വേരുകൾ പൂക്കുമ്പോൾ


വേരുകൾ പൂക്കുമെന്ന് ആരും പറഞ്ഞില്ല,  
മണ്ണിനടിയിലെ ഇരുട്ടിൽ അവർ  
ക്ഷമയുടെ ജപമാല തിരിക്കുകയായിരുന്നു.  

കാറ്റിനെ തൊടാതെ, വെയിലിനെ കാണാതെ,  
തങ്ങളെത്തന്നെ ആഴത്തിലേക്ക് കുഴിച്ചിട്ട്,  
മരത്തിനു തണലാകാൻ മാത്രം ജീവിച്ചവർ.  

ഒരു നാൾ മഴ പെയ്തപ്പോൾ  
മണ്ണിന്റെ മാറു പിളർന്നുപോയി.
അന്നാണ് കണ്ടത്,
വേരിലും പൂക്കളുണ്ടെന്ന്,..!  
വെളിച്ചം തേടിയല്ല,  
ഇരുട്ടിനെ പൂവാക്കിയതാണവ.  

കാണുന്ന കൊമ്പിലെ പൂക്കൾ  
വേരിന്റെ സ്വപ്നത്തിന്റെ നിഴലാണ്.  
ഉയരങ്ങളിലെ ഓരോ ഇലയും  
താഴേക്കു വളഞ്ഞ ഒരു പ്രാർത്ഥനയുടെ  
മറുപടിയാണ്.  

വേരുകൾ പൂക്കുമ്പോൾ  
മരങ്ങൾ മാത്രമല്ല,  
മണ്ണും ആകാശമാകും.  
നമ്മിലെവിടെയോ കുഴിച്ചിട്ട  
മൗനങ്ങൾക്കും അന്നു  
സുഗന്ധം വരും. 
Sreekumar Sree 
©️ reserved 

Comments

Popular posts from this blog

തൊഴിൽനികുതി, എന്ത് എന്തിന്

എക്സിറ്റ് പോൾ

ലക്ഷങ്ങൾ കിട്ടും പഴയ രൂപാനോട്ടുൾ കൈയിലുണ്ടോ..?