പ്രാർത്ഥന °°°°°°°°°°°° പകലുകൾ ശാന്തമായെങ്കിൽ... രാത്രികൾ ആർദ്രമായെങ്കിൽ ഇരുട്ടിനെ കീറിമുറിക്കാൻ പ്രകാശവീചികൾക്കാകാതായെങ്കിൽ അക്ഷരങ്ങൾ ഹിമമുരുക്കുമ്പോൾ കണ്ണുകൾ നിറയാതിരുന്നെങ്കിൽ വസന്തങ്ങളിൽ കോകിലനാദമുയരാതിരുന്നെങ്കിൽ നോവുകളിൽ സുഖസ്പർശ- സാന്ത്വനലേപനമകന്നെങ്കിൽ... കാത്തിരിപ്പിന്റെ ശുഭാപ്തികൾക്ക് പൂർണ്ണവിരാമങ്ങളില്ലായിരുന്നെങ്കിൽ.. പൂർണ്ണചന്ദ്രന്റെ പനീർമഴയിൽ കുളിർകണം തൂവാതിരുന്നെങ്കിൽ.. ഇല്ലായെങ്കിൽ....... എന്റെ കണ്ണുകൾ കുത്തിമുറിക്കൂ.. വിശ്വസൗന്ദര്യം ഞാൻ കാണാതിരിക്കട്ടെ.. എന്റെ കാതുകളിൽ ഈയമുരുക്കിയൊഴിക്കൂ... മധുസ്വരം എനിക്കന്യമാകട്ടെ.. എന്റെ നാവ് നാലായി ഛേദിക്കൂ.. എന്റെ പ്രേമം ഞാനുരിയാടാതാവട്ടെ.. എന്റെ പഞ്ചേന്ദ്രിയങ്ങളും ബന്ധിക്കുക ഞാൻ ഞാനല്ലാതലയട്ടെ... ഇനി, എന്റെ ശവക്കല്ലറയുടെ മേൽഫലകം നാമലിഖിതമില്ലാത്തതായിരിക്കട്ടെ എന്നെയാരും അറിയാതിരിക്കട്ടെ.. കല്ലറഭിത്തികൾ അതാര്യമാക്കുക, എന്നെ ആരും കാണാതെയുമിരിക്കട്ടെ. തിരുശേഷിപ്പുകൾ തച്ചുടയ്ക്കുക, സ്മരണകൾ വിസ്മരിക്കപ്പെടട്ടെ. ...