പാടുക കാമിനീ...
നീർമിഴിയെന്തിനോ ദൂരേക്കുനീട്ടിനീ
ഓർമ്മതന്നാഴത്തിലേക്കു നോക്കീ..
കാത്തിരിക്കുന്നുവോ മൽസഖീയുള്ളിൽ നീ
കോർത്തമാല്യം കരിയാതെയിന്നും.
സന്ധ്യാംബരമിന്നുമെന്തിനോ മൂകമായ്
ചെങ്കുങ്കുമംപൂശി ദൂരെനിൽക്കേ
നിൻകപോലങ്ങളിലെന്തിനു നീളുന്നു ,
ചെന്നിറമോലുന്ന നീർത്തടങ്ങൾ.
ചന്ദനഗന്ധമുയരുന്ന സന്ധ്യതൻ
സ്നിഗ്ദമാം ചാരുത മുറ്റിനിൽക്കേ,
എന്തിനുനീ സഖീ മൂകമായോർമ്മതൻ
അന്തരാളങ്ങളിലൂളിയിട്ടു.
ദേവതേ നിൻചിരി നേദ്യമാമേതൊരു
കോവിലുമിന്നൊരു സ്വർഗ്ഗമാകാം
താപസമൗനങ്ങൾ നിൻകാൽചിലമ്പിന്റെ
കാതരഗീതാനുപല്ലവി പാടിടാം
ശ്രാവണഭാവങ്ങളാടും മുഖശ്രീയിന്നാ-
കുലചിത്തത്തിലാഴ്ത്തിടാതെ
പാടുക കോകിലവാണിപോൽ പ്രാണനെ
പാടെയുണർത്തുന്ന ഭാവഗീതം.
Comments