അച്ഛൻ

#അച്ഛന്റെ_ഗന്ധങ്ങൾ

സ്കൂൾ വിട്ടുവന്നാൽ കളിമാത്രമാണ് മുഖ്യം.. നോക്കെത്താദൂരം കിടക്കുന്ന "അഞ്ചലു"സാറിന്റെ തെങ്ങിൻ തോപ്പാണ് ഞങ്ങളുടെ അമ്പാടി...  ആൺകുട്ടികൾ ഗോട്ടിയും കാൽപ്പന്തും സാറ്റുമൊക്കെയായി തിമിർക്കുന്നസമയം പെൺപട കൊത്തംകല്ലിലും കളംചാടലിലും സമരസപ്പെടും.. ഇടയ്ക്കിടെ ചുറ്റുവട്ടത്തുനിന്നും അമ്മമാർ അവരവരുടെ മക്കളെ എന്തെങ്കിലും ആവശ്യങ്ങൾക്ക് വിളിക്കാറുണ്ടെങ്കിലും ഞങ്ങളുടെ കലപിലകളിലേക്ക് ആ ശബ്ദങ്ങളെത്തി തകർന്നടിയും.. കളിയവസാനിക്കും മുമ്പ് തോപ്പിന്റെ അങ്ങേയറ്റം അച്ഛൻ പ്രത്യക്ഷനാകും.  പറമ്പിലോ വയലിലോ പണികഴിഞ്ഞ് ദേഹം മുഴുവൻ ചേറും മണ്ണുംപറ്റി  തലയിലൊരു  തോർത്തുമുണ്ട് ചുറ്റി, തോളിൽ മറ്റൊരു തോർത്തുമുണ്ടുമായി അച്ഛനവിടൊരു തെങ്ങിൽ ചാരിനിൽക്കും...  ചുണ്ടിൽ പുകയുന്നൊരു കാജാബീഡിയുടെ ആയുസ്സു തീരുന്നതാണടയാളം..   വലിയ പറമ്പിന്റെ സാങ്കല്പിക അതിരിൽ നിന്ന് (അന്നൊന്നും ഞങ്ങളുടെ നാട്ടിൽ പറമ്പുകൾക്ക് വേലികളില്ലായിരുന്നു മനസ്സുകൾപോലെ അവയെപ്പോഴും തുറന്നും വിശാലവുമായിരുന്നു... )  കൈവീശിവിളിക്കുമ്പോഴേക്കും ഓടിചെല്ലണം..
പിന്നെ കളി, മൂന്ന് കൈതോടുകൾ ചേരുന്ന മുക്കാംതോട്ടിലാണ്.. മണ്ണുപുരണ്ട ട്രൗസർ ഊരിവാങ്ങി തോർത്തുമുണ്ടുടുപ്പിക്കും ട്രൗസറും അച്ഛന്റെ വസ്ത്രങ്ങളും "മയിൽ ബ്രാൻഡ്" ബാർസോപ്പ് തേച്ച്  മണ്ണാത്തിയമ്മ നാട്ടാരുടെ തുണികൾ  സ്ഥിരം അലക്കി മിനുസമായ ആ പരന്ന കല്ലിലിട്ടലക്കിയെടുക്കുംവരെ തോട്ടിലെ കല്ലുംമണ്ണും ചേർത്ത് ചെറിയ തടയണചമച്ച് ഒഴുക്കിനെ തടയാനൊരു ശ്രമം... കെട്ടിനിർത്തിയ വെള്ളത്തിലൊരു  കളി... കുളവാഴപ്പൂക്കളും കണ്ണാന്തളിപ്പൂക്കളും പൊട്ടിച്ചെടുത്ത് ഒഴുക്കിലേക്ക്... ഈർക്കിലും മരച്ചീനിതണ്ടും ചേർത്തുണ്ടാക്കുന്ന ജലചക്രത്തിന്റെ പരീക്ഷണം അല്ലെങ്കിൽ മാനത്തുകണ്ണികളെ ഭയപ്പെടുത്തൽ.. അവയസാനിക്കുംമുമ്പ് അച്ഛൻ വാസനസോപ്പുകൊണ്ട് മേലാസകലം തേച്ചുകഴുകും.. തൂമ്പ പിടിച്ചുശീലിച്ച് തഴമ്പുകെട്ടിയ അച്ഛന്റെ കൈകൾ ദേഹത്തുരസുമ്പോൾ എന്ത് വേദനിച്ചിരുന്നെന്നോ... എന്നാലും അച്ഛന്റെ രോമാവൃതമായ വയറിലേക്ക് മുഖംചേർത്തുവച്ച് തലതുവർത്തിതരുമ്പോൾ   സദാ ചേറും വിയർപ്പും ചേർന്നൊരുഗന്ധം ഉള്ളിലേക്കരിച്ചുകയറുമായിരുന്നു..  ഒരുപക്ഷേ അച്ഛന്റെ ഗന്ധമായിരുന്നിരിക്കും അത്.. ഇന്നും അച്ഛനെ സ്മരിക്കുമ്പോൾ ആ ഗന്ധം ഓർമ്മകളിലേക്കിരച്ചെത്തുന്നുണ്ട്.

" പോത്തുപോലെ വളർന്നു ഇനീം ഒന്നും സ്വന്തമായി ചെയ്യാനറിയില്ല" അച്ഛന്റെ സ്നേഹപൂർവ്വമുള്ള ശകാരംകേട്ട് കരയ്ക്ക് കയറുമ്പോഴേക്കും കന്നുപൂട്ട് കഴിഞ്ഞ് തോളിൽ കലപ്പയുമായി ഇരുമൂരികളെയും മുന്നിൽ നയിച്ച് "ഗോപിമാമൻ" വരുന്നതുകാണാം...  വലതുകൈയിലെ വടി സ്ഥിരമായി വലതുവശത്തുതന്നെ  നുകംകെട്ടാറുള്ള പോത്തിനുമേൽ പതിക്കുന്നത് കണ്ടിട്ടുണ്ടെങ്കിലും ഇടതുവശത്തെ മൂരിയുടെ തെറ്റിനും വലതുവശത്തെ മൂരിതന്നെ തല്ലുകൊള്ളുന്നതിനെക്കുറിച്ച്, മുതിർന്നശേഷം ശ്രീ. ഒ വി വിജയൻ സാറിന്റെ "ഗുരുസാഗരം" വായിച്ചപ്പോഴാണ് ഗൗരവമായി ചിന്തിച്ചത്. ഒരുപക്ഷേ വലതുവശത്തെ വേദനയെക്കാൾ അവിടെ പതിക്കുന്ന അടിയുടെയും ചാട്ടയുടെ ശീൽക്കാര ശബ്ദത്തെയും ഇടതുവശത്തെ പോത്തും നന്നായി ഭയന്നിരിക്കണം...

വൈകുന്നേരങ്ങളിൽ പതിവായി മദ്യപിച്ചിരുന്നു എന്റെ അച്ഛൻ.. എലിയാവൂർ തോടിലെ വെള്ളത്തിനടിയിയിൽ ബണ്ടിനോട് ചേർത്തുണ്ടാക്കിയ പൊത്തകളിൽ സൂക്ഷിച്ച  വാഴപ്പിണ്ടികൊണ്ട്  അടപ്പിട്ട  നിറമില്ലാത്ത കുപ്പികളിലെ നിറമില്ലാത്ത ദ്രാവകം വാറ്റുചാരായമാണെന്ന് ആദ്യം പറഞ്ഞുതന്നത് വാസുവണ്ണനായിരുന്നു..  അച്ഛന്റെ മദ്യസേവകൊണ്ട് നാട്ടിലോ വീട്ടിലോ പ്രത്യേകിച്ച് പ്രശ്നങ്ങൾ ഒന്നുമുണ്ടായതായി എനിക്കോർമ്മയില്ല... അച്ഛൻ തോട്ടുവരമ്പിൽ വച്ച്  "മണുക്ക"ന്റെ വാറ്റുചാരായം കഴിച്ച് മുക്കാൽ കിലോമീറ്റർ ദൂരം നടന്നാണ് വീട്ടിലെത്താറ്.. അത്രയും നടന്ന് വിയർത്തുവരുന്ന അച്ഛന് മറ്റൊരുഗന്ധമാണ് ചാരായവും വിയർപ്പും കാജാബീഡിപ്പുകയും സമ്മിശ്രമാകുന്ന ഗന്ധവും എന്തുകൊണ്ടോ ഞാനിഷ്ടപ്പെട്ടിരുന്നു..
അച്ഛനൊരു തികഞ്ഞ കലാസ്വാദകൻകൂടിയായിരുന്നു സാംബശിവനെയും കഥാപ്രസംഗവുമൊക്കെ എന്താണെന്ന് കാട്ടിത്തന്നത് അച്ഛനാണ്... കുഞ്ചൻനമ്പ്യാരെയും ആ ആക്ഷേപസാഹിത്യവും  അച്ഛനേറെ ഇഷ്ടപ്പെട്ടിരുന്നു.. ഒരുത്തനുണ്ടാക്കിടുന്ന ദുഷ്പ്രവാദം പരത്തുവാനാളുകളേറെയുണ്ട് സൌഖ്യം.. എന്നും മറ്റുമുള്ള ശ്ലോകങ്ങൾ പതിവായി പറഞ്ഞുപദേശിക്കുമായിരുന്നു. അച്ഛന്റെ ഈ കലാസ്വാദക മനസ്സുണ്ടായിരുന്നതുകൊണ്ട് KPAC യെയും സംഘചേതനയെയും ചാലക്കുടിസാരഥി എന്നുവേണ്ട അക്കാലത്തെ എല്ലാ നാടകകമ്പനികളുടെയും നാടകം കണ്ടാണ് ഞങ്ങൾ വളർന്നത്.
ചിലദിനങ്ങൾ അച്ഛൻ അല്പമധികമായി കുടിച്ചെത്തുമായിരുന്നു അത്തരം ദിവസങ്ങളിൽ  മൂവന്തിയും കഴിഞ്ഞാണ് അച്ഛൻ വീട്ടിലെത്താറ്... വീടിന്റെ മുൻതിണ്ണയിൽ ഒരു മണ്ണെണ്ണവിളക്കുമായി അമ്മ പറമ്പിലേക്ക് നോക്കിയിരിക്കും.. വഴിചേരുന്നയിടത്ത് ഒരു വെള്ളരിമാവിൻതൈയുണ്ട്.. അതിന്റെ ചോട്ടിൽനിന്ന് ഒരു ബീഡിവെട്ടം ആഞ്ഞുകത്തിയണയുന്നതാണടയാളം.. വിളക്കുമായി അമ്മയും അമ്മയ്ക്കുപുറകെ ഞാനും മാഞ്ചോട്ടിലെത്തും. മാവിന്റെ ചാഞ്ഞചില്ലയിൽ പിടിച്ചുതൂങ്ങി ഷർട്ടിന്റെ ബട്ടണുകൾ വിടർത്തി അച്ഛൻ ചാഞ്ഞുനിൽക്കുന്നുണ്ടാവും "ഒറങ്ങീല്ലേ മക്കളെ " എന്നവിളിയോടെ മടിയിൽ നിന്ന് കപ്പലണ്ടിപൊതി കൈമാറും "വിക്രു"വിന്റെ കപ്പലണ്ടിതട്ടിൽനിന്നുള്ള ചൂട്കപ്പലണ്ടി അച്ഛന്റെ വിയർപ്പും ചേർത്തൊരുമണമുയരുന്ന പൊതി പോക്കറ്റിൽ നിക്ഷേപിച്ച് അമ്മയിൽനിന്ന് വിളക്കുവാങ്ങി മുന്നിൽ നടക്കും അമ്മ അച്ഛനെ താങ്ങി പുറകെയും.. ഞങ്ങൾ കപ്പലണ്ടി പകുത്തുതിന്നുറങ്ങുമ്പോഴും അച്ഛൻ പകുതിബോധത്തിൽ മക്കളെ ഉപദേശിച്ചുകൊണ്ടിരിക്കും മക്കൾക്ക് നല്ലൊരുനാളെയെ അച്ഛനൊരുപാട് സ്വപ്നംകണ്ടിരുന്നു... എന്നാലും അന്നുമിന്നും  എനിക്കുമനസ്സിലാകാത്തൊരു മഹാകാര്യം ഏകദേശം മുക്കാൽ കിലോമീറ്റർ സ്വയം നടന്നുവന്ന അച്ഛനെന്തിനാണ് വെറും പത്തുനാല്പതടികൂടി ചുവട്വച്ച് വീട്പൂകാതെ ആ മാഞ്ചോട്ടിൽ ബ്രേക്കിടുന്നത്.. വർഷങ്ങൾക്കു ശേഷമൊരിക്കൽ ആ മാവ് മുറിച്ചനേരം അച്ഛനോട്തന്നെ ഞാനാ ചോദ്യം ചോദിച്ചിരുന്നു.. ഉത്തരത്തിനുപകരം അച്ഛൻ അമ്മയെ അടക്കംചെയ്തിടത്തേയ്ക്ക്നോക്കി ഒന്ന് ചിരിക്കമാത്രം ചെയ്തു.. ആ ചിരിയിലും അച്ഛന്റെ ഗന്ധം... ചേറും വിയർപ്പും ചേർന്നഗന്ധം.. കാജാബീഡിപ്പുകയും വാറ്റുചാരായവും ചേർന്നു മുഷിഞ്ഞ ഗന്ധം.. ചൂട് കപ്പലണ്ടി പൊതിയുടെ  ഗന്ധം... എല്ലാമുണ്ടായിരുന്നു.

ജന്മകർമ്മങ്ങളവസാനിപ്പിച്ചു മടങ്ങിയ അമ്മയെയും അച്ഛനെയും  സ്മരിക്കുമ്പോൾ ആ സ്മരണയ്ക്കുമുന്നിൽ കൈകൂപ്പുമ്പോൾ.. ആ നന്മയുടെ ചൂട് ശരീരമാകെ നിറയുന്നു. മറ്റേതുണ്ട്കാര്യം  ഇത്ര മനോഞ്ജമായ  ഓർമ്മകൾ.
ഈ ഭൂമിയിലേക്ക് ജന്മാനുമതി തന്ന ആ പുണ്യാത്മാക്കൾക്ക് ഈ ജന്മം എക്കാലവും കടപ്പെട്ടിരിക്കുന്നു.

      (മൺമറഞ്ഞ ആ ഗന്ധത്തിന്റെ ഓർമ്മദിനമാണിന്ന്-ശ്രീ)

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്