Posts

Showing posts from November, 2019

നന്ദി

Image
#നന്ദി  കാത്തിരിക്കുവാൻ വയ്യെനിക്കോമലേ നേർത്തുപോകുമെൻ ജീവതാളത്തിലും ഓർക്കവയ്യ മറക്കയാണിന്നിനി കാത്തപോലെ നീ വന്നണയാത്തതിൽ.. രാവിലും കാത്തിരിക്കുംഭ്രമരത്തെ ആവുവോളമമൃതൂട്ടിയേറ്റിടാൻ പാതിരാവിലും പൂക്കുമാ സൗഗന്ധ- പ്പാലൊളിപ്പൂവു നീയായിരുന്നീലേ. ഏതു തീയിലും നീറിടുംജീവനിൽ ഏറെ സാന്ത്വനം നൽകുമാ മാറിലെ സ്നേഹസാഗരമേറെ ഭുജിച്ച നാൾ ഞാനറിഞ്ഞീല സംസാരവ്യാധികൾ. ജീവതാളം നിലയ്ക്കുവാനായിനി, ഏറെ നാളു കടന്നുപോയീടിലു- മില്ലയീക്ഷണമങ്ങവസാനിച്ചാൽ- പ്പോലുമില്ലേതു താപവുമെന്നിലും. എങ്കിലും പറയാതങ്ങു പോയീടി- ലെന്തപരാധമാണതറിവൂ ഞാൻ രണ്ടുവാക്കു "നന്ദി പ്രിയേ" ജീവനി- ലെന്നെയും ചേർത്തുവച്ചതിൻ സ്നേഹമായ്. രണ്ടു വാക്കാണിതിലെന്റെ ഹൃത്തിലെ വെൺകുടീരത്തിൽനിന്നുദ്ഭവിച്ചിതാ, "നന്ദിയെൻ പ്രിയേ" ഓർക്കുകിലെന്നെയീ നന്ദിവാക്കുകൾ സ്വീകരിച്ചേക്കുക! sree. 26.11.19. sree. 26.11.19.

ഹൃദയദൂത്

Image
#ഹൃദയദൂത് ശുഭരാത്രി...  പ്രിയമിത്രമേ, കേവലം നാലക്ഷരങ്ങളിലാണ് ഞാൻ നിനക്ക്  പ്രഭാത വന്ദനവും നൽകിയത്. എന്നാലുമറിയുക, പറയാനായിരമക്ഷരങ്ങൾ കോർത്ത  പദങ്ങൾ  കോർത്തുവച്ചിരിക്കുന്നു ഞാൻ,   ഈ വായുദൂത് സംഗതികളിലൂടെ കടത്തിവിടാനാകാത്തവിധം ബഹുവചനങ്ങളാണത്. മനസ്സ് വാചാലമാകുന്നു... പക്ഷേ, വാക്കുകളന്യവും.. അക്ഷരങ്ങൾ പിച്ച നടക്കാന്‍ മടിക്കുന്നു..... പെഴച്ചു പെറ്റ സന്തതികളായി  എഴുതിയവയൊക്കെയും. ഏതു ഭാഷയിലാണ്  ഞാൻ നിന്നോടിനി സംസാരിക്കുക..? ഏതീണത്തീലാണെന്റെ ഹൃദയരാഗം നിന്നെയറിയിക്കുക.      #ശ്രീ 22/04/2019.10:12 pm

ചിമ്മിനി

Image
#ചിമ്മിനി അടുക്കളത്തിരക്കിലായ് പതിവുചുമ..? കട്ടുതിന്നതെന്തമ്മേ..? ചോദ്യമേറെ ചിരിചേർത്തു കുട്ടികൾ.. മുളകുതാളിച്ച മണമോ.? ചോദ്യമലസമായവനും. ചോദ്യമില്ലാത്തൊരുത്തരമായൊരു, പൂച്ചമാത്രമടുക്കളക്കൂട്ടിന്. ചുമനിലച്ചിന്നു രാവിലെ, ചിരിനിലച്ചിന്നു വീട്ടിൽ ചുമയുണർത്തും മണമൊന്നുമുണരാതെ കനലണഞ്ഞുകരിന്തിരിപോൽ. കുറുകിനിൽക്കുമാ പൂച്ചയുമെങ്ങോപോയ്.. പുകതുപ്പിയൊരോർമ്മയിൽ നെടുവീർപ്പൊഴിയാതൊരു ചിമ്മിനിയായയാൾ. ശ്രീ.

പ്രഭാതവന്ദനം

Image
പ്രഭാതസന്ദേശം. ഉദയാസ്തമയങ്ങള വേർതിരിക്കാനാവാത്ത തിമിരകാഴ്ചകളാണിന്ന് ജീവിതം... എങ്കിലും... പ്രിയമിത്രമേ, വർണ്ണപ്രഭയെന്റെ നയനങ്ങളെ തഴുകിയുണർത്തവേ, സുഖശീതളമൊരു പൊൻവെയിലെനിക്ക് വിരുന്നേകുമ്പോൾ, നിന്നെ ഓർക്കാതിരിക്കുവതെങ്ങിനെ, നിനക്കൊരു ശുഭദിനം നേരാതിരിക്കുവതെങ്ങിനെ..? അകലങ്ങളിലെ അരുമസുഹൃത്തേ... നിനക്കെന്റെ പ്രഭാതവന്ദനം. നീയോർക്കില്ലയെങ്കിലും ഈ വിയുദൂതുകൾ  വാതിൽമണിമുഴക്കാതെയെന്നും നിന്റെ വാതിൽപ്പടികളിൽ വീണുടയുന്നുണ്ട് നിത്യവും.                                 ശ്രീ..

poem malayalam

Image
#സത്യമാണീശ്വരൻ ആരാമസൗന്ദര്യമാവതുമാസ്വദി- ച്ചാഴിയിലേക്കു പതിക്കുമർക്കൻ പോകുംവഴിക്കൊന്നുകൂടിയൊളികണ്ണാ- ലാവതുനോക്കുന്നു നിന്നെ വീണ്ടും.. ഹാ പുഷ്പമേ, ഭൂമിപെറ്റ വാസന്തമേ, ഈ രാവുണരുന്ന നേരമവൻ ആകുലനായിടും നിശ്ചയം നീയപ്പോൾ ഈ വെറുംമണ്ണിനോടൊത്തുചേരും. ശാശ്വതമില്ലൊരു സത്തിനും സത്യത്തിൽ ശാശ്വതം സത്യത്തിനൊന്നുമാത്രം. കാലംകഴിഞ്ഞങ്ങു പോയീടിലും ക്ലാവു- മാറിത്തെളിയുന്നു  സത്യമല്ലോ. ഈയുഗ സൃഷ്ടിസ്ഥിതിസംഹാരങ്ങളെ പാലനം ചെയ്യുന്നതെന്നുമെന്നും. പാലിക്ക നിത്യവും വാക്കിലും വൃത്തിലും ഹൃത്തിലും സത്യമാമീശനെ നാം. സത്യം പുലർത്തുന്ന ഹൃത്തിന് വേറൊരു ശക്തനാമീശ്വരൻ വേണ്ടപാരിൽ.     #ശ്രീ.

പിറക്കാത്ത കവിതകൾ

Image
പിറക്കാത്ത കവിതകൾ എന്റെ കവിത... പുലർവെട്ടത്തിൽ മുഖംമിനുക്കുന്നൊരു പരൽമീനാണത്... തെളിവെള്ളത്തിലലസ നീന്തിനടക്കുമതെന്റെ ഹൃത്തടത്തിൽ... എന്റെ കവിത.. നിലാവിന്റെ താപമേറ്റുരുകുന്ന നറുവെണ്ണയാണത്... നിഴൽപ്പാടുകളെ നോക്കാതെ കണ്ണുപൂട്ടിയിരിക്കുമത്.. പാർവ്വണേന്ദുകണ്ടുറങ്ങുമത്. എന്റെ കവിത... മച്ചിലെ കിളിവാതിലിൽ കാറ്റുകൊണ്ടിരിക്കുമത് അടയ്ക്കാക്കുരുവികളോട് കൂട്ടുകൂടി, അരിപ്രാവുകളുടെ കുറുതർക്കങ്ങളെ തലയാട്ടി സമ്മതിച്ച്, അതെപ്പോഴും സങ്കല്പങ്ങളിലൊരു സ്വർഗ്ഗം ചമയ്ക്കുന്നു.... എന്റെ കവിത.. ഓട്ടവീണ ഒറ്റമുണ്ടിലായ പരൽമീനാണത് ഒരുകുതിപ്പിനത്, പുഴയിലേക്കൊഴുകിമറയുന്നു.   എന്റെ  കവിത... ഹൃദയമിടിപ്പുകളെ ഭയന്ന് ഹൃദയവടുക്കുകളിൽ ഒളിച്ചിരിപ്പാണ്.. ഒളിയമ്പുകളുടെ പ്രഹരമേൽക്കാനാവതില്ലാതെ അതെന്റെ തൂലികയിലേക്ക് വരാൻ കൂട്ടാക്കുന്നേയില്ല. എന്റെ പുസ്തകത്താളിലേക്കതിനെ കുടഞ്ഞെറിയുവാനാവാതെ ഞാൻ:         #ശ്രീ.