ഇരുട്ടിന്റെ ആത്മാവ്

സുഖമരണമല്ലെങ്കിലും അവർക്കിന്നൊരു വീരസ്വർഗ്ഗമുണ്ട് നിനക്കോ..? ഇരുളിന്റെ തമ്പറകളിലേറി വാൾത്തലപ്പിലൂടെ നിണമിറ്റൊഴുക്കിയ അശ്വത്ഥാമാ.... ചതികളിലെ വിജയമാണ് നിന്റെ രോക്ഷാഗ്നിക്ക് നിദാനമെങ്കിൽ കളിക്കൂട്ടിലെ ദുര്യോധനവിഷപാത്രം തച്ചുടയ്ക്കണമാദ്യം. അരക്കില്ലത്തിലുറപ്പിച്ച മരപ്പശക്കൂട്ടുചമച്ച കരങ്ങളുമരിയണം.. ധൃതരാഷ്ട്രാലിംഗനത്തിലെ കാളകൂടം മണക്കണം.. ചൂതറയിലെ ശകുനിക്കണ്ണുകളെ ചൂഴ്ന്നെടുക്കണമാദ്യം... പകൽവെളിച്ചത്തിലട്ടഹസിച്ച ഭീമഗർജ്ജനത്തിനുമേൽ ചുവടുകൾ പിഴയ്ക്കാതെ സൂര്യമണ്ഡലത്തിലുയർന്ന് ഖഡ്ഗമുയർത്തി, ആക്രോശിക്കണമായിരുന്നു നീ നിന്റെയമരത്വം... പകൽയുദ്ധങ്ങളിലലിഞ്ഞവർ നിശാവസ്ത്രത്തിലഭയമായവർ... നിരായുധരായവർ... ഇരുളിന്റെ മറവെട്ടി, സംഹാരത്തിലെന്തുനേടിനീ, തമോഗർത്തത്തിലഭയംതേടി ഇരുട്ടിന്റെ ആത്മാവായി, ഇരുളിലലിയുംമുമ്പ്, അശ്വത്ഥാമാ.... സുഖമരണമല്ലെങ്കിലും യോദ്ധാവിനൊരു വീരസ്വർഗ്ഗമുണ്ട് നിനക്കോ..?. ©️sree. 22012025