വീടുറങ്ങാതിരിക്കുന്നു

#വീടുറങ്ങാതിരിക്കുന്നു.....

"അമ്മയ്ക്ക് തീരെ വയ്യ ഇന്നെങ്കിലും അല്പം നേരത്തെ ഇറങ്ങൂ.. വൈകീട്ട് ഞാൻ കൂടി വരാം  ഡോക്ടറുടെ അപ്പോയ്ന്മെന്റിന്  ഞാൻ  വിളിച്ചുപറയട്ടേ....?"
ഹാളിനോരത്തെ പൂജാകോർണറിലേക്കെത്തിനോക്കി. കർക്കിടകത്തിന്റെ അവസാന ദിനങ്ങൾക്കൊപ്പമെത്താനാവും അമ്മ   പകലും രാമായണപാരായണത്തിലാണ്.. മക്കളുടെ പഠനം കാരണമാവും അമ്മയിപ്പോൾ ഉച്ചത്തിൽ പാരായണം ചെയ്യാറേയില്ല.
ഭാര്യക്കുള്ള മറുപടിനൽകാതെ ബൈക്കു സ്റ്റാർട്ടാക്കി,  അമ്മയിപ്പോൾ പുസ്തകം മടക്കി ചെറിയജനാലവഴി നോക്കുന്നുണ്ടാവും പിന്നെ അകന്നുപോകുന്ന വണ്ടി നോക്കിയിരിക്കും മനസ്സുനിറയെ നാരായണമന്ത്രത്തോടെ.
ഒരാഴ്ചയായി അമ്മയ്ക്ക് അസുഖങ്ങൾ കൂടുന്നു. കർക്കിടകം പൊതുവേ വയസ്സായവരെ വെറുതേ വിടാറില്ല. ദിനവും ഭാര്യ കർക്കിടകകഞ്ഞി നൽകുന്നുണ്ട്. അത്യാവശ്യം തൈലപ്രയോഗവും കഷായവിദ്യയുമൊക്കെ അവൾ പ്രയോഗിക്കുന്നുണ്ട്. എന്നാലും കർക്കിടകം അവളെയും തോല്പിക്കുന്നു.
അവൾ വന്നുകയറിയശേഷം ഞാനമ്മയെ ശ്രദ്ധിക്കാറേയില്ല അല്ലെങ്കിൽ അതിന്റെ ആവശ്യം ഉണ്ടായിട്ടില്ല എന്നതാവും ശെരി. ബാല്യത്തിലെ അമ്മയെ നഷ്ടപ്പെട്ടവൾക്ക് അമ്മ ഒരു സുകൃതവും പെൺമക്കളില്ലാത്ത അമ്മയ്ക്ക് അവളൊരു പൊൻമകളുമാണ്.
നാലുദിവസമായി അമ്മയെകൊണ്ടുപോയി  ഡോക്ടറെ കാണിക്കണമെന്ന് കരുതുന്നു. ആറുമണിയാകും മിക്കപ്പോഴും ഓഫീസ് വിടാൻ.  പിന്നെ കവി സുഹൃത്തുക്കളുടെ കൂട്ടത്തിൽ അറിയാതെ ചെന്നുപെടും ബാലാജി ഹോട്ടലിലെ ചായയും ഉഴുന്നുവടയുമായി ഒരരമണിക്കൂർ.. അതുകഴിഞ്ഞാൽ   മാനവീയം വീഥിയിലൊരു കലാസ്വാദനം.. അല്ലെങ്കിൽ നിശാഗന്ധിയിൽ, ടാഗോർ തീയേറ്ററിൽ  പുതിയപുതിയ സാഹിത്യ സൌഹൃദങ്ങൾക്ക്  ഒരു പഞ്ഞവുമുണ്ടാകില്ലവിടങ്ങളിൽ.... ഇടയ്ക്കവളുടെ മിസ്ഡ്കാളുകൾ  ഓർമ്മപ്പെടുത്തലായെത്തുമ്പോഴാണ്   സമയം കടന്നതറിയുന്നത്.  വീട്ടിലെത്തുമ്പോഴുണ്ടാകും മുന്നിലെ ചെറിയ കസേരയിൽ നാരായണീയമോ ദേവീഭാഗവതവുമോ പിടിച്ച് ഇടയ്ക്കിടെ ഗേറ്റിലേക്ക് കണ്ണുംനട്ട് അമ്മ...!
മക്കൾ അത്താഴം കഴിഞ്ഞ് വലിയ ടെലിവിഷൻ സ്ക്രീനിനുള്ളിലൂടൂളിയിടുന്നുണ്ടാകും. കുളികഴിഞ്ഞ് ഡൈനിംഗ് ടേബിളിലെത്തുമ്പോൾ  അമ്മയുണ്ടവിടെ.. അമ്മ അത്താഴം കഴിക്കാറേയില്ല എത്രയോ കാലമായി.  ഞാനും അവളും കഴിക്കുന്നതുനോക്കിയിരിക്കും അതിനിടയിലാണ് അമ്മ സംസാരിക്കാറുള്ളത് .. മക്കളെക്കുറിച്ച് ഭാര്യയുടെ വിളർച്ചയെക്കുറിച്ച്. നന്നായി ഭക്ഷണം കഴിക്കാത്തതിനെക്കുറിച്ച്,  മകൾ വളർന്നുവരുന്നതിനെക്കുറിച്ച്. അടുത്തുള്ള അമ്പലത്തിലേക്ക് വല്ലപ്പോഴുമെങ്കിലും പോകാത്തതിനെക്കുറിച്ച്....  അമ്മ ഒരിക്കലും അമ്മയെക്കുറിച്ച് സംസാരിച്ചിട്ടേയില്ല...! അമ്മയുടെ അസുഖങ്ങളെക്കുറിച്ച്,  അച്ഛൻ മറഞ്ഞതിന്റെ ഓർമ്മളെക്കുറിച്ച്.. ആൾവാസമില്ലാതെ നശിക്കുന്ന കുടുംബവീടു വിട്ടുപോന്നതിനെക്കുറിച്ച്.. അമ്മയുടെ ആവശ്യങ്ങളെക്കുറിച്ച്.. ഒന്നുമൊന്നും അമ്മ പറയാറേയില്ല...!
" അമ്മയ്ക്ക് ശ്വാസംമുട്ടലുണ്ടാകുന്നുണ്ട്  ഡോക്ടറെ കാണിക്കണം നാളെ ഞാനൊരോട്ടയിൽ അമ്മയെകൊണ്ടുപോകാം..." അവളതുപറയുമ്പോൾ കുറ്റപ്പെടുത്തലിന്റെ ലാഞ്ചന അറിയാനാവുന്നുണ്ട്...
" അത്രയ്ക്ക് വെഷമോന്നൂല്ലാലോ.. അവന് സമയംകിട്ടുമ്പോൾ പോകാം.. നെനക്കിവിടെ പണികഴിഞ്ഞെപ്പഴാ നേരം...  കള്ളക്കർക്കടകമാ പത്തുദെവസംകൂടി.. അതങ്ങോട് പോയാ അസുഖോം പോകും.. " അമ്മ ഒന്നുനിർത്തി.
" നാളെ നേരത്തെ വരാം... ഞാൻ കൊണ്ടുപോകാം.."  ക്ഷമാപണംപോലെ അമ്മയുടെ മുഖത്തുനോക്കിപ്പറഞ്ഞു .. അമ്മ  പതിയെ എണീറ്റു.. മുറിയിലേക്കു കയറുന്നതിനുമുമ്പ് തിരിഞ്ഞുനിന്നു..   " വീടുവരെ ഒന്നുപോണം കഴിയുവ്ച്ചാ.. ഓണത്തിനു മുന്നേ... ഇനീം പോകാനാവുമോന്നാ തോന്നൽ.. നെനക്ക് അവധികിട്ടീട്ട് മതി... ഒന്നൂടി അവിടെ  പോകണം ". അമ്മ മുഖത്തുനോക്കി നിൽപ്പാണ്.. ഒരു മറുപടിയ്ക്കായി ഭാര്യയും.. "ഡോക്ടറെ കണ്ടശേഷം പോകാം ഉടൻതന്നെ." മറുപടി മുഴുവനാകുംമുമ്പ് അമ്മ അകത്തേക്ക് പോയി. 
"അമ്മ ഇതുവരെ പറഞ്ഞിട്ടില്ല വീട്ടിലേക്ക് പോകണമെന്ന് നിങ്ങളുടെ ലീവ് കിട്ടി പോകാനാകുമെന്ന് തോന്നുന്നില്ല.. അമ്മയ്ക്ക് തീരെ വയ്യ ഇല്ലായിരുന്നെങ്കിൽ ഞങ്ങളൊരു ബസ്സിൽ...." തലയണമന്ത്രം മുഴുമിക്കാനവസരം കൊടുത്തില്ല..
"അമ്മയ്ക്കാണോ നിനക്കാണോ അത്യാവശ്യം ". മറുപടി മൗനമായി എന്നാലും പ്രാതൽ സമയത്തും അവളോർമ്മിപ്പിച്ചു.. " പാവം അമ്മ എട്ടുപത്തു വർഷത്തിനുശേഷം ആദ്യമാണ് ഇങ്ങനെയൊരു ആവശ്യം പറയുന്നത്.. " .
രണ്ടുദിനംകൂടി കഴിഞ്ഞു അമ്മയെ ഡോക്ടറെ കാണിക്കാൻ, പതിവുപരിപാടികളിൽ നിന്നൂരിപ്പോരാനായില്ല.. അമ്മയ്ക്ക് ശ്വാസംമുട്ടൽ കലശലായെന്ന്  അവൾ ഫോൺചെയ്ത് പറയുകയായിരുന്നു.  സംസാരിക്കാൻ പോലും പ്രയാസമായി.
"എന്താമ്മേ..? മഴകൊണ്ടോ.. കഫമുണ്ടല്ലോ ഉള്ളിൽ.."  പതിവുഡോക്ടർ പരിശോധനയ്ക്കൊപ്പം അമ്മയോട് കുശലം  ചോദിച്ചു. ഒരു ചിരിയിലൊതുക്കിയ മറുപടിയുമായി അമ്മയിരുന്നു. മരുന്നുകുറിച്ചശേഷമാണ് അമ്മ സംസാരിച്ചുതുടങ്ങിയത്.
" പഴയതുപോലെ ഭക്ഷണം കഴിക്കുന്നില്ല അളവു കുറച്ചുകുറച്ച് ഇപ്പോൾ കഴിച്ചാലായി ഇല്ലെങ്കിലായി..  കണ്ണുകൾ കണ്ടാലറിയാം രക്തമില്ലാതെ വിളർച്ചയാണ്... ഉറക്കം പാതിരാവിലാണ്.. ഡോക്ടർ ഒന്നുനോക്കണം.. കൈകൾ കണ്ടോ..? ഉണങ്ങിവരണ്ട്  ആരോഗ്യം നോക്കാറില്ല.. "
ഞെട്ടിച്ചുകൊണ്ടാണ് എന്നെക്കുറിച്ചുള്ള അമ്മയുടെ   പരാതികളുടെ കെട്ടഴിച്ചത്.  അമ്മ എന്നെ കാണിക്കാൻ ഡോക്ടറുടെ മുന്നിലെത്തിയപോലെയായി. ഞാൻ പോലും ശ്രദ്ധിക്കാതെ എന്റെ ഉറക്കമില്ലായ്മപോലും അമ്മ അറിയുന്നു... കേവലം അഞ്ചുവയസ്സുകാരനായിപ്പോയതുപോലെ തോന്നി അമ്മയുടെമുന്നിലപ്പോൾ..  അമ്മയുടെ സമാധാനത്തിനാണ് എന്റെയും  ബി. പി. നോക്കി കൺപോളകളുമൊക്കെ നോക്കിയ ഡോക്ടർ ഒന്നുമില്ലാന്ന് അമ്മയെ ആശ്വസിപ്പിച്ചു. മടങ്ങുംവഴി മനസ്സ് അമ്മയെ വായിക്കാൻ ശ്രമിച്ചു.. ഇന്നും മകനെ ഒരു കുട്ടിയായികണ്ട് അമ്മ... പരിഭവങ്ങളോ പരാതികളോ ഇല്ലാതെ മകന്റെ പരിതസ്ഥിതികളിലിണങ്ങിയൊതുങ്ങി...
അത്താഴം കഴിഞ്ഞ് അവൾ അമ്മയ്ക്ക് മരുന്നുകൊടുക്കുമ്പോഴാണറിയിച്ചത്.. "അമ്മയ്ക്ക് നാളെ കുറവുണ്ടാകുമെങ്കിൽ നമുക്ക് വീടുവരെ പോകാം നാളെത്തന്നെ.." വിശ്വാസംവരാതെ ഭാര്യ മുഖത്തേയ്ക്ക് നോക്കിയത് ശ്രദ്ധിച്ചില്ല.
പിന്നിലോക്കോടുന്ന കാഴ്ചകളിലേക്ക് കണ്ണെറിഞ്ഞ് അമ്മ കാറിൽ മൂകമായിരുന്നു.. ഇടയ്ക്കിടെ  പിന്നിലേക്ക് കടന്നുപോകുന്ന പള്ളികളെയും കുരിശ്ശടികളെയും ക്ഷേത്രങ്ങളെയും നോക്കി അമ്മ വലതുകൈയുയർത്ത് നെറ്റിയിലും ചുണ്ടിലും മുട്ടിച്ച് അസ്പഷ്ടമായെന്തോ പറയുന്നുണ്ട്... ചുമലിലൂടൂർന്നുവീണ ചെറിയ പുതപ്പെടുത്ത്  ഭാര്യ  വീണ്ടും പുതപ്പിച്ചു. അമ്മയെ ചേർന്നിരിക്കയാണവൾ.. ഇടയ്ക്കിടെ പെയ്തുമാറുന്ന മഴ കാഴ്ചകളെ അലോസരപ്പെടുത്തുന്നു.
കാലങ്ങളായി വാഹനങ്ങളൊന്നും കടന്നുവരാത്ത മുറ്റത്തേയ്ക്കുള്ള  വഴിയിലെ കരിയിലകളെയും ചെറുചെടികളെയും ചതച്ചരച്ചുകൊണ്ട് കാർ പഴയ വീടിനുമുന്നിലെത്തി.. മഴയേറ്റ് മുറ്റത്തേയ്ക്ക് ചരിഞ്ഞുനിൽക്കുന്ന വലിയ വയസ്സൻ രാജമല്ലിയെനോക്കിയാണ് അമ്മ പുറത്തിറങ്ങിയത്. മുൻചുവരിൽ നിറംമങ്ങി വികലമായ നെയിംബോർഡിനെ അമ്മയൊന്നു തലോടി... "അശോകവനം". മനസ്സുകൊണ്ട് അമ്മയതു വായിച്ചിരിക്കും.  നീണ്ട സിലോൺ വാസകാലത്താണ് അച്ഛനീ വീടുപണിഞ്ഞത്. ഭാര്യ സീതാദേവിയമ്മയുടെ കാത്തിരിപ്പോർത്താവും " അശോകവന"മെന്ന പേരു നൽകിയത്...
മക്കൾ യാത്രയിൽ തുടങ്ങിവച്ച വീഡിയോഗെയിം പുനരാരംഭിച്ചു. യാത്രയുടെ ക്ഷീണം മാറി അമ്മ പഴയ സീതമ്മയാകാൻ അധികസമയം വേണ്ടിവന്നില്ല. അമ്മ തൊടിയിലെ ഓരോ വലിയ വൃക്ഷങ്ങൾക്കുമരികിലെത്തി കുശലാന്വോഷണംപോലെ അവയെ തലോടിനടന്നു. ഓരോന്നും അച്ഛൻ നട്ടുവളർത്തിയാണത്രെ.. അമ്മ നട്ടുനനച്ചത് ഒരശോകവൃക്ഷം മാത്രമായിരുന്നു.  തായ്ത്തടിയിൽ പുഴുക്കുത്തേറ്റ് വടുക്കൾ വീണ ആ അശോകവൃക്ഷച്ചോട്ടിൽ അല്പനേരം അമ്മ നിന്നു. അതിൽ നിന്നൂർന്നുകയറിയ ചോനനുറുമ്പുകളെ കുടഞ്ഞെറിഞ്ഞ് അമ്മ തിരികെ നടന്നു... ഒരുപ്രാവശ്യംപോലും അച്ഛനുറങ്ങുന്നിടത്തേയ്ക്ക് അമ്മ ഗൌനിച്ചതേയില്ല.. അച്ഛന്റെ സാമീപ്യം ആ വൃക്ഷങ്ങൾ പകരുന്നുണ്ടാവും.. അല്ലെങ്കിൽ മൺമറഞ്ഞവരെയോർത്ത് വിലപിക്കുന്നതിനെക്കാൾ അവരുടെ പ്രിയപ്പെട്ടവയിലൂടെ സഞ്ചരിക്കുകയാണ് വേണ്ടതെന്ന് ബോധ്യപ്പെടുത്തുകയാണോ..  ചെറിയനേരംകൊണ്ട് ഭാര്യ  കഴിയുന്നവിധം വീടിന്റെ മാറാലയും പൊടിയും തൂത്തുകളഞ്ഞു. പിന്നെ അമ്മയ്ക്കുപുറകെ തൊടിയാകെ നടന്നു.
മടക്കയാത്രയിൽ അമ്മ വളരെ ഉത്സാഹത്തിലായിരുന്നു.. വീടും പറമ്പും വൃത്തിയാക്കേണ്ടതും വീടിന്റെ മച്ച് പുതുക്കിപണിയേണ്ടതും ഓർമ്മിപ്പിച്ചു.. എന്നാലും പോരാൻനേരം കാറിലിരുന്ന് അമ്മ ഒന്നുകൂടി പിന്തിരിഞ്ഞുനോക്കിയിരുന്നു.. പിന്നെ കണ്ണുകളടച്ച് ഏറെനേരം മൌനമായി... " അമ്മയ്ക്ക് നാട്ടിലാരുടെയെങ്കിലും വീട്ടിൽ.... " ഭാര്യയുടെ ചോദ്യത്തിന് വേണ്ടന്ന്  തലയാട്ടി. യാത്രയുടെ പകുതിയിലെപ്പോഴോ ആണ് ഭാര്യയുടെ ശരീരത്തിലേക്ക് ചാഞ്ഞ് അമ്മ ഉറങ്ങിയിരുന്നു.. പകുതിയുറക്കത്തിലാണ് വീട്ടിലേക്ക് അമ്മയെ കൊണ്ടുകയറിയത്.. അത്താഴം പൊതുവെ ശീലമല്ലെങ്കിലും മരുന്നുകഴിക്കാൻ അമ്മ വിസമ്മതിച്ചു    ""സാരമില്ല നല്ല ആശ്വാസം തോന്നണുണ്ട്..  ഇന്നിനി മരുന്നൊന്നും വേണ്ടാ...  നാരായണസ്തുതിയോടെ അമ്മ കണ്ണുകളടച്ചുറങ്ങി.. അല്പനേരംകൂടി അവൾക്കൊപ്പം ആ മുറിയിലിരുന്നു..  അമ്മയുടെ മുഖപ്രസാദം കണ്ടാലറിയാം ആ മനസ്സിലുണ്ടായ സന്തോഷം..
അടുക്കളയും നിശ്ശബ്ദമായി.. യാത്രയുടെ ക്ഷീണമുണ്ട് ഇന്നിനി വായനയൊന്നുമില്ല.. കിടക്കയിലേക്ക് ചാഞ്ഞു. ഭാര്യ അന്നത്തെ അവസാനത്തെ പ്രകാശവും കെടുത്തി അടുത്തത്തെത്തിയപ്പോഴക്കും നിദ്ര കൂട്ടുകൂടാനെത്തിയിരുന്നു. കർക്കിടകമഴ വീടിനെ വാരിപ്പുണരുന്നതറിയാതെ ഉടലുമുയിരുമലിഞ്ഞുറങ്ങി...
"" വീടുമാത്രം ഉറക്കംവരാതെ കാത്തിരിക്കുകയായിരുന്നപ്പോൾ..  പുലരുമ്പോൾ ചൂടുകാപ്പിയുമായി അമ്മയുടെ മുറിയിലെത്തുന്ന ഭാര്യയുടെ നിലവിളിക്കു കാതോർത്ത്  വീടുമാത്രം ഉറങ്ങാതിരുന്നു...""             #ശ്രീ

may 30 ന് പുറത്തിറക്കിയ  കഥാങ്കണം എന്ന പുസ്തകത്തിൽ പ്രസിദ്ധീകരിച്ചത്.

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്