അന്ത്യഭാഷിതം

   #അന്ത്യഭാഷിതം

പടിയിറങ്ങുന്ന നേരത്തു നീയെന്റെ
ഇടതു കൈപിടിച്ചോതുമോ വിടയിനി.
പറയുവാനുള്ളതെല്ലാമൊതുക്കിയാ
ചെറിയനിശ്വാസ വായുവാലോതുമോ..

വികലമാണെന്റെ ചിന്തകളെങ്കിലും
വിരഹമാണതിൻ പാർശ്വമെന്നാകിലും
വിടപറയുവാനായ് ചമച്ചീടുന്ന
ദുരിതപർവ്വങ്ങളാരു നീക്കീടുവാൻ.

ഒരുകിനാവെട്ടമെന്നോ മനസ്സിന്റെ
അരിയ മൂലയിൽ കാത്തുവച്ചെങ്കിലും
പടരുവാനതിനായില്ലൊരിക്കലും
കനവുകൾചേർത്തു കത്തിപ്പടർന്നീല്ല.

ചെറിയ മൺകുടം വായ്കെട്ടിമൂടവെ
ഇരുകരംചേർത്തു നീമുട്ടിയാർക്കവേ
ഒരുനിമിഷം... തരൂ ശബ്ദരഹിതമായ്
തരളഹൃത്തുചേർത്തല്പം ശ്രവിക്കുക...

ഒരു ജലബിന്ദുവീണുടയുംപോലെ
ഇലയടർന്നൂഴിയിൽ ചേർന്നലിഞ്ഞപോൽ
ഒരുസ്വനം... തപ്തനിശ്വാസമെന്നപോൽ
ഒരു സ്വകാര്യം മൊഴിയുന്നപോലെയും

വിടവുമൂടിയെന്നാലുമാമൺകുട,
മിടവിടാതെ പറയുവാനാശിക്കു-
മവനിയിൽ പതിവായ് തോറ്റടങ്ങിയ
ഒരു പടുജന്മ കഥയതിസാരമായ്.
                         #ശ്രീ.03/08/2018.


Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്