Poem Malayalam

അമ്മത്തൊടിയിലെ പൂക്കൾ
~~~~~~~~~~~~~~~~~~
ഓർമ്മകളിടയ്ക്കിടെ
കുത്തിനോവിക്കാറുണ്ടിപ്പോൾ..
തൈമാവിലളളിപ്പടർന്ന
അരിമുല്ലവളളിയിലെ
ചോനനുറുമ്പുകൾ,
വിരൽതുമ്പിൽ കടിച്ചുതൂങ്ങുംപോലെ...

സങ്കടങ്ങളിടനെഞ്ചിൽ
നിശ്ശബ്ദം പിടയ്ക്കാറുണ്ട്.
കുളിക്കടവിൽ വീശിയ
ഒറ്റമുണ്ടിൽ കുടുങ്ങിപ്പോയ
പാവം പരൽമീനിനെപ്പോലെ..

കണ്ണുകൾ നിറഞ്ഞൊഴിയാറുമുണ്ട്
മണ്ണപ്പത്തിന് കരുതിയ ജലം
കണ്ണാംചിരട്ടയടിയിലെ,
മുക്കണ്ണോട്ടയിലൂടൊഴുകുംപോലെ..,

ഓർക്കാതൊളിച്ചുനോക്കി
പിന്നിലേക്കിന്ന്.
പക്ഷേ, സാറ്റു കളിയിലെ
ഒറ്റുകാരനെപ്പോലെ,
ചൂണ്ടിയൊറ്റുന്നെന്റെ മനസ്സ്.
             ---------------
അമ്മത്തൊടിയിലിപ്പോഴും
കണ്ണാന്തളികളുണ്ടാവും.
കിങ്ങിണികെട്ടിയ
പൂവാലിയുടെ കിടാവിനൊപ്പം
കറുകവരമ്പിലൂടോടണം.
പാൽനുരയുന്ന അവളുടെ നാവാൽ
നീരടിഞ്ഞ സന്ധികളിലെ വേദന
നക്കിത്തുടച്ചുമാറ്റണം....
             -----------------
കരുതലുമായ് കൂടെനടന്ന കാലമേ...
സങ്കല്പങ്ങളിൽനിന്ന്
യഥാർത്ഥ്യങ്ങളിലേക്കെത്തിയ
സങ്കടം തുടയ്ക്കാൻ
നീയെനിക്കൊരു കൈലേസ് തരുമോ..?
കഴിയില്ലെങ്കിൻ നിന്റെ മനസ്സിലെ
ചക്കരമാവിൻചോട്ടിലൊത്തിരിയിടനേരം...
ആരും കാണാതൊന്നു കരയണമെനിക്ക്..
എന്റെ പ്രിയങ്ങൾ
നഷ്ടമായതെവിടെയെന്ന്
തിരയണമെനിക്ക്...

sree. 6-6-2016

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്