ARTICLE-MALAYALAM
#സംഭാഷണസാഹിത്യം.
"ആരാ തനിച്ചു നിൽക്കുന്നത്?..."
"ഞാൻ "
"അവിടെ നിൽക്കുന്നതെന്താ..?"
"കാണാഞ്ഞിട്ട്."
അയാൾ അടുത്തുചെന്നു..
"എന്താ ഉറങ്ങാത്തത്.?"
"ഉറക്കം വരാഞ്ഞിട്ട്.."
"ഉണ്ടോ..?"
"ഇല്ല..."
"എന്താ ഉണ്ണാത്തത്..?"
"വരാഞ്ഞിട്ട്.."
( നിശ്ശബ്ദത......
പപ്പു കുറച്ചുകൂടി അടുത്തു നിന്നു. അയാളുടെ വലതുകൈ അവളുടെ തോളിൽ വീണു.- )
"ഓടയിൽനിന്ന്" എന്ന നോവലിലെ പപ്പുവിന്റെയും കല്ലാണിയുടെയും മനോവിചാരങ്ങളെ എത്ര തന്മയത്തോടെയാണ് ഈ വരികളിൽ കേശവദേവ് വരച്ചിടുന്നത്.
മലയാളസാഹിത്യഭാഷ, സംസ്കൃതാലങ്കാരങ്ങളിൽ നിന്നും മുക്തിനേടിയ ശേഷമാണ് മലയാള നോവൽസാഹിത്യം വികാസം പ്രാപിച്ചതെന്നു പറയാം . കൃത്രിമത്വമില്ലാതെ ലളിതവും ജീവിതഗന്ധിയുമായ ഭാഷ മലയാളനോവലിലെ കഥാപാത്രങ്ങൾ സംസാരിച്ചുതുടങ്ങിയത് "ഇന്ദുലേഖ"യിലൂടെ തന്നെയാണ്..
"ഇന്ദുലേഖയ്ക്ക് കളിഭ്രാന്തുണ്ടോ..?"
"എന്തു ഭ്രാന്ത്?..."
"കളിഭ്രാന്ത്... കഥകളിഭ്രാന്ത്..?"
"എനിക്ക് ഒരുവകയായും ഭ്രാന്ത് ഉണ്ടായിട്ടില്ല."
"എനിക്ക് നല്ല ഭ്രാന്താണ്.. കലശലായ ഭ്രാന്ത്."
സാധാരണക്കാരന്റെ ഭാഷയിൽ കഥാപാത്രങ്ങൾ സ്വാഭാവികമായി സംസാരിച്ചുതുടങ്ങിയപ്പോൾ ആ സാഹിത്യം സാധാരണക്കാരിലേയ്ക്കുകൂടി ആഴ്ന്നിറങ്ങി വികാസം പ്രാപിക്കയാണുണ്ടായത്.
നോവലുകളിൽ സംഭാഷണം പൊതുവെ വളരെ കുറവായിരിക്കും അതിനാൽ ഉള്ളവ മൂല്യവത്തും സാരവത്തുമായിരിക്കും. കഥാപാത്രത്തിന്റെ സൂഷ്മഭാവങ്ങളുടെ പ്രതിഫലനം അവരുടെ സംഭാഷണത്തിലാണ് നിഴലിക്കുന്നത്.. കഥാഗതിയെ പലപ്പോഴും മുന്നോട്ട് നയിക്കാനായിരിക്കും കഥാകൃത്ത് നോവലിൽ അവിടവിടെ സംഭാഷണങ്ങൾ ഉപയോഗിക്കുന്നത്. എന്തുതന്നെയായാലും മലയാളത്തിൽ സംഭാഷണങ്ങളുടെ നാടകീയതയെക്കുറിച്ച് ഒരവബോധം സൃഷ്ടിച്ചത് നോവൽ രചയിതാവായ സി.വി. രാമൻപിള്ളയാണെന്നത് വാസ്തവമാണ്. അദ്ദേഹത്തിന്റെ മാർത്താണ്ഡവർമ്മയിലും ധർമ്മരാജയിലും 23 വീതവും രാമരാജബഹദൂറിൽ 24 ഉം മറ്റുമായി 12 സ്ത്രീകളും 58 പുരുഷന്മാരുമായി ജീവസുറ്റ 70 കഥാപാത്രങ്ങളുടെ സംഭാഷണം നോക്കുക.. സൂഷ്മവും വ്യത്യസ്തത പുലർത്തുന്നതുമാണ് ഓരോരുത്തരുടെയും സംഭാഷണം. കഥാപാത്രസൃഷ്ടിപോലെതന്നെ ഓരോരുത്തരുടെയും സംഭാഷണശൈലിയുടെ വ്യത്യസ്തതയിലും സി. വി. ഒരത്ഭുതവും ആരംഭവുമായിരുന്നെന്ന് കാണാം.
നോവൽ സാഹിത്യം വളർന്നതിനൊപ്പം സി. വി. തുടങ്ങിവച്ച സംഭാഷണഭാഷാരീതിയും വികാസംപ്രാപിച്ച് കൂടുതൽ കൂടുതൽ ജീവിതഗന്ധിയായതു കാണാം.
മലയാളത്തിൽമുസ്ലീം കഥപറഞ്ഞുവിജയിപ്പിച്ച ആദ്യ സാഹിത്യകാരൻ ശ്രീ. ബഷീർ തന്റെ കഥാപാത്രങ്ങൾക്ക് മറ്റൊരുഭാഷതന്നെ സമ്മാനിച്ചു..
"ഒന്നും ഒന്നുംചേർന്ന് ഇമ്മിണി ബല്യതായ കാര്യം ഏതു മലയാളിയാണ് മറക്കുക.."
"ഞമ്മക്കും ഒരു മനിസന്റെ ഖൽബ് പടച്ചോൻ തന്നുപോയി"
-എന്ന് ഉമ്മാച്ചുവിലൂടെ ഉറൂബും സംഭാഷണ ഭാഷയെ ലളിതമാക്കിവരച്ചുകാട്ടി. അക്ഷരങ്ങളെ കണിശതയോടെ പ്രയോഗിച്ച് കോവിലനും കനപ്പെട്ട ഹാസ്യത്തിലൂടെ വി. കെ. എന്നും ലളിതസംഭാഷണപ്രയോഗത്തോട് ചേർന്നുനിന്നു.
""എനിക്കു ലോകത്തെ തിന്നണം."". എന്ന് മുകുന്ദന്റെ കഥാപാത്രം സംസാരിക്കുന്നു. കഥാപാത്രത്തിന്റെ രൂപത്തിലും കാലത്തിനും ഉതകുന്ന സംഭാഷണം നൽകിയവരിൽ പ്രധാനി എം. ടി തന്നെയാണ്. ഇതിഹാസമാനമുള്ള സംഭാഷണം നിറഞ്ഞ "രണ്ടാമൂഴ"ത്തിൽ നിന്ന് " സേതുവിന് എന്നും ഒരാളോടേ ഇഷ്ടമായിരുന്നുള്ളൂ.. എന്ന് "കാലം" എന്ന കൃതിയിലെ കഥാപാത്രം സംസാരിക്കുമ്പോൾ വ്യത്യസ്തതയുടെ അന്തരം എത്രമാത്രം വലുതാണ്.
ഇവയൊക്കെയാണെങ്കിലും കർഷകന്റെ കഥാകാരൻ, കർഷകനായ മണ്ണിന്റെ കഥാകാരൻ തകഴി എത്ര മനോഹരമായാണ് സാധാരണക്കാരന്റെ ഭാഷയിൽ തന്റെ നോവലിലൂടെ സംവേദനം ചെയ്യുന്നതെന്ന് നോക്കൂ..
" ഏൻ പെണ്ണിന് എന്നാ വേണം"
"ഏൻ.. ഏൻ..."
" എന്നാടീ.. പറ"
" ഏന് ഒന്ന് പെറണം"
ചിരുതയുടെ മറുപടി കേട്ട് കോരൻ പൊട്ടിച്ചിരിക്കും മുമ്പ് വായനക്കാരനിൽ സുഖമുള്ളൊരു ചിരിവിടരുന്നുണ്ട്..
സംഭാഷണഭാഷയും വിവരണഭാഷയും തമ്മിലുള്ള അന്തരം ഒഴിവാക്കി ഭാഷയെ മൗലികവത്ക്കരിച്ച എത്രയെത്ര കൃതികളാണ് നമ്മുടെഭാഷയെ സമ്പന്നമാക്കിയത്.
ഇതൊക്കെയാണെങ്കിലും തികച്ചും കൃത്രിമമായ ഒരു ഭാഷ കഥാപാത്രത്തെക്കൊണ്ട് സംസാരിപ്പിക്കുന്നതിലും തെറ്റില്ലതന്നെ. പക്ഷേ അതിനൊരുദ്ദേശം ഉണ്ടാവണം ചുരുക്കത്തിൽ നോവലിസ്റ്റ് ഉദ്ദേശിക്കുന്ന കഥാപാത്രസ്വഭാവത്തിന് അങ്ങിനെയൊരുഭാഷ ആവശ്യമാണെങ്കിൽ അതാകാം എന്നുസാരം.
കടപ്പാട്.
#ശ്രീ.
ഒ. ചന്തുമേനോന്റെ 'ഇന്ദു ലേഖ' (1889) യോടെയാണ് മലയാള നോവല്‍ ജനിച്ചത്. 'ഇന്ദുലേഖ'യ്ക്കു ശേഷമെഴുതിയ 'ശാരദ' പൂര്‍ത്തിയാകുംമുമ്പേ ചന്തുമേനോന്‍ അന്തരിച്ചു. 1891-ല്‍ സി. വി. രാമന്‍ പിള്ളയുടെ 'മാര്‍ത്താണ്ഡവര്‍മ' കൂടി പ്രസിദ്ധീകരിച്ചതോടെ മലയാള നോവല്‍ സാഹിത്യത്തിന് ബലിഷ്ഠമായ അടിത്തറ ഒരുങ്ങി. പടിഞ്ഞാറേക്കോവിലകത്ത് അമ്മാമന്‍ രാജായുടെ 'ഇന്ദുമതീസ്വയംവരം' (1890), സി. ചാത്തുനായരുടെ 'മീനാക്ഷി' (1890), പോത്തേരി തൊമ്മന്‍ അപ്പോത്തിക്കിരിയുടെ 'പരിഷ്കാരപ്പാതി' (1892), കിഴക്കേപ്പാട്ട് രാമന്‍ മേനോന്റെ 'പറങ്ങോടി പരിണയം' (1892), കോമാട്ടില്‍ പാഡുമേനോന്റെ 'ലക്ഷ്മീ കേശവം', സി. അന്തപ്പായിയുടെ 'നാലുപേരിലൊരുത്തന്‍' (1893). കേരള വര്‍മ വലിയ കോയിത്തമ്പുരാന്റെ 'അക്ബര്‍' (1894), ജോസഫ് മൂളിയിലിന്റെ 'സുകുമാരി' (1897) എന്നിവയാണ് 19-ാം നൂറ്റാണ്ടിലുണ്ടായ മറ്റു നോവലുകള്‍.
Comments