തളിരിലത്തുമ്പിലൂ- ടൂർന്നുപോം സന്ധ്യയിൽ തരളിതമാകുന്നു മനസ്സ്... ജലരേഖപോൽ നേർത്തു മാഞ്ഞുപോകുന്നുവോ സ്മരണകളെന്നെപ്പിരിയുന്നുവോ മധുരമെല്ലാം മെല്ലെയൊഴിയുന്നുവോ.. മനം മധുരമൊഴിഞ്ഞാഴിയുപ്പുതേടുന്നുവോ... വ്രണിതമാം തായ്ത്തടിക്കുയിരു- പകരുവാനെളുതാത്തമനസ്സിന്റെ പകലുകൾ മാഞ്ഞുപോയ്.... കടലാസുതോണിയാണെൻചിന്തകൾ സദാ ജലബിന്ദുവീഴുകിൽ തകരും കിനാവുകൾ.. നരവീണപുരികക്കൊടിക്കടിയിലെപ്പൊഴോ തിമിരാന്ധകാരം ജഡമൂടിവാസമായ് ഇരുവശവുമുയരുന്നൊരാക്രോശവൃന്ദങ്ങ- ളെന്തുഭാഗ്യം ബധിരകർണ്ണം ത്യജിച്ചതും. ഇരുളാണ് പകലിലുമറിയുന്നുഞാൻസദാ ദിനകരനിവിടെയൊരൊളിയിടം തേടവേ, പകലുകൾ ശാന്തമായെങ്കിൽ, ഇരവിലെ കരിവേഷമെന്നെ- ത്തിരയാതിരുന്നെങ്കിൽ നിശപെറ്റമക്കളാം കനവുകൾ നിഴലിന്റെ കരളുരുകുംകഥ പാടാതിരുന്നെങ്കിൽ... നവസർഗ്ഗചേദനയുണരുന്ന കഥകളെ കവിതയായ് പാടുവാൻ വന്നവനാണുഞാൻ അരുതരുതേമമ- ഹൃദയരാഗങ്ങളിൽ വെറുതെ വെറുപ്പിന്റെ ശ്രുതിചേർത്തണയ്ക്കല്ലേ ഒരുവേദിവേണ്ടാ മമപ്രേമഗീതികൾ മൊഴിയുവാനൊരുതണൽ, ഒരുപകൽ വെട്ടവും. ഒരുസന്ധ്യകൂടി കടന്നുപോകുംമുമ്പേ പ്രിയഗാനമൊന്നുഞാൻ പാടിടട്ടേ. ഒരുരാവുവന്നെന്നെ മൂടുവാനായുന്നു പ്രിയഗാനമൊന്നുഞാൻ പാടിടട്ടേ ശ്രീ 3/9/19