കാലമാടന്മാർ



           "എനിക്കെന്റെ കുട്യോൾക്ക് അന്തിവെള്ളം കൊടുക്കാനാവൂല്ലേ... ന്റെ ദേവീ... കാലമാടാ നെന്റെ കാലേ പാമ്പ് കടിക്കട്ട്...ദുഷ്ടൻ മൂക്കറ്റ കള്ളും കേറ്റിവന്ന് അടുപ്പേലാണേ കൂത്ത്... ന്റെ പെൺകുട്ട്യോളെ, ന്നും പട്ടിണിക്കിട്ടോ കാലാ..."  തൃസന്ധ്യ കഴിഞ്ഞതേയുള്ളൂ കുന്നുംപുറത്തെ ചെറിയവീട്ടിൽ നിന്നും സരസ്വതി അലമുറയിട്ടു തുടങ്ങി... അതിനനുപല്ലവിയായി രണ്ടു ചെറിയ പെൺകുട്ടികളും കോറസ്സ് ചേർന്നു... ഇതിനിടയിൽ  മണിയുടെ "അടങ്ങെടീ.... കഴുവേർഡെ മോ...ളേ" ന്നുള്ള കുഴഞ്ഞ ഗർജ്ജനം അധികം തരംഗമുണ്ടാക്കാതെ പോയി... എന്നാൽ അലമുറയ്ക്കും പ്രാക്കിനും പ്രാർത്ഥനയ്ക്കുമിടയിൽ സരസ്വതി കൂടുതൽ ഉപയോഗിക്കുന്ന വാക്കായ "കാലമാടൻ" മുഴങ്ങിനിന്നു. 

സരസ്വതി നല്ല കെല്പുള്ളവളാണ്  രാമൻപറമ്പിൽ ഓലമെടഞ്ഞും മഠത്തിലേക്ക് പുല്ലുചെത്തിക്കൊടുത്തുമൊക്കെ നാണക്കേട് വരുത്താതെ എങ്ങനെയും രണ്ടു പെൺകുട്ടികളെ പുലർത്തും. സരസ്വതിയ്ക്കും മണിയ്ക്കും രണ്ടാണ് പെൺകുട്ടികൾ.. മൂത്തത് സ്കൂളിൽ ആറാം തരത്തിൽ...  രണ്ടാമത്തേത്  മൂന്നാംക്ലാസിലും.. 
മണിയ്ക്ക് കുട്ടപ്പൻ കൺട്രാക്കിന്റെ ഇഷ്ടികച്ചൂളയിലാണ് പണി. നേരം പുലരുമ്പോൾ സരസ്വതിവക കട്ടൻചായയും കുടിച്ച് ഓലപ്പുരയുടെ കഴുക്കോലറ്റത്തു തൂക്കിയ പാളക്കൂടയിൽനിന്നും ഒരുപിടി ഉമിക്കരിയും വാരി നടക്കും നടവഴിയിൽ ആയിരംകുഴികട്ടയ്ക്കാലിലാണ് പ്രഭാതകൃത്യങ്ങൾ.  ഇഷ്ടികച്ചൂളയിലെ ഒന്നാംനമ്പർ പണിക്കാരനാണ് മണിമേസ്ത്രി.. കൺട്രാക്കിന്റെ ഇഷ്ടപണിക്കാരൻ അതുകൊണ്ടാണ് മഴക്കാലത്ത് ചൂള പൂട്ടിയിടുമ്പോഴും മണിക്ക് കൺട്രാക്ക് ചെലവുകാശ് നൽകുമായിരുന്നത്. നന്നായി പണിയെടുത്ത് നന്നായി കൂലിയും വാങ്ങുമെങ്കിലും മണിയുടെ വീടെന്നും അർദ്ധപട്ടിണിയാണെന്ന് പറയാം. പണികഴിഞ്ഞ് ചൂളക്കളത്തിനടുത്തെ കുളത്തിൽ കുളിച്ചുകയറിയാൽ കൂലിവാങ്ങി മണി പോകുന്നത് ചോപ്പന്റെ ചാരായഷാപ്പിലേയ്ക്കാണ് . അവിടുന്ന് സന്ധ്യകഴിഞ്ഞ് വീട്ടിലെത്തുമ്പോൾ മണിയുടെ മടിശീല ഏറെക്കുറെ കാലിയാകും. സരസ്വതിയുടെ പുറംപണികൾകൊണ്ടാണ് ആ വീട് പുലർന്നിരുന്നത്... 
എന്നാൽ അതുകൊണ്ടും തീരാത്തൊരു കീറാമുട്ടിപ്രശ്നമുള്ളത് മണിയുടെ ഉപദ്രവമായിരുന്നു. കുടിച്ച് ബോധമില്ലാതെവരുന്ന മണി ആദ്യം ചെയ്യുക സരസ്വതിയെ പിടിച്ചുനിർത്തി മുതുകിൽ രണ്ടിടിയാണ്... പിന്നെ പരമാവധി ഉപദ്രവങ്ങൾ കുട്ടികളുടെ  നെലവിളിയും ബഹളവുമാകുമ്പോൾ ആദ്യമൊക്കെ അയൽക്കാർ ഓടിക്കൂടിയിരുന്നു എന്നാൽ മണിയുടെ പൂരപ്പാട്ടിന്റെ ശക്തിയാലും വരുന്ന ആണുങ്ങളെയെല്ലാം സരസ്വതിക്ക് കൂട്ടുചേർത്ത് പറയുന്നതിനാലും ക്രമേണ ആ വീടിന്റെ ആഭ്യന്തരപ്രശ്നത്തിൽ മറ്റാരും ഇടപെടാതായി. അതു മണിക്ക് ഏറെ സൗകര്യവും.  ദേഹോപദ്രവം മൂത്ത് ഒടുവിൽ അടുപ്പത്തുള്ള കഞ്ഞിക്കലത്തിലും മണിയുടെ അരിശംതീർക്കാൻ തുടങ്ങിയത് സരസ്വതി ക്ഷമിച്ചില്ല കുട്ടികളെ പട്ടിണിക്കിടുന്ന കലാപരിപാടി അവസാനിപ്പിക്കാനാണ് ഒടുവിൽ സരസ്വതിയും തിരികെ തല്ലാനാരംഭിച്ചത്,. തുടർന്ന് സന്ധ്യകഴിഞ്ഞാൽ മണി വീട്ടിലെത്തിയാൽ ആദ്യം സരസ്വതിയുടെ നെലവിളിയും ശേഷം മണിയുടെ  " എട്യേ ന്ർത്തെടീ... കൊല്ലാതെടീ... അടിക്കാതെടീ... ഞാനിനി കുടിക്കൂലെടീ.. " എന്നും മറ്റുമുള്ള മണിയുടെ നെലവിളിയും പതിവായി.. രണ്ടുപേരുടെയും നെലവിളിയ്ക്കും പതിവു "കാലമാടൻ" വിളികൾക്കും കൂട്ടായി  കുട്ടികൾ കോറസ്സും പാടിയിരുന്നു. 
ഇങ്ങനെയൊക്കെയാണെങ്കിലും  മണി വീട്ടിൽ  വീരശൂരപരാക്രമി ആയിരുന്നെങ്കിലും പകൽനേരങ്ങളിൽ അയാളൊരു പഞ്ചപാവമായിരുന്നു... നാട്ടുകാർക്ക് ഒരു ശല്യവുമില്ലാത്ത ശുദ്ധൻ.
കലാപരിപാടികൾ ഇവ്വിധം മുന്നേറവെയാണ് നാട്ടിലെ പ്രീഡിഗ്രിക്കൂട്ടത്തിന് ഒരുൾവിളിയുണ്ടായത്... മണിയുടെ ഈ മദ്യപാനംമൂലം പ്രയാസപ്പെടുന്ന കുട്ടികളെക്കുറിച്ചോർത്ത് ആ യുവഹൃദയങ്ങൾ സഹതാപതരംഗങ്ങളാൽ പ്രകംമ്പനംകൊണ്ടു. അത്താഴം കഴിക്കാനാകാത്ത അവരുടെ ദൈന്യതയ്ക്ക് ഒരു പരിഹാരംകാണാൻ  അവർ കൂലങ്കുഷം ചർച്ചിച്ചു... ഒടുവിൽ ഒരുപായവും മെനഞ്ഞു.. 

പതിവുപോലെ മണി മൂക്കറ്റം സേവകഴിഞ്ഞ് നടവരമ്പിന്റെ "അങ്ങേത് ഇങ്ങേത്" എന്നാടിയാടി വരികയാണ് സന്ധ്യകഴിഞ്ഞെങ്കിലും ""സന്ധ്യേ... കണ്ണീരിതെന്തേ സന്ധ്യേ..."" എന്ന് ഒരു അവ്യക്താപസ്വരഗാനവും പാടിയാണ് വരവ്.. ഞാറക്കണ്ടം കഴിഞ്ഞ് മുക്കംതോടുകഴിഞ്ഞ് കമുങ്ങുതോട്ടം കയറിപ്പോഴാണത് സംഭവിക്കുന്നത്  എവിടെനിന്നോ നാലഞ്ചു കരിവേഷങ്ങൾ അന്നാദ്യമായി മണിക്കുമുന്നിലവതരിച്ചത് കമുകിൻതോപ്പാകെ ഇരുട്ടുവീണതിനാൽ ആരാ എന്താ എന്നൊന്നും മനസ്സിലായില്ല മാത്രമല്ല ചോദിക്കാൻ നാവുവളച്ചെടുത്തപ്പോഴെക്കും ചാത്തന്മാൻ ഒരു കയറുപയോഗിച്ച് മണിയെ ബലമായി അടുത്തുള്ള ഒരു കമുകിൽ കൈകൾ പുറകോട്ടാക്കി പിടിച്ചുകെട്ടിക്കഴിഞ്ഞിരുന്നു. ഒരു ഉപചാരവാക്കെങ്കിലും ഫറയണമെന്ന് മണി കരുതിയതെങ്കിലും വന്നവർ അതുകേൾക്കാൻ നിൽക്കാതെ ക്ഷണം ഡ്യൂട്ടികഴിഞ്ഞു സ്ഥലംവിട്ടു.. അല്പനേരം ഈ തമാശ മണി ആസ്വദിച്ചെങ്കിലും പതിയെ അതേനിലയിൽ താഴേക്കു ഊർന്നിരുന്നുപോയി.. കൈകൾ കമുകിനുചുറ്റും പുറകിലേക്ക് കെട്ടിയിരുന്നതിനാൽ ഒരു പരുവമില്ലാത്ത ഇരുപ്പായിപ്പോയത്.. അതിലുപരി മണിയുടെ ധർമ്മസങ്കടം കള്ളിന്റെ കെട്ടടങ്ങുന്നതിനുമുമ്പ്  സരസ്വതിയുമായി ചില ""കൊടുക്കൽവാങ്ങലുകൾ"" മുടങ്ങുമല്ലോ എന്നതായിരുന്നു. ആ ചിന്തയിൽ മണി ആദ്യം തന്നെ കെട്ടിയിട്ടുകടന്ന ഏതോ കിങ്കരന്മാരെ കണക്കറ്റ് തെറിയഭിഷേകം ചെയ്തു.. കള്ളിന്റെ വീര്യ കുറയുകയും കൈവേദന കൂടുകയും ചെയ്തതോടെ തെറിപ്പാട്ട് നെലവിളിയായിമാറി പിന്നെയത് ക്രമേണ ഒരു മോങ്ങലായി പരിണമിച്ചു. 
ഇതിനിടയിലാണ് വേലപ്പൻപിള്ള പതിവുപോലെ തന്റെ കാവൽക്കാരനായ "കൈസർ" ന്റെ  കഴുത്തിലെ ചങ്ങലയഴിച്ച് രാത്രിഡ്യൂട്ടിയ്ക്ക് സ്വതന്ത്രനാക്കിയത്... സ്വാതന്ത്ര്യം അർദ്ധരാത്രിയ്ക്കുമുമ്പേ കിട്ടിയ കൈസർ ആദ്യം ചെവിവട്ടംപിടിച്ചു.. പിന്നെ തൊടിയിൽ നിന്നുയരുന്ന മോങ്ങലുകേട്ട് അവിടേക്ക് പാഞ്ഞു. 
നായയുടെ കൂരയും നിലവിളിയും ബഹളവും കേട്ട് നാട്ടുകാർ എത്തുമ്പോഴേക്കും മണിയുടെ ഏതാനും ഭാഗമൊഴിച്ച് എന്നാൽ പ്രധാനഭാഗങ്ങൾ വിട്ടുപോകാതെ കൈസർ തന്റെ വാവിരുത് പതിച്ചുകഴിഞ്ഞിരുന്നു. വിവരമറിഞ്ഞെത്തിയ സരസ്വതിയും നാട്ടുകാരും ചേർന്ന് താലൂക്കാശുപത്രിയിൽ കൊണ്ടുചെന്നാക്കിയപ്പോഴേക്കും കള്ളിന്റെ കെട്ടിറങ്ങി മണി വെറും ശുദ്ധനായിക്കഴിഞ്ഞിരുന്നു. 
മൂന്നുനാലുദിനം കഴിഞ്ഞാണ് മണി ആശുപത്രി വിട്ടത്. വീട്ടിലെത്തിയ മണിയെക്കാണാനാണ് പ്രീഡിഗ്രി സംഘം ഒരുദിവസം സന്ധ്യയ്ക്ക് ചെറിയൊരുഭയം മറച്ചുവച്ച് കുറച്ച് ബിസ്ക്കറ്റും നേന്ത്രപ്പഴവുമൊക്കെയായി എത്തിയത്.   യഥാർത്ഥത്തിൽ മണിയുടെ കള്ളിന്റെ വീര്യം കെട്ടടങ്ങിയശേഷം അഴിച്ചുവിട്ടാൽ വീട്ടുകാർക്ക് അതൊരാശ്വാസമാകുമല്ലോ എന്ന സത്ചിന്തകൊണ്ടായിരുന്നു അവർ മണിയെ കെട്ടിയിട്ടത് ഇതിനിടയിൽ "കൈസർ" വില്ലനാകുമെന്ന് അവർ സ്വപ്നേപി കരുതിയിരുന്നില്ല.  
കുശലപ്രശ്നവും അനുശോചനവുമോക്കെ നടത്തി പിരിയാൻനേരമാണ് സരസ്വതി ഒരു ചോദ്യമിട്ടത്..  "അല്ല പിള്ളാരേ.. നിങ്ങ ആ കലുങ്ങിലല്ലേ ഇരിക്കാറ് നിങ്ങ ഒന്നും കണ്ടില്ലാർന്നോ...?" ... "ഇല്ല ചേച്ചീ ഞങ്ങ പടത്തിന് പോയാരുന്നു" ആദ്യമൊന്ന് പതറിയെങ്കിലും കൂട്ടത്തിലൊരുവന്റെ നാവു  രക്ഷകനായി.. ""ഏവനായാലും അവന്റെയൊക്കെ തലേൽ ഇടിത്തീവീഴും.... കാലമാടന്മാർ"" സരസ്വതിചേച്ചിയുടെ പ്രാക്ക് തലയിൽ വീണോന്നൊരു സംശയത്തിൽ നടക്കാൻ തുടങ്ങിയപ്പോഴാണ് ആറാം ക്ലാസ്സുകാരിയുടെ മൊഴി... ""ഇടിത്തീ അല്ലമ്മച്ചീ.. അച്ഛനെ കെട്ടിയിട്ട കാലമാടമ്മാരുടെ കാലില് പാമ്പുകൊത്തും വെട്ടേൽദേവി സത്യം.. നോക്കിക്കേ..." അതുകൂടി കേട്ടപ്പോഴേക്കും പരോപകാരത്തിന്റെ പ്രതിഫലം ക്ഷണം കിട്ടിയതായിതോന്നി സംഘത്തിന്. അല്പം സംശയിച്ചുനിന്നശേഷമാണ് സംഘാംഗം സരസ്വതിയോടൊരഭ്യർത്ഥന നടത്തിയത്... 
"സരസ്വതിചേച്ചീ... ചൂട്ടുകറ്റയുണ്ടാവുമോ ഒരെണ്ണം വഴിയിലപ്പടി പാമ്പാ....."
__ശ്രീ__

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്