Posts

Showing posts from December, 2020

ജീവിതവസന്തങ്ങൾ

Image
നീറ്റിലിറക്കിയ കളിവള്ളങ്ങൾക്കെന്നും അല്പായുസ്സായിരുന്നിട്ടും, അടുത്ത മഴയ്ക്കായി നോട്ടുബുക്കിൽനിന്നൊരു കടലാസ്സുചീന്തുമായി  ഒപ്പം കാത്തിരിക്കുന്ന  മനസ്സാണ് കുട്ടിത്തം. ഒരു കളർപെൻസിലിന് പിണങ്ങിയകന്നാലും പനിച്ചൂടിലാണെന്നറിഞ്ഞാൽ വെമ്പുന്നതാണ് ബാല്യം. ദീപാരാധന തൊഴുതാലും മിഴിയുഴിയലില്ലെങ്കിൽ പ്രസാദമില്ലായ്മയാണ് പ്രദോഷങ്ങളിലെ കൗമാരം. പരിഭവങ്ങൾ  പറയാതിരുന്നാൽ പതിവുറക്കം മുറിയുന്ന കരുതലാണ് യൗവ്വനം. ഒരു തലോടലെന്നും കൂടെത്തന്നെയുണ്ടെന്ന് ബോധ്യപ്പെടുത്തലാണ് മറവികളുടെ വാർദ്ധക്യം. #Sreekumarsree (കവിത 2020 ഡിസംബർ മാസം അക്ഷരദീപം പബ്ളിക്കേഷൻസിന്റെ "കാവ്യാർച്ചന" എന്ന സമാഹാരത്തിൽ പ്രസിദ്ധീകരിച്ചതാണ്)

അമ്മിണിസാമി

Image
4. അമ്മിണിസാമി ````````````````````````` ഒത്തിരി വർഷങ്ങൾക്കു മുമ്പുനടന്ന കഥയാണ് കേട്ടുകേൾവിയിൽ നിന്നാണ് ഈ   വരമൊഴി.. കഥാപാത്രം ഒരു പരമശിവഭക്തനായ സർക്കാർ ഗുമസ്തനാണ്.. പേര് രാമലിംഗസാമി.. കച്ചേരിയാപ്പീസിലെ ജൂനിയർ ക്ലാർക്ക്.. തികച്ചും ബാച്ചിലർ. അതിരാവിലെ എണീറ്റ് അത്യാവശ്യം കസർത്തും മറ്റും ചെയ്ത് ഒരു ഗ്ലാസ് പഞ്ചസാര ചേർക്കാത്ത പാൽകുടിക്കും  സ്നാനം സമീപത്തെ ശിവക്ഷേത്രം വക വിശാലമായ  പച്ചക്കുളത്തിലാണ് (നിറയെ കല്ലുപാകിയ ക്ഷേത്രക്കുളം പായൽപിടിച്ച് എപ്പോഴും പച്ചനിറം തോന്നിക്കുമായിരുന്നു) സ്നാനാനന്തരം അമ്മ വിളമ്പുന്ന ഒരുപാത്രം പുന്നെല്ലരികഞ്ഞി നെയ്യൊഴിച്ചത് അകത്താക്കി കൗപീനം മുറുക്കി വീതിക്കരയുള്ള ഇരട്ടമുണ്ടും ചുറ്റി ആളിറങ്ങും രസികൻ കൈത്തറിക്കുപ്പായം ഒരുകൈത്തണ്ടയിൽ രണ്ടായി മടക്കിയിട്ട് പിടിവളഞ്ഞൊരു കുടയുമായാണ് യാത്ര.. വീട്ടിൽ നിന്നും കച്ചേരിവരെ സുമാർ ഒന്നരകിലോമീറ്റർ നടത്തം. കച്ചേരിപ്പടിയിലെ പാതയ്ക്കുവശം ഒരു ശിവപാർവ്വതീ ക്ഷേത്രമുണ്ട് അതിനിടതുവശത്താണ് അയ്യപ്പൻ മണ്ണാന്റെ വീട്... സാമി അമ്പലനടയിലെത്തുമ്പോഴേക്കും മണ്ണാനയ്യപ്പനവിടെ ഹാജർ.. ഒരു വിശിഷ്ട വസ്തുപോലെ മേൽക്കുപ്പായം മണ്ണാൻ സ്വീകരിച്ചും സാമി അമ്പലത

നമുക്കിനി ചിത്രശലഭങ്ങളെക്കുറിച്ച് സംസാരിക്കാം

Image
. 1. ഇനി നമുക്കാ ശലഭങ്ങളെക്കുറിച്ച് സംസാരിച്ചിരിക്കാം... ഇലക്കുടകൾക്കുള്ളിലമരാം മഴക്കുളിരിലൊരു പാട്ടുപാടാം.. ............. ആകാശം നിറയെ അമ്ലമേഘങ്ങളെ, തിരുകിക്കയറ്റിയ പുകക്കുഴലുകൾ പൊള്ളിയടർത്തിപ്പെയ്തൊഴിയാൻ തിടുക്കം കൂട്ടുന്ന പകലുകൾ..... 2. "നോക്കൂ പ്രിയനേ.. അരളിയിലയിലെ സ്വർണ്ണത്തിളക്കം..! ചിറകുകൾ മുളച്ചുണരുന്നുണ്ടൊരു ശലഭം... ഇനി നമുക്കാ ശലഭങ്ങളെക്കുറിച്ചെഴുതാം" .............. ആഴങ്ങളിൽനിന്നൂറ്റിപ്പിഴിഞ്ഞ് ചണ്ടിയായൊരമ്മഭൂവിൻമാറിൽ ആകാശം നോക്കി കിടക്കുന്നു സ്വാർത്ഥചിഹ്നമായ് ഒഴിഞ്ഞ കുപ്പിവെള്ളം വിറ്റ ചിന്തകൾ... 3. "നീ കാണുന്നില്ല കൂട്ടേ.. നീലച്ചിറകുകൾ വീശി ഇണയെത്തേടുന്ന ശലഭഭംഗിയെ..? പൂവിൽനിന്നു പൂവിലൂടെ പരാഗരേണുക്കളുടെ സഞ്ചലനം.." ................ വൃക്ഷച്ചുവട്ടിൽ  ചത്തുമലച്ചൊരു മഞ്ഞക്കിളിയുടെ മേലേക്കുയർന്ന നോട്ടം കൂടിനിടമില്ലാത്ത തരുവിലേക്കോ കുളിരു തരാത്ത ആകാശത്തിലോ..?     4. " നീയറിഞ്ഞുവോ കൂട്ടുകാരാ.. ഇലച്ചാർത്തിനുള്ളിലൊരു ശലഭമേള ഇമയനക്കാതെ പൂക്കളും.. ഋതുമതിയായ പ്രകൃതിപോൽ മധുവിധുഘോഷങ്ങൾ കാണുക.. " ............... വഴിമറന്നുപോയൊരു പുഴ മണൽകടഞ്ഞ ഗർത്തത്തി

കിംഗ്ഫിഷർ കലണ്ടർ

Image
അമ്മമ്മയുടെ വീട്ടിലായിരുന്ന കുട്ടികാലം,  ബാർബർ ഷാപ്പിൽ പോയിട്ടേയില്ല. അമ്മമ്മയുടെ രാജകല്പന ഗോപിനാടാരെന്ന ദൂതൻവശമറിയുമ്പോൾ അമ്പിട്ടൻ കൊച്ചുശങ്കരൻ തെക്കേമുറ്റത്ത് ഹാജർ.... തുകലുകൊണ്ടുണ്ടാക്കിയ ചരിത്രവസ്തുവോളം പഴക്കമുള്ള ഒരു ചെറിയ സഞ്ചിയുമായി. അതിനകത്തെ അസംസ്കൃത വസ്തുക്കൾ ഏവയെന്ന് നന്നായറിയാം.. പ്ലാസ്റ്റിക് കടലാസിൽ പൊതിഞ്ഞ ഒരു ചീനക്കല്ല്.. പല വലിപ്പത്തിൽ  മൂന്ന് കത്രികകൾ ബെൽറ്റ്പോലെ നീളമുള്ള ഒരു സംഗതി. അതു മരക്കൊമ്പിൽ തൂക്കിയിട്ട് കത്തി അങ്ങോട്ടുമിങ്ങോട്ടും തേയ്ക്കുമ്പോൾ ശൂ...ശൂ... എന്ന ശബ്ദമുണ്ടാകുമെങ്കിലും അതുപോരാഞ്ഞ്  കൊച്ചുശങ്കരനും സമാനമായ ഒരു ശബ്ദം പുറപ്പെടുവിക്കും. മുറ്റത്തിനരികിലെ ചാമ്പമരത്തിന്റെ ചുവട്ടിൽ ഒരു പഴയ പനമ്പായ വിരിക്കും അതിനുമേൽ സ്റ്റൂളിൽ ഇരിക്കണം. മുടി നിലത്തുവീഴാൻ പാടില്ല ഭൂമീദേവി കോപിക്കും. മുടിമുറിച്ചശേഷം പനമ്പായയിലെ മുടിയും കൊച്ചുശങ്കരൻതന്നെ കൊണ്ടുപോകും.  ഉച്ചഭക്ഷണത്തിനുമുമ്പാണ് ശങ്കരൻ വരിക അതിനാൽ ജോലികഴിഞ്ഞ് ഇളയമ്മയ്ക്കൊപ്പം ഞാൻ  കുളിക്കാൻ കുളത്തിലേക്ക് പോകുമ്പോഴേക്കും അമ്മമ്മ കുട്ടിശങ്കരന് അടുക്കളതിണ്ണയിൽ ഭക്ഷണം നൽകുന്ന തിരക്കാകും. അതിനുശേഷമാണ് കൂലി,   ഒന്നര രൂപ.

ഗോപിയണ്ണന്റെ ശുഷ്കാന്തി

Image
     Once upon a time  അതായത് പണ്ടേതാണ്ടൊരു കാലം.. മരച്ചീനിക്കാടുകൾ റബ്ബർ മരങ്ങൾക്ക് വഴിമാറിത്തുടങ്ങിയ സമയം.. നാടായനാടെല്ലാം മണ്ണിൽ  മരച്ചീനിയും തെങ്ങും വാഴയുമെല്ലാം പിഴുതെറിഞ്ഞ് പണംചുരത്തുന്ന റബ്ബർ മരം നടാനായി ചതുരക്കുഴികൾ തീർക്കുന്നു... പുരയിടത്തിലെ സകല ഗ്രാമ്പും ജാതിയും വെട്ടിമാറ്റി ജോസഫ് ചേട്ടനും തന്റെ പതിനാറേക്കറിൽ റബ്ബർ നടാൻ തീരുമാനിച്ചു.  റബ്ബർമരം നടുന്നത് അന്നൊക്കെ കൃത്യമായ അകലത്തിൽ ചതുരാകൃതിയിൽ നിശ്ചിത വലുപ്പത്തിന് ആദ്യം കുഴികുത്തും അതിൽ വലിയ കല്ലുകൾ മാറ്റിയ മണ്ണുനിറച്ചശേഷം  റബ്ബർ നഴ്സറികളിൽ അരുമയായി ബഡ്ഡിംഗ് നടത്തി കറുത്ത പോളിത്തീൻ ബാഗുകളിൽ മണ്ണുനിറച്ച് വളർത്തിയ തൈകൾ വാങ്ങിക്കൊണ്ടുവന്ന് പോളിത്തീൻ ബാഗ് കീറിമാറ്റി ടി മണ്ണിലേക്ക് കുഴികുത്തി ശ്രദ്ധയോടെ നട്ടുപരിപാലിച്ചാണ് റബ്ബർതോട്ടം നിർമ്മിക്കുക...  പ്രാരംഭമായി കാടുതെളിച്ചശേഷം ചതുരക്കുഴികൾ തീർക്കുന്ന ജോലിയായിരുന്നു മുഖ്യം. അന്ന് JCBയുടെ യന്ത്രകൈകൾ പ്രചുരപ്രചാരം നേടിയില്ല എന്ന് മാത്രമല്ല വയലുകളിലെ ട്രാക്ടറുകൾക്കുപരി അന്നൊന്നും കൃഷിയിടങ്ങൾ യന്ത്രവല്കൃതമായിട്ടില്ലാത്തതിനാൽ ചതുരക്കുഴി നിർമ്മാണത്തിന് ധാരാളം പണിക്കാരെ ആവശ്യമായിരുന്നു. 

അനന്തരം

Image
ചരമക്കോളങ്ങളിൽ നീയെന്നെ  തിരയാതിരിക്കുക..! മുക്തി നേടുന്ന  ആത്മാക്കളെ ആനയിച്ചിരുത്താൻ ഞാനീ കവാടത്തിലാണ് കാത്തിരിക്കുന്നത്. മൃത്യുവിന്നപ്പുറമുള്ളൊരു  ശാന്തികവാടത്തിൽ. ബന്ധസ്വന്തങ്ങളുടെ നൂലറുത്ത് പരലോകത്തേക്കവരെ തള്ളിവിടുമ്പോൾ, തിരിഞ്ഞുനോട്ടങ്ങളെല്ലാം നിറകണ്ണുകളാണെന്ന് ഞാനറിയുന്നുണ്ടിവിടെ.. ഒരുകണംപോലുമൊപ്പിയെടുക്കാൻ തൂവാല കരുതാത്തവന്റെ  നിരാശ. #ശ്രീ....

നാടകമേ ഉലകം

Image
രംഗം ഒന്ന്... സ്ഥലം ആസ്ത്രേലിയയിലെ പ്രശസ്തനായൊരു ഡോക്ടറുടെ വീട്.... എക്സ്പീരിയൻസായൊരു പ്ലംബർ, ഡോക്ടറുടെ കിച്ചണിൽ കേടായ പ്ലംബിംഗ് വർക്ക് ചെയ്തു തീർക്കുകയാണ്..  കേവലം പത്തുമിനിറ്റിനകം അയാൾ പണി പൂർത്തിയാക്കി, ഡോക്ടർക്ക് തന്റെ ബിൽ നൽകി.. വെറും 350 ഡോളർ...!! ചെറുതായി ബോധക്കേട് അഭിനയിച്ച  ഡോക്ടർ.. "ജന്റിൽമാൻ... ഞാൻ ഒരു പ്രശസ്തനായ ഡോക്ടറാണ് പക്ഷെ എനിക്കുപോലും ഇന്നുവരെ വെറും  പത്തുമിനിറ്റിന്റെ  ജോലിക്ക്  350 ഡോളർ കൂലികിട്ടിയിട്ടില്ല...?!!." പ്ലംബർ-  " ക്ഷമിക്കണം മിസ്റ്റർ ഞാൻ മുമ്പ് ഡോക്ടറുടെ ജോലി ചെയ്തിരുന്നപ്പോൾ എനിക്കും അത്രയും തുക കിട്ടിയിരുന്നില്ല....!!!"  ഡോക്ടർ സ്തംഭിച്ചു നിൽക്കുന്നു കാശുവാങ്ങി റിട്ടയേർഡ് ഡോക്ടറായ പ്ലംബർ രംഗമൊഴിയുന്നു... അരങ്ങിലെ വെളിച്ചം നേർത്തുവരുന്നു..  (കർട്ടൺ...) രംഗം രണ്ട്.   സ്ഥലം കേരളത്തിലെ പ്രശസ്തനായ ഒരു ഭിഷ്വഗ്വരന്റെ വീട്...  രംഗത്ത് മധ്യവയസ്സ് കഴിഞ്ഞൊരു ഡോക്ടറും ബംഗാളിയായൊരു  പ്ലംബറും..   ഡോക്ടർ... "അരേ ഭായ് മൈ കിച്ചൺ വേസ്റ്റ് വാട്ടർ നോട്ട് ഫ്ലോയിംഗ്.. ആന്റ് ശുദ്ധ് പാനീ നഹീം..." ബംഗാളിപ്ലംബർ... "ഡാട്ടർ നീങ്കൽ മല്യാളത്തിൽ പരയൂ

സ്വസ്ഥം മറവികൾ

Image
പാടേ തകരാതിരിക്കാൻ ഞാനൊരു മൂടുപടമണിയുന്നു എന്റെ ഓർമ്മകൾക്കുമീതേ മറവിയുടെ മൂടുപടം..... ചിതലരിക്കുന്ന ചിന്തകൾ  പഴമയുടെ ആഴങ്ങൾ തേടി അലഞ്ഞുപോകാതെ ഞാനൊരു മറതീർക്കുന്നു എന്റെ ഓർമ്മകൾക്കുമീതേ അജ്ഞതയുടെ മതിൽമറ.. ഏകാന്തതയുടെ  അലോസരശകടങ്ങൾ പുറകിലേക്കുരുളാതിരിക്കാൻ ഞാനൊരു തടയണതീർക്കുന്നു എന്റെ ഓർമ്മകൾക്കുമീതേ  ഇരുളാലൊരു തടയണ.. ഭൂതകാലമൊരു ഭയമാണ്  ഭൂതംപോലൊരുഭയം ഇന്നുകളിൽനിന്ന് ഭാവിയിലേക്കൊരൊളിച്ചോട്ടം അതുമാത്രമാണിന്ന് ജീവിതം  ഇന്നലെകളില്ലാത്തൊരു നാളെ അതുമാത്രമാണ് സ്വപ്നം... ഓർമ്മകളില്ലാത്തൊരുനാളിനായ് ഞാനെന്നെ മറക്കുകയാണ് മറവികളുടെ കമ്പളംമൂടി സ്വസ്ഥമാകുകയാണ് ഞാൻ.             #ശ്രീ