#സാത്താൻ... ആഗ്രഹങ്ങളുടെ കനി, എത്ര ഉയരത്തിൽ വച്ചാലും പ്രലോഭനങ്ങളുടെ ഏണിചാരി അവസരങ്ങളുടെ ചാഞ്ഞ ചില്ലയുമായി അവൻ വന്നുനിൽക്കും.. എന്റെ സ്വപ്നങ്ങൾക്ക് ഓശാന പാടുവാൻ... #ശ്രീ..
പൂച്ച -------- അസ്വസ്ഥതകൾക്ക് കൂട്ടിന്, അവനുണ്ട്. ഏകാന്തത വിരുന്നുവരുമ്പോൾ, ഇടയ്ക്കിടെ ഒരു ചെറുസ്വരമുതിർത്ത് അരികിൽത്തന്നെ മുഖം മിനുക്കിയൊതുക്കി അവനുണ്ടാകും. പാഞ്ഞകന്നുപോകുന്ന നിമിഷബിന്ദുക്കളുടെ ഗതിവേഗത്തെ തടഞ്ഞതും അവനാകും തീർച്ച..
(ഏതൊരു പുരുഷനും അവന്റെ ആദ്യ വനിത അമ്മയാണ്... ) #ശീർഷകമില്ലാതെ..... ..അതൊരു വൃശ്ചിക മാസത്തിലെ കാർത്തികദിനമായിരുന്നു. അയന്തിച്ചിറതൊടിയിൽ ഒരാണ്ടുമുമ്പ് വിത്തിട്ട് പടർത്തിയ "കാച്ചിലും" "നനകിഴങ്ങും" ചേമ്പുമൊക്കെ വെട്ടി മണ്ണുകളഞ്ഞ് ഉച്ചയ്ക്കുമുമ്പ് തന്നെ അടുക്കളവരാന്തയിലെത്തിയിരുന്നു. ഉച്ചയൂണിനുമുമ്പ് അപ്പുനാടാർ തെക്കേതൊടിയിലെ ഗൗളിഗാത്ര തെങ്ങിൽനിന്ന് ഇളയത് നോക്കി രണ്ടുകുല കരിക്കും കുരുത്തോലയും വെട്ടിയിറക്കി. ഊണ്കഴിഞ്ഞ് ഗോപിയും അപ്പുനാടാരും ചേർന്ന് വലിയൊരു കപ്പവാഴത്തട വൃത്തിയാക്കി നടുമുറ്റത്ത് ഉറപ്പിച്ച കവുങ്ങിന്റെ കുറ്റിയിൽ ഉറപ്പിച്ചു. പിന്നെ കുരുത്തോല വെട്ടിയും പിന്നിയും അതിനെയൊരു രസികൻ വിളക്കാക്കിത്തുടങ്ങി കാഴ്ചക്കാരനായിനിന്നു മൂത്തപുത്രൻ മണി. ഏറ്റവും ഇളയവനായ ഉണ്ണി ചീന്തിയിട്ട കുരുത്തോലയിൽ ചെറുകിളിയെ ചമയ്ക്കുന്നതുകണ്ടുരസിച്ചു. ഉച്ചമയക്കത്തിലാണ്ട അമ്മയ്ക്ക് സമിപം കിടന്ന പൂർണ്ണഗർഭിണിയായ "സാവു"വെന്ന സാവിത്രിക്കും വിളക്കൊരുക്കുന്നതു കാണണമെന്നുണ്ടായിരുന്നെങ്കിലും നടുമുറ്റത്തേയ്ക്ക് നടക്കുവാൻ ആയാസമുണ്ടായതുകൊണ്ട് വേണ്ടാന്ന് വച്ചു. വീട്ടിലെ പെൺകുട്ടികൾ അവരുടെ കളിക്...