്യമായി ഒരു അപൂർണ്ണമായ പോസ്റ്റ് അന്നായിരിക്കുമിട്ടത്...
തുടരും.......sreekumarsree.
- ഭാഗം 2.-
സമീപത്തൊരു സ്കൂൾ ഉണ്ടെന്നബോർഡ് പിന്നിലേക്കൊഴുകിപ്പോയി .. ഋഷിപുരത്തേയ്ക്കടുക്കുകയാണ്... മനസ്സിൽ ഉണ്ടായിരുന്ന ശുഭാപ്തിവിശ്വാസത്തിന് ചോർച്ചയുണ്ടാകുന്നപോലെ തോന്നുന്നു..
പ്രതീക്ഷിച്ചപോലെ മൂന്ന് ചെറിയ റോഡുകൾചേരുന്നൊരു ചെറുജംഗ്ഷൻ.. നഗരത്തിൽനിന്ന് വന്നുകയറുന്ന റോഡിനിരുപാർശ്വത്തായി പിരിഞ്ഞുപോകുന്ന രണ്ട്ചെറുറോഡുകൾ അവയിലൊന്ന് ഒരു ഡാമിലേക്കും മറ്റേത് തമിഴ്നാട് അതിർത്തിഗ്രാമത്തിലേക്കുമാണെന്ന് മധ്യത്തിലായി സ്ഥാപിച്ചിട്ടുളള ചൂണ്ടുപലകയിൽനിന്ന് മനസ്സിലായി. ഓരംചേർത്ത് കാർനിർത്തി, ചുറ്റുമൊന്ന് കണ്ണോടിച്ചു. താരതമ്യേന തിരക്കുകുറഞ്ഞ റോഡും പരിസരവും ചെറിയൊരു മുറുക്കാൻപീഠികയും westlife saloon എന്ന് പേരെഴുതിയ ബാർബർഷോപ്പും ചേർന്നൊരു ഓടുമേഞ്ഞ കെട്ടിടം. എതിർഭാഗത്തൊരു ചായക്കട, പലവ്യഞ്ജനങ്ങൾ വിൽക്കുന്ന കടയ്ക്ക്സമീപം മൂന്ന് കമ്പ്നാട്ടി നടുവിലൊരു തുരുമ്പിച്ച ത്രാസ്സും കപ്പയുമായി, തലക്കെട്ട്കെട്ടി മേൽവസ്ത്രമില്ലാതൊരു മധ്യവയസ്കനിരിക്കുന്നുണ്ട്. അപ്പുറം നഗരത്തിലേക്കുളള പാതയിൽ തകരഷീറ്റ് മേഞ്ഞൊരു വെയിറ്റിംഗ്ഷെഡിൽ നരച്ചനിറമുള്ളൊരു ശ്വാനൻ അലസം ശയിക്കുന്നു.
" ------------മെമ്മോറിയൽ ഗ്രന്ഥശാല" എന്ന് നാമമുളള ജംഗ്ഷനിലെ ഏക കോൺക്രീറ്റ് മന്ദിരത്തിനുപുറകിൽ വലിയൊരു താന്നിവൃക്ഷം, ജംഗ്ഷന്റെ അധിപനെപ്പോലെ തലയുയർത്തിനിൽക്കുന്നുണ്ട്. ഓടും ഷീറ്റും പകുതികോൺക്രീറ്റുമായി നാലഞ്ചുവീടുകൾ.... പണ്ടെപ്പോഴോ ചങ്ങലയറ്റ് ജലംതുപ്പാനുളള കഴിവുപോയൊരു വയസ്സൻ കുഴൽകിണർ, ഡാംസൈറ്റിലേക്കുളള റോഡിൽ സമാധിപൂണ്ടിരിപ്പുണ്ട്. ഉണങ്ങിയ വിറകുകെട്ടുമായി ഒരുസ്ത്രീ വടക്കോട്ടാഞ്ഞ് നടന്നുപോയി. അവർക്ക് പുറകിലായി ഒരു മെല്ലിച്ചനായയും. വെയിറ്റിംഗ്ഷെഡിനുമുന്നിലൂടെയവർ കടന്നുപോകവെ അവിടെ വിശ്രമിച്ചിരുന്ന ശ്വാനൻ സടകുടഞ്ഞെണീറ്റു. ഇരുശ്വാനന്മാരും പരസ്പരം നോക്കി. പിന്നെ മെല്ലിച്ചനായ തന്റെ യജമാനത്തിക്കുപിന്നാലെപാഞ്ഞു. വെയിറ്റിംഗ്ഷെഡിനുടമ അല്പനേരംകൂടി വടക്കോട്ടുനോക്കിനിന്നു, പിന്നെ ആ ചായപ്പീടികയുടെ പിന്നാമ്പുറത്തേയ്ക്ക് നടക്കവെയാണ് അതിന്റെ ഇടതുപിന്കാലിന് അല്പം മുടന്തുളളത് മനസ്സിലായത്. ആകെക്കൂടി മമ്മൂട്ടിചിത്രത്തിലെ* മേലുകാവ് എന്ന ഗ്രാമക്കവലയെ ഓർമ്മിപ്പിക്കുന്നുണ്ട് ഈ ജംഗ്ഷൻ.
"ചായ...." ഓർഡർ പറഞ്ഞുകൊണ്ട് ചായപീഠികയിലെ പഴയബെഞ്ചിലിരുന്നു. അലുമിനിയംപാത്രത്തിൽ ബ്രൗൺനിറത്തിൽ പലഹാരം നീട്ടിപിടിച്ച കടക്കാരൻനിന്നു.
"പഴക്കേക്ക്."... വെറ്റിലക്കറപുരണ്ട പല്ലുകാട്ടിചിരിച്ചുകൊണ്ടാണ് പറഞ്ഞത്. വേണ്ടന്നാംഗ്യംകാട്ടി.
"മീഡിയമോ സ്ട്രോങ്ങോ..? "
"മധുരമാകണോ... അതോ വിത്തൗട്ട്..?"
ഉത്തരങ്ങൾക്ക് മുന്പെറിയുന്ന ചോദ്യങ്ങൾ....
"ഡാമിലോട്ടാണോ..?" അതേയെന്ന് തലയാട്ടി...
"നല്ലരസമാ സാർ കുടുംബവുമായിവരണം.. പണ്ടൊക്കെ ആരും വരാൻമടിച്ചിരുന്ന സ്ഥലാ... ഇപ്പോളെല്ലാംമാറി ഇവിടംപോലെയല്ല നെറേകടകളും പാർക്കുമൊക്കെയുണ്ട്. പോലീസും സെക്കൂരിറ്റീം എല്ലാമായി.... മോനുണ്ടവിടെ ചെറിയ കച്ചോടമാ.. സിഗരറ്റും ബീഡീം ഒക്കയായിട്ട്... സായിപ്പിന്റെ ബംഗ്ലാവിന്റെ വടക്കാ.... മോനിച്ചനെന്നാ പേര്.... എല്ലാം കാണാനുമൊക്കെ സൗകര്യമുണ്ടാക്കിത്തരും..." കടക്കാരൻ വിടുന്നമട്ടില്ല. ചായകഴിഞ്ഞു സിഗരറ്റുവാങ്ങി മൊബൈലിന് റെയിഞ്ചുകാണിക്കുന്നുണ്ട് ഭാഗ്യം ..
"ഇതില്ലാണ്ടിപ്പൊ പറ്റാണ്ടായി അല്ലേസാറെ.. മോനിച്ചനുമുണ്ടൊരെണ്ണം യേതാണ്ട് കൊറെകാശായിത്രെ. !"
സിഗരറ്റിന് തീകൊളുത്തവെ കടക്കാരൻ വീണ്ടും.... ഭാഗ്യം, വിഷയത്തിലേക്കയാൾ കൈപിടിച്ചുവലിക്കുന്നു....
" മോനിച്ചന് Facebook account ഉണ്ടോ..? "
"അയാൾക്കെത്രയാ പ്രായം.. ?"
ഒരന്ധാളിപ്പ് ആ മനുഷ്യനിൽ വന്നുനിറഞ്ഞു... മണ്ണെണ്ണസ്റ്റൗവിലെ പിസ്റ്റൺ പമ്പ്ചെയ്തുകൊണ്ടയാൾ പറഞ്ഞു.. "അവനേതാണ്ട് 27 - 28 ആകും സാറെ ഇരുപത്തിയഞ്ചാകുംമുമ്പാ അവനൊരുത്തിയേംകൊണ്ട് കേറിവന്നത്. അവന്റെ കുഞ്ഞിനിപ്പോ ഒന്നരയായിക്കാണും"
" അവന് Facebook account ഉണ്ടോ..."?
ചോദ്യം ആവർത്തിച്ചു...
അവനേതാണ്ടൊക്കെയുണ്ടാവണം.. അവനഞ്ചുപൈസാ കളയാത്തോനാ... ഒന്നിനെ വിളിച്ചോണ്ട് വന്നെന്ന പോഴത്തമേ അവനുളളൂ അവനാള് നല്ലോനാ.... " ആ സാധുമനുഷ്യൻ തലതടവിനിന്നു... ഒരു പിടിവളളി കണ്ണിയറ്റ നൈരാശ്യത്തിൽ പുകയൂതിയകറ്റി പണംനൽകിയിറങ്ങി.. കാറിനടുത്തെത്തി...
ഇനിയെന്ത്... മൊബൈലിൽ ഡാറ്റാ ഓണാക്കി Facebook login ചെയ്തു. പിന്നെ ആ account പരതി.. ഇല്ല പുതുതായി ഒന്നുമില്ല വേട്ടനായയെ ഭയന്ന പേടമാൻ ഗുഹയിലൊളിച്ചപോലെ... പതിവുളള ശുഭസായാഹ്നവുമില്ല. എന്നെയവൻ/അവൾ ഭയക്കുന്നുണ്ടോ... മനസ്സിലറിയാതൊരു സുഖം. കാറിൽക്കയറി സ്റ്റാർട്ട് ചെയ്യുംമുമ്പ് ഓർത്തു... ഇനി..?,
ഡാമിലേക്കുതന്നെവിട്ടു.... മോനിച്ചൻ....! ഇരുപത്തഞ്ചാംവയസ്സിൽ ദാമ്പത്യം തുടങ്ങിയവനാണ്. ഒരുകുഞ്ഞിന്റെ പിതാവ്..Facebook ൽ ഭാര്യ കുഞ്ഞ് ഇത്യാദിചിത്രങ്ങൾ കുത്തിനിറയ്ക്കേണ്ട കാലം. അന്വേഷിക്കുന്നതും മോനിച്ചനുമായൊരു ബന്ധത്തിനുളള സാധ്യത തുലോംവിരളമാണ്.... പിന്നെ അവന്റച്ഛൻപറഞ്ഞപോലെ കൊറേ കാശുകൊടുത്തുമേടിച്ചൊരു മൊബൈൽഫോണിനുടമയാണ് മോനിച്ചൻ... തീർച്ചയായും അതിലൊരു Facebook account ഉണ്ടാകണം... അവന്റെ ഫ്രണ്ട്ലിസ്റ്റിൽ അല്ലെങ്കിലവനറിവുണ്ടാകുമെങ്കിലോ ഈ ശുഭരാത്രി - ശുഭദിനസന്ദേശക്കാരനെ...
വണ്ടി പതിയെ ഡംസൈറ്റിനോടടുക്കുകയാണ് വളവുകഴിയവെ ഡാമിലെ നിയോൺദീപങ്ങളുടെ പ്രകാശംകാണായി... ഏസി ഓഫാക്കി കാറിന്റെ സൈഡ്ഗ്ലാസ്സുകൾതാഴ്ത്തി ഡാമിനോടടുംക്കുംതോറും വെളളത്തിന്റെ ഹുങ്കാരശബ്ദം കൂടിവന്നു..
ഡാമിനേക്കാൾ പഴക്കമുളള സായ്പ്പിന്റെ ബംഗ്ലാവ് പുരാവസ്തുവകുപ്പിന്റേതാണ്. ഇറിഗേഷൻവകുപ്പിന്റെ ഓഫീസ്കൂടിയാണിപ്പോൾ.. നൈറ്റ്ഡ്യൂട്ടിസ്റ്റാഫ് വണ്ടിക്കടുത്തേയ്ക്ക് വന്ന് കുനിഞ്ഞുനോക്കി. പുറകിലെ സീറ്റ്കാലിയാണെന്ന് കണ്ടിട്ടാകണം തിരികെനടന്നുതുടങ്ങി...
ഹലോ.... തീരെ രസിക്കാതെ ആ മധ്യവയസ്കൻ പകുതിതിരിഞ്ഞു...
one mr. Monichan...?
ഇടത്തേയ്ക്ക് കൈയിലിരുന്ന കുറുവടിചൂണ്ടി... പിന്നെ അസ്പഷ്ടമായെന്തോ പറഞ്ഞുകൊണ്ട് കെട്ടിടത്തിന് വശത്തുളള പുരാവസ്തുവകുപ്പുനാട്ടിയനീലബോർഡിന് ചുവട്ടിലേക്ക് അയാൾ മൂത്രമൊഴിച്ചു.
ഒരുസിഗരറ്റിന് തീപകർന്ന് ദീർഘമായൊന്ന് പുകയെടുത്തു. പതിയെ താഴേക്കിറങ്ങി...
ചെറിയൊരുചായത്തട്ടിൽ അത്യാവശ്യം ചില്ലറസാമാനങ്ങളുമായി ഒരഞ്ചടിക്കാരൻ ഷർട്ട്ധരിക്കാതെ തന്റെ ബലിഷ്ഠമായ ശരീരം പ്രദർശനത്തിന് വച്ചപോലെ നിൽപ്പുണ്ട്. ഒന്നുരണ്ട്പേർ ചായയും കട്ടൻചായയുമായി മുന്നിലിട്ട ബെഞ്ചിലിരിക്കുന്നു. ഒരുചെറിയ ചൈനീസ്നിർമ്മിത ചാർജ്ജർ ലൈറ്റ് ആ താല്കാലികഷെഡിലും സമീപത്തെ വൈദ്യുതിപോസ്റ്റിലെ വലിയൊരു നിയോൺലാമ്പ് പുറത്തും പ്രകാശംപരത്തുന്നു.
ഒരുകട്ടൻചായയ്ക്ക് പറഞ്ഞു... ചായഗ്ലാസ്സും സ്പൂണുമായി കലഹംകഴിഞ്ഞ് ചൂടുപറക്കുന്നകട്ടൻ ലഭ്യമായി.... നാവിൽ ടാർപറ്റിപ്പിടിക്കുന്നപോലെതോന്നി...
" മോനിച്ചനെന്നല്ലേ പേര്. "
"അതെ സാർ എങ്ങനറിയാം... " " ഓ സാറച്ഛനെ കണ്ടിരുന്നല്ലേ.. ?" - മോനിച്ചനിലെ അത്ഭുതം ആശ്വാസത്തിന് വഴിമാറിയതിനാൽ മറുപടി പറയേണ്ടിവന്നില്ല... അവശേഷിച്ചവർക്കൂടി കടന്നുപോയി... മോനിച്ചൻ കടപൂട്ടാനുള്ള തിരക്കായി.. സമീപത്തുകിടന്ന പഴയഓട്ടോറിക്ഷായിലേക്ക് സിഗരറ്റ്പായ്ക്കുകളും കടലമിഠായിക്കുപ്പിയും കയറ്റുകയാണ്.... ഇനി ഒരു മുഖവുരയുടെ ആവശ്യമില്ല... അതിനൊരു സാവകാശവുണ്ടാകാനിടയില്ല.. ചോദിക്കുകതന്നെ... കട്ടന്റെ കാശുനൽകി ഒരുപാക്കറ്റ് സിഗരറ്റുകൂടിവാങ്ങി.. ബാക്കിവാങ്ങവേ ചോദിച്ചു.
" മോനിച്ചൻ ഏത് വരെ പഠിച്ചു...?" മുഖത്തൊന്നുനോക്കി.... "പത്തുപാസ്സായില്ല സാർ... പിന്നെ ആട്ടോഓട്ടംതുടങ്ങി... കല്യാണത്തോടെ ഈ കടതുടങ്ങി..." ചെറുചിരിയോടെ മോനിച്ചൻ നിർത്തി..
" മോനിച്ചന് Facebook account ഉണ്ടോ.?"
ഇരുട്ടിനിടയിലൂടെ പല്ലുകൾ വെട്ടിത്തിളങ്ങി... പുറത്തുവന്ന അയാളുടെ മുഖത്ത് ഒരു നിസ്സംഗഭാവമാണോ പരിഹാസമോ വിരിഞ്ഞു... " എന്റെ സാറേ... തേങ്ങാവെട്ടുകാരനും ഇപ്പ അതൊക്കെയുണ്ടെന്നറിയാം.. അതിനും വേണ്ടേ ഒരു സമയോക്കെ.... ജീവിക്കാനക്കൊണ്ട് നെട്ടോട്ടമോടുമ്പോ എവിടാസാറെ അയ്നുംമറ്റും നേരം... " പെട്ടെന്നവന്റെ മൊബൈൽ ചിലച്ചു... അവസാനത്തെ കച്ചിത്തുരുമ്പിലേക്കെന്നപോലെ അവന്റെ കൈകൾക്ക് പിന്നാലെ കണ്ണുകളുഴറി... അതാ അവൻ ആ ഫോണെടുത്തു ചെവിയോരംചേർത്തു... കഷ്ടിച്ചു ആയിരമോ ആയിരത്തിഇരുന്നൂറോ വിലവരുന്ന ഒരു പഴയNokia phone..!. അവന്റച്ഛൻ പറഞ്ഞ കൊറേവിലയുളള സാധനം....!
ചതഞ്ഞരഞ്ഞ പ്രതീക്ഷകളെ തൂത്തെറിഞ്ഞ് കാറിനടുത്തെത്തി.. കാർ സ്റ്റാർട്ട്ചെയ്യവെ തിരിഞ്ഞുനോക്കി.... എന്തോ മനസ്സിലാകാത്തപോലെ തന്നെത്തന്നെനോക്കിനിൽക്കുന്നു മോനിച്ചൻ... ജീവിതമെന്ന മഹാപ്രസ്ഥാനത്തിന് വേണ്ടി അഹോരാത്രം കഷ്ടപ്പെടുന്നമോനിച്ചൻ...!. " ഒന്നിനെ വിളിച്ചോണ്ടുവന്നെന്ന പോഴത്തം " മാത്രംചെയ്ത മഹാനായ മോനിച്ചനെ പിന്നിലാക്കി തിരികെയാത്ര....
•••••••••○••••••••••●•••••••••○••••••••••
- ഭാഗം 3 -
" എന്നെത്തേടിയാണ് നീ വന്നതെങ്കിൽ... ഇത്രമേൽ താഴ്ന്ന്പറക്കുന്നതെന്തിനാണ്... ഞാനൊളിച്ചിരിക്കയല്ല... ചെവിയോർത്തിരിക്കയാണാ വിളി"..
രാവിലെ ചൂടുചായയ്ക്കൊപ്പം ആ അക്കൗണ്ടിലെ സ്റ്റാറ്റസ് വായിക്കെ മനസ്സിലൊരുചെറുഞെട്ടൽ.... ഉദയസൂര്യന്റെ പശ്ചാത്തലത്തിൽ താഴ്ന്ന്പറക്കുന്നൊരുപക്ഷിയുടെചിത്രം, ഡൗൺലോഡായിവന്നപ്പോഴാണ് മനസ്സ് ശാന്തമായത്... കഴിഞ്ഞദിവസത്തെയാത്രയും ഈ പോസ്റ്റുംതമ്മിൽ യാദൃശ്ചികമായ സാമ്യംമാത്രം എന്നാലും
" തേടിയാൽ കണ്ടുപിടിക്കാതിരിക്കാതിരിക്കാൻമാത്രം ദുരൂഹമായതൊന്നും ഈ ഭൂമിയിലില്ല.."
എന്നൊരു കമന്റ് നൽകി.
"കണ്ടെത്തുംവരെമാത്രമീ കളളനുംപോലീസുംകളി... കഴിഞ്ഞാൽ പ്രതിയും,വിധിയും, കാരാഗൃഹവുംമാത്രം...".
മറുപടി ഉടനെത്തി.... കൂടെയൊരുനന്ദിയും...
വീണ്ടും അസ്വസ്ഥതയേറി.. Logout ചെയ്ത് ഏറെനേരം അന്തരീക്ഷത്തിൽ സിഗരറ്റ്പുകയാൽ ചിത്രംവരച്ചിരുന്നു... അവയെല്ലാം ഉദയാസ്തമയചിത്രങ്ങൾപോലെ തോന്നിച്ചു.. അവയ്ക്കിടയിൽതെളിഞ്ഞ ഒരു നപുംസകമുഖം പരിഹാസവും സഹതാപവും ചേര്‍ന്നൊരു പുഞ്ചിരിയുതിർക്കുന്നു... പിന്നെയതൊരു തൂണുപോലെ പുകയായി മുകളിലേക്കൂർന്നുപോയി. ഏറെനേരം കണ്ണടച്ചുകിടന്നു യഥാർത്ഥ്യങ്ങളിലേക്കുണരാൻ.
ഒരാഴ്‌ച... ഒരാഴ്ചയും ആ അക്കൗണ്ടിലെ ഉദയാസ്തമയചിത്രങ്ങളെ അടിമുടി നിരീക്ഷിച്ചു... പുതുതായി ഒന്നുമുണ്ടായില്ല.. പതിവുകൾക്ക് വിപരീതമായി ചിത്രങ്ങൾക്കൊപ്പം ചിലദിനങ്ങളിൽ രണ്ടുവരികാപ്ഷനും പ്രത്യക്ഷപ്പെട്ടുതുടങ്ങി. ദുരൂഹമായതെന്തോ പറഞ്ഞുപറയാതെപോകുന്നപോലെ... അത്തരം പോസ്റ്റുകളിലൊന്നാണ് കൃത്യമായിപ്പറഞ്ഞാൽ കഴിഞ്ഞ Wednesday morning ലാണ് ചിത്രത്തോടൊപ്പമുളള കാപ്ഷൻ ശ്രദ്ധിച്ചത്. " അണയുവാനായുന്ന തരിവെട്ടത്തിലേക്കിന്നലെയൊരുവെട്ടം കടന്നുവന്നിരിക്കുന്നു... ശരിയാണ് ഈ വെളിച്ചത്തിനെന്തു വെളിച്ചം."
വരികൾ ഒരാശയവും തരുന്നില്ല എത്രവായിച്ചിട്ടും.. ചിത്രം സൂംചെയ്തു നോക്കിയിരിക്കെയാണത് കണ്ടത്. പതിവുളള പ്രഭാതചിത്രത്തിലെ മാറ്റം..! ഇന്നലെവരെയില്ലാതിരുന്ന ഒരു Electric Post...! ചിത്രത്തിന്റെ ഇടതുവശത്തായി സ്ഥാനംപിടിച്ചിരിക്കുന്നു.. .! പഴയ ഏറെ ചിത്രങ്ങൾപരതി.. ഇല്ല ഇതുവരെയും ഒന്നിൽപോലും ഈ വൈദ്യുതിപോസ്റ്റ് കാണുന്നില്ല.. ആകെയൊരു വീർപ്പുമുട്ടൽ... പിന്നീടിന്നുവരെയുളള ചിത്രങ്ങളിലും ആ വൈദ്യുതിപോസ്റ്റ് കാണുന്നു. ഒരുപക്ഷേ അയാൾ/അവൾ തന്റെ പടമെടുക്കുന്നസ്ഥാനം ഇടത്തേയ്ക്ക് മാറ്റിയിരിക്കും ഇല്ലെങ്കിൽ പുതിയതായി അവിടൊരു വൈദ്യുതിപോസ്റ്റ് സ്ഥാപിച്ചതാകാം.
" അന്വേഷണങ്ങൾ നീണ്ടുപോകുകിൽ മുഷിയുകതന്നെചെയ്യും... ഞാൻ തയ്യാറായിരിക്കയാണ്.... നീയെന്താണടുത്തുവരാത്തത് ?"
ദിവസങ്ങൾപോകെ ആ അസ്വസ്ഥത മനസ്സിനെ വിട്ടകലാനാരംഭിച്ചപ്പോഴാണ് പുതിയകാപ്ഷൻ. മനസ്സ് വീണ്ടും വ്യാകുലമായി. ആ അക്കൗണ്ട് തന്നെ മാടിവിളിക്കയാണോ...? മറഞ്ഞിരുന്നു കളിയാക്കയാണോ..? പതിവുപോലെ ഇടതുവശം വൈദ്യുതിപോസ്റ്റ് സഹിതമൊരു പ്രഭാതം. മനസ്സിനോട് മല്ലിടേണ്ടിവരുന്നു അതിൽനിന്ന് മുക്തമാകാൻ.
••••••••••••○•••••••••••○••••••••••••
അകന്നബന്ധുവാണ് മരിച്ചത്. സുഖമില്ലാതെ രണ്ടുമാസമായി കിടക്കയായിരുന്നു. പ്രശസ്തമായ ആ ഹോസ്പിറ്റലിലൊന്ന് പോകാനായില്ല. ശവസംസ്കാരച്ചടങ്ങുകൾ കഴിഞ്ഞപ്പോഴേക്കും സമയം രണ്ടരയായി. ഇന്നിനി ഹാഫ്ഡേലീവ് പോരാ... വീട്ടിലേക്കുതന്നെപോകാം.. "ശാന്തികവാട"മെന്നപേരിലുളള പൊതുശ്മശാനംവിട്ട് പതിയെ ഡ്രൈവ്ചെയ്യവെയാണോർത്തത്, വയർ കാലിയാണ് ഉച്ചഭക്ഷണമുണ്ടായില്ല. വളവുകഴിഞ്ഞൊരു ചായത്തട്ടിനുസമീപം വണ്ടി പാർക്ക്ചെയ്തു. ഒരു സിഗരറ്റിന് തീകൊളുത്തി ഒപ്പമൊരുചായയും. ഒരുന്മേഷംതോന്നി. വണ്ടിയിലെത്തി മൊബൈൽഫോണിലെ നോട്ടിഫിക്കേഷനിലൊന്ന് കണ്ണോടിച്ചു. ആ അക്കൗണ്ടിലെ അന്നത്തെ പ്രഭാതസ്റ്റാറ്റസ് കാണായി...
" അടയാളങ്ങൾ നിന്റെ വരവിന്റെ സൂചനകളാണ്... വഴികാട്ടിയതാരാണ്..?".
ഫോൺ സൈഡ്സീറ്റിലിട്ട് വണ്ടിസ്റ്റാർട്ട് ചെയ്തു.. മുന്നിലെ വൈദ്യുതിപോസ്റ്റൊഴിവാക്കുവാൻ അല്പം പിന്നിലേക്കെടുക്കവെയാണത് കണ്ടത് . പോസ്റ്റിന്റെ ആറടിയോളം ഉയരത്തിൽ മഞ്ഞനിറം നിറച്ചവൃത്തത്തിലെ കറുത്ത അക്ഷരങ്ങൾ TV/J/137...!
അക്ഷരങ്ങൾ... അക്കങ്ങൾ...! ഒരാവേശത്തിൽ വണ്ടിമുന്നിലേക്കെടുത്ത് അടുത്തപോസ്റ്റിന് മുന്നിലെത്തി.. അതിലുമുണ്ടക്ഷരങ്ങൾ TV/J/136...! അക്ഷരങ്ങൾ ഒരുപോലെ.. അക്കങ്ങൾ മാറുന്നു... വീണ്ടുംവീണ്ടും റോഡിലെ പോസ്റ്റുകളെ വായിച്ചു. പിന്നെ വീട്ടിലെത്തിയുടൻ ലാപ്ടോപ്പിലൂടെ ആ അക്കൗണ്ട് പരതി... ഇടതുവശം വൈദ്യുതിപോസ്റ്റുളള ചിത്രങ്ങളെ സേവ്ചെയ്തു പിന്നെയവയെ ഗാലറിയിലിട്ട് പോസ്റ്റ്മാർട്ടം ചെയ്തു. തെളിഞ്ഞും തെളിയാതെയുമായിക്കിട്ടിയ ചിത്രങ്ങളിലൂടെ ആ വൈദ്യുതിപോസ്റ്റിന്റെ പേര് വായിച്ചെടുത്തു. .!
".. NR/R/113.."..
ഒരുപുഞ്ചിരി മനസ്സിലൂറി മൂളിപ്പാട്ടായെത്തി... രാത്രിയിലെ നിദ്ര മാസങ്ങൾ ദൈർഘ്യമുണ്ടായതുപോലെ തോന്നിച്ചു.. അതെ മാസങ്ങൾക്ക്ശേഷം ഒരു ശുഭരാത്രി.
തുടരും. Sreekumarsree.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
* കഥപറയുമ്പോൾ.
- ഭാഗം 4 -
"കൂടൊഴിഞ്ഞുമാറാനാവില്ലെനിക്ക്.... നിന്നെവരവേൽക്കാൻ പൂത്താലമേന്താനുമില്ല.. സ്വമനസ്സാലെ ഞാൻ തയ്യാറാണ്.... വരിക... ഒരുപ്രഭാതംകൂടിയണയുംമുന്പേ; ".
പുതിയ സ്റ്റാറ്റസ്സിന് മറുപടിയിടാനെന്തുകൊണ്ടോ തോന്നിയില്ല ലൈക്കും നൽകിയില്ല... പ്രഭാതചിത്രത്തിൽ വൈദ്യുതിപോസ്റ്റ് കാണാനാകുന്നില്ല. മൂടികെട്ടിയ കാറുംകോളുംനിറഞ്ഞ ആകാശത്തിൽ മുഖംകാട്ടാൻ വിമുഖതകാട്ടുന്ന നവവധുവിനെപ്പോലെസൂര്യൻ...
" തുറക്കപ്പെടാത്തവാതിലുകളില്ല... തെളിയാത്തപാതകളുമില്ല.... എത്രയൊളിച്ചാലും സാറ്റുകളിയിലെ ഒറ്റുകാരനാകുന്ന നിന്റെമനസ്സ്, ഒളികണ്ണാൽ ചൂണ്ടുന്നുണ്ടൊളിയിടങ്ങൾ...."-
ഒരുമറുപടിയ്ക്കുപകരം മനോനില സ്വന്തം സ്റ്റാറ്റസ്സായി പോസ്റ്റുചെയ്ത് കാത്തിരുന്നു ഇരുപതുമിനിട്ടോളം... ഒരുമറുപടിയുമില്ല... പതിയെ Logout ചെയ്തു പിന്നെ പതിവുകളിലേക്കുതിരിഞ്ഞു.
പത്താംതരംവരെ ഒന്നിച്ചുപഠിച്ച കലാധരന്റെ നമ്പർതേടിപ്പിടിച്ചുവിളിച്ചു. പരിചയപ്പെടുത്തി സഹായവുമഭ്യർത്ഥിച്ചു. വൈകുന്നേരം ഓവർസീയറുടെ ഓഫീസിലേക്ക് ക്ഷണിച്ചു...
മുറ്റംനിറയെ വയറുകളും അലുമിനിയം കമ്പിയും ലൈറ്റും പലതരം ഉപകരണങ്ങളും ഇടയിൽ പാമ്പുകളും സ്വൈരവിഹാരംചെയ്യുന്ന കലാധരന്റെ ഓഫീസിലെത്തി കാറിൽനിന്നിറങ്ങുംമുമ്പ് നിറംമങ്ങി പൊളിഞ്ഞുതുടങ്ങിയ മഞ്ഞബോർഡിലെ കറുത്തഅക്ഷരങ്ങൾ വായിച്ചു..
" കേരളസംസ്ഥാന വൈദ്യുതിബോർഡ്.
ഓവർസീയർ ഓഫീസ്- ഉഴമലയ്ക്കൽ.
നെടുമങ്ങാട് സബ്-ഡിവിഷൻ"
ഓഫീസിന്റെ ഔപചാരികതയൊന്നുമില്ലാതെ കലാധരൻ മുന്നിലവതരിച്ചു.. പുറത്തെ ചായത്തട്ടിൽവച്ച് ബാല്യകാലസുഹൃത്തിനെ തേടിയതിനുളള ആവശ്യമുന്നയിച്ചു....
" NR/R/113 "
വീർപ്പുമുട്ടിയ്ക്കുന്ന അക്ഷരങ്ങൾ മുന്നക്ഷരങ്ങൾ മൂന്നക്കങ്ങൾ പൊരുളറിയണം
" ആദ്യത്തെ രണ്ടക്ഷരങ്ങൾ തീർച്ചയായും ആ പ്രദേശത്തിനെകുറിക്കയാണ് അടുത്തത് ആ ഭാഗത്തെ വിഭജിച്ചിരിക്കുന്ന റൂട്ട്. അക്കങ്ങൾ തീർച്ചയായും വൈദ്യുതപോസ്റ്റ് നമ്പരാണ്...." നാളെ ഓഫീസ്ടൈമിൽ വിളിക്കൂ.. ഞാനത് കൃത്യമായി അന്വേഷിച്ചുപറയാം....
സകലസംശയത്തിനുമുത്തരമെന്നപോൽ കലാധരൻ പറഞ്ഞുനിർത്തി.....
..............
സർക്കാരോഫീസ്ടൈമിനിനിയും സമയമുണ്ട്.. എന്നിരുന്നാലും ആകാംക്ഷയൊടുക്കാനാകാത്തതിനാൽ 10 മണിക്കുതന്നെ കലാധരനെവിളിച്ചു... രണ്ടാമത് വിളിച്ചപ്പോഴേക്കും I am driving call after some time.. എന്ന് മെസ്സേജെത്തി.
" ഒരാക്രമണത്തിനുമുമ്പുളള തയ്യാറെടുപ്പുപോലെ നീ പിന്നിലേക്കുൾവലിഞ്ഞിരിക്കയാണോ...?. ഏതുനിമിഷവും നീയിനിയെന്റെമുന്നിലെത്താം... ഞാനറിയുന്നു നിന്റെതയ്യാറെടുപ്പുകൾ...."
പതിവിന് വിപരീതമായി ചിത്രമില്ലാത്ത സ്റ്റാറ്റസ് വീണ്ടും, അതും ഈ ഉച്ചനേരത്ത്.... എന്നെയവൻ/അവൾ പിന്തുടരുകയാണോ.. എന്റെ അന്വേഷണങ്ങൾ മറഞ്ഞിരുന്നറിയുന്നപോലെ... കൃത്യമായ ഇടവേളകളിലെ ആ സ്റ്റാറ്റസ്സുകൾ മനസ്സിനെ വല്ലാത്തൊരവസ്ഥയിലാക്കിയിരിക്കുന്നു. സ്വസ്ഥമായൊന്നെഴുതാനാകാതായി.. ജോലിയിലും താളംപിഴയ്ക്കുന്നു... വേണ്ടിയിരുന്നില്ല അറിയപ്പെടാത്തൊരക്കൗണ്ടിനു പുറകെ സമയവും മനസ്സും നഷ്ടപ്പെടുത്തിയ അന്വേഷണം... പക്ഷെ ആ സ്റ്റാറ്റസുകളാണ് മനസ്സിനെ ആകർഷിച്ചുവലിക്കുന്നത്... തൊട്ടടുത്തിരുന്ന് വാശിയേറ്റുന്നപോലെ..
കലാധരനെ വിളിക്കേണ്ടിവന്നില്ല ഉച്ചകഴിഞ്ഞ് മംഗ്ലീഷിൽ ഒരു മെസ്സേജെത്തി..
" നീ സംശയിച്ചതുപോലെ ആ പോസ്റ്റ് അവിടെ ഡാംറൂട്ടിലാണ്.. ജംഗ്ഷനിൽനിന്ന് വലത്തേയ്ക്ക് തമിഴ്നാടുറൂട്ടിൽ രണ്ടാംവളവുകഴിഞ്ഞ് ഒരു സെറ്റിൽമെന്റ് കോളനിയുണ്ട്.. അതിനുള്ളിലാകുമീപോസ്റ്റ്.. R എന്നാൽ ഋഷിപുരമാണ്. 109 മുതൽ 116 വരെ പുതുതായി സ്ഥാപിച്ച പോസ്റ്റുകളാണ്... a new electrification project of prime minister for settlement area. "
By kaladharan.
" നീ അനുവദിക്കുമെങ്കിൽ ഒരിക്കൽകൂടിയീ ആകാശക്കാഴ്ചയുടെ ആലസ്യത്തിൽ എനിക്കുനിന്റെ മടിയിലുണരണം.... "
രണ്ടുദിവസത്തെ ഇടവേളയ്ക്കുശേഷം പുതിയൊരു സ്റ്റാറ്റസ്.... അതും പതിവ് പ്രഭാത-പ്രദോഷചിത്രങ്ങളില്ലാതെ.. പകരം വേസ്റ്റ്ബിന്നിനുസമീപം ചാരനിറംപൂണ്ടൊരു നായ നീണ്ടുനിവർന്നുകിടക്കുന്നൊരുചിത്രവും.... ഏതോ ജാലകവാതിലിനകത്തുനിന്നാണത് പകർത്തിയതെന്ന് ചിത്രത്തിന് നടുവിലൂടെ കുറുകെകാണുന്നകമ്പികൾ വിളിച്ചോതുന്നു... ലൈക്ക്നൽകി. ഓഫീസ് സംബന്ധമായ തിരക്കുകൾകാരണം രണ്ടുമൂന്ന്ദിനംകൂടി കടന്നുപോയി.. വൈകുന്നേരം കാന്റീനിലെ ചായസമയം ഫോണിലെ ഡാറ്റാഓണാക്കി, നോട്ടിഫിക്കേഷനുകൾ പരതി..
" നീയെന്ന തിരഞ്ഞുമടുത്തുവോ..? നോക്കൂ.. ഞാനിവിടെയാണിപ്പോൾ നിന്റെ ചാരെ...! ഇനിയും നീ വൈകുകയാണെങ്കിൽ നമുക്കെന്താണ് പറയാനും പങ്കുവയ്ക്കുവാനുമുണ്ടാവുക..? എന്നിലെ ഞരക്കങ്ങളും മൂളലുമവസാനിക്കുംമുമ്പ്..... നീ വരിക.... ഞാൻ തയ്യാറായിരിക്കുന്നു.....".
ചിത്രമില്ലാത്തൊരുപോസ്റ്റ്.. പതിവിനുവിപരീതമായി മദ്ധ്യാഹ്നത്തിന് മുമ്പായി പോസ്റ്റുചെയ്തിരിക്കുന്നവൻ/അവൾ.. ഒരാവൃർത്തികൂടി വായിച്ചു.
ബാക്കിവന്നചായ കുടിക്കുവാനായില്ല... മനസ്സിലെന്തോ ഒരരുതായ്മ... സീറ്റിലെത്തിയിട്ടും ആ അസ്വസ്ഥത വളരുന്നു... ഫയലുകളിലേക്ക് കണ്ണിനൊപ്പം മനസ്സെത്തുന്നില്ല.. ചിലമിനിട്ടുകൾ കണ്ണടച്ചിരുന്നു.. ഇരുളിൽ അവ്യക്തമായ ചിലചിത്രങ്ങൾ രൂപംകൊളളുകയും വ്യക്തതകൈവരിക്കുംമുമ്പത് മറ്റൊരുരൂപത്തിലേക്ക് പരിണമിക്കയും ചെയ്യുന്നു... വായിൽനിന്ന് സാവധാനം ബഹിർഗമിക്കുന്ന സിഗരറ്റ്പുകച്ചുരുളുകൾപോലെ, അടഞ്ഞകണ്ണുകൾക്കുമുന്നിലല്പനേരം ചിത്രംവരച്ച് അന്തരീക്ഷത്തിൽ വിലയംപ്രാപിക്കുന്നു...
ഒരുമണിക്കൂർനേരത്തേയ്ക്ക് പെർമിഷൻ, ... കണ്ണോടിച്ചുനോക്കിയ സെക്ഷൻഹെഡ്ഡ് മുഖമുയർത്തി.. പതിവില്ലാത്തതാണല്ലോ എന്ന ചോദ്യഭാവത്തിന് മറുപടിനൽകാതെ പുറത്തെത്തി, കാർ ഗേറ്റുകടന്ന് അല്പനിമിഷം നിർത്തി.. പിന്നെ ഇടതുവശം റോഡിലേക്ക് തിരിഞ്ഞു... ഓഫീസിൽനിന്ന് 22 കിലോമീറ്ററോളം.. സമയം 4.10, വണ്ടി ഋഷിപുരത്തെ ലക്ഷ്യമാക്കികുതിച്ചു...
" ഇനിയും നീ വൈകുകയാണെങ്കിൽ നമുക്കെന്താണ് പറയാനും പങ്കുവയ്ക്കുവാനുമുണ്ടാവുക..? എന്നിലെ ഞരക്കങ്ങളും മൂളലുകളുവസാനിക്കുംമുമ്പ്..... നീ വരിക...."
ആരോ ആ വരികൾ വീണ്ടുംവീണ്ടും പതിഞ്ഞസ്വരത്തിൽ പറയുന്നപോലെ തോന്നി. അസ്വസ്ഥതമാറാൻ മ്യൂസിക്പ്ലയർ ഓണാക്കി.. മെമ്മറിക്കാർഡിൽ ശേഖരിക്കപ്പെട്ട സൈഗാളിന്റെ സ്വപ്നനഗരിയിലെ രാജകുമാരി പാട്ടിലൂടൊഴുകിവരാൻതുടങ്ങി.
ദിനാവർത്തനം പോലെ ഋഷിപുരം... കാഴ്ചകളിൽ മാറ്റമില്ലാതെ... വെയിറ്റിംഗ് ഷെഡിലെ നായപോലും സ്വസ്ഥാനത്തുണ്ട്.. സന്ധ്യയുടെ നാട്ടുസൗന്ദര്യത്തിന് പശ്ചാത്തലസംഗീതംപോലെ അടുത്തെവിടെയോ ക്ഷേത്രത്തിൽനിന്ന് KS ചിത്രയുടെ "ആപദി കിം കരണീയം..." ഒഴുകുന്നു. നോക്കുകുത്തിപോലെ സമാധിപൂണ്ട കുഴൽകിണറിനുചാരെ ഒരു മോട്ടോർബൈക്കും മൂന്ന് യുവാക്കളുമുണ്ട്. ചായപ്പീടിക സജീവമാണ്. കപ്പവിൽപനക്കാരന്റെ മുക്കാലിമടക്കി മൺതിട്ടയിൽചാരിവച്ചിരിക്കുന്നു. ഒരുപക്ഷേ, ഗ്രാമക്കാഴ്ചകൾക്ക് മാറ്റമില്ലാത്തതിനാലാകും ഭംഗിനഷ്ടമാകാത്തത്. വികസനവേഗമെത്താത്ത കവലയിലെ താന്നിവൃക്ഷത്തിൽ ഒരുകൂട്ടംപക്ഷികൾ ചേക്കേറിയിരിക്കുന്നെന്ന് മരമുകളിലെ ശബ്ദകോലാഹത്തിൽനിന്ന് മനസ്സിലായി. പലവ്യഞ്ജനപ്പീടിക പൂട്ടുന്നതിനുളള ഒരുക്കമാണ്. Westlife saloon ൽ നിന്നുളള ട്യൂബ് ലൈറ്റിന്റെ പ്രഭ ആ കവലയുടെ മിക്കഭാഗത്തും പരന്നുകിടന്നു. "...... വിലാസംഗ്രന്ഥശാല സജീവമാണ് അകത്തുനിന്ന്, പുതിയ ഏതോ ഒരു കവിത അരോ വളരെ സ്പഷ്ടമായ സ്വരത്തിൽ ആലപിക്കുന്നുണ്ട്.. ഗ്രന്ഥശാലയിലേക്കുതന്നെ... അപരിചിതനായൊരാൾ എന്നതിനാലാവും അവിടെകൂടിയിരുന്നവർ സൂക്ഷിച്ചുനോക്കി.
"കണ്ണുപൂട്ടി കനവുവിതച്ചവർ
കർക്കിടക കാറ്റുപിടിച്ചവർ
കാർമുകിലിനെ മാടിവിളിച്ചവർ
കാരിരുളിൻ മടവയടച്ചവർ
മുണ്ടകനെ വാരിവിതച്ചവർ
മുത്തുമണിക്കതിരിനുകൂട്ടവർ".......
ഒരാമുഖത്തിന് ശ്രമിക്കെ വശത്തുകിടന്ന ചെറിയ ഇരുമ്പുകസേരയിലാണ്ട മെല്ലിച്ചുണങ്ങിയ ഒരു ചെറുപ്പക്കാരൻ തന്റെ മുഴങ്ങിയശബ്ദത്തിൽ കവിതാപാരായണം തുടരുന്നു.. രണ്ടുപേർ കാരംസിന്റെ രസച്ചരടുപൊട്ടി തന്നെനോക്കിയിരിപ്പായി.. ഒരാൾ പുസ്തകങ്ങളടുക്കിയ അലമാരയിലെന്തോ തിരയുകയാണ്.. മധ്യഭാഗത്തുളള ഒരു മേശയ്ക്കുപിന്നിലൊരാൾ ഒരു തടിച്ചബുക്കിലെന്തെക്കെയോ കുത്തിക്കുറിക്കുന്നു. അയാളുടെയടുത്തെത്തി... നാല്പത് തോന്നിക്കുന്ന ആദേഹം മുഖമുയർത്തി.. മുന്നിലെബഞ്ചിൽ ഇരിക്കാനനുവാദംതന്നു.
"കണ്ണുപൂട്ടി കനവുവിതച്ചവർ
കർക്കിടക കാറ്റുപിടിച്ചവർ
കതിർ വയലുകൾ കൊയ്തു തുടിച്ചവർ
ഒരുമഴയുടെയോരം ചേർന്നവർ
ചെറുവെയിലിൽ കുളിരുനിറച്ചവരെ-
വിടേപ്പോയ് നന്മവിതച്ചവരെ-
വിടെപ്പോയ് നമ്മളെയൂട്ടിയോർ...?..."
കവിതാപാരായണം അല്പമുയർന്നുതാന്നു.. ആ പാട്ടുകാരനൊഴികെ എല്ലാവരുടെയും ശ്രദ്ധ തന്നിലേക്കാണ്... മുഖവുരയ്ക്ക് നിൽക്കാതെ സ്വയം പരിചയപ്പെടുത്തി... കവിതനിലച്ചു.. തിരിഞ്ഞുനോക്കി, കാട്ടുതേനീച്ച കൂടുകൂട്ടിയപോലുളള താടിയും നീട്ടിവളർത്തി മുന്നിലേക്കൂർന്നുകിടക്കുന്ന മുടികൾക്കുമിടയിലൂടെ തുറിച്ചകണ്ണുകൾ പതിച്ച് അയാളും തന്നെശ്രദ്ധിക്കയാണ്...
പരിചയപ്പെടുത്തലിനുശേഷം പതിഞ്ഞസ്വരത്തിൽ ഞാൻ വിഷയമവതരിപ്പിച്ചു..
" ചെകുത്താന്റെ കുഞ്ഞ്.... കാണാമറയത്തിരുന്നെന്നെ പ്രലോഭിപ്പിച്ച, കൂട്ടുവിളിക്കുന്നൊരു മുഖപുസ്തകത്തിനുടമ.. ഇവിടെവിടെയോനിന്നാണാ വായുദൂതുകൾ പിറവിയെടുക്കുന്നത്.... നിങ്ങളിലാരോ... ദയവായി.. ദയവായി അറിയാവുന്നത് പറയുക.. ഒരുപക്ഷേ എന്റെമനസ്സ് പറയുന്നത് സത്യമാകുമെങ്കിൽ അയാൾ അല്ലെങ്കിലവൾ ഇപ്പോഴേതോ വിഷമഘട്ടത്തിലാണ്.... വളരെ ഗുരുതരമായൊരു വിഷയത്തിലടിപ്പെട്ടിരിക്കാം... "ചെകുത്താന്റെകുഞ്ഞ്..." അതാണപരനാമം.."
നീണ്ടനിശബ്ദത... അവർ പരസ്പരം കണ്ണുകളെറിഞ്ഞു പിന്നെ സാകൂതം എന്റെ കണ്ണുകളിലേക്ക് നോക്കി...
" അവിനാഷ്.... നീയമരനാകും... നീയവശേഷിപ്പിക്കുന്ന ഓളങ്ങളുടെതാളവും.
നീ കാണുന്നില്ലേ,
നീ തീർത്ത ഓളപ്പരപ്പിലൂടൊഴുകിയൊരു പരൽമീൻ ഈ തീരംപുൽകുന്നത്....."
കവിതപാടിയിരുന്ന താടിക്കാരൻ ഏവരെയുമൊന്ന് ഞെട്ടിപ്പിച്ചുകൊണ്ട് ഉച്ചത്തിലത് പറഞ്ഞശേഷം ദൂരെയിരുട്ടിലേക്ക് മുഖംതിരിഞ്ഞിരുന്നു. രോമം ജടകെട്ടിമറച്ച അയാളുടെമുഖഭാവം തെല്ലും മനസ്സിലാക്കുവാനായില്ല.
തടിച്ചപുസ്തകം മടക്കി മേശയ്ക്ക് സമീപമിരുന്നയാൾ മുഖവുരപോലെ ചെറിയൊരുശബ്ദം പുറപ്പെടുവിച്ചു... മറ്റുള്ളവർ തനിക്ക്ചുറ്റും കൂടിയിരിക്കുന്നു... ഏവരും ആ നാല്പതുകാരനിൽ ശ്രദ്ധയൂന്നി. പതിയെ ചിലമ്പിച്ചപോലെ അയാൾ വിഷയത്തിലേക്ക്കടന്നുവന്നു.
" സാർ.. താങ്കളുടെഉദ്ദേശം എന്താണെന്ന് മനസ്സിലാകുന്നില്ല... എന്നാലും ഞങ്ങൾക്കതിൽ മറയ്ക്കാനും ഒളിയ്ക്കാനുമില്ലാത്തൊരു കാര്യമാണ്... താങ്കൾതേടുന്ന ചെകുത്താന്റെകുഞ്ഞ് ഇവിടെയുമുണ്ടു താങ്കളുടെപുറകിൽതന്നെ... ഇതാ ഈ ചിത്രമാണവന്റെ ഇവിടുത്തെ സാന്നിദ്ധ്യം.. "
അയാൾ വിരൽചൂണ്ടിയചുവരിൽ നിറംമങ്ങിയൊരു എണ്ണച്ഛായാചിത്രം.. ! "പകുതിയിൽ അവസാനിക്കുന്നൊരു വീഥിയിലൂടെ അതിവേഗം പായുന്നൊരു വെളുത്തകുതിര... ഇരുട്ടിൽനിന്നാരംഭിക്കുന്ന വീഥിയുടെനിറം കടുംചുവപ്പ്... ആകാശം വയലറ്റ് വർണ്ണവും മഞ്ഞയുംചേര്‍ന്ന സങ്കലനം.. ജീവൻതുടിക്കുന്നകുതിര..." ഒരു ചിത്രനിരൂപകന് നിറയെപറയാനുണ്ടാകും ആ ചിത്രത്തെപറ്റി... വലതുവശം താഴെ വെളുത്ത നിറത്താലൊരു ചെറിയ കൈയൊപ്പ്.. സൂക്ഷിച്ചുനോക്കി അറിയാതെ ചുണ്ടനക്കി.. "അവിനാഷ്"
"അതേ സാർ അതാണ് ഞങ്ങളുടെ അവിനാഷ്... താങ്കൾ തേടുന്ന ചെകുത്താന്റെ കുഞ്ഞ്... പക്ഷെ ഞങ്ങൾക്കവൻ ദൈവപുത്രനാണ്... തീർച്ച അതിനാലാവും അവനെ ദൈവത്തിനിത്രയിഷ്ടം... "
ഗ്രാമത്തിലെ ക്ഷേത്രത്തിന്റെ ഉച്ചഭാഷിണി നിശ്ശബ്ദമായി... എന്തിനെന്നറിയില്ല താന്നിവൃക്ഷത്തിലെ പക്ഷികളും നിശ്ശബ്ദരായി... ഇലയനക്കമില്ലാത്തപോലെ... പെട്ടെന്ന് കുന്നിൻചെരിവിലെവിടെനിന്നോ ഒരു നായ ദയനീയമായി ഓലിയിട്ടു. ആ ശബ്ദവീചിയടങ്ങിയതിനൊപ്പം അയാൾ തുടർന്നു... ആ കഥ.. അവിനാഷിന്റെ കഥ.
ഒരുഗ്രാമത്തിന് പുളകവും അഭിമാനവുമായി മാറിയൊരു കുട്ടി.. അവിനാഷ്.. ഒരു കൂലിപ്പണിക്കാരന്റെ രണ്ടുമക്കളിൽ മൂത്ത ആൺകുഞ്ഞ്... പത്താം വയസ്സിൽ ദേശീയമത്സരങ്ങളിലെത്തിയ ഏറ്റവും വേഗയേറിയ ഓട്ടക്കാരൻ.. അതിവേഗത്തിലുളള അവന്റെ കുതിപ്പിനെ നെഞ്ചേറ്റി അവന്റെ വേഗങ്ങൾക്ക് താങ്ങുംതണലുമായി കൂടെ ഒരുഗ്രാമം മുഴുവനുംചേർന്ന് അവനെ ദത്തെടുത്തു.. അവിനാഷ്... ഗ്രാമത്തിന്റെ കണ്ണിലുണ്ണി.. അവന്റെ സ്വപ്നങ്ങൾക്ക്... വേഗങ്ങൾക്ക് ചിറകുമുളയ്ക്കാൻ കൂട്ടിരുന്നൊരു സമൂഹം... പതിനാലാം വയസ്സിൽ ഒരസ്ത്രവേഗത്തിൽ പുതിയൊരു ചരിത്രംകുറിക്കാൻ മിനുട്ടുകൾ ബാക്കിനിൽക്കെ ആ ജീവനുമേൽ ആയിരം പ്രാർത്ഥനകൾക്ക് മേലൊരു വെള്ളിടി...!. ഭ്രാന്തൻകവിയുടെ ഭാഷയിൽ ദൈവത്തിനൊരു നിമിഷത്തെ അശ്രദ്ധ മടിയിലിരുന്നു കേളിയാടിയ കുരുന്ന് വഴുതിവീണതറിയാൻ അമാന്തിച്ചപോലെ... ആ ദേശീയമത്സരട്രാക്കിൽ അവിനാശിന്റെ കാലുകളാദ്യമായും അവസാനമായുമന്ന് താളംതെറ്റി...!
ഒരു ചെറുതെറ്റൽ കാലടികളിലാരോ ഇരുമ്പുപട്ടചേർത്തപോലെ... നിലത്തുനിന്ന് അടർത്തിയെടുക്കാനാവാത്തപോലെ... കണ്ണുകളിലന്ധത വന്നുമൂടുംപോലെ.. ബഹുദൂരം പിന്നിലായിരുന്ന എതിരാളി തന്നെ കടന്ന് ഫിനിഷിംഗ് പോയിന്റിലെത്തുംമുന്പ്.. നിലയ്ക്കാത്ത കരഘോഷങ്ങളൊന്നുമറിയാതെ മുന്നോട്ട്ചലിക്കാനാകാതെ ആയാസപ്പെട്ട് അവിനാഷ് ആ ട്രാക്കിന്റെ വശത്തേയ്ക്ക് കമിഴ്ന്നുവീണു...!
ബോധമണ്ഡലത്തിലേക്കാദ്യമിരച്ചെത്തിയ വാക്കുകൾ... തന്റെ ജീവിതത്തിനൊരർദ്ധവിരാമമിടാൻ പ്രാപ്തമായ ആ രോഗം. തനിക്കീശ്വരൻ നൽകിയ വിധിയുടെ അർത്ഥവ്യാപ്തി തിരിച്ചറിഞ്ഞ അവിനാഷ് ജീവിതവുമായി മത്സരിക്കാതെ സമരസപ്പെട്ടു.. രണ്ടുസെന്റിലെ ചെറുവീട്ടിലൊരു മരക്കട്ടിൽ അവന്റെ ലോകമായി... സ്വപ്നങ്ങളിൽപോലുമൊരു വേഗക്കാരനാവാനാവാതെ... അനുദിനം കൂടിവന്ന വേദനകളുമായി സമരസപ്പെട്ട്...
"ഞങ്ങളാണ് സാർ അവനൊരു മൊബൈൽ ഫോൺ നൽകിയത്.. ആദ്യമൊക്കെ അവനൊരുപാട് വായിച്ചിരുന്നു.. പിന്നെയതും മതിയാക്കി. അപ്പൊഴാ, അവന്റെ വിരക്തിമാറ്റാനാ.. മൊബൈലും FB അക്കൗണ്ടും ക്രിയേറ്റുചെയ്തു നൽകിയത്..."
ദീർഘമൗനത്തിൽനിന്ന് ആ ചെറുപ്പക്കാരനാണതുപറഞ്ഞത്..
ചുറ്റിലും ആ അക്കൗണ്ടിലെ പ്രഭാതസായാഹ്ന ചിത്രങ്ങളും കാപ്ഷനുകളും വട്ടംകറങ്ങുന്നു. ചിലത് പല്ലിളിക്കുന്നു.. രൗദ്രവും നിഷ്കളങ്കതയും ദൈന്യവുമൊക്കെ നിറയുന്ന കാപ്ഷനുകൾ.. ചിലത് എന്നെനോക്കി പരിഹസിക്കുന്നു. ചിലതൊരു ഗുഹാധ്വനിപോലെ കർണ്ണപുടങ്ങളെ തകർക്കുന്നു.. ചിത്രങ്ങളിലെ നിറംമങ്ങിയ സൂര്യന്മാരിൽനിന്ന് ബഹിർഗമിക്കുന്ന ആയിരം സൂര്യകിരണങ്ങൾ ചുട്ടുപൊളളിക്കുന്നു...
" ഇനിയും നീ വൈകുകയാണെങ്കിൽ നമുക്കെന്താണ് പറയാനും പങ്കുവയ്ക്കുവാനുമുണ്ടാവുക..? എന്നിലെ ഞരക്കങ്ങളും മൂളലുകളുവസാനിക്കുംമുമ്പ്..... നീ വരിക...."
അവസാനവരികൾ... അവ വീണ്ടും വീണ്ടുമെന്നെ മാടിവിളിക്കുന്നു... എവിടേക്ക്...
"ക്ഷമിക്കണം സാർ അങ്ങവനെ തേടി ഇനി കോളനിയിലേക്ക് പോകേണ്ടതില്ല അവനിപ്പോൾ താങ്കളുടെ നാട്ടിലുണ്ട് അവിടെ അരുമന ഹോസ്പിറ്റലിൽ.. പാലിയംകെയറിലാണ്... ഇനി സാന്ത്വനവും pain killar ഉം മാത്രമാണഭയം.. ഞങ്ങളും പ്രാർത്ഥനയിലാണ്.. ആ വേദന അവസാനിച്ചുകാണാൻ....!!.
"ചെകുത്താന്റെകുഞ്ഞ്.... ചെകുത്താന് കൂഞ്ഞുങ്ങളുണ്ടാകാറില്ല.. ചെകുത്താന് സൃഷ്ടികളേയുളളൂ.... കുഞ്ഞുങ്ങൾ ദൈവത്തിന്റേതുമാത്രമാണ്...."
" അവിനാഷ്.... നീ ദൈവത്തിന്റെ മാലാഖക്കുഞ്ഞാണ്.. ക്ഷീരപഥങ്ങളിലൂടോടിക്കളിക്കവെ കാൽതെറ്റി ഭൂമിയിൽ വീണവൻ."-
തിരികെയിറങ്ങവെ മൂലയിരിന്ന് ഭ്രാന്തനെപോലെ ആ കവി പാറഞ്ഞുകൊണ്ടിരുന്നു...
യാന്ത്രികമായാണ് ഡ്രൈവ് ചെയ്തത് റൂമിലെത്തിയതും ബെഡിൽ വീണതുമൊന്നും മനസ്സറിയാതെ... നാളെ പുലരുമ്പോളെത്തണം.. അവനെ കാണണം.. ചെകുത്താന്റെകുഞ്ഞിനെ.. അല്ല അയാൾപാടുന്നപോലെ ആ മാലാഖകുഞ്ഞിനെ..
ഹോസ്പിറ്റലിന്റെ മുഖ്യഗേറ്റിനകത്തുനിന്ന് ദ്വാരപാലകൻ കൈയാംഗ്യം കാട്ടി.. വണ്ടിയൊതുക്കിക്കൊടുത്തു.. അകത്തുനിന്ന് ചെറിയൊരാംബുലൻസ് പുറത്തേയ്ക്ക് കടന്നുപോയശേഷം അകത്തേയ്ക്ക് കാറിനുപ്രവേശനം ലഭിച്ചു. താരതമ്യേന തിരക്കുകുറഞ്ഞ റിസപ്ഷനിൽ ചോദിച്ചു ...
"ക്ഷമിക്കണംസാർ ആ കുട്ടി ഇന്നലെരാത്രിയിൽ....
ഇപ്പോൾപുറപ്പെട്ട ആ ആംബുലൻസിലാണ് കൊണ്ടുപോയത്.. "
ചിലനിമിഷമെടുത്തു സ്വബോധത്തിലേക്ക് മടങ്ങിവരാൻ...
വണ്ടിവീണ്ടും ഋഷിപുരത്തേയ്ക്കോടിതുടങ്ങി.. ചിന്തകൾ മനസ്സിനെ സ്വബോധാവസ്ഥയിൽ നിന്നെവിടേയ്ക്കോ കൊണ്ടുപോയിരിക്കുന്നു. ഒരുവേള ഡ്രൈവിംഗ്പാളിയോ ഉപബോധമനസ്സാവശ്യപ്പെട്ടിട്ടോ പെട്ടെന്ന് വണ്ടി വശത്തേയ്ക്കാഞ്ഞു. ഒതുക്കി ബ്രേക്ക്ചെയ്തു.. ഓഫ് ചെയ്യാതെ കണ്ണുകൾ മുറുകെയടച്ചിരുന്നു... ചിത്രങ്ങൾ.. ഉദയാസ്തമനചിത്രങ്ങൾ.. വൈദ്യുതപോസ്റ്റിലെ അക്കങ്ങൾ.. അക്ഷരങ്ങൾ.. വണ്ടിയുടെ ശീതീകരണയന്ത്രത്തിന്റെ മുരൾച്ചയ്ക്കൊപ്പം ശിരസ്സിലേക്കടിച്ചുകയറി ഒരു ചെറിയപ്രകമ്പനംസൃഷ്ടിക്കുന്നു...
" വയ്യാ.. ഇനി നിന്നെകാണേണ്ടതില്ല.. നിർജ്ജീവമായ നിന്റെ മുഖപേശികൾ തീർക്കുന്നതേതുഭാവമാകും.... ഏതായാലും എനിക്കതുകാണേണ്ട... പ്രിയ അവിനാശ്.. ഞാനാണ് വൈകിയത്.. നീ പറന്നവേഗമറിയാതെ... നിന്റെ വേഗത്തിനൊപ്പമെത്താതെ.. ക്ഷമിക്കുക".
തിരികെ വീട്ടിലേക്ക്.. വീട്ടിലെത്തി ലാപ്ടോപ് തുറന്നു.. മുഖപുസ്തകത്തിലെ ചെകുത്താന്റെ കുഞ്ഞിനെ തിരഞ്ഞു... ഒന്നുമില്ല..!!! സെർച്ച് ബട്ടണിലൂടെ ചെകുത്താന്റെ കുഞ്ഞ് എന്ന് ടൈപ്പ്ചെയ്തു...
""sorry we haven't found any people matching this search""
.....എന്ന കമന്റ് വീണ്ടും വീണ്ടും ഡിസ്പ്ലേയിലെത്തി... തലപെരുക്കുന്നപോലെ തോന്നുന്നു.. ഇന്നലെ രാത്രിവരെയുണ്ടായിരുന്ന അക്കൗണ്ട് അപ്രത്യക്ഷമായിരിക്കുന്നു.. ചെകുത്താന്റെ കുഞ്ഞ് മാലാഖകളുടെ നാട്ടിലേക്ക് മടങ്ങിയിരിക്കുന്നു..
"""പ്രിയ അവിനാഷ്... നമുക്കിടയിലവശേഷിച്ച വാക്കുകൾ എന്നെ വീർപ്പുമുട്ടിക്കുന്നു.. ഏതക്ഷരങ്ങളാലാണ് ആവാക്കുകൾ ഞാൻ മെനയേണ്ടത്.. നിന്നെയേൽപിക്കാനിനി എന്റെ സംവേദനസംഗതികളിലൂടെ വിക്ഷേപിക്കാൻമറന്ന, അവശേഷിച്ച വായുദൂതുകൾ മാത്രം""".
ശ്രീ.
Comments