Posts

Showing posts from April, 2025

പാട്ടിന്റെകനൽ

Image
പാട്ട് താരാട്ടാണെങ്കിൽ ആർക്കുമില്ല ചേതം.. അമ്മയുടെ മുഷിഞ്ഞ കരംപോലെ, ഇടറിയതെങ്കിലും കുഞ്ഞിനു മധുരമായ, അല്ലങ്കാരങ്ങളില്ലാത്ത ചമയമാകുന്നു.. ഇതുവരെ. കാറ്റിൽ കുയിൽപാടി പാലിൽ മാധുര്യം ചാർത്തി ചൂടിൽ കുളിർമേഘമായി ഒരു സ്വപ്നം വിരിയുന്നു ശാന്തമായി അതങ്ങനെ. . പക്ഷേ, പാട്ട് പോരാട്ടമാകുമ്പോൾ, മണ്ണിന്റെ കരച്ചിലായ് ഉയരുമ്പോൾ, ഇടനിലക്കാരൻ മുഖം തിരിക്കും, സോഷ്യലിസ്റ്റിന്റെ ചിന്തയിൽ പോലും ഇരുണ്ട കോണുകളുണ്ടെന്ന് പറയുമ്പോഴാണ്  നാമറിയുന്നത്, പാട്ടിന്റെ ഭീമനീതി ചിലർക്കു പേടിയാണെന്ന്.. വിപ്ലവത്തിന്റെ ചുവപ്പുടയാടയ്‌ക്കുള്ളിൽ കറുത്ത പുള്ളിക്കുത്തുണ്ടാവാം, പാട്ട് അതിന്റെ നിറം ചോദിക്കുമ്പോൾ ഉത്തരങ്ങളില്ലാതെ മൌനം മാത്രം. എങ്കിൽ ഞങ്ങൾ പാടും – താരാട്ടിനും പോരാട്ടത്തിനും ഇടയിൽ ഒരു പക്ഷിരൂപം പോലെ സ്വതന്ത്രമായി,  അതിജീവനത്തിന്റെ ഗന്ധവാതം തൊട്ട് ഞങ്ങൾ പാടിക്കൊണ്ടേയിരിക്കും.. കറുത്തരാവിന്റെ പാട്ടുകൾ. #Sree.30042025 ©️reserved

ഒന്നു വീണാൽ

Image
ഒന്നു വീണാൽ...? മേഘം പോലെ തളിർത്ത ആകാശം മാറിമറിയും പ്രതീക്ഷയുടെ പുഞ്ചിരി ചേർത്തുപിടിച്ചവർ പുതിയൊരു മഴക്കാലത്തിന് കറുത്തിരുളും.. ഒന്നു വീണാൽ...? കരളുറക്കിയ മൗനത്തിന്റെ അടിവാരം അഗാധചിന്തയുടെ പോർക്കളമാവും, അവിടെയാരംഭിക്കും നമ്മൾ കാണാത്ത വെളിച്ചത്തിനായുള്ള യുദ്ധം... ഒന്നു വീണാൽ...? ഒരു കടലിരമ്പത്തിൽ വേദനയുടെ തൊലിപ്പുറത്ത്, ജീവിതം വീണ്ടും തന്റെ ഭാഷ ചൊല്ലും, നമ്മൾ കേൾക്കാതിരുന്ന ആ സംഗീതം നമ്മെ തൊട്ടുണർത്തും, പുതുവെളിച്ചത്തിലേക്ക്... ഒന്നു വീണാൽ... അതൊരു തുടർച്ച മാത്രമാകാം ഒരുപാട് ഉയരങ്ങളിലേക്കുള്ള മറ്റൊരു പടിയിറക്കവുമാകാം. വീഴ്ചയെ പാടിപ്പാടി ഉയരാനാണ് ജീവിതം നമ്മെ എഴുത്തിനിരുത്തിയത്.. -ശ്രീകുമാർ ശ്രീ-

ശ്രാദ്ധവിഹിതം

Image
ഇരുൾകനക്കുന്ന നേരത്തുനീയെന്റെ ഇടതുഭാഗത്തുതന്നെയിരിക്കുക..   മിഴിയനക്കങ്ങളുടയുന്നനേരമെൻ അതിമയക്കമുണർത്താതിരിക്കുക.. ചിറകുപൂട്ടുകയാകുമെൻ ചിന്തകൾ ചെറുചിരിയെന്റെ ചുണ്ടിൽ വിരിഞ്ഞിടാം ചിലഞരക്കങ്ങൾ പോലതിൻ വാക്കിനായ് ചെവിയണച്ചുപിടിക്കാതിരിക്കുക. ഒരുകണമെന്റെ മിഴിയിലുടഞ്ഞിടാം മറുമൊഴി മിഴി നിറയാതിരിക്കണം പെരുവിരൽതുമ്പു ചെറുതായ് വിറച്ചിടാം ചേർത്തുവച്ചു വിളിക്കാതിരിക്കുക... ഓർക്കുകയേറെ ദൂരമുണ്ടാമെന്റെ നേർത്ത ജീവനുപോകുവാനായിനി, കാത്തുവയ്ക്കുവാനൊന്നും കരുതാത്ത മൂർദ്ധജീവിതമസ്തമിക്കുന്നിതാ.. കൂട്ടിവച്ചില്ല ശ്രാദ്ധമൂട്ടാൻ തരി, നെൽമണിക്കതിർ കോലോത്തറകളിൽ, നട്ടുകാത്തില്ല തെക്കേത്തൊടിയിലായ് നാട്ടുമാവൊന്നു ചുട്ടുകരിക്കുവാൻ.. സ്മരണചേർത്തൊരു ചില്ലുകൂടാക്കിയീ തിരുമുഖത്തു നീ തൂക്കാതിരിക്കണം തിരിതെളിക്കരുതെന്നുടെ ചിന്തകൾ മനമിടയ്ക്കു പതംപറഞ്ഞീടുകിൽ.. ചേർത്തണയ്ക്കരുതോർമ്മകളെന്നെയും നേർത്ത ചിന്തകളാചിതയിലൂട്ടുക ഓർത്തുവയ്ക്കരുതൊന്നുമേ മേലിലും ഓർമ്മകൾ വിറ്റു ശ്രാദ്ധമൂട്ടീടുക. ഒരുതിരികെട്ടപോലെ കരുതണം മറുതിരിക്കായി നല്ലെണ്ണകരുതണം ശുഭകരം ജന്മനിമിഷമെന്നാകുകിൽ മരണവുമതുപോൽതന്നെ നിശ്ചയം.. ഇരുനിമിഷങ്ങളും ഭവാനറിയാതെ ഭവിതമാകുകയി...

ആദ്യന്തം

ഒരിക്കൽ മണ്ണ് ചോദിച്ചു: "ഞാനൊരു പൊടിയുടെ കണമാണോ?" പിറവിയും പുനർജന്മവും കൈകോർത്തു ചിരിച്ചു. ഒരു തിരമാല കരയോട് ചോദിച്ചു: "ഞാനൊരു നിമിഷത്തിന്റെ നീരാളിയല്ലേ?" സമുദ്രം ഉച്ചത്തിൽ ചിരിച്ചു: "നീ എനിക്ക് തിരികെ ചേരുമ്പോൾ കാലത്തിന്റെ അർത്ഥം തീരുന്നു!" ഒരു തിരുമുറിവിൽ നിന്നു താഴെവീണ നക്ഷത്രം ചോദിച്ചു: "അഗ്നിയും ഇരുളും ഒരുമിച്ചോ?" നിശാഭൂഷണം വെളിച്ചമാകവേ നിഴൽ പിന്നിലാക്കി പോയി. അറിവിന്റെ അതിരുകൾക്കപ്പുറം ചിന്തയുടെ ചിറകുകൾ വീശുമ്പോൾ നാമെല്ലാം നിമിഷങ്ങൾ മാത്രം നിറയുന്ന അതിർവരമ്പുകൾ. പക്ഷേ, നിമിഷങ്ങൾ പെയ്തിറങ്ങുമ്പോൾ കാലം എക്കാലവും മൗനിയാകുന്നു. ഒരിക്കലും മടങ്ങിയെത്താത്ത യാത്രകൾ മാത്രം അടയാളങ്ങൾ... നീ ചിന്തിക്കുന്നതും ഞാൻ കാണുന്നതും ഒരു തുടർച്ചയുടേതോ? അല്ല, ഒരു പിരിയലിന്റെ അവശിഷ്ടങ്ങൾ മാത്രമാണ്... തീരങ്ങൾ ചോദിക്കുന്നു: "സമുദ്രം എത്ര നീളമേറുന്നു?" കാറ്റ് ഉണർന്നുപോകുന്നു: "അനന്തം അളക്കാൻ വാക്കില്ലേ." നമുക്ക് ചോദിക്കാൻ പറ്റുന്ന എല്ലാ ചോദ്യങ്ങളും സമാധാനങ്ങൾക്കരികെ ഒരിക്കലുമെത്താത്ത ദിശകളാണ്. നമ്മുടെ സത്യം എന്നും പാതിയിൽ നിൽക്കുന്ന ഒരു പ്രകാശരശ്മ...
Image
#സന്യാസത്തിലേക്കെത്തുന്നത്.  കാറ്റിനോടോ പറവയോടോ ചോദിക്കുവാൻ പറ്റുമോ? നിന്റെ ജന്മരഹസ്യമെന്തെന്ന്.. എവിടെ നിന്നാണ് വന്നതെന്നും എന്തിനാണ് പോയതെന്നും?.. മഴത്തുള്ളിയോട് ചോദിക്കുമോ? "വിശാലമായൊരു നീലാകാശം നിന്നിൽ ഒളിച്ചിരിപ്പുണ്ടോ?" നീ പേറിവന്നതൊരാകാശത്തിന്റെ ജന്മരഹസ്യമാണോ എന്ന്, അതപ്പോൾ അണിയുമായിരിക്കും ഒരായിരം ചിന്തകളുടെ മാല.. ജനനം ഒരു താളമാണ്, നദിയിൽ വീണ ഒരു തരംഗമാണത്, പാറകളെ തൊട്ടുരുമ്മി സമുദ്രമായി പരിണമിക്കുന്നൊരു യാത്രയാണത്... എന്തിനാണൊരു ജനനം? ഉണ്ടാകാൻ, കാണാൻ, അനുഭവിക്കാൻ, തണലിലൊന്ന് മയങ്ങാൻ വെയിലിലൊന്നു വിയർക്കാൻ കാറ്റിനൊപ്പം പറക്കാൻ, മഴയിലൊന്ന് നനയാൻ, ഒരു പുഞ്ചിരി വിടർത്താൻ മറുപുഞ്ചിരിയാലൊന്നു പുതയ്ക്കാൻ... ഇത്രേയോ? അതോ അതിനപ്പുറം? നമ്മുടെയാർത്തികൾ തീരുമ്പോൾ മറുപടികൾ നമുക്കു മതിയാകില്ല.. ശരിയായ മറുപടി മറ്റെവിടെയോ മറഞ്ഞിരിക്കും, ഒരിക്കലുമറിയാത്ത ഒരു രഹസ്യമായി... തേടലാരംഭിക്കുമ്പോൾ, അദ്ധ്യാത്മികമായി.. സന്യാസമായി...