Posts

Showing posts from March, 2021

മനുഷ്യനിലേക്കൊരു പുതിയ പരിണാമം

Image
എനിക്ക്, ഞാനില്ലാത്തൊരു ലോകത്ത് ഞാനായി ജീവിക്കണം; ഞാനായി മാത്രം. സൂര്യബിംബത്തിനോട് കൂട്ടുകൂടണമപ്പോൾ.. പകലിരവുകളെ ഭയക്കാതിരിക്കുവാൻ പൊട്ടിച്ചിരിക്കണമേറെ, ഉന്മാദമില്ലെന്ന് ബോധ്യമാകാൻ പൊട്ടിക്കരയണമേറെ.. മനുഷ്യനാണെന്നത് മറന്നുപോകാതിരിക്കുവാൻ തനിച്ചിരുന്നേറെ പറയണം... ചെവികൂർപ്പിക്കുവാൻ ആരുമില്ലാത്തനേരം.. ആമാടപ്പെട്ടി തനിച്ചുകടയണം കയറ്റുവാനാളില്ലാത്ത നേരം നീണ്ടുനിവർന്നതിൽ കിടക്കണം.. ബന്ധിതമാകാത്ത കരങ്ങളാൽ പുറംതകിടിൽ തിരുകിപ്പിടിക്കണം. പഞ്ഞിത്തുണ്ടുകളാൽ അടച്ചുവയ്ക്കാത്ത നാസികകൊണ്ടതിന്റെ വാർണീഷ് മണക്കണം.. മുഷിയുമ്പോൾ പുറത്തെണീറ്റുവരണം പുനർജനിയെക്കാൾ പുതുമയോടെ, ശൂന്യമായൊരു  പുറംകാലത്തിലേക്ക്.. പകലിരവുകളില്ലാത്ത എന്റെ മാത്രം കാലത്തിലേക്ക്. മുഖചായമിടാതൊരരങ്ങിൽ തകർത്താടണമെനിക്ക്. ഇനിയും.                                          #ശ്രീ 

മരമേറിയ മത്സ്യങ്ങൾ

Image
പൊക്കൻതണ്ടാന്റെ കണ്ണ് അണുവിട ചലിക്കാതെ മുകളിലേക്കുതന്നെ... അവിടെ ഒരു കഴുകൻ വട്ടമിട്ടുപറക്കുന്നുണ്ട് തലയ്ക്കുമീതേ... അവന്റെ ചിറകുകൾ സൂര്യനെ മറച്ചുകളയുന്നു ചിലപ്പോഴൊക്കെ, പിന്നെയും തെളിയുമ്പോൾ കണ്ണുകൾ മഞ്ഞളിക്കാതിരിക്കാൻ പൊക്കൻ നന്നേ പാടുപെട്ടു... എന്നാലും ആ പടവുകൾ ഒരിക്കൽകൂടി പ്രത്യക്ഷപ്പെടുമെന്ന് പൊക്കന് നല്ല വിശ്വാസമുണ്ട് അതിനാലാണ് ഈ  തെങ്ങിനുമുകളിൽ കവട്ടമടലുകൾ ചവുട്ടിമെതിച്ച് ഇന്ന് പതിനാലുനാളായി വിശപ്പും ദാഹവും മറന്ന് തപസ്സിരിക്കുകയാണ്. പകലും രാത്രിയും.  പതിമൂന്ന് രാത്രികൾ കഴിഞ്ഞിട്ടും ഒരുപോള കണ്ണടയ്ക്കാത്തതിൽ പൊക്കൻ അഭിമാനിച്ചു....                     ************* കാടത്തിപ്പെണ്ണ് മാടത്തിന്റെ മറയടച്ച് വിളക്കു കെടുത്താനാഞ്ഞപ്പോഴാണ് പൊക്കൻ  തടഞ്ഞത്... "മാണ്ടാ.. എനക്കൊരുകൂട്ടം പറയാനൊണ്ട്..."  എന്താണെന്ന് ഭാവത്തിൽ അവളാ കീറപ്പായത്തടുക്കിന്റെ വിളുമ്പിലിരുന്നു..  "നീയ്യ്.. മേലേക്ക് നോക്കീട്ടൊണ്ടോ... ?"  കാടത്തിയ്ക്ക് അതിശയം.. ഉവ്വല്ലോ... കപ്പക്കാടി വറ്റിച്ച് കിണ്ടലുണ്ടാക്കാൻ കട്ട് കുറുക്കുമ്പോൾ വെയിലുമങ്ങുമ്പം...  ചാവുവിളിയൻകിളി അലറിവിളിച്ച് പായുമ്പോ അതെങ്ങോട്ടെന്ന് നോക

ॐലക്ഷ്മീനാരായണ നരസിംഹമൂർത്തി

Image
#ലക്ഷ്മിനാരായണ  അറിയില്ലെനിക്കിന്നു സഹസ്രനാമം.. അറിയില്ല നിൻ സ്തോത്രശ്ലോകഗാനം.. അറിയുന്ന വാക്കുകളിടറുന്ന നാവിനാൽ  ഉരുവിട്ടുണർത്തുന്നു നിന്നേയിരുകരം... ഒരുതാമരപ്പൂവിൻ കൂമ്പുപോലെ... ലക്ഷ്മിനാരായണ മൂർത്തേ... ലക്ഷ്മിപ്രിയനാം വരാഹമൂർത്തേ... ദുഃഖംശമിക്കുന്നു നിൻദർശനത്തിനാൽ നിത്യം ജപിക്കുന്നു നിൻനാമകീർത്തനം ചിത്തത്തിലാകെ നിറയുന്നു നിൻകഥ സത്യജഗത്തിനെ പാലിക്കുംനിൻകൃപാ.. ലക്ഷ്മിനാരായണ മൂർത്തേ... ലക്ഷ്മിപ്രിയനാം  വരാഹമൂർത്തേ.....  സങ്കടവാരിധിയാഴങ്ങളിൽ സന്തതമെൻജീവനാണ്ടിടുമ്പോൾ സംസാരനായകാ നീകോർത്തെടുക്കുമാ കൊമ്പിനാലെന്നയും കാത്തിടേണേ.... ലക്ഷ്മിനാരായണ മൂർത്തേ... ലക്ഷ്മിപ്രിയനാം വരാഹമൂർത്തേ.. 18-9-19 (🙏തിരുവനന്തപുരം ശ്രീവരാഹം ലക്ഷ്മീനാരായണ നരസിംഹമൂർത്തിക്ഷേത്രമാണ് രചനയ്ക്ക് ആധാരം🙏)

അങ്ങാടി

Image
കച്ചവടം ദു:ഖം വില്ക്കുന്ന  കട തുടങ്ങാൻ തീരുമാനിച്ചു....  അതിനുമുമ്പ്  സന്തോഷം വിലയ്ക്കുകിട്ടുന്നൊരു സുപ്പർമാർക്കറ്റ്  കണ്ടുപിടിക്കണം... അതിനുമുന്നിലാവണം  വാണിജ്യം... വ്യസനമാണ് വ്യവഹാരവസ്തു എന്നാകിലും പുഞ്ചിരിക്ക് ഡിഗ്രിനേടിയവൾ വേണം, മുൻസീറ്റിലൊരു ആതിഥേയത്വം..; കണ്ണുകളിൽ കുസൃതിവേണം, സെയിൽസ് ഗേളിനു യോഗ്യത.. അവശകാമുകനുണ്ടാവും മൊത്തക്കച്ചവടത്തിന്, നഷ്ടമാകുമാ വ്യവഹാരം കീശയില്ലാത്ത കസ്റ്റമർ.. മോഹഭംഗകുമാരികളുണ്ട് മോഹം വേണ്ടവിടെ നിശ്ചയം നൈനിമിഷികമാണ് , സ്ഥിരമവിടില്ല ശോകങ്ങൾ പുതിയ സന്തോഷങ്ങൾക്കുപിന്നാലെ അവളോടുമുടനുടൻ... കുടുംബങ്ങളാകണം  ബെസ്റ്റ് കസ്റ്റമേഴ്സ്... ഭാര്യ ഭർത്താവ് മക്കൾ, അപ്പനപ്പൂപ്പൻ,  മരുമകളമ്മായി, ഏവരുമായി മൊത്തക്കച്ചവടത്തിനു യുക്തം.. മേമ്പൊടി പരസ്യങ്ങളെന്തിന് ജീവിതപുരാവൃത്തങ്ങളുടെ തടവറയിലാണവർ ഭാഗ്യം. 8.01.2021  Sree.

കവി

Image
കൊടിയ ദാരിദ്ര്യത്തിന് ഒരു രേഖയുണ്ടുപോൽ വര കാണാത്തവനാണ് കവി കവിതയവന്റെ റേഷൻകാർഡ് ആധാർ ബന്ധിതമല്ലത്

ഒളിപ്പോര്

Image
മനസ്സിന്റെ മച്ചിലെവിടെയോ വില്ലുകുലച്ചൊരു പോരാളി അരുതുചൊല്ലിയിരുന്നു.. അനുവദിച്ച സീമകൾക്കിപ്പുറം നിന്റെ യാഗാശ്വത്തെ തടയുവാൻ.  ചതിയുടെ പടവാളേന്തിയർ കുടിയിരിപ്പാണെന്നറിയാതെയാണ് എന്റെ മതിലകത്തെവിടെയും നിന്റെ ട്രോജൻക്കുതിരയ്ക്കിടമേകിയത്. പകലവസാനിക്കുവനരനാഴിക, ഇരുളിനായ് കാക്കയാണ് നീ.. നിന്റെ സൂചനാശബ്ദം കാതോർത്ത്  ഉദരത്തിലുണർന്നിരിപ്പുണ്ടവർ വയർപിളർന്നിറങ്ങട്ടെയാ കരാളങ്ങൾ ഉയിരറുത്തുത്സവമാടട്ടെ...  പകലണയും മുമ്പേ.          ശ്രീകുമാർശ്രീ