അകമലരി

അകമലരി
(വാമൊഴിയിൽ നിന്നൊരു കഥ)

കൂരൻകാവിലേക്ക് ആരും വരാറില്ല.. വന്നാൽപോലും ആളും ബഹളവുമായേ വരൂ... കുറഞ്ഞത് പത്തുപതിനഞ്ചുപേരും വെട്ടവുമില്ലാതെ അതും പട്ടാപ്പകൽ. ഇടതൂർന്ന ചൂരലും ചാരും മാത്രമല്ല തറയിലെല്ലാം ഉഗ്രനാഗത്താന്മാരുടെ വാസമാണ്.. കാവിലെ കൂരനോ..?, പകലുപോലും നാഗങ്ങളെ തോളിൽ ചുറ്റി തീക്കണ്ണുതുറന്നിരിക്കും.. ഉച്ചവെയിലിനെക്കാൾ ചൂടുണ്ടാവുമപ്പോൾ കാവിന്... എന്നാലോ, തുള്ളിപ്രകാശമുണ്ടാകില്ല കാവിൽ..!! കൂരൻകാവിലേക്ക് ആർക്കും പ്രവേശനമില്ല അഥവാ കയറിയവരാരും പുറത്തുവന്നിട്ടില്ല..! നൂറ് കാതമകലെക്കൂടിപ്പോലും വയറ്റിച്ചൂലികൾപോകില്ല പോയാൽ വയറുകീറി, ചോരതൂറിചാവ്.. കുട്ടികൾ അങ്ങോട്ട് നോക്കാറേയില്ല നോക്കിയാൽ മണ്ടകരിഞ്ഞ് ബുദ്ധിനശിച്ച് മണ്ടിനടക്കും പിന്നുള്ളകാലം.. ൠതുമതികൾ കാവിന്റെ, കൂരൻതമ്പിരാന്റെ പേരുപോലും മിണ്ടരുത്... മിണ്ടിയാൽ പിന്നെ തമ്പിരാന്റെ പെണ്ണ്, ഒടുവിൽ കാലിൽ ചങ്ങലകോർക്കയേ നിർവ്വാഹമുള്ളൂ... പാമ്പും കുറുനരിയും മാത്രമുള്ളകാവ് വടവൃക്ഷങ്ങൾ നിറഞ്ഞിട്ട് ഒരു കൂമൻപോലും പറക്കില്ല കൂരൻകാവിൽ, എന്നിട്ടും പൊലർന്നിട്ട് അധികനാഴികയാകുംമുമ്പ് എന്താണ്.. കാവിലേയ്ക്കൊരു കൂട്ടത്തിന്റെ ബഹളം.. വരുന്നവർ കാവിന്റെ തെക്കേമൂലവരെയേ വരുകയുള്ളൂ... അവിടമാണതിർത്തി.. കദളിപ്പഴം, പനച്ചക്കര, പച്ചനെല്ലുകുത്തിയ അരി, കറുത്തപൂവൻ, ചുവന്നതെച്ചിപ്പൂവ് ഇതൊക്കെയാണ് കൂരൻതമ്പുരാനുള്ള കാണിക്ക.. തൂശനിലയിൽ പച്ചരിവിതറി കരിമ്പൂവന്റെ കഴുത്തറുത്ത് പച്ചരിയിൽ ചോരവീഴ്ത്തും ശേഷം പൂവനെ കൈവിടണം അതു കാവിനുള്ളിലേക്ക് തലയില്ലാതെ പറന്നാൽ ശുഭം... പുറത്തേയ്ക്കെങ്കിൽ നാടിനോ കുരുതിനേർന്ന വീടർക്കോ ദോഷം....
മടവീണ് കൃഷിയൊലിക്കാതിരിക്കാൻ, പെണ്ണിനു പതിനാറിനുമുമ്പേ മംഗലം നടക്കാൻ, ദീനംമാറാൻ, എന്തിനും കൂരൻകാവാണഭയം. രജസ്വലയില്ലാത്ത വീട്ടിലെ ഏതൊരാണിനും കുരുതിനടത്താം കൂരൻകാവിൽ.. കുരുതിക്കൂലി തമ്പുരാനു നേദിച്ച കദളിപ്പഴം പനഞ്ചക്കര രണ്ടു ചെമ്പുപണം ഒരു തോർത്തുമുണ്ട്. ..

2.
ശബ്ദഘോഷം ഏറിവന്നു കൂരൻകാവിന്റെ അധിപതി പതിയെ വടവൃക്ഷക്കൊമ്പിലെ കൊട്ടാരത്തിൽനിന്നു താഴെയിറങ്ങി.. ആളും ബഹളവും തെക്കല്ല പടിഞ്ഞാറ്റാണ്...! കുരുതിക്കാരല്ല.. വരവ് സന്ദേശവുമായാണ്...? പ്രാർത്ഥനയാണ്.. അധിപതി പതിയെ പടിഞ്ഞാറ്റേയ്ക്ക് ചെവികൾ തുറന്നുവച്ചു...

അധിപതി.... !!
പഴമക്കാർ കൈമാറിയ കഥയാണത് പൊന്നുതമ്പുരാന്റെ മകളെ പ്രണയിച്ച ചേകോൻകുറിപ്പിന്റെ കഥ.. മകളുടെ വാശിയിൽതോറ്റ തമ്പുരാൻ കുറുപ്പിനെ കൊണ്ടുവരുവാൻ വാൾക്കാരെ വിട്ടു.. കൊന്നുകളയുമെന്നു പേടിച്ച കുറുപ്പ് മലകേറിയോടി... ഓടിയിടമെല്ലാം പുറകെ വാൾക്കാരും .. മലമുകളിൽ ജഢാധാരിയുടെ മടിയിലേക്ക് കോൽക്കാരൻ അഭയം തേടി.. ജഢവളർന്നൊരു വൻകാടയി നേരുള്ള ചേകോൻകുറിപ്പിനെ മറച്ചു.. കരിനാഗങ്ങൾ ശിഖരങ്ങളായ കാടിനുള്ളിൽ കുറുപ്പു മറഞ്ഞു.. പിന്നീടാരും കുറുപ്പിനെ കണ്ടില്ല കൂടെ ഓടിയ പന്ത്രണ്ടുവാൾക്കാരെയും... കാട് ജഢപോലെ വളർന്നുകൊണ്ടിരുന്നു കഥയും. കാടിനോരത്ത് പകലും രാത്രിയും വാൾക്കാരുടെ നെലവിളികൾ,  ചേകോൻകുറിപ്പിന്റെ സങ്കടക്കരച്ചിൽ ഒക്കെ ഇടയ്ക്കിടെ മുഴങ്ങും.. ചേകോൻകുറിപ്പ് ഇന്നും ആ വനത്തിന്റെ അധിപതിയായി ഉണ്ട്... കൂരൻതമ്പിരാന്റെ അനുയായിയായി... നാഗസൈന്യാധിപനായി...

അപ്പോൾ ആ തമ്പുരാട്ടിയോ...?
തലമുറകൾ പകർന്നുവന്നപ്പോൾ കുട്ടികൾ ചോദ്യമാവർത്തിച്ചു. കഥമെനയാൻ കഴിവുള്ളവർ പൂരിപ്പിച്ചു...

"തമ്പുരാട്ടി നെലവിളിച്ചലറി ആ കുന്നുകയറിയത്രേ.. പക്ഷെ പുറകെവന്ന ഭടന്മാരും തമ്പുരാനും അവളെ പൂട്ടിയിട്ടു... ചേകോൻകുറിപ്പിനെ പുകച്ചുചാടിക്കാൻ കൂരൻതമ്പിരാന്റെ ജഢയ്ക്ക് തീയിട്ടു...  ജലപാനമില്ലാതെകിടന്ന തമ്പുരാട്ടി ഏഴാംനാൾ മരിച്ചുപോയി... തമ്പുരാട്ടി മരിച്ചെങ്കിലും അവരുടെ ആത്മാവിന്റെ ദേഷ്യം ശമിച്ചില്ല അവർ മരിച്ച് ആറാം പക്കം, ഭഗവതിക്കാവിലെ പനമരത്തിലാകെ കുരുപൊട്ടിയൊലിച്ചു.. തൊഴാൻചെന്ന പെണ്ണുങ്ങളുടെ മേലേക്ക് ആ ചലമൊലിച്ചു.. നാടാകെ ദീനം.. പെണ്ണുങ്ങളുടെ ഉടലിൽമാത്രം കുരുപൊന്തി വന്നു... നാട്ടാരും തമ്പുരാനും വിഷണ്ണരായി.. ഒടുവിൽ തമ്പുരാനും കരക്കാരുമായി കൂരൻകാവിന്റെ തെക്കേമൂലയിലെത്തി കദളിപ്പഴവും കരിങ്കോഴിച്ചോരയുമർപ്പിച്ചു.. പിഴമൂളി... കുന്നിറങ്ങുംമുമ്പ് മഴപെയ്തു മൂന്നുനാൾ മഴ... മഴനനഞ്ഞ പെണ്ണുങ്ങളുടെ ശരീരം വീണ്ടും പൊള്ളി... പൊള്ളിയടർന്നൊഴിഞ്ഞു, അവരുടെ നടപ്പുദീനങ്ങൾ... കൂരൻതമ്പിരാൻ ക്ഷമിച്ചു.. അധിപതി ചേകോൻകുറിപ്പ് ക്ഷമിച്ചു.. കാവിലെ ഭഗവതിക്ഷമിച്ചു.. തമ്പിരാട്ടിപ്പെണ്ണിന്റെ ആത്മാവ് ക്ഷമിച്ചു... കൂരൻകാവ് ആ മഴയിൽ വീണ്ടും തളിർത്തുകൊഴുത്തു... പിന്നൊരിക്കലും അന്നാട്ടുകാർ കൂരൻതമ്പിരാന്റെ കുരുതി മുടക്കിയില്ല... നാട്ടിൽ "അകമലരി"യും പൂത്തില്ല... എന്നാലും പനമരത്തിലെ കുരുപ്പുഭയന്ന് പിന്നീടൊരുപെണ്ണും ഭഗവതിക്കാവു തീണ്ടിയില്ല.. പെണ്ണുതീണ്ടാത്തകാവിൽ  ക്രമേണ ആണുമൊഴിഞ്ഞു.. വിളക്കും പാട്ടുമില്ലാതെ കാവ് കാടുപിടിച്ചു... ഭഗവതി കുടിയൊഴിഞ്ഞുപോയി.. ജനങ്ങൾ ഭഗവതിക്കാവു മറന്നു... കുരുപൊട്ടുന്ന പനമരവും. 

3.
അടിയങ്ങളെ കാത്തോണം...കരക്ക് തുണ കൂരൻതമ്പിരാനേയുള്ളൂ... അധിപതിയേയുള്ളൂ... കാക്കണം.. കുരിതി മൊടക്കണില്ലാ.. കരയിലാകെ  കരിങ്കോഴിവളരുണുണ്ടിനിയും ചെന്തെറ്റി പടർത്തണുണ്ട്... ആയിരം കുരുതികഴിച്ചോളാം.. വന്നതിനെ അവിടേക്ക് വിടണൂ... ഇനി വെതറാതെ കാക്കണം... പെഴമൂളുന്നു... പെഴമൂളുന്നു.. പെഴമൂളുന്നു.. വന്നവരിൽ മുഖ്യനായ ഗ്രാമമുഖ്യനൊപ്പം എല്ലാവരും ഉറക്കെപ്പറഞ്ഞു. പിന്നെ കവുങ്ങിൻ മഞ്ചലിന്മേൽ  പനമ്പായയിൽ പൊതിഞ്ഞ വലിയ നീണ്ടപൊതി കാവിനോരത്തിറക്കി.. വീണ്ടും പ്രാർത്ഥിച്ച് വന്നവർ കുന്നിറങ്ങി.. മഞ്ചൽചുമന്നവരുൾപ്പെടെ പുഴയിലിറങ്ങി വേപ്പില ചതച്ച് താളിയൊഴിച്ച് കുളിച്ചുകേറി ഉടുമുണ്ടുപേക്ഷിച്ച് പാളത്താറുകീറി കോണകമുടുത്ത് തിരിഞ്ഞുനോക്കാതെ നടന്നുപോയി...

ഇരട്ടപ്പനമ്പായപ്പൊതി ചെറുതായൊന്നനങ്ങി ഉള്ളിൽ കുരുപൊന്തിത്തുടങ്ങിയ ഉടലുമായൊരുവൾ അടങ്ങാത്ത ദാഹവുമായി ചുണ്ടുപിളർത്തി... ഉൾക്കാട്ടിലിരുന്ന അധിപതികണ്ടു, അകമലരിപൊന്തിയ ചെന്തൊണ്ടിപ്പഴച്ചുണ്ടുകളുടെ   ഒടുങ്ങാത്ത ദാഹം.. 

4.
ഭഗവതിക്കാവിലെ പനമരത്തിലാകെ വീണ്ടും കുരുപൊട്ടിയിരിക്കുന്നു.. ആളുകൾ പഴയതൊക്കെ മറക്കാൻ ശ്രമിക്കുകയായിരുന്നു.. പഴമൊഴികളിൽ തൊങ്ങലും പൊടിപ്പുംചേർത്ത് പറയുന്ന വയസ്സായവർ മാത്രമേ ഇടയ്ക്കെങ്കിലും നടപ്പുദീനക്കഥകൾ പറയുകയുള്ളൂ... കൂരൻതമ്പിരാന്റെ അനുഗ്രഹമുള്ളിടത്തോളംകാലം ഇനിയൊരിക്കലും നാട്ടിൽ നടപ്പുദീനം വരില്ല എന്നുതന്നെ ജനങ്ങൾ വിശ്വസിച്ചു നാളിതുവരെ...  എന്നിട്ടും ഗ്രാമമുഖ്യന്റെ കുഞ്ഞാട് ഭഗവതിക്കാവുതീണ്ടി എന്തിന് .. ആരെപ്പിരിഞ്ഞാലും തന്റെ കുഞ്ഞാടിനെപ്പിരിയാനാവാത്ത ഗ്രാമമുഖ്യന്റെ കന്നിപെണ്ണ് ആടിനെത്തേടി ഭഗവതിക്കാവുതീണ്ടി... എന്തിന്? ഒന്നിനും ഉത്തരമില്ല.. കാടായിമാറിയ ഭഗവതിക്കാവിനുള്ളിലെ പനമരച്ചോട്ടിലെത്തിയ കന്നിപ്പെണ്ണ് കുഞ്ഞാടിനെ കണ്ടില്ല... നേർത്തൊരു കരച്ചിലിലേക്ക് കാതും കണ്ണും കൂർപ്പിച്ച് മുകളിലേക്ക് നോക്കിയ കന്നിപ്പെണ്ണിന്റെ നെറുംതലയിലേക്ക് ചുവന്ന മഴപെയ്തു...  കുഞ്ഞാടിന്റെ ചൂരും ചൂടുമുള്ള ചോരമഴ..
കന്നിപ്പെണ്ണിനെ തേടിയലഞ്ഞവരും ഭഗവതിക്കാവുതീണ്ടി, പനച്ചുവടിൽ ബോധമറ്റ കന്നിയെ താങ്ങി പിന്തിരിയുമ്പോഴാണ് ആണുങ്ങൾ കണ്ടത്..  പനമരത്തിന് കുരുപൊട്ടിയൊലിക്കുന്നു...!! കാലങ്ങൾക്കുശേഷം...!!!

 ആറുനാഴികകൂടി കഴിഞ്ഞാണ് കന്നിപ്പെണ്ണ് കണ്ണുതുറന്നത് അതിനുമുമ്പേ വൈദ്യരു കണ്ടു.. കന്നിപ്പെണ്ണിന്റെ താമരത്താരുടലിൽ അകമലരി പൂത്തുതുടങ്ങിയത്. പനമരച്ചോട്ടിൽ നിന്ന് ചുമന്നവർതന്നെ അവളെ പനമ്പായയിൽ വീണ്ടും പൊതിഞ്ഞു.. പിന്നെ കൂരൻതമ്പിരാന്റെ മുന്നിലേക്ക്.. ചാവിനായാലും തേവിയേറാനും ഇനി കൂരൻതമ്പിരാൻ തുണ.. അധിപതി തുണ..

5.
കൂരൻകാവിലെ തരുമഞ്ചലിലാണ് കന്നിപ്പെണ്ണ് കണ്ണുതുറന്നത്.. സൂര്യവെട്ടം ഭൂമിയെപ്പുണരാത്ത കൂരൻകാവിലെ ഇരുട്ടിൽ കന്നിപ്പെണ്ണൊന്നും കണ്ടില്ല പകുതിതുറന്ന വായിലും കണ്ണിലും ശരീരത്തിൽ പൂത്തുലഞ്ഞ അകമലരിപ്പൊള്ളലുകളിലുമാകെ മൃതസഞ്ജീവനിപോലെ കൂരൻകാവിന്റെ ഇലകളുടെ സത്തു തുള്ളിയടർന്നുവീണുകൊണ്ടിരുന്നു.... കന്നിപ്പെണ്ണ് വീണ്ടും നീണ്ട നിദ്രയിലേക്ക്... മൂന്നാംനാളിൽ താമരയുടലിലെ കരിഞ്ഞ അകമലരിവടുക്കൾ പാദംമുതൽ തന്റെ നീണ്ടനാവിനാൽ നക്കിയുണക്കിയെടുത്തു കാവിനധിപതി..  കന്നിപ്പെണ്ണിന്റെ കീഴ്ചുണ്ടിലെത്തി നാക്കുടക്കിനിന്നു അധിപതിക്ക്... കണ്ണുതുറന്ന കന്നിപ്പെണ്ണ് ഗ്രാമത്തെ മറന്നു ഗ്രാമമുഖ്യനെ മറന്നു.. നാടും നാടറിവും മറന്നു.. പുരയും പുഴയും മറന്നു കുഞ്ഞാടിനെ മറന്നു... നഗ്നതയും...  

 ഗ്രമമുഖ്യന്റെ നേതൃത്വത്തിൽ കൂരൻകാവിലേക്ക് വന്നവർ  കന്നിപ്പെണ്ണിന്റെ അഴുകിയ ശവം കണ്ടില്ല.. കണ്ടത് അവളെപ്പൊതിഞ്ഞ ഇരട്ട പനമ്പായയും അവളണിഞ്ഞിരുന്ന വസ്ത്രങ്ങളും.. പിന്നെ അവളുടെ അഭരണങ്ങളും..  കന്നിപ്പെണ്ണിന്റെ ആഭരണങ്ങൾകണ്ട് അമ്മ മാതേയി അലമുറയിട്ടു.. കണ്ണീരിനിടയിൽ ഒന്നുമാത്രം അവരറിഞ്ഞു..  പെണ്ണിന്റെ തെരണ്ടുകുളികഴിഞ്ഞ് അവളുടെ ഇടതുമൂക്കിലണിയിച്ച ഒറ്റക്കൽ മൂക്കുത്തി.. അതുമാത്രം അതുമാത്രമില്ല. 

നാട്ടിൽ മറ്റാർക്കും ആണിനോ പെണ്ണിനോ നടപ്പുദീനം പടർന്നില്ല എന്നിട്ടും ഗ്രാമമുഖ്യന്റെ ചെലവിൽ കൂരൻതമ്പിരാന് കുരുതിക്കളമൊരുങ്ങി.. പതിവിനുവിപരീതമായി ഗ്രാമംമുഴുവൻ പുഴനീന്തി കൂരൻകാവണഞ്ഞു.. ഗ്രാമത്തിലെ മുഴുവൻ തെറ്റിപ്പൂങ്കുലകളുംകൊണ്ട് കൂരൻകാവിന്റെ കുരുതിത്തറ ചെമ്പട്ടണിഞ്ഞു... പനംശർക്കരയും പച്ചരിയുംകൊണ്ടൊരു കുന്നൊരുക്കി അതിന്മേൽ ഗ്രാമത്തിൽ വിളഞ്ഞ മുഴുവൻ കദളിക്കുലകളുമൊരുക്കി.. കുരുതിപൂജ മുറുകിവന്നനേരം കരടിക്കുട്ടിയെപ്പോലെ തോന്നിച്ച കരിങ്കോഴി മൂന്നുവട്ടം കൂവി... കുരുതിക്കാരന്റെ വലതുകൈയിലെ തേച്ചുമിനുക്കിയ അരിവാളൊന്നു തിളങ്ങി അടുത്തക്ഷണം അതിന്റെ വായ്ത്തലപ്പു ചുവന്നുതുടുത്തു.. കഴുത്തറ്റ കരിങ്കോഴിയെ കുരുതിക്കാരൻ തലയ്ക്കുമുകളിലേക്കു പറത്തി.. പറന്നുപൊങ്ങിയ തലയില്ലാക്കോഴി ആകാശത്ത് മൂന്നുവട്ടം കറങ്ങി ചുറ്റും കൂടിയ തൊഴുകൈകളും ഉടലുകളും ചോരമഴകൊണ്ടു ചുവന്നു... പിന്നെ തലയില്ലാക്കോഴി കാവിനു വെളിയിലേക്ക് കുതിച്ചുപറന്നു.. കണ്ടുനിന്നവരും കുരുതിക്കാരനും സ്തബ്ദരായിനിന്നു.. താഴെ വീഴാതെ തലയില്ലാകരിങ്കോഴി പുഴയ്ക്കുമുകളിലൂടെ വടക്കോട്ടുപറന്നു.. വടക്ക് ഭഗവതിക്കാവിനുള്ളിലേക്ക്... ഉശിരുള്ള ഗ്രാമമുഖ്യന്റെ ആശ്രിതർ കോഴിപറന്നവഴിയെ പുഴകടന്നുപാഞ്ഞു ഒപ്പം ഗ്രാമവാസികളും... ഇടിഞ്ഞുപൊളിഞ്ഞുപോയ ഭഗവതിത്തറയിലെ മൺകൂനയ്ക്കുമേൽ കരിങ്കോഴി കഴുത്തുതാഴേയ്ക്കുനീട്ടി  വട്ടംകറങ്ങി.. അവസാനതുള്ളിചോരയും ഒഴുകിത്തീരുംവരെ... ചോരമഴനനഞ്ഞ മൺപുറ്റ് ചെറുതായി അലിയാൻ തുടങ്ങി... അലിഞ്ഞുലഞ്ഞു താഴവേ.. മൺപുറ്റിനുള്ളിലൊരു രൂപം തെളിഞ്ഞു തെളിഞ്ഞു വരുന്നു... ആദ്യം നാഗഫണകിരീടം മുതൽ ചിലങ്കയണിഞ്ഞ തൃപ്പാദംവരെ... അന്നാട്ടുകാർ മറന്ന, അവർ കേട്ടുമറന്ന കഥയിലെ അവർ കണ്ടിട്ടില്ലാത്ത ഭഗവതിയുടെ തിരുരൂപം..  മൂക്കിലെ ഇടതുവശത്തൊരു ഒറ്റക്കൽ മൂക്കുത്തി.. ഗ്രാമമുഖ്യനും മാതേയിയും മാത്രമതറിഞ്ഞു.. കന്നിപ്പെണ്ണിന്റെ മൂക്കുത്തി... 
ജനം കൈകൾകൂപ്പി വണങ്ങിനിന്നു... 

6.
ആളമ്പരന്നൊഴിഞ്ഞ കുരുതിത്തറ അനാഥമായി..  ചെന്തെറ്റിപ്പൂക്കുലകൾ ഒരു മലർമെത്തയായി പരിണമിച്ചു.. കന്നിപ്പെണ്ണിന്റെ ചുണ്ടിൽ നിന്ന് ചുണ്ടടർത്തിയ അധിപതി ആ മലർമെത്തയിലേക്കവളെ ആനയിച്ചു...  ഭഗവതിക്കാവിലെ ഒറ്റപ്പനമരമപ്പോൾ കടപുഴകാൻ വെമ്പിനിന്നു..
 മാറുമറയ്ക്കാത്ത കാവിലെ ഭഗവതിയുടെ തിരുമാറിലേയ്ക്കപ്പോൾ പെരുമഴ പെയ്യാനാരംഭിച്ചിരുന്നു... 
#ശ്രീ..


Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്