ക്ഷേത്ര ദർശനം

കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ സ്ഥിതിചെയ്യുന്ന അതി പുരാതനവും വളരെപ്രസിദ്ധവുമായ ക്ഷേത്രമാണ് "കൊട്ടാരക്കര പടിഞ്ഞാറ്റിൻകര മഹാദേവക്ഷേത്രം".  കൊട്ടാരക്കര തമ്പുരാക്കന്മാരുടെ കാലത്താണ് ക്ഷേത്ര നിർമ്മാണം നടത്തിയത് എന്നുകരുതുന്നു.  കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ പ്രാധാന്യമേറിയ  ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകൾ പരമശിവനും പാർവതിദേവിയുമാണ്. ശിവൻ പടിഞ്ഞാറുഭാഗത്തേക്കും പാർവതിദേവി കിഴക്കുഭാഗത്തേക്കും അനഭിമുഖമായി ഒരേ ശ്രീകോവിലിൽ പ്രതിഷ്ഠിച്ചിരിക്കുന്നു.  വൈഷ്ണവാശഭൂതനായ ശ്രീ പരശുരാമനാണ് പ്രതിഷ്ഠ നടത്തിയതെന്നാണ് ഐതിഹ്യം.

ഐതിഹ്യം

ജാതകവശാൽ തന്റെ ആയുസ്സു തീരാറായി എന്നു മനസ്സിലാക്കാൻ കഴിഞ്ഞ മലബാറുകാരനായ ബ്രാഹ്മണൻ പ്രായിശ്ചിത്തമായി ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ ഒരു മണ്ഡലക്കാലം (41 ദിവസം) ഭജനമിരുന്നു. 41-  ദിവസം സ്വപ്നത്തിൽ ഒരാൾ വന്ന് ഇനി ഇവിടെ ഇരുന്നിട്ടു കാര്യമില്ലന്നും കൊട്ടാരക്കര പടിഞ്ഞാറ്റിങ്കരയിൽ പോയി ഭജനമിരിയ്ക്കണമെന്നും ഉപദേശിച്ചു. അങ്ങനെ അദ്ദേഹം പടിഞ്ഞാറ്റിൻകരയിൽ പോകയും ഒരു മണ്ഡലകാലം ഇളയിടത്തപ്പന്റെ തിരുനടയിൽ ഭജനമിരിക്കുകയും ചെയ്തു. നാല്പത്തിയൊന്നാം ദിവസം സന്ധ്യക്ക് കിഴക്കേ കുളത്തിൽ ശരീരശുദ്ധി കഴിച്ച് മടങ്ങിവന്ന ബ്രാഹ്മണനെ ഒരു സർപ്പം വിടാതെ പിന്തുടരുകയും ക്ഷേത്ര നാലമ്പലം വരെ അനുഗമിക്കുകയും ചെയ്തു. സർപ്പത്തെ കണ്ട് ഓടി ഇളയിടത്തപ്പന്റെ നടയിൽ വരുമ്പോൾ ദീപാരാധനയ്ക്കായി നടയടച്ചിരിക്കുകയായിരുന്നു. പെട്ടെന്ന് തിരുനട തുറക്കുകയും മുകളിൽ നിന്നും ഒരു പരുന്തു പറന്നു വന്നു സർപ്പത്തെ കൊത്തി പറക്കുകയും പുറത്തു കൊണ്ടുപോയി അതിനെ കൊല്ലുകയും ചെയ്തുവെന്നാണ് ഐതിഹ്യം.

സർപ്പത്തെ കൊന്നു ഉപേക്ഷിച്ച സ്ഥലം പിന്നീട് ജടായൂകാവ് എന്ന് അറിയപ്പെട്ടു. ക്ഷേത്രത്തിനടുത്തുള്ള ആ സ്ഥലം ഇന്ന് വലിയ ഒരു സർപ്പകാവാണ്. തന്റെ ആയുസ്സ് കൂട്ടി കൊടുത്ത ഇളയിടത്തപ്പന് ആ ബ്രാഹ്മണൻ ഗോശാല നിർമ്മിച്ചു കൊടുത്തു. അതാണ് പ്രസിദ്ധമായ കൊട്ടാരക്കര ഗോശാല. വിഷ്ണുവിന്റെ ആറാം അവതാരമായ പരശുരാമനാണ് ഇവിടെ ലിംഗ പ്രതിഷ്ഠ നടത്തിയത് എന്നാണ് ഐതിഹ്യം.

ചരിത്രം .

14-ആം നൂറ്റാണ്ടുവരെ ഇളയിടത്തു സ്വരൂപത്തിന്റെ തലസ്ഥാനം കിളിമാനൂരിനടുത്തെ കുന്നുമേൽ ആയിരുന്നു. പിന്നീട് കുന്നുമേലിൽ നിന്നും കൊട്ടാരക്കരയിലേക്ക് മാറ്റുകയും അന്ന് നെടുമങ്ങാടും, കൊട്ടാരക്കരയും പൂർണ്ണമായും, തിരുവനന്തപുരം, പത്തനാപുരം, ചെങ്കോട്ട, തുടങ്ങീ പ്രദേശങ്ങൾ ഭാഗീയമായും ഇളയിടത്തു സ്വരൂപത്തിന്റെ ഭാഗമായിരുന്നു.  തിരുവിതാംകൂർ രാജാവ് അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയുടെ കാലത്തോളം ഇതു തുടർന്നു പോന്നു. കൊട്ടാരക്കരയിലെ ആദ്യ കൊട്ടാരം പണിതീർത്തത് വേണാട്ടരചനായിരുന്ന ഉദയമാർത്താണ്ഡവർമ്മയായിരുന്നു (1382 - 1444).  ഇളയിടത്തു സ്വരൂപം നിയന്ത്രിച്ചിരുന്ന ക്ഷേത്രമായതിനാൽ ഇവിടത്തെ ശിവനെ ഇളയിടത്തപ്പൻ എന്നു വിളിയ്ക്കുന്നു.

ക്ഷേത്രവും കഥകളിയും

കൊട്ടാരക്കരത്തമ്പുരാൻ രാമായണത്തെ എട്ട്‌ ദിവസത്തെ കഥയാക്കി വിഭജിച്ച്‌ നിർമ്മിച്ച രാമനാട്ടമാണ്‌ പിൽക്കാലത്തു കഥകളിയായി പരിണമിച്ചത്‌.  പതിനേഴാം നൂറ്റാണ്ടിലായിരുന്നു കഥകളിയുടെ ഉത്ഭവം.  കഥകളിയുടെ ആദ്യകാലങ്ങളിൽ അത് അരങ്ങേറിയ മഹാക്ഷേത്രം കൂടിയാണ് പടിഞ്ഞാറ്റിൻകര മഹാ ശിവക്ഷേത്രം.

പടിഞ്ഞാറ്റിൻകര മഹാദേവ ക്ഷേത്ര നിർമ്മാണം നടത്തിയത് പറയിപെറ്റ പന്തിരുകുലത്തിലെ മഹാ തച്ചനായിരുന്ന ഉളിയന്നൂർ പെരുന്തച്ചനായിരുന്നു. കൊട്ടാരക്കര തമ്പുരാന്റെ ആഗ്രഹ പ്രകാരം സ്വയംഭൂവായ ശിവലിംഗ പ്രതിഷ്ഠയുള്ള പഴയ ക്ഷേത്രം മാറ്റിപുതുക്കി പണിതീർത്തു കൊടുത്തുവെന്നു ചരിത്രം.

ക്ഷേത്ര നിർമ്മിതി.

കൊട്ടാരക്കര പടിഞ്ഞാറ്റിൻകര മഹാദേവക്ഷേത്രം
കേരളത്തിലെ 108 ശിവാലയങ്ങളിലൊന്നായ ക്ഷേത്രത്തിന്റെ പ്രധാന ദർശനം പടിഞ്ഞാറ് ദിശയിലേക്കാണ്. പടിഞ്ഞാറു വശത്ത് കേരള ദ്രാവിഡ ശൈലിയിൽ തീർത്ത അലങ്കാര ഗോപുരമുണ്ട്. വടക്ക്-കിഴക്ക് ഭാഗത്തായി ക്ഷേത്രക്കുളം തീർത്തിരിക്കുന്നു. ധാരാളം ദാരുശില്പങ്ങളാൽ മുഖരിതമാണ് മുഖമണ്ഡപവും ശ്രീകോവിലും. എല്ലാം കൂടിയ മഹാക്ഷേത്ര നിർമ്മിതിയാണ് പടിഞ്ഞാറ്റിൻകര മഹാദേവക്ഷേത്രത്തിന്.

ശ്രീകോവിൽ വൃത്താകൃതിയിലുള്ള മഹാശ്രീകോവിലായി ഇരുനിലയിൽ തീർത്തിരിക്കുന്നു. പെരുന്തച്ചൻ പണിതീർത്ത ഇരുനിലയിലുള്ള ശ്രീകോവിലുകളിൽ ഒന്നാണിത്.  പടിഞ്ഞാറേക്ക് ദർശനം നൽകി ശൂലപാണിയുടെ സ്വയംഭൂവായ ശിവലിംഗ പ്രതിഷ്ഠയാണ്. അർദ്ധനാരീശ്വര പ്രതിഷ്ഠാസങ്കല്പമുള്ള മഹാക്ഷേത്രങ്ങളിലൊന്നുകൂടിയാണിത്.  വടക്കുംനാഥത്തും വാഴപ്പള്ളിയിലും, ചെങ്ങന്നൂരിലും ഇതുപോലെ അർദ്ധനാരീശ്വര സങ്കല്പമായി അനഭിമുഖമായി ശിവനു പുറകിലായി അതേ ശ്രീകോവിലിൽ പാർവ്വതീ ദേവിയുടെ പ്രതിഷ്ഠയുണ്ട്.

പ്രതിഷ്ഠകൾ

പ്രധാന പ്രതിഷ്ഠാമൂർത്തി ശൂലപാണിയായ ശ്രീ പരമശിവനാണ്. കൂടാതെ കിഴക്കേ സോപാനത്തിലായി പാർവ്വതിദേവിയുടെ പ്രതിഷ്ഠയും ഉണ്ട്. ഉപദേവപ്രതിഷ്ഠാമൂർത്തിമാരായി ശ്രീകൃഷ്ണനും, ഗണപതിയും, ശാസ്താവും, നാഗരാജാവും, നാഗയക്ഷിയും ഇളയിടത്തപ്പന്റെ ക്ഷേത്രാങ്കണത്തിൽ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു.

തിരുവുത്സവം കുംഭമാസത്തിൽ (ഫെബ്രുവരി-മാർച്ച്) തിരുവാതിര നക്ഷത്രം ആറാട്ടായി വരത്തക്കവിധം എട്ടുനാൾ കൊണ്ടാടുന്നു. ഒന്നാം ദിവസം ഉത്തൃട്ടാതി നക്ഷത്രത്തിൽ തൃക്കൊടിയേറി ആരംഭിക്കുന്ന തിരുവുത്സവം എട്ടാംദിവസം തിരുവാതിര ആറാട്ടോടുകൂടി സമാപിക്കുന്നു. കൊടിപ്പുറത്തു വിളക്കു വെച്ചു കഴിഞ്ഞുള്ള എല്ലാ ദിവസങ്ങളിലും രാവിലെയും സന്ധ്യക്കും കാഴ്ചശീവേലി എഴുന്നള്ളിപ്പുകളും; രാത്രിയിൽ ശ്രീഭൂതബലിയും വിളക്ക് എഴുന്നള്ളിപ്പുകളും ഉണ്ടായിരിക്കും.

അവലംബം
------------
1,ഐതിഹ്യമാല: കൊട്ടാരത്തിൽ ശങ്കുണ്ണി,
2,108 ശിവക്ഷേത്രങ്ങൾ- കുഞ്ഞിക്കുട്ടൻ ഇളയത്.

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്