മരമേറിയ മത്സ്യങ്ങൾ
പൊക്കൻതണ്ടാന്റെ കണ്ണ് അണുവിട ചലിക്കാതെ മുകളിലേക്കുതന്നെ... അവിടെ ഒരു കഴുകൻ വട്ടമിട്ടുപറക്കുന്നുണ്ട് തലയ്ക്കുമീതേ... അവന്റെ ചിറകുകൾ സൂര്യനെ മറച്ചുകളയുന്നു ചിലപ്പോഴൊക്കെ, പിന്നെയും തെളിയുമ്പോൾ കണ്ണുകൾ മഞ്ഞളിക്കാതിരിക്കാൻ പൊക്കൻ നന്നേ പാടുപെട്ടു... എന്നാലും ആ പടവുകൾ ഒരിക്കൽകൂടി പ്രത്യക്ഷപ്പെടുമെന്ന് പൊക്കന് നല്ല വിശ്വാസമുണ്ട് അതിനാലാണ് ഈ തെങ്ങിനുമുകളിൽ കവട്ടമടലുകൾ ചവുട്ടിമെതിച്ച് ഇന്ന് പതിനാലുനാളായി വിശപ്പും ദാഹവും മറന്ന് തപസ്സിരിക്കുകയാണ്. പകലും രാത്രിയും. പതിമൂന്ന് രാത്രികൾ കഴിഞ്ഞിട്ടും ഒരുപോള കണ്ണടയ്ക്കാത്തതിൽ പൊക്കൻ അഭിമാനിച്ചു....
*************
കാടത്തിപ്പെണ്ണ് മാടത്തിന്റെ മറയടച്ച് വിളക്കു കെടുത്താനാഞ്ഞപ്പോഴാണ് പൊക്കൻ തടഞ്ഞത്... "മാണ്ടാ.. എനക്കൊരുകൂട്ടം പറയാനൊണ്ട്..." എന്താണെന്ന് ഭാവത്തിൽ അവളാ കീറപ്പായത്തടുക്കിന്റെ വിളുമ്പിലിരുന്നു.. "നീയ്യ്.. മേലേക്ക് നോക്കീട്ടൊണ്ടോ... ?"
കാടത്തിയ്ക്ക് അതിശയം.. ഉവ്വല്ലോ... കപ്പക്കാടി വറ്റിച്ച് കിണ്ടലുണ്ടാക്കാൻ കട്ട് കുറുക്കുമ്പോൾ വെയിലുമങ്ങുമ്പം...
ചാവുവിളിയൻകിളി അലറിവിളിച്ച് പായുമ്പോ അതെങ്ങോട്ടെന്ന് നോക്കി ചാക്കാല ഏതുദിക്കിലെന്നറിയാൻ..
മോന്തിക്ക് മാനം ചെമക്കുന്നതു കാണുമ്പോൾ.. അതൊക്കെ കാണാൻ മേലോട്ട് നോക്കീട്ടുണ്ടവൾ ന്നാലും പുത്യപെണ്ണല്ലേ.. മിണ്ടീല...
"നീ കാണണ മാനമല്ല അയ്നും മേലെ ഒരെടമുണ്ട്... അതു നീ കണ്ടിട്ടൊണ്ടോ...?
ആടയ്ക്ക് പോണം നമക്ക്..."
പിന്നെ പൊക്കന്റെ വർത്തമാനം കാടത്തിക്ക് മനസ്സിലായില്ല.. പ്രാന്ത്...!
കാടത്തിപ്പെണ്ണിന് മനസ്സിലായില്ലെങ്കിലും പൊക്കനാ മാനം കണ്ടിട്ടൊണ്ട് ഒരിക്കൽ മാത്രം ഓർമ്മയുടെ സീമയിലായിട്ടുപോലും അതു വിളുമ്പ് കടക്കാതെ അവിടുണ്ടിപ്പോഴും... മേലക്കയപ്പാടംപോലൊരു വലിയ പാടം.. ചേറിനുപകരം നെറയെ തൂവെള്ളമേഘങ്ങൾ... അതിൽ കന്നുപൂട്ടുന്നപോലെ വെളുത്ത കുതിരകൾ വലിയ്ക്കുന്ന വണ്ടികൾ ചേറില്ലാത്ത കറുകപ്പുല്ലില്ലാത്ത പാതകൾ പൂവുകൾ സ്വർണ്ണവർണ്ണത്തിലെ കായ്കളും തടിയുമായി കായയിടാൻ താനേ കുനിയുന്ന കവുങ്ങുകൾ, തെങ്ങുകൾ.. സ്വർണ്ണമത്സ്യങ്ങളുള്ള പാലൊഴുകുന്ന നദി. അതിൽ ആഴമില്ലാത്ത കടവുകൾ... മഴയും കാറ്റും വെയിലുമില്ലാത്തിടം... ദാഹിക്കാത്ത, വിശപ്പില്ലാത്തയിടം.. അവിടെ നിറമില്ലാത്ത മനുഷ്യരും. ! അവിടെയ്ക്കുള്ള പടവുകളിൽ, നാലഞ്ചെണ്ണംകൂടിയേ ഇനിയുള്ളൂ... അപ്പോഴേക്കും ചോയിമൂപ്പന്റെ മരുന്നും മന്ത്രവും ഫലിച്ചു...
ഭൂമിയിലെ കാരപ്പടർപ്പൻ മുള്ളുകൾക്കിടയിലെ പൊത്തിൽനിന്നും പുറത്തുവന്നവൻ ഇഴഞ്ഞിടഞ്ഞ് ചോയിമൂപ്പന്റെ തിണ്ണയിലെത്തി.. പതംപറഞ്ഞിരുന്നവരെ വകഞ്ഞുമാറ്റി അത് പന്ത്രണ്ടുകാരൻ പൊക്കന്റെ ഇടതുകാലിലെ മുറിവിൽ വായചേർത്തു...!!!!
കണ്ണുതുറന്നെണീറ്റ പൊക്കൻ കണ്ടു, ചോയിമൂപ്പന്റെ ചവിട്ടുകല്ലിൽ മൂന്നുവട്ടം തലതല്ലി നീലിച്ച ചോരതുപ്പിപ്പിടഞ്ഞുചത്ത കരിമൂർഖനെ. .. മൂന്നാം നാളിൽ ഉറങ്ങിക്കിടന്ന ചോയിമൂപ്പന്റെ കഴുത്തിൽതന്നെ കൊത്തി പ്രതികാരം തീർത്തു കരിഞ്ചാത്തി.. പിന്നെ കരയിലാരും വ്യഷാരി* ആയില്ല. ആ കഥയൊക്കെ പറഞ്ഞറിവേ പൊക്കന്റെ ഓർമ്മയിലുള്ളൂ അതും അങ്ങുമിങ്ങുമെത്താതെ.. എന്നാലും ഉയരെ അങ്ങേറെയുയരെ പന്ത്രണ്ടാംവയസ്സിൽ അവൻകണ്ട ലോകം അവനിൽ നിന്നൊഴിഞ്ഞതേയില്ല.
"നിങ്ങ കണ്ട സലത്ത് പെണ്ണുങ്ങ ഇല്ലേ...? ഉം... നെറയെ.. പക്ഷെ അവരക്ക് കറുപ്പില്ലാരുന്നു... " ഒരേ ഒരിക്കൽമാത്രമാണ് പൊക്കന്റെ സ്വപ്നലോകത്തെപ്പറ്റി കാടത്തിപ്പെണ്ണ് അങ്ങിനെ ചോദിച്ചത്... പൊക്കന്റെ മറുപടി അവളെ അലോസരപ്പെടുത്തി അതിനാൽ തന്നെ പിന്നീടൊരിക്കലും കാടത്തി പൊക്കന്റെ സ്വപ്നലോകത്തിലേക്ക് പോയില്ല എന്നാലും പൊക്കൻ, ഒത്ത ഉയരമുള്ള തെങ്ങിലും പനയിലുമൊക്കെ കയറി മടലും ചൂട്ടുമൊക്കെ വലിച്ചിറക്കി മണ്ടവെടിപ്പാക്കിയിട്ട് വീണ്ടും മാനത്തേയ്ക്ക് നോക്കി ഏറെനേരമിരിക്കുന്നതുകാണുമ്പോൾ കാടത്തിപ്പെണ്ണിന് മനമിരുളും ആ ഇരുള് ആകാശത്ത് പ്രതിഫലിച്ച് കാഴ്ചമറയ്ക്കുമ്പോൾ പൊക്കൻ ഒരു നെടുവീർപ്പോടെ മരമിറങ്ങും അതുകണ്ട് കാടത്തിപ്പെണ്ണും നെടുവീർപ്പിടും.. ഇരുനെടുവീർപ്പുകളും ഇരവുപകലുളിൽ ദേശമാകെയലയുമെങ്കിലും പരസ്പരം അറിയാതെപോയി.
"നീയ്യ് താഴെയെറങ്ങണില്ലേ... ഇനി പതിനാറുനാൾ പേമാരി... തുള്ളിക്കൊടം പേമാരി... കഴുകൻ അല്പം താഴ്ന്നുപറന്ന് പൊക്കന് സംഞ്ജ നൽകി..
പതിനായിരം വർഷമായി ഈ ആകാശത്ത് പറക്കയാണ് ഞാൻ... എന്റെ അറിവുസാക്ഷി.. ഉടലോടെ പടവേറിയവരില്ല... കഴുകൻ വീണ്ടും താഴ്ന്നുപറന്ന് പറഞ്ഞു ഇത്തവണ അവൻ അടുത്തെത്തിയപ്പോൾ പൊക്കൻ ചിരിച്ചു... പൊക്കന്റെ കണ്ണുകൾ പോലെതന്നെ അവന്റെ പല്ലുകളും നന്നേ വെളുത്തിരിക്കുന്നത് കഴുകൻ ശ്രദ്ധിച്ചു. മഴയത്ത് പടവുതെളിഞ്ഞാലും വഴുക്കലുവരും..... കഴുകൻ ഓർമ്മിപ്പിച്ചു.. പൊക്കൻ ചിരിച്ചുകൊണ്ട് ഇടതുകൈയാൽ കാലിലെ ത്ലാപ്പിട്ട* വടുക്കളും പാദങ്ങളിലെ തഴമ്പും തടവി ആത്മവിശ്വാസം കാത്തു.
പെരുമഴ അതുവരെയുണ്ടായ മഴകളെ തോല്പിച്ചു.. പനയോല ദ്രവിച്ചുപൊടിഞ്ഞ മേൽക്കൂരയിലൂടെ ഒരുതുള്ളിയും പുറത്തേയ്ക്കുപോകാതെ പൊക്കന്റെ കുടിൽ ആ മഴയെമുഴുവൻ ആവാഹിച്ചു... പാളക്കൂടയെടുത്തു തലമറച്ച് കാടത്തിപ്പെണ്ണ് അപ്പോഴും പരിസരത്തെ ഉയരംകൂടിയ മരങ്ങളിലും ദൂരെ മലയിലേക്കും തന്റെ തണ്ടാനെ തേടിയിരുന്നു. ഇരവുകളും പകലുകളും... മടവകൾ പലതുമുറിഞ്ഞ് പാടങ്ങളുടെ അതിർവരമ്പുകൾ അലിയിച്ച് പെരുമഴ ജലജീവികൾക്ക് സ്വാതന്ത്ര്യം നേടികൊടുത്തു. പുതുമഴയിൽ ഇണചേർന്ന മത്സ്യങ്ങൾ ഉയരങ്ങളിലേക്ക് നീന്താൻതുടങ്ങി. പെരുമടവമുറിച്ചെത്തിയ ജലം കാടത്തിയെ മത്സ്യങ്ങൾക്കൊപ്പം മുകളിലേക്കു നീന്താൻ പ്രേരിപ്പിച്ചു. പിന്നെ തളർന്നുപോയ കാടത്തി വെള്ളം വരച്ചപാതയിലൂടെ ഒഴുകി ഭൂമിയിലെ ഏറ്റവും വലിയ പനയുടെ ചുവട്ടിലടിഞ്ഞു. അവളുടെ മുടിയിഴകൾ പനവൃക്ഷത്തെ ചുറ്റിവരിഞ്ഞു.
അവളുടെ ഉടൽ വില്ലുപോലെവളഞ്ഞ് ഉദരം പനവൃക്ഷത്തോടൊട്ടിക്കിടന്നു... അവളുടെ പൊക്കിൾച്ചുഴിയിൽ കുരുത്തപോലെ പനവൃക്ഷം മഴയിലും കൂസാതെ നിവർന്നുനിന്നു. പനയിലൂടെ കാട്ടരുവിപോലെ മഴയൊഴുകുകയായിരുന്നു... ഇണചേർന്ന മത്സ്യങ്ങൾ ആ പനയിലൂടെ മുകളിലേക്കു മുകളിലേക്കു നീന്താനാഞ്ഞു... അവരുടെ തിക്കിലും തിരക്കിലും കാടത്തിയുടെ മുടിയിഴകൾ തലയോട്ടിവിട്ട് മത്സ്യങ്ങൾക്കൊപ്പം മുകളിലേക്കു നീന്താനാഞ്ഞു. ബന്ധസ്വന്തങ്ങളുടെ മുടിമുറിഞ്ഞ് പനയുമായുള്ള പൊക്കിൾകൊടിയറ്റ് കാടത്തിപ്പെണ്ണ് വീണ്ടും ഒഴുക്കുതുടർന്നു.. പിന്നെയും.
മുപ്പതാംദിനവും മഴ ശമിച്ചതേയില്ല. പനമരം വലിയൊരു പുഴയായി പരിണമിച്ചു.. ശിവഗംഗപോലെ.. അതിലൂടെ നീന്തിയുയർന്ന മത്സ്യങ്ങളെ മുകളിലെത്തുന്നതിനു തൊട്ടുമുമ്പ് താഴ്ന്നുപറന്ന് കഴുകൻ വിശപ്പടക്കി പതിനായിരം വർഷത്തെ മഹാവിശപ്പ്... വിശപ്പുമാറിയ കഴുകൻ പിന്നെയും പറക്കാനാകാതെ പനയോലയിൽ ചേക്കേറി.. അപ്പോഴും ആകാശത്ത് കണ്ണുനട്ടിരുന്ന പൊക്കന്റെ കണ്ണുകൾ അടഞ്ഞിട്ടില്ലായിരുന്നു.. ആകാശത്തിലെ മഴമേഘങ്ങൾ പൊക്കന്റെ കണ്ണിലേക്കാണ് പെയ്തിരുന്നതെന്നത് കഴുകന് അതിശയമായി ആ വെള്ളാരം കണ്ണുകളിലേക്ക് മഴമേഘങ്ങൾ ആവാഹിക്കപ്പട്ട് പെയ്തൊഴിയുന്നത് കഴുകൻ അസ്വസ്ഥതയോടെ കണ്ടു.. പിന്നെയും പനവൃക്ഷത്തിനു മുകളിലേക്കു പുഴയിലെ മത്സ്യങ്ങളുടെ ഘോഷയാത്ര കഴുകന് കാണാനായി... താഴെ പ്രളയത്തിലായ ഭൂമിയിലെ സകല മത്സ്യങ്ങളും പനവൃക്ഷത്തിനുനേരെ നീന്തുന്നതും കഴുകനറിഞ്ഞു.
"നീയിനിയുമാ കണ്ണുകളടയ്ക്കുക... നീയിനിയുമാ കണ്ണുകളടയ്ക്കുക... പടവുകൾ മഴയിലലിഞ്ഞുപോയി
നീയിനിയുമാ കണ്ണുകളടയ്ക്കുക..." കഴുകൻ പൊക്കനെ ഓർമ്മിപ്പിച്ചു. പഞ്ചേന്ദ്രിയങ്ങളും ബന്ധിച്ച് തപസ്സുപൂണ്ട പൊക്കൻ കഴുകനെ കേട്ടതേയില്ല.. ഒട്ടുനേരം കാത്തിരുന്ന കഴുകൻ പെരുമഴയുടെ ആകാശത്തിലേക്കൊന്നു കുതിച്ചുപാഞ്ഞു.... ഉയരങ്ങൾതാണ്ടി, പിന്നെ മഴയോടൊപ്പം ചുണ്ടുകൾ കൂർപ്പിച്ച് സൂചിപോലെ താഴേക്ക്... താഴേക്ക്... പനമരത്തിലെ പൊക്കന്റെ കണ്ണുകളിലേയ്ക്ക് കഴുകൻ ആഴ്ന്നിറങ്ങി... വെള്ളാരം പളുങ്കുകണ്ണുകളെ കഴുകന്റെ ചാരനിറം മറച്ചു......! പനമരത്തിലെ പളുങ്കുകണ്ണുകളെ ലക്ഷ്യം വച്ചെത്തിയ മഴമേഘങ്ങൾ ലക്ഷ്യംതെറ്റി അലിഞ്ഞുപോയി... മഴനിന്നു......!!!!
പകുതിയേറിയ മത്സ്യങ്ങൾ പനയിൽനിന്ന് മൂന്ന് നാൾ മഴയായി ഭൂമിയിൽ പതിച്ചു മീൻമഴ...! നാലാംനാൾ ഭൂമിവെളുത്തപ്പോൾ കടലുകാണാനെത്തിയ കഥയില്ലാത്തവർ കണ്ടത്രെ, നടുക്കടലിൽ തലയില്ലാത്തൊരു പനമരവും കരയിൽ കരിമുടിവള്ളിപ്പടർപ്പുകളും.
#ശ്രീ.
*വ്യഷാരി = വിഷവൈദ്യൻ
*ത്ലാപ്പ്= തെങ്ങുകയറുമ്പോൾ ഇരുകാലിലും ചേർത്തിടുന്ന തെങ്ങിന്റെ വഴുത കൊണ്ടുളള വളയം.
Comments