ദലമർമ്മരസ്മരണകൾ. --------------------- അശ്വഗന്ധം പേറിയൊരു ഭൂതകാലം ഈ മുണ്ഡിതശിരസ്സിലുണ്ട്. പാച്ചോറ്റിത്തണലിൽ പായ് വിരിച്ച- മാൻപേടകളുടെ പ്രണയകേളികളോർമ്മകൾ... നാഗഗന്ധ ചുറ്റിപ്പടർന്നൊരു, രുദ്രാക്ഷവൃക്ഷം, മകുടമായ് ചൂടിയ- പഴയൊരു ഹരിതകാലം. നീരുവറ്റിയ തായ് വേരുകൾ ഉദരത്തിലിനിയും ബാക്കി.... ചക്രവാതങ്ങളേറ്റ്, വിയർക്കുന്നുണ്ട് വാർദ്ധക്യം. മുഖത്തേയ്ക്കുയർന്നുവരുന്ന യന്ത്രകൈപ്പത്തിയൊരു മൂർഖഫണംപോലെ മുരളുന്നു. അരുത്ചൊല്ലുവാൻ, ശബ്ദമില്ലാത്തയക്ഷരങ്ങൾ... തണലുതേടിയലയാൻ, അഭയസങ്കേതമണയാൻ, പാദങ്ങളില്ലാത്ത നൈരാശ്യം... ശ്രീകുമാർശ്രീ.