Posts

Showing posts from December, 2023

അകമലരി

Image
അകമലരി (വാമൊഴിയിൽ നിന്നൊരു കഥ) കൂരൻകാവിലേക്ക് ആരും വരാറില്ല.. വന്നാൽപോലും ആളും ബഹളവുമായേ വരൂ... കുറഞ്ഞത് പത്തുപതിനഞ്ചുപേരും വെട്ടവുമില്ലാതെ അതും പട്ടാപ്പകൽ. ഇടതൂർന്ന ചൂരലും ചാരും മാത്രമല്ല തറയിലെല്ലാം ഉഗ്രനാഗത്താന്മാരുടെ വാസമാണ്.. കാവിലെ കൂരനോ..?, പകലുപോലും നാഗങ്ങളെ തോളിൽ ചുറ്റി തീക്കണ്ണുതുറന്നിരിക്കും.. ഉച്ചവെയിലിനെക്കാൾ ചൂടുണ്ടാവുമപ്പോൾ കാവിന്... എന്നാലോ, തുള്ളിപ്രകാശമുണ്ടാകില്ല കാവിൽ..!! കൂരൻകാവിലേക്ക് ആർക്കും പ്രവേശനമില്ല അഥവാ കയറിയവരാരും പുറത്തുവന്നിട്ടില്ല..! നൂറ് കാതമകലെക്കൂടിപ്പോലും വയറ്റിച്ചൂലികൾപോകില്ല പോയാൽ വയറുകീറി, ചോരതൂറിചാവ്.. കുട്ടികൾ അങ്ങോട്ട് നോക്കാറേയില്ല നോക്കിയാൽ മണ്ടകരിഞ്ഞ് ബുദ്ധിനശിച്ച് മണ്ടിനടക്കും പിന്നുള്ളകാലം.. ൠതുമതികൾ കാവിന്റെ, കൂരൻതമ്പിരാന്റെ പേരുപോലും മിണ്ടരുത്... മിണ്ടിയാൽ പിന്നെ തമ്പിരാന്റെ പെണ്ണ്, ഒടുവിൽ കാലിൽ ചങ്ങലകോർക്കയേ നിർവ്വാഹമുള്ളൂ... പാമ്പും കുറുനരിയും മാത്രമുള്ളകാവ് വടവൃക്ഷങ്ങൾ നിറഞ്ഞിട്ട് ഒരു കൂമൻപോലും പറക്കില്ല കൂരൻകാവിൽ, എന്നിട്ടും പൊലർന്നിട്ട് അധികനാഴികയാകുംമുമ്പ് എന്താണ്.. കാവിലേയ്ക്കൊരു കൂട്ടത്തിന്റെ ബഹളം.. വരുന്നവർ കാവിന്റെ തെക്കേമൂല

ഒരു ചായക്കപ്പിൽ

Image
ഒരു ചായക്കപ്പിൽ ഒരു ചായക്കപ്പിൽ എന്തുണ്ട്....? ഒരു ചായക്കപ്പിൽ എന്തെല്ലാമോ ഉണ്ട്.. ഒരുകൊടുങ്കാറ്റതിൽ പതുങ്ങിക്കിടപ്പുണ്ട്.. ഒരു സുനാമിത്തിരമാല അതിൽ വിശ്രമിക്കുന്നുണ്ട്. ഒരു നീലത്തിമിംഗലം അതിൽ പെറ്റുകൂട്ടുന്നുണ്ട്. ഒരു ചായക്കപ്പിൽ എന്തുണ്ട്....? ഒരു കുഞ്ഞരുവിയുടെ കളകളാരവം അതിന്റെ വക്കുകളിൽ തട്ടിത്തടഞ്ഞിട്ടുണ്ട്. ഒരു കുരുവിയുടെ നേർത്ത രോദനം അതിൽ മുങ്ങിപ്പോയിട്ടുണ്ട് ഒരു സിംഹഗർജ്ജനം അതിലിപ്പൊഴും മുഴങ്ങുന്നുണ്ട്.  ഒരു ചായക്കപ്പിൽ എന്തുണ്ട്....? ഒരു പ്രണയത്തിന്റെ മഴക്കുളിരുകൾ അതിന്റെ അടിത്തട്ടിലുണ്ട് കണ്ണുനീരിന്റെ ഉപ്പുതടാകം അതിലലിഞ്ഞുചേർന്നിട്ടുണ്ട് കാമത്തിന്റെ ശീൽക്കാരം അതിൽ നീരാവിയായുണരുന്നുണ്ട്. ഒരു ചായക്കപ്പിൽ എന്തുണ്ട്....? വിരഹത്തിന്റ കടുപ്പം തേയിക്കറയായതിലുണ്ട് സ്നേഹത്തിന്റെ മധുരം ഗോചരമല്ലാതലിലഞ്ഞിട്ടുണ്ട്..  ഒരു ചായക്കപ്പ് ചുണ്ടിനും  വിരൽ വരുതിക്കുമിടയിലുണ്ട്, രുചിമുകുളങ്ങളുടെ സൗകര്യത്തിനായ്. ഊതിപ്പറത്തിമോന്തിയാൽ എല്ലാമൊഴിഞ്ഞൊരു ജീവിതം പോലെ പാഴ്പാത്രം ബാക്കി. # sree. ©️reserved. 
ഒന്നുപൊഴിഞ്ഞിടൂ...(ലളിതഗാനം) ഒന്നു പൊഴിഞ്ഞിടൂ നെഞ്ചിലേക്കീയിളം പൊൻവെയിൽ മാഞ്ഞിടും മുമ്പേ.... പണ്ടേ കൊതിച്ചതല്ലേനിന്റെ ചെങ്കവിൾ  കുങ്കുമരാശിയിലൊന്നു തൊടാൻ ചന്ദനനെറ്റിയിലൊന്നുതൊടാൻ.... [ഒന്നുപൊഴിഞ്ഞിടൂ...... ] സന്ധ്യാംബരത്തിന്റെ  പൊൻനിറമുരുകിനിൻ വെൺകപോലങ്ങളിൽ തങ്ങിനിൽക്കേ. അന്നേ കൊതിച്ചുനിൻ വാർനെറ്റിയിൽ നറുകുങ്കുമ ലേപനമാകാൻ ജീവസ്പന്ദനം നീ മാത്രമാകാൻ... [ഒന്നുപൊഴിഞ്ഞിടൂ.....] പാരിജാതംപൂത്തപൂമണംകട്ടൊരു ഈറൻനിലാവുവിളിപ്പുനമ്മെ കൂടേയണയുമോ ദൂരെപനിമതി പാലൊളിമിന്നുന്ന കാഴ്ചകാണാൻ വാകപൂക്കും കാവിലൊന്നുപോകാൻ... [ഒന്നു പൊഴിഞ്ഞിടൂ.... Sree 10.04.23

ഭക്തിഗാനം- അയ്യപ്പൻ

Image
പതിനെട്ടു പടികേറും ഭക്തപാദങ്ങളിൽ ഒരുധൂളിയായിഞാൻ പടർന്നുവെങ്കിൽ.. ഇരുപാദമില്ലാത്ത പാപിയീ ജന്മവും ഭഗവാന്റെ തിരുനട കണ്ടേനേ... മനം മലയിലെ മയിലായി വിടർന്നേനെ.....                     (പതിനെട്ടു....... ഘൃതനാളികേരവും  കർപ്പൂരവും സദാ എരിയുന്നൊരാഴിതൻ ധൂമമായ് മാറുകിൽ ധ്വജമതിൽ വിലസുന്ന തുരഗത്തെ വന്ദിച്ച് ഭഗവാനു കുളിർമഴയാകേണം... മനം തുളസീമാലധരിക്കേണം.                  ( പതിനെട്ടു..... ഹരിദ്രലേപനം നാളികേരംജീവൻ മാളികപ്പുറമുറ്റം ശയനപ്രദക്ഷണം... വാവരുസോദരനടയിൽ വണങ്ങി, ജീവന്റെയുപ്പുഭുജിക്കണം നേദ്യം ജീവിതം, ഉപ്പുപോലലിയേണം...                   (പതിനെട്ടു.... 

നിന്നോളം.....

Image
നിന്നോളമാകുവാനായില്ല ഞാനെന്നുമെന്നോളമേ വളർന്നുള്ളൂ എന്നോളമായാൽ മതിയെന്ന് ചെല്ലുവാൻ എന്നും നിനക്കായതൊന്നുമില്ല... നിന്നോളമാകുവാനെന്നുംകിണഞ്ഞുഞാ- നെന്നോളമുണ്ടാശ സത്യം നിന്നോളമെന്തിന്നു ഞാൻ വളരേണമോ, നിന്നോടു ചേരുവാൻ മാത്രം. നിന്നോളമെത്തുവാനിന്നു- മരക്കാതമെന്നു നിനച്ചുഞാനെന്നും എന്നും അരക്കാതമകലമെന്നിൽനിന്നു വന്മതിൽ പോലരക്കാതം.. എന്നിട്ടുമെന്തിനോ എന്നും നിനയ്ക്കുന്നു നിന്നോളമെത്തണം നാളെ നില നിന്നോളമാകണം നാളെ.  പിന്നെ നിന്നിലേക്കെത്തണം നാളെ... ...... Sreekumarsree. ©️ protected.

നിന്നോളം.....

Image
നിന്നോളമാകുവാനായില്ല ഞാനെന്നുമെന്നോളമേ വളർന്നുള്ളൂ എന്നോളമായാൽ മതിയെന്ന് ചെല്ലുവാൻ എന്നും നിനക്കായതൊന്നുമില്ല... നിന്നോളമാകുവാനെന്നുംകിണഞ്ഞുഞാ- നെന്നോളമുണ്ടാശ സത്യം നിന്നോളമെന്തിന്നു ഞാൻ വളരേണമോ, നിന്നോടു ചേരുവാൻ മാത്രം. നിന്നോളമെത്തുവാനിന്നു- മരക്കാതമെന്നു നിനച്ചുഞാനെന്നും എന്നും അരക്കാതമകലമെന്നിൽനിന്നു വന്മതിൽ പോലരക്കാതം.. എന്നിട്ടുമെന്തിനോ എന്നും നിനയ്ക്കുന്നു നിന്നോളമെത്തണം നാളെ നില നിന്നോളമാകണം നാളെ.  പിന്നെ നിന്നിലേക്കെത്തണം നാളെ... ...... Sreekumarsree. ©️ protected.

"മരണവീട്ടിലെ വെയിൽ.... (അഥവാ ഒരാത്മകദനം)

Image
മരണവീട്ടിലെ വെയിൽ.... തലക്കെട്ട് കണ്ടാണ് ഓന്റെ മുഖപുസ്തകത്തിലേക്ക് തോണ്ടിക്കേറിയത്... ദാ കിടക്കുന്നു ഒരു ചമണ്ടൻ കവിത... അതിന്റെ തലക്കെട്ടാണ് "മരണവീട്ടിലെ വെയിൽ.." അന്തരിച്ച പ്രശസ്ത കവിയുടെ "മരണവീട്ടിലെ മഴ" വായിച്ചിട്ടുണ്ട്.. പക്ഷെ ഇത് മരണവീട്ടിലെ വെയിലാണ് വായിക്കാം... മാത്രമല്ല ഈ കവി നുമ്മ ക്ലാസ്മേറ്റും ഗ്രാമമേറ്റും സമപ്രായമേറ്റുമൊക്കെയാണ്.  എപ്പോഴോ മുതൽ ഫേസ്ബുക്ക് മേറ്റും... പിന്നെങ്ങനെ വായിക്കാതിരിക്കും. കവിത കത്തിക്കേറുകയാ... " മരണവീട്ടിലെ വെയിൽ മായുന്നേയില്ല...... പാതിരാത്രിയിലും  കട്ടവെയിലാണ്... ഉറക്കം വന്നവരെല്ലാം വെയിലിനെ പ്രാകി... വെയിലുകൊണ്ട്  മരിച്ചവന്റെ മരണത്തിന് വരാതിരിക്കാനാകുമോ എന്ന് വെയിൽ സ്റ്റാറ്റസിട്ടു.....    എന്റമ്മോ... ഇതെന്തൊരന്യായം... ഇങ്ങനെ വൃത്തികെട്ടവന്മാരുണ്ടോ... പ്രശസ്ത കവിയെ കോപ്പിയടിച്ചെന്ന് മാത്രമല്ല വൃത്തികേടും കാണിച്ചിരിക്കുന്നു...  ഇതങ്ങനെ വിടാനാകുമോ... report അടിക്കണം സുക്കറണ്ണൂസ് പണികൊടുക്കട്ടെ... എന്നുകരുതി താഴോട്ട് തോണ്ടി. 137 കമന്റുണ്ട്... പത്തുനാന്നൂറ് ലൈക്കും. അതുശരി കൂട്ടുകാർതന്നെ തെറികൊടുക്കയാവും. ഏതായാലും കമന്റുകൾ നോക്