നനഞ്ഞ താളുകൾ
നനഞ്ഞ താളുകൾ
```````````````````````````````
പുറത്ത് കനത്തുപെയ്യുന്നു...
പെരുമഴയെ കീറിമുറിച്ച് ആ തീവണ്ടി കുതിച്ചുപായുമ്പോൾ, കമ്പാർട്ടുമെന്റിനുള്ളിൽ തളംകെട്ടിനിന്ന ഇരുമ്പു ഉരസുന്നതിന്റെ തീക്ഷ്ണഗന്ധം അയാളെ ശ്വാസംമുട്ടിച്ചുകൊണ്ടിരുന്നു.
തോളിൽ തൂക്കിയ പഴയ ബാഗിൽ നിറയെ പുസ്തകങ്ങൾ...
പതിവു ദിവസം പോലെ അന്നും ഓരോ കമ്പാർട്ടുമെന്റിലൂടെയും നടന്നുകൊണ്ട് അയാൾ വിളിച്ചു ചോദിച്ചു..
"പുസ്തകങ്ങൾ ... നോവൽ, കഥ, കവിത, ബാലസാഹിത്യം..."
പലരും കേട്ടതേയില്ലെന്ന ഭാവത്തിൽ മൊബൈൽ സ്ക്രീനുകളിലേക്ക് കണ്ണൂന്നിയിരുന്നു. ചിലർ പുഞ്ചിരിച്ചു. ചിലർ കൈവീശി വേണ്ടെന്ന് പറഞ്ഞു. അപൂർവമായി ആരെങ്കിലും ഒരു പുസ്തകം വാങ്ങും.
കുറച്ച് വർഷങ്ങളമായി അയാളുടെ ജീവിതം ഇങ്ങനെയായിരുന്നു. ഒരുകാലത്ത് ഒരു ചെറിയ പുസ്തകശാലയുടെ ഉടമയായിരുന്നു. പുസ്തകങ്ങളെ സ്നേഹിച്ചതുകൊണ്ട് തുടങ്ങിയ കട. എന്നാൽ കാലം മാറി. വായനക്കാരെക്കാൾ സ്ക്രീനുകൾ പെരുകി. കട പൂട്ടേണ്ടിവന്നു.
ജീവിക്കാൻ മറ്റൊന്നും അറിയില്ലായിരുന്നു. അങ്ങനെയാണ് തീവണ്ടികളിൽ പുസ്തകം വിൽക്കാൻ തുടങ്ങിയത്.
ആദ്യം അതൊരു തൊഴിലായിരുന്നു. പിന്നീട് അതുതന്നെ ജീവിതമായി. എന്നാൽ കുറച്ചുനാളുകളായി ഒരു ചോദ്യം അയാളെ അലട്ടിക്കൊണ്ടിരുന്നു.
"ഇനി എന്തിനുവേണ്ടി?" ഭാര്യ മരിച്ചിട്ട് വർഷങ്ങളായി. മക്കൾ അവരവരുടെ ലോകത്ത്.. അവർ മാസത്തിലൊരിക്കൽ വിളിക്കും. സ്നേഹമില്ലാത്തതുകൊണ്ടല്ല. പക്ഷേ അവരുടെ ലോകത്തിനും അയാളുടെ ലോകത്തിനുമിടയിൽ ഭൂഖണ്ഡങ്ങളുടെയും സമുദ്രങ്ങളുടെയും അകലമുണ്ടായിരുന്നു.
തീവണ്ടി ഒരു ചെറിയ സ്റ്റേഷനിൽ നിർത്തി. മഴയിൽ നനഞ്ഞ പ്ലാറ്റ്ഫോമിലൂടെ ആളുകൾ ഓടുന്നു. അയാൾ ഒഴിഞ്ഞസീറ്റിൽ ജനൽക്കരികിലിരുന്ന് പുറത്തേക്ക് നോക്കി. അപ്പോഴാണ് ഒരു പതിനാലുവയസ്സുകാരൻ അടുത്തുവന്നത്.
"ചേട്ടാ... പുസ്തകത്തിന്റെ വില എത്രയാണ്?" കയ്യിലുണ്ടായിരുന്ന ബാലകഥകളുടെ പുസ്തകം കുട്ടി കൗതുകത്തോടെ മറിച്ചുനോക്കുകയായിരുന്നു.
വില പറഞ്ഞു....
കുട്ടി പോക്കറ്റിലുണ്ടായിരുന്ന നാണയങ്ങൾ എണ്ണി. പണം തികയുന്നില്ല. നിരാശയോടെ പുസ്തകം തിരിച്ചുനൽകാൻ തുടങ്ങിയപ്പോൾ അയാൾ പുഞ്ചിരിച്ചു.
"കൊണ്ടുപോയിക്കോ..." കുട്ടി അമ്പരന്നു.
"പക്ഷേ....."
"അത് അടുത്ത തവണ തന്നാൽ മതി."..കുട്ടിയുടെ കണ്ണുകൾ തെളിഞ്ഞു. മഴമാറിയ ആകാശത്തെക്കാൾ തിളക്കമുണ്ടായിരുന്നു ആ സന്തോഷത്തിന്.
പുസ്തകം നെഞ്ചോടു ചേർത്ത് അവൻ ഓടിപ്പോയി. തീവണ്ടി വീണ്ടും നീങ്ങി. എത്രയോ വർഷങ്ങളായി താൻ പുസ്തകങ്ങൾ വിൽക്കുകയാണെന്ന് കരുതിയിരുന്നു. പക്ഷേ യഥാർത്ഥത്തിൽ താൻ വിൽക്കുന്നത് പ്രതീക്ഷകളായിരുന്നു.
ഒരാൾക്ക് ഒരു കഥ. ഒരാൾക്ക് ഒരു സ്വപ്നം. ഒരാൾക്ക് ഏകാന്തതയിൽ ഒരു കൂട്ടുകാരൻ. ഒരു പുസ്തകം ഒരാളുടെ ജീവിതം പോലും മാറ്റിമറിച്ചേക്കാം.
മഴത്തുള്ളികൾ ജനൽച്ചില്ലിലൂടെ താഴേക്കൊഴുകി. അയാൾ തോളിലെ ബാഗ് പതുക്കെ തഴുകി.
അയാൾ ജനലിന് പുറത്തേക്ക് നോക്കി. മഴത്തുള്ളികൾ ജനൽച്ചില്ലിൽ പതിഞ്ഞ് നേർത്ത വരകളായി താഴേക്കൊഴുകി. ഓരോ തുള്ളിയും ഓരോ ഓർമ്മകളെപ്പോലെ.
സഞ്ചിയിൽ നിധിപോലെ സൂക്ഷിച്ചിരുന്ന ഒരു പഴയ പുസ്തകത്തിന്റെ താളുകൾ അയാൾ വെറുതെ മറിച്ചുനോക്കി. വർഷങ്ങൾക്കുമുമ്പ് ഭാര്യ അതിന്റെ ആദ്യ പേജിൽ എഴുതിയിരുന്ന കുറിപ്പ് വായിച്ചു...
"ഒരിക്കൽ ഏകാന്തത നിന്നെ പൊതിഞ്ഞാൽ, ആരുടെയെങ്കിലും ജീവിതത്തിൽ ഒരു വെളിച്ചമാവുക..."
അയാൾ പുസ്തകം പതുക്കെ അടച്ചു... പലതവണ വായിച്ച വാചകത്തിന്റെ പൂർണ്ണമായ അർത്ഥം ഇന്നാണ് അയാളിലുണ്ടായത്..
മഴ ഇപ്പോഴും തകർത്ത് പെയ്യുന്നുണ്ടായിരുന്നു.
ജനൽച്ചില്ലിലെ തന്റെ പ്രതിബിംബത്തിലേക്ക് നോക്കിക്കൊണ്ട് അയാൾ വീണ്ടും അതേ ചോദ്യം ചോദിച്ചു.
"ഇനി എന്തിനുവേണ്ടി?"
ഇത്തവണ ഉത്തരമില്ലായ്മ തോന്നിയില്ല.
എവിടെയോ ഒരു കുട്ടി ഒരു പുസ്തകത്തിനുവേണ്ടി കാത്തിരിക്കുന്നുണ്ടാവാം...
"നനഞ്ഞ താളിലെ" അക്ഷരങ്ങൾ കൂട്ടിവായിക്കാൻ ആഗ്രഹിക്കുന്ന മറ്റൊരു ബാലന് ഒരു പുസ്തകം സൗജന്യമായി നൽകാനാവും...
ഒരു വയോജനസദനത്തിൽ ആരെങ്കിലുമൊരാൾക്ക് കഥകൾ വായിച്ചുകൊടുക്കാൻ ഒരാൾ വേണമാവും...
കാഴ്ച മങ്ങിത്തുടങ്ങിയ ഒരാളുടെ അരികിലിരുന്ന് ഒരു നോവലിന്റെ താളുകൾ തുറന്നുകൊടുക്കാൻ ഒരാൾ വേണ്ടിവരും... ഒരാളുടെ ഏകാന്തതയിൽ ഒരു സംഭാഷണമായും, മറ്റൊരാളുടെ നിശ്ശബ്ദതയിൽ ഒരു കൂട്ടിരിപ്പായും മാറാനാവും...
തീവണ്ടി ഇരുളിലൂടെ മുന്നോട്ടുപാഞ്ഞു...
തോളിലെ പുസ്തകസഞ്ചി അയാൾ ഒന്നുകൂടി ചേർത്തുപിടിച്ചു.
വളരെ നാളുകൾക്കുശേഷം, ഒരു ലക്ഷ്യത്തിലേക്ക് മനസ്സ് എത്തിച്ചേർന്നിരുന്നു.
അടുത്ത സ്റ്റേഷനിൽ...
ഒരുപക്ഷേ, അയാളെ ആരെങ്കിലുമൊരാൾക്ക് ആവശ്യമുണ്ടാകും തീർച്ച.
Comments