കോഴിക്കറി
22. #കോഴിക്കറി
````````````````````````````
രാജുമോൻ പണ്ടേ മിടുക്കനാണ് മൂത്ത രണ്ടു മക്കളെക്കാൾ മിടുക്കനാണ്.. അക്കാര്യം നാട്ടുകാരും വീട്ടുകാരും എപ്പോഴും പറയുമായിരുന്നു കാരണം രാജുമോൻ എന്തു ചെയ്യുമ്പോഴും അതിലൊരു "രാജുമോൻടച്ച്" ഏവർക്കും ഫീൽ ചെയ്യുമായിരുന്നു..
ഗംഗാധരപ്പണിക്കരുടെ മൂന്നാമത്തെ മകനാണ് രാജുമോൻ മൂത്തത് പെൺകുട്ടി രണ്ടാമതും മൂന്നാമതും ആൺമക്കൾ അതായത് മൂന്നാമനാണ് നമ്മുടെ പ്രിയ കഥാപാത്രം ശ്രീ.. ശ്രീ.. രാജുമോൻ.. നിഷ്കളങ്കൻ:
കുട്ടിക്കാലം മുതൽതന്നെ രാജുമോൻ "രാജുമോൻടച്ച്" പ്രകടിപ്പിച്ചിരുന്നെന്നാണ് അവന്റെ അമ്മവീട്ടുകാർ പറഞ്ഞിട്ടുള്ളത് അതിന്റെ ചെറിയ ഒരുദാഹരണം മാത്രമാണ് അപ്പാപ്പൻ ഉണങ്ങാനിട്ടിരുന്ന കൗപീനത്തിൽ ഉറുമ്പുകയറിയതുകണ്ട രാജു അതിലേക്കൊരു പഴുത്ത "കാന്താരിമുളകു" ഉടച്ചുതേച്ചത്രെ ഉറുമ്പിന്റെ കണ്ണുപൊട്ടിച്ചാവാൻ..!! പാവം അപ്പാപ്പൻ..
നാട്ടുനടപ്പനുസരിച്ച് ചേച്ചിയെ പെണ്ണുകാണാൻ വന്നവൻ പെണ്ണുമായി സംസാരിച്ചിരിക്കുമ്പോഴാണ് ചെറുക്കന്റെ ചേട്ടൻ രാജുമോനെ അടുത്തുവിളിച്ച്, ചേച്ചിയെ കെട്ടാൻവന്ന ചെക്കനെ ഇഷ്ടായോന്ന് വെറുതേ... ചോദിച്ചത്.. " ഓ എനിക്കിഷ്ടായില്ല.. അപ്രത്തെ മധുചേട്ടനെയാ എനിക്കിഷ്ടം.. മധുച്ചേട്ടനാണെങ്കി ചേച്ച്യ കാണാൻ വരുമ്പം എന്നും എനിക്ക് കടലമുട്ടായി തര്വായിരുന്ന്... " എന്ന് ഉദാസീനനായി പറഞ്ഞിട്ട് രാജുമോൻ സ്കൂട്ടായി.. എന്തായാലും പിന്നൊയൊരിക്കലും ചേച്ചിയെ പെണ്ണുകാണാൻ വരുന്നവരെ രാജുമോൻ കണ്ടിട്ടേയില്ല.. അതുകൊണ്ടുമാത്രം അവളുടെ കല്യാണം കഴിഞ്ഞു.
കാലത്തിനൊപ്പം മറ്റുള്ളവരെപോലെതന്നെ രാജുമോന്റെ വളർച്ചയെയും തടയാനാർക്കുമായില്ല. എന്നാൽ പേരിനൊപ്പം "മോൻ" വിളി രാജുമോൻ ഇഷ്ടപ്പെട്ടില്ല. I am Raju Gangadhar.... എന്നാണ് രാജുമോൻ സ്വയം പരിചയപ്പെടുത്തിയിരുന്നത്.
രാജുമോൻ മുണ്ടുടുക്കാൻ തുടങ്ങിയകാലം, കെൽട്രോൺ വക ബ്ലാക്ക് ആൻഡ് വൈറ്റ് ടീവിയാണ് രാജുമോന്റെ വീട്ടിലെ പ്രസരണസ്വീകർത്താവ്.. അതൊരുദിവസം പെട്ടെന്ന് ദിവംഗതനായി..
ആ വലിയ പണ്ടാരപ്പെട്ടിയും ചുമന്ന് രാജുമോൻ സമീപത്തെ രാജുമോന്റെ ഭാഷയിൽ "ഗുരുജി എലക്രോണിക്ക് ആന്റ് സർവ്വീസ് " സെന്ററിൽ പോയത്.. വലിയ മൽമൽമുണ്ട് ഭദ്രമായി അരയിൽ കെട്ടിമുറുക്കി തോളത്ത് ടീവീയുമായങ്ങനെ പോകവെ, പാരലൽ കോളേജിലെ തരുണീരത്നങ്ങൾ പ്രീഡിഗ്രി ക്ലാസ്സുകഴിഞ്ഞ് എതിരെവരുന്നസമയം കൃത്യം അതു സംഭവിച്ചു.... അരക്കെട്ടും മൽമൽമുണ്ടും തമ്മിൽ പെട്ടെന്നൊരു സൗന്ദര്യപിണക്കം.. പിണങ്ങിമാറിയ മുണ്ട്,
"ഞാൻ പോണേ...ന്ന്" പറഞ്ഞ് അരയിൽ നിന്നൂരി താഴോട്ട്....
""മുണ്ടുടുത്തവൻ അടിവസ്ത്രം ധരിക്കണമെന്ന നിയമം"" അന്ന് ആ നാട്ടിൽ നടപ്പിലാക്കിയിട്ടില്ലാതിരുന്നതിനാൽ രാജുമോൻ മറ്റൊന്നും ചിന്തിച്ചതേയില്ല..
"അയ്യോ പോകല്ലേ കൂവേ... എന്ന് പറയുമ്പോലെ മുട്ടിനുതാഴെ പോയ മുണ്ടിനെ ഇരുകൈയുംചേർത്ത് ആഞ്ഞുപിടിച്ചു..
ഠേ.... എന്ന ശബ്ദത്തിൽ ഒരു കെൽട്രോൺ പിക്ചർട്യൂബ് പൊട്ടിത്തെറിച്ച ശബ്ദവും വെളുത്ത പൊടിപടലവും കണ്ട പ്രീഡിഗ്രി പെൺമണികൾ പാരലൽകോളേജിൽ അന്ന് പഠിപ്പിച്ച ഹിരോഷിമ-നാഗസാക്കി അണുവിസ്ഫോടനമോർത്ത് കണ്ടംവഴി ഓടി...
ഏതായാലും പരിണതഫലം ഗുണകരമായി, വീട്ടിൽ പുതിയ "ഡയനോര" കളർ ടെലിവിഷൻ എത്തി.. പുതിയ ടീവി നാലുപേർ കാണത്തക്കവിധം സ്ഥാപിക്കാൻ രാജുമോന്റെ വീട്ടുകാർ തീരുമാനിച്ചു അതിനായി പുതിയൊരു സ്വിച്ച്ബോർഡ് സ്ഥാപിക്കണം. ഇലക്ട്രീഷ്യൻ സതീശൻ ഹാജർ.. പൊതുവേ ഇലക്ട്രോണിക്സ് തല്പരനായ രാജുമോൻ സഹായിയായി. ബോർഡ് റെഡിയാക്കുന്നതിനിടയിൽ പഴയസ്ഥലത്തുനിന്ന് പുതിയ ഇടത്തേയ്ക്ക് വയർ വലിക്കാനുള്ള ചുമതല സ്വന്തമാക്കിയ രാജുമോൻ, അതു ഭംഗിയായി നിർവഹിച്ചു.. എന്നാൽ അതിൽ ഫേസും ന്യൂട്രലും ഏതാണെന്ന ഇലക്ട്രീഷ്യൻ വക ചോദ്യത്തിന് രാജുമോൻ സ്വിച്ച് ഓൺ ചെയ്ത് ഒരു വയർ സതീശന്റെ കൈത്തണ്ടയിൽ മുട്ടിച്ചു.. ഒന്നും സംഭവിച്ചില്ല.. രണ്ടാമത്തെ വയറും മുട്ടിച്ചു...
"അമ്മച്ചീന്നൊള്ള" വിളി സതീശനാണോ രാജുമോൻ ആണോ വിളിച്ചതെന്ന് വീട്ടുകാർക്ക് മനസ്സിലായില്ല..
ഹോസ്പിറ്റലിൽ വച്ച് ബോധംതെളിഞ്ഞപ്പോൾ രാജുമോൻ സതീശനോട് പറഞ്ഞത്,
" സതീശേണ്ണാ... ഞാൻ രണ്ടാത് തൊട്ട വയറില്ലേ.. അതാരുന്ന് ഫേസ്..."
കണ്ണുമിഴിച്ച് നോക്കിയ സതീശൻ ആശുപത്രിവിട്ടതുമുതൽ ഇലക്ട്രീഷ്യൻ പണിനിർത്തി ശശിമേസ്ത്രിയുടെകൂടെ വാർക്കപണിക്ക് പോയത്രെ.
സ്കൂൾ വിദ്യാഭ്യാസസമ്പ്രദായത്തോട് രാജുമോന് അത്രയ്ക്ക് മമതയൊന്നുമില്ലാതിരുന്നകാലത്താണ് ഒമ്പതാം ക്ളാസ്സിൽ ഫിസിക്സ് പഠിപ്പിക്കാൻ സജിസാർ എത്തിയത്.. ചെമ്പുകമ്പി മികച്ച ഒരു വൈദ്യുതചാലകമാണെന്ന തത്വം രാജുമോന് അംഗീകരിക്കാൻ പ്രയാസമുണ്ടാക്കിയിരുന്നു.
""സാറേ അപ്പോൾ ഈ ചെമ്പുകമ്പിയ്ക്കെന്താ കറണ്ടടിക്കാത്തതെന്ന്"" ചോദിക്കാൻ പ്രതികരണശേഷിയുള്ള രാജുമോൻ മടിച്ചില്ല...
ബുദ്ധിയുറയ്ക്കാത്ത സഹമടിയന്മാർക്കൊപ്പം വിവരമുള്ള സജിസാർ ചിരിച്ചതെന്തിനെന്ന് രാജുമോന് മനസ്സിലായില്ല.
കോഴിക്കറി രാജുമോന്റെ ഇഷ്ടവിഭവമാണ്.. അക്കാലത്ത് ബ്രോയിലർ ചിക്കൻ പ്രചുരപ്രചാരം നേടിയ കാലമല്ലായിരുന്നു എന്നാൽ അവന്റെ ആഗ്രഹംമാനിച്ച് അമ്മ അത്യാവശ്യം കോഴികളെ വീട്ടിൽ വളർത്തിയിരുന്നു.. പ്രായപൂർത്തിയായ പൂവനെയോ മുട്ടയിടലിൽനിന്ന് റിട്ടയേർഡ് ആയ പിടക്കോഴിയെയോ തരാതരംപോലെ വിശേഷദിനങ്ങളിൽ കറിവച്ച് വിളമ്പുമായിരുന്നവിടെ.
കോഴിയെ സെലക്ട് ചെയ്താൽ അതിനെ കെട്ടിത്തൂക്കിയോ കഴുത്തറുത്തോ കൊന്ന് തൊലിയുരിച്ചു വൃത്തിയാക്കുന്നത് ഗംഗാധരപ്പണിക്കരുടെ ശുഷ്കാന്തിയാണ്.
നിർഭാഗ്യവശാൽ ഗംഗാധരപ്പണിക്കരുടെ അസാന്നിദ്ധ്യത്തിലാണന്ന് കോഴിക്കറിക്ക് തീരുമാനമായത്..
പ്രായപൂർത്തിയായിട്ടും ഇതുവരെയും നീട്ടിയൊന്ന് കൂകാൻ തയ്യാറാകാത്ത പൂവൻകോഴിയ്ക്കായിരുന്നു അന്നത്തെ നറുക്ക്..
ആരു പൂവനെ വധിക്കുമെന്ന ചോദ്യത്തിന് അധികായുസ്സുണ്ടായില്ല ധീരനായ Raju Gangadhar ചുമതല ഏറ്റെടുത്തു. അല്പം അരിയിട്ട് പൂവനെ കുട്ടയിലാക്കി. അപ്പോഴേക്കും രാജുമോന്റെ ബുദ്ധി ഒമ്പതാം ക്ലാസ്സിലെ ഫിസിക്സ് പീര്യേഡിലെത്തി..
പിന്നെ അമാന്തിച്ചില്ല പഴയൊരു വയർ കടിച്ചുവലിച്ച് ചെമ്പുകമ്പി റെഡി.. കോഴിയുടെ രണ്ടുകാലിലും ചെമ്പുകമ്പി ചുറ്റി മറ്റേയറ്റം സ്വിച്ച്ബോർഡിലെ പ്ലഗ്ഗിലും..
മഹത്തായ പരീക്ഷണത്തിന് ചെറിയൊരു starting trouble.. രാജുമോൻ സ്വിച്ച് ഓൺ ചെയ്യാൻ പോകുമ്പോൾ കോഴിപറക്കും ഒപ്പം പ്ലഗ്ഗിൽനിന്ന് വയർ ഊരിപ്പോകും ഒന്നുരണ്ടാവർത്തി ശ്രമിച്ചിട്ടും തഥൈവ:
രാജുമോൻ അമ്മയുടെ സഹായം അഭ്യർത്ഥിച്ചു. കഥമനസ്സിലാകാതെ അമ്മയും റെഡി... കാലിൽ ചെമ്പുകമ്പി ചുറ്റി കോഴിയെ പിടിവിടരുതെന്ന താക്കീതോടെ അമ്മയെ ഏല്പിച്ചു.. രാജുമോൻ സ്വിച്ച് ഓൺ ആക്കുന്നതുവരെയും അമ്മയ്ക്ക് ബോധമുണ്ടായിരുന്നത്രേ.....
ആശുപത്രിയിൽനിന്ന് ഗംഗാധരപ്പണിക്കർ ഭാര്യയെ ഡിസ്ചാർജ്ചെയ്തുകൊണ്ടുവന്നത് ഒരു നട്ടുച്ചയ്ക്കായിരുന്നു.
ഒരു പരീക്ഷണംകൂടി പരാജയപ്പെട്ടതിൽ ദുഖിതനായ നമ്മുടെ കഥാനായകൻ അമ്മയെനോക്കി ഇളിച്ചുനിന്നപ്പോൾ സ്ഥലകാലംനോക്കാതെ കരിഞ്ഞ കാലുമായി കൂട്ടിൽകിടന്ന പൂവൻ അന്നാദ്യമായി നീട്ടിയൊന്ന് കൂകിവിളിച്ചു.
#ശ്രീ.
(കഥയും കഥാപാത്രങ്ങളും സാങ്കൽപികം മാത്രമാണ്)
Comments