Posts

Showing posts from June, 2021

എന്റെ കവിത

Image
ധനുക്കുളിരുള്ള പുലരിയിൽ തളിരിലത്തുമ്പിലൂടെ,  അടരാൻ വെമ്പിനിൽക്കുന്ന  മഞ്ഞുതുള്ളിയാണെന്റെ  കവിത, നറുമഞ്ഞുനനച്ച പൂഞ്ചോലക്കുളിരിൽ ആടിപ്പാടുന്ന  തിരുവാതിര നർത്തകിയാണത്... അതിന്റെ കസവുടയാടകളിലെ തനുവിയർപ്പിനെ പാരിജാതസുഗന്ധത്താൽ ഒപ്പിമാറ്റുമൊരു മാരുതൻ. പുലരിവെട്ടത്തിന്റെ  നറുതാപമേറ്റ് ഉരുകിയടരുംമുമ്പത് കുഞ്ഞുസൂര്യനെ നെറുകയിലണിയാറുണ്ടെന്നും. ചിറകുനനഞ്ഞൊരു  ശലഭസൗരഭത്തിന്റെ ദാഹമകറ്റാനായില്ലയെങ്കിലും ഉയിരുണങ്ങിയ  കറുകച്ചുവടുകളിൽ നനവേകാനാകുമതിന് ചെറുതായെങ്കിലും.... #ശ്രീ.

പുഞ്ചിരികൾ വിതയ്ക്കുമ്പോൾ.

Image
ഓർമ്മകൾ  പടിയിറങ്ങിപ്പോയ സന്ധ്യയാണെന്റെ  അവസാനത്തെ ഓർമ്മ. നിദ്രയിലടവച്ച സ്വപ്നങ്ങളിൽ വിരിഞ്ഞത് ഇച്ഛാഭംഗത്തിന്റെ കുഞ്ഞുങ്ങൾ.... പകൽവെട്ടത്തിലൊളിപ്പിച്ചുവച്ചുഞാൻ ഇതുവഴി കടന്നുപോകുമ്പോൾ, വിരൽചൂണ്ടിനീ പരിഹസിക്കാതിരിക്കാൻ... പരൽമീൻ നീന്തിയ പുഴതേടിപ്പോകുന്ന യാത്രക്കാരീ... വഴിയിലുപേക്ഷിച്ച പുഞ്ചിരികൾ എനിക്ക് സമ്മാനിക്കരുത്.. തിരികെ പോകുമ്പോഴെങ്കിലും തിരിച്ചെടുക്കാൻ വേണ്ടിയാവണം നീയതു വിതയ്ക്കേണ്ടത്. മലയേറ്റിയതെല്ലാം  എന്റെ സ്വപ്നങ്ങൾ വിയർപ്പൂറ്റിയുപ്പുപോയൊരു മനസ്സിൽ നിലതെറ്റാതടവച്ചതെല്ലാം  എന്റെ ചിന്തകൾ.. ഉയരമറിയാത്തവന്റെ പാഴ്ശ്രമമായിരുന്നത്... ചിതയേറ്റും വരെയാണീ പരിശ്രമങ്ങളൊക്കെയും തിരിയണയുംവരെയെന്റെ സ്വപ്നദർശനം.. ഒടുവിലാണ് നീ മടങ്ങുവതെങ്കിൽ, എന്റെ പട്ടടയ്ക്കുമുകളിലെ നനഞ്ഞമണ്ണടർത്തി നിന്റെ പുഞ്ചിരികൾ വിതയ്ക്കുക.. നവധാന്യക്കുരുപ്പുകളായി.. ശ്രീ.

ഒരു നിരർത്ഥഭാഷണം

Image
പ്രതിമകൾ..., പ്രതിമകൾ..., പ്രതിമകളമരന്മാർ. പ്രതിമകളിലൂടെ പുനർജ്ജനിച്ചവരെത്ര.. കാകവിസർജ്യങ്ങൾ പേറി പുളഞ്ഞോരെത്ര.. കല്ലുപോൽ നിൽപ്പോരെത്ര.. വായില്ലാത്തപ്പന്മാർ വാക്കില്ലാ പ്രതീകങ്ങൾ. ഓർക്കുക, മഹാന്മാർക്കാവതുണ്ടായെങ്കിൽ തച്ചുടച്ചേനെ സ്വയം തല്പരരല്ലാത്തവർ പിന്നെയാ ശിലപാകി- യിന്നവർ തീർത്തേനെ നന്മയാമാതുരാലയ ശ്രീകോവിൽ നാടാകവെ. ഓർക്കുക മഹാന്മാർക്ക് കാഷ്ഠാഭിഷേകം ചെയ്യും സ്മാരകപ്രതിമകളല്ല നാം തീർക്കേണ്ടതു... ആതുരാലയങ്ങളാണാവശ്യം വേണ്ടുകിൽ ആയതിൻ നാമം നമുക്കാമഹാനേകാമല്ലോ. ചിന്തകൾ ചന്തികളിൽ അങ്കുരിക്കുന്നോർക്കത് ചന്തമാകില്ലെന്നെനി ക്കറിയാമെന്നാകിലും. ചൊന്നുപോയ് ക്ഷമിക്കുക ചിന്തനം ചെയ്തീടുക... #ശ്രീ..

ഇച്ചേയി

Image
... അക്കൊല്ലത്തെ ഓണം വിച്ചുവിന് പൊന്നോണമായാണ് വരുന്നത് കാരണം, അക്കൊല്ലം അവനൊരു പുത്തനുടുപ്പു കിട്ടുന്നു ആദ്യമായി ഒരോണക്കോടി...! ഇച്ചേയിക്കു കിട്ടിയ സ്റ്റൈഫന്റിന്റെ വിഹിതമാണവന്റെ ഓണക്കോടി.   "ഇച്ചേയീ നിക്ക് ചൊമപ്പും വെള്ളേം നെറം മത്യേ...." ഒന്നരക്കാലുമായി ഇച്ചേയി ബസ്സിലേയ്ക്ക് വലിഞ്ഞുകേറുമ്പോൾ ചോറുസഞ്ചി കൊടുത്തു പതിയെ ഓർമ്മിപ്പിച്ചത് ഇച്ചേയി മറന്നില്ല...  ചൊമപ്പും വെള്ളേം നിറംകൊണ്ട് ചെക്കിന്റെ കോട്ടൺതുണിതന്നെ ഇച്ചേയി വൈകുന്നേരം വാങ്ങിവന്നു..  ഇച്ചേയിയുമായി വീടണയുംമുമ്പുതന്നെ അവനാ പൊതിതുറന്ന് പുത്തനുടുപ്പിന്റെ മണം ആവോളം ശ്വസിച്ചു.  പട്ടണത്തിലെ ജോലിസ്ഥലത്തേയ്ക്ക് അപ്രന്റീസായി പോകുന്ന ഇച്ചേയിക്കു എന്നും ബസ്റ്റോപ്പുവരെ വിച്ചുവാണ് തുണപോകുന്നത്.. സന്ധ്യയ്ക്ക് ഇച്ചേയി മടങ്ങിവരാൻനേരവും അവൻപോകും.  ഇച്ചേയിക്ക് വലതുകാലിന് ശേഷിക്കുറവുണ്ട്. ഇച്ചേയിക്ക് പത്തുവയസ്സായപ്പോൾ പോളിയോ വന്നതാണ്. എന്നാലും വിച്ചുവിന്റെ ഇച്ചേയി നന്നായി പഠിച്ചു. വിച്ചുവിന് ട്യൂഷനെടുക്കുന്നതും ഇച്ചേയിയാണ്.  അപ്രന്റീസു കഴിഞ്ഞാൽ ഇച്ചേയിക്കു ജോലികിട്ടുമെന്നാണ് അച്ഛനുമ്മയും പറയുന്നത്....  എനിക്കും പഠിക്കണം ഇലക്ട്രോണിക്സ്  എ

വാക്സിനേഷനും_ദാമ്പത്യകലഹവും

. --------------------- കുറച്ചുദിവസമായി എന്നും വൈകുന്നേരം കിറുകൃത്യം മൂന്നുമണിമുതൽ മൂന്ന് മൊബൈലെങ്കിലും വച്ചു വാക്സിനേഷൻ സ്ലോട്ട് തേടലാണ് പണി... ഈ വാക്സിനെ വിശ്വസിക്കണോ കൊറോണയെ വിശ്വസിക്കണോ എന്ന ചിന്ത മണ്ടേലുണ്ടായിരുന്ന സമയത്ത്, വഴിയേ പോകുന്നവരെ പിടിച്ചുകൊണ്ടുപോയി വാക്സിൻ കൊടുത്തപ്പോൾ ആ പിടിയിൽ വീഴാതെ വരാലുകളിച്ചുനടന്നതാണ്.. ആദ്യത്തെ കൊറോണ ഞാൻ പോണേ....ന്ന് പറഞ്ഞു പോയപ്പോൾ വാക്സിനെടുത്തവന് വട്ടെന്ന് പറഞ്ഞ് പല്ലുംകുത്തിയിരുന്നതാ.. അപ്പോഴാ പോയ കൊറോണ മതിലേലിരുന്നിട്ട് തിരിച്ചിങ്ങോട്ട് വീണ്ടുമൊരു ചാട്ടം ഒരുമാതിരി മ..മ.. മത്തങ്ങത്തലയന്റെ സ്വഭാവം..  ദീപാവലിപടക്കത്തിലെ തീ പിടിപ്പിച്ച റോക്കറ്റ്പോലെ ഡെത്ത്റേറ്റ് കുതിച്ചപ്പോഴാ നുമ്മക്ക് വാക്സിനെടുത്തവനോടൊക്കെ ഒരു ബഹുമാനം വന്നുതുടങ്ങിയത്.. എന്നാൽപിന്നെ ഞാനും വാക്സിനേറ്റഡ് എന്ന പ്രൊഫൈലിട്ട് ,മീ ടൂ വിൽ പങ്കെടുക്കാനാ ഇപ്പോഴെത്തെ മേൽ പറഞ്ഞ അഭ്യാസം..  നമ്മള് ജില്ല തിരയുമ്പോൾ തന്നെ സ്ലോട്ട് ഫുൾ ആകും എന്നാൽ പെയ്ഡ് നോക്കാന്നുവച്ചാ അപ്പോഴേക്കും ടൈം ഓവറായി അന്നത്തെ ഇന്നിംഗ്സ് അവസാനിക്കും .. അടുത്ത ദിവസം നമ്മൾ പോസ്റ്റൽ കോഡ് വച്ച് തിരയുന്നു അപ്പോൾ പറയും ഈ കോഡ

വീട്

Image
രാജപാതകളിലേക്കുമാത്രം തുറന്നുവച്ച ആഗമന നിർഗ്ഗമനദ്വാരങ്ങളാണ് വീടുകളിൽ... ചുറ്റിനുമുള്ള കാഴ്ചകളെയത് അതാര്യസ്ഫടിക ജനാലകളാൽ മറച്ചിരിക്കുന്നു നിത്യം. പഴയവാതിലുകൾ, തുറന്നാൽ വെയിൽത്തടങ്ങൾ, തണ്ണീർത്തടാകങ്ങൾ, ഹരിതഭൂമികൾ, വയലോലകൾ, അയവാട്ടിനിൽക്കുന്ന പശുക്കിടാങ്ങൾ, പുഴമണൽപ്പരപ്പുകൾ,.. ഇല്ലയൊന്നുമിനി പഴയവാതിലുകളെ നാമെന്നോ കൊട്ടിയടച്ചു. വീടുകൾ... നാലുകാൽ പുരകളല്ല നാലുകെട്ടിൻ പ്രൗഡിയല്ല മച്ചില്ല പത്തായമില്ല ഉത്തരം താങ്ങുന്ന ഗൗളികളുമില്ല... വീടുകളല്ലിന്ന് സമുച്ചയങ്ങൾ മാത്രം.. ജീവഞരമ്പുകളില്ലതിൽ ഉച്ചിമുതൽ പാദംവരെ, ആരൂഡംമുതൽ അടുക്കളകൾവഴി പൂമുഖംവഴി, വിസർജ്ജ്യമൊഴുക്കുന്ന പൈപ്പുകൾ...  പുതു സംസ്കാരത്തിന്റെ നീർച്ചാലുകൾ... ഒഴുക്കുമറന്ന പുഴകളിൽ വഴുക്കൻ രസമൊലിപ്പിച്ച് അടച്ചുമൂടിയ സംസ്കാരം. വിടില്ലാത്ത സംസ്കാരം വീടുമറന്ന സംസ്കാരം. ശ്രീ.

തോർത്തുമുണ്ട്

Image
#  തോളിൽ തൂങ്ങിയ ഒറ്റയ്ക്കുമുണ്ടാകും  ഗന്ധങ്ങളിലൂടെ  പറയാനായിരം... മൂന്നാൾപൊക്കം  വെള്ളംനീന്തി  മറുകരയിലെ  തകരതേടിയത്..  പൊരിവെയിലിൽ  കോൽകുത്തി,  ചിക്കിവിരിയ്ക്കുന്ന  കച്ചിത്തുറുവിന്റെ  വിയർപ്പുഗന്ധം,  വിശന്നവയറിനെ  ആളിക്കുമ്പോൾ ഇളകുന്ന,  മനംപുരട്ടലുകളിൽ  തടയണതീർക്കുന്നത്..  കതിരുകോതിമാറ്റിയ  മുണ്ടകൻകുറ്റികൾ  ചേറിൽ ചവിട്ടിയമർത്തുമ്പോൾ, ചവിട്ടടിയിൽനിന്നുയരുന്ന  ചെളിവെള്ളത്തിനൊപ്പം,  തവളയും വരാലിനും തെന്നിമാറാനൊരിടസമയം കൊടുത്ത്, മുഖത്തൊഴുകും  വിയർപ്പൊപ്പിയത്.. ഇടവക്കരിമഴയിൽ  മടവകളിൽ മടലുകുത്തി,  ബലപ്പെടുത്തിക്കുനിയുമ്പോൾ  തല നനയാതെ കാത്തത്.. അന്തിക്കള്ളിലെ  ചോനനുറുമ്പിനെയും   കറുകനുറുമ്പിനെയും  അരിച്ചൊഴിഞ്ഞ് കുടിച്ച്,  അരികുകൊണ്ട് ചിറിതുടച്ചത്... അടിമുടി കുളിരുംവരെ  കുളികഴിഞ്ഞ്  അരവെള്ളത്തിൽ അരയിൽ  ചുറ്റിയതുരിഞ്ഞ്,  തല തുവർത്തിയേറിയാൽ  ഈറനോടെയൊരുരാത്രി വിശ്രമം,  നന്ത്യാർവട്ടമണത്തിൽ രാജമല്ലിയിലും  ചെമ്പരത്തിയിലും  ചേർത്തുകെട്ടിയൊരു  അയയിൽ.. പിന്നെ  പുലരുമ്പോൾ വീണ്ടുമാ  ഇടതുതോളിൽ.....  and illustration #sree