ഒരു ചായക്കപ്പിൽ

ഒരു ചായക്കപ്പിൽ

ഒരു ചായക്കപ്പിൽ എന്തുണ്ട്....?
ഒരു ചായക്കപ്പിൽ
എന്തെല്ലാമോ ഉണ്ട്..


ഒരുകൊടുങ്കാറ്റതിൽ
പതുങ്ങിക്കിടപ്പുണ്ട്..
ഒരു സുനാമിത്തിരമാല
അതിൽ വിശ്രമിക്കുന്നുണ്ട്.
ഒരു നീലത്തിമിംഗലം
അതിൽ പെറ്റുകൂട്ടുന്നുണ്ട്.

ഒരു ചായക്കപ്പിൽ എന്തുണ്ട്....?

ഒരു കുഞ്ഞരുവിയുടെ
കളകളാരവം അതിന്റെ
വക്കുകളിൽ തട്ടിത്തടഞ്ഞിട്ടുണ്ട്.
ഒരു കുരുവിയുടെ നേർത്ത രോദനം
അതിൽ മുങ്ങിപ്പോയിട്ടുണ്ട്
ഒരു സിംഹഗർജ്ജനം
അതിലിപ്പൊഴും മുഴങ്ങുന്നുണ്ട്. 

ഒരു ചായക്കപ്പിൽ എന്തുണ്ട്....?

ഒരു പ്രണയത്തിന്റെ മഴക്കുളിരുകൾ
അതിന്റെ അടിത്തട്ടിലുണ്ട്
കണ്ണുനീരിന്റെ ഉപ്പുതടാകം
അതിലലിഞ്ഞുചേർന്നിട്ടുണ്ട്
കാമത്തിന്റെ ശീൽക്കാരം
അതിൽ നീരാവിയായുണരുന്നുണ്ട്.

ഒരു ചായക്കപ്പിൽ എന്തുണ്ട്....?

വിരഹത്തിന്റ കടുപ്പം
തേയിക്കറയായതിലുണ്ട്
സ്നേഹത്തിന്റെ മധുരം
ഗോചരമല്ലാതലിലഞ്ഞിട്ടുണ്ട്.. 

ഒരു ചായക്കപ്പ്
ചുണ്ടിനും 
വിരൽ വരുതിക്കുമിടയിലുണ്ട്,
രുചിമുകുളങ്ങളുടെ സൗകര്യത്തിനായ്.
ഊതിപ്പറത്തിമോന്തിയാൽ
എല്ലാമൊഴിഞ്ഞൊരു
ജീവിതം പോലെ
പാഴ്പാത്രം ബാക്കി.


#sree.
©️reserved. 

Comments

Popular posts from this blog

അനുവദിക്കുമെങ്കിൽ

കാളകൾ ഒരു പഠനം

poem - morning wishes പുലർകാല വന്ദനം