പറഞ്ഞുതീരുന്ന പാട്ടുകൾ


തളിരിലത്തുമ്പിലൂ-
ടൂർന്നുപോം സന്ധ്യയിൽ
തരളിതമാകുന്നു മനസ്സ്...
ജലരേഖപോൽ നേർത്തു
മാഞ്ഞുപോകുന്നുവോ
സ്മരണകളെന്നെപ്പിരിയുന്നുവോ
മധുരമെല്ലാം മെല്ലെയൊഴിയുന്നുവോ..
മനം മധുരമൊഴിഞ്ഞാഴിയുപ്പുതേടുന്നുവോ...

വ്രണിതമാം തായ്ത്തടിക്കുയിരു-
പകരുവാനെളുതാത്തമനസ്സിന്റെ
പകലുകൾ മാഞ്ഞുപോയ്....
കടലാസുതോണിയാണെൻചിന്തകൾ സദാ 
ജലബിന്ദുവീഴുകിൽ തകരും കിനാവുകൾ..

നരവീണപുരികക്കൊടിക്കടിയിലെപ്പൊഴോ
തിമിരാന്ധകാരം ജഡമൂടിവാസമായ്
ഇരുവശവുമുയരുന്നൊരാക്രോശവൃന്ദങ്ങ-
ളെന്തുഭാഗ്യം ബധിരകർണ്ണം ത്യജിച്ചതും.
ഇരുളാണ് പകലിലുമറിയുന്നുഞാൻസദാ
ദിനകരനിവിടെയൊരൊളിയിടം തേടവേ,
പകലുകൾ ശാന്തമായെങ്കിൽ, 
ഇരവിലെ കരിവേഷമെന്നെ-
ത്തിരയാതിരുന്നെങ്കിൽ
നിശപെറ്റമക്കളാം കനവുകൾ 
നിഴലിന്റെ കരളുരുകുംകഥ
പാടാതിരുന്നെങ്കിൽ...

നവസർഗ്ഗചേദനയുണരുന്ന
കഥകളെ കവിതയായ് പാടുവാൻ
വന്നവനാണുഞാൻ
അരുതരുതേമമ-
ഹൃദയരാഗങ്ങളിൽ
വെറുതെ വെറുപ്പിന്റെ
ശ്രുതിചേർത്തണയ്ക്കല്ലേ
ഒരുവേദിവേണ്ടാ മമപ്രേമഗീതികൾ
മൊഴിയുവാനൊരുതണൽ,
ഒരുപകൽ വെട്ടവും.
ഒരുസന്ധ്യകൂടി കടന്നുപോകുംമുമ്പേ
പ്രിയഗാനമൊന്നുഞാൻ പാടിടട്ടേ.
ഒരുരാവുവന്നെന്നെ മൂടുവാനായുന്നു
പ്രിയഗാനമൊന്നുഞാൻ പാടിടട്ടേ

ശ്രീ 3/9/19






Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്