Poem MALAYALAM
പ്രമുക്താനുരാഗം
അരിയ നെടുവിരലാലെൻ
തീരത്തു നീചേർത്തൊരരു-
മയാം ചിത്രങ്ങൾ മാഞ്ഞതില്ല
ഒരുപാടു തിരകളെന്നാഴത്തു-
നിന്നേറി കരയെപ്പുണർന്നിട്ടു
പോയെങ്കിലും..
നഖമുനകൊണ്ടെന്റെ
ഹൃദയത്തിൽ നീ തീർത്ത
വടുവിലെ രക്തവും മാഞ്ഞതില്ല
ഒരുരാഗവും നെഞ്ചി-
ലിടംചേർന്നണഞ്ഞില്ല
അനുരാഗമെന്നിൽ
പൊഴിഞ്ഞശേഷം...
നിഴലില്ലാ കനവുകൾ
പദയാത്രചെയ്യുമെൻ
അകതാരിലൊളിപ്പിച്ച
നിനവാണ് നീ....
ഇരുളാണെൻ കരളിലി
ന്നെന്നാലുമൊരുവള,
കരുതിഞാൻ നീവരു-
മെന്നോർത്തിടേ
ഒരുകരിവള പൊട്ടി-
ച്ചിതറിനിൻ മിഴിനീരൊ-
രരുവിയായ് തീർന്നതിൻ
കടമൂട്ടുവാൻ.
അരികിൽ നീയൊരുവേള
യണയുവാനായെങ്കിൽ
കരുതിഞാനൊരുകുല
ചെമ്പൂവുകൾ
അവയിലെ നറുഗന്ധമൊഴുകി
പ്പരന്നുനിന്നരികിലാ-
യണയുന്നതറിയൂ സഖീ..
ഇനിയെത്ര ദിനരാത്രമറിയില്ല
കനവിലും നിനവിലും
ഞാൻ കാത്തൊരീസുഗന്ധം
അറിയാതെ പോയതല്ലകമേ
ത്യജിച്ചതല്ലറിയാമതെങ്കിലും
പ്രിയ മാനസീ...
ഒരുകാറ്റിനൊപ്പമെന്നുയിരും
സുഗന്ധവും അണയുന്ന-
തെങ്ങാനുമറിയുമോ നീ...
#sreekumarsree
പ്രമുക്തം= ത്യജിക്കപ്പെട്ട.
Comments