ഹൃദയരാഗം


പവിഴമല്ലിതൻ ചോട്ടിൽ വിരിയുന്ന
നറുമലർ പനീർപ്പൂവായിരുന്നവൾ..
പതിവുതെറ്റാതെ ശീവേലിനേരത്ത്
കസവുടയാത്ത പൂഞ്ചേല ചുറ്റിയോൾ...

പകലുമാഞ്ഞിട്ടുമന്തിക്കുപൂക്കുന്ന
മഞ്ഞമന്ദാര മലരായിരുന്നവൾ,
പതിതമാനസനെങ്കിലുമതുകാണാൻ
പതിവുതെറ്റാതെയെത്തിഞാനങ്കണേ...

പവിഴമലർതോൽക്കുമാചെഞ്ചൊടികളാൽ
പതിവുകിന്നാരമവളോതി ദേവനായ്
ഇടയിലൊരുകൂർത്തമിഴിയമ്പു കൊള്ളുവാൻ
പലവുരുപ്രാർത്ഥനാപൂർവ്വമന്നുഞാൻ.
തിരിയെ നടകടന്നവൾപോയവഴികളിൽ
ഇരുളുവീഴുന്ന വ്യഥപൂണ്ടിരുന്നനാൾ
പതിയെയായിരുൾ കാഴ്ചമറച്ചന്റെ
ഹൃദയവാടിയിൽ പൂക്കൾ കരിഞ്ഞതും.

"ഒരുകിനാവായിരുന്നതു നിശ്ചയം
ഹൃദയതന്ത്രിയിൽ മീട്ടാതൊരു സ്വരം"
പതിയെമൂളുവാനന്നേ മറന്നൊരു
പഴയഗാനം സ്മരിക്കിലുമതുസുഖം.
Sreekumar Sree 



Comments

Popular posts from this blog

എക്സിറ്റ് പോൾ

ലക്ഷങ്ങൾ കിട്ടും പഴയ രൂപാനോട്ടുൾ കൈയിലുണ്ടോ..?

poem - morning wishes പുലർകാല വന്ദനം