Malayalam poem
മതമൊരു മദമാണ്.
÷÷÷÷÷÷÷÷÷÷÷÷÷÷
നിശ്ശബ്ദതയിന്നും
ഒളിയിടം തേടിയലയുകയാണ്..
ശബ്ദമന്വേഷിച്ചവരെല്ലാം
കണ്ടെത്തിയതവനെ..!
മാനവികത തേടിയത്
മാനവനെന്നതാണ് സത്യം.
മരുഭൂമികൾക്കുമേൽ
മണിസൗധങ്ങൾ തീർത്തവൻ
പുരികക്കൊടികളിൽ
ഇടംകൈവിരൽ ചേർത്ത്,
അകലേക്കുറ്റുനോക്കിയത്
മരുപ്പച്ചകളെയാണുപോലും...!
മനുഷ്യൻ മാത്രം തേടിനടക്കുന്ന
മരീചികയാണ് മനുഷ്യത്വം.
മതം പറയാത്തവനുമൊരു-
മതമുണ്ടെന്നറിയത്തവരോ
അറിവൊരു പൊളളലാണെന്ന
തിരിച്ചറിവേറിയവരോ..
മതമില്ലാത്തവനെ
കഴുവേറ്റുന്നുണ്ടിവിടെ..
തത്ത്വസംഹിതകളുടെ
പുറംതാളുകളിൽ
മതഭ്രാന്തിന്റെ
ചാപ്പകുത്തിയിരിക്കുന്നു..
ഒരൊറ്റമതമാണ് സ്നേഹമെന്ന്
പാടി, പാലൂട്ടിയ സർഗ്ഗഗായകന്റെ
പിൻതലമുറയുടെ നെറുംതലയ്ക്കൽ
വനനിഗൂഢതകളിലെവിടെയോ
വെടിയുതിർക്കുന്നതവനാണ്...
തൂലികയിലൂടൂറിവീണ് പടർന്ന,
അക്ഷരങ്ങളെ ഭയന്നോടിയവൻ..
ശ്രീ.
Comments