Poem - Malayalam
ദലമർമ്മരസ്മരണകൾ.
---------------------
അശ്വഗന്ധം പേറിയൊരു ഭൂതകാലം
ഈ മുണ്ഡിതശിരസ്സിലുണ്ട്.
പാച്ചോറ്റിത്തണലിൽ പായ് വിരിച്ച-
മാൻപേടകളുടെ
പ്രണയകേളികളോർമ്മകൾ...
നാഗഗന്ധ ചുറ്റിപ്പടർന്നൊരു,
രുദ്രാക്ഷവൃക്ഷം,
മകുടമായ് ചൂടിയ-
പഴയൊരു ഹരിതകാലം.
നീരുവറ്റിയ തായ് വേരുകൾ
ഉദരത്തിലിനിയും ബാക്കി....
ചക്രവാതങ്ങളേറ്റ്,
വിയർക്കുന്നുണ്ട് വാർദ്ധക്യം.
മുഖത്തേയ്ക്കുയർന്നുവരുന്ന
യന്ത്രകൈപ്പത്തിയൊരു
മൂർഖഫണംപോലെ മുരളുന്നു.
അരുത്ചൊല്ലുവാൻ,
ശബ്ദമില്ലാത്തയക്ഷരങ്ങൾ...
തണലുതേടിയലയാൻ,
അഭയസങ്കേതമണയാൻ,
പാദങ്ങളില്ലാത്ത നൈരാശ്യം...
ശ്രീകുമാർശ്രീ.
Comments