"മരണവീട്ടിലെ വെയിൽ.... (അഥവാ ഒരാത്മകദനം)

മരണവീട്ടിലെ വെയിൽ.... തലക്കെട്ട് കണ്ടാണ് ഓന്റെ മുഖപുസ്തകത്തിലേക്ക് തോണ്ടിക്കേറിയത്... ദാ കിടക്കുന്നു ഒരു ചമണ്ടൻ കവിത... അതിന്റെ തലക്കെട്ടാണ് "മരണവീട്ടിലെ വെയിൽ.."

അന്തരിച്ച പ്രശസ്ത കവിയുടെ "മരണവീട്ടിലെ മഴ" വായിച്ചിട്ടുണ്ട്.. പക്ഷെ ഇത് മരണവീട്ടിലെ വെയിലാണ് വായിക്കാം... മാത്രമല്ല ഈ കവി നുമ്മ ക്ലാസ്മേറ്റും ഗ്രാമമേറ്റും സമപ്രായമേറ്റുമൊക്കെയാണ്.  എപ്പോഴോ മുതൽ ഫേസ്ബുക്ക് മേറ്റും... പിന്നെങ്ങനെ വായിക്കാതിരിക്കും.
കവിത കത്തിക്കേറുകയാ...

" മരണവീട്ടിലെ വെയിൽ
മായുന്നേയില്ല......
പാതിരാത്രിയിലും 
കട്ടവെയിലാണ്...
ഉറക്കം വന്നവരെല്ലാം
വെയിലിനെ പ്രാകി...
വെയിലുകൊണ്ട് 
മരിച്ചവന്റെ മരണത്തിന്
വരാതിരിക്കാനാകുമോ
എന്ന് വെയിൽ സ്റ്റാറ്റസിട്ടു.....

   എന്റമ്മോ... ഇതെന്തൊരന്യായം... ഇങ്ങനെ വൃത്തികെട്ടവന്മാരുണ്ടോ... പ്രശസ്ത കവിയെ കോപ്പിയടിച്ചെന്ന് മാത്രമല്ല വൃത്തികേടും കാണിച്ചിരിക്കുന്നു... 
ഇതങ്ങനെ വിടാനാകുമോ... report അടിക്കണം സുക്കറണ്ണൂസ് പണികൊടുക്കട്ടെ... എന്നുകരുതി താഴോട്ട് തോണ്ടി. 137 കമന്റുണ്ട്... പത്തുനാന്നൂറ് ലൈക്കും.
അതുശരി കൂട്ടുകാർതന്നെ തെറികൊടുക്കയാവും. ഏതായാലും കമന്റുകൾ നോക്കാമെന്നുകരുതിയാണ് തുറന്നത്. 
വീണ്ടും ഞെട്ടി.. ഒരുത്തനും മനസ്സിലായില്ല ഇതു കോപ്പിയടിച്ച് വൃത്തികെട്ടതാണെന്ന്. എല്ലാ കമന്റും ഓനെ വാഴ്ക വാഴ്കെന്ന്...

 അപ്പോ ഈ പൊട്ടന്മാരൊന്നും  പ്രശസ്തനായ ആ കവിയെ വായിച്ചിട്ടില്ലേ... ഇവനൊക്കെ എന്തു വായനക്കാരാ...?
അല്പനേരം അന്തംവിട്ട് കുന്തം വിഴുങ്ങിയിരുന്നു പിന്നെ അവന്റെ സോറി ആ പ്രശസ്ത നവയുഗ കപിയുടെ മെസ്സഞ്ചറിൽ കയറി... നാലുതെറിപൂശി...
"ഡാ പട്ടീ നിനക്ക് നാണമില്ലേ ആദരണീയനായ ഇ കവിയുടെ കവിതയെടുത്ത് ഇങ്ങനെ വളച്ചൊടിക്കാ"നെന്ന് ചോദിച്ചു.....
കുറച്ചുകഴിഞ്ഞാണ് മറുപടി വന്നത്...
അതിങ്ങനെ- 
" നീ പോടാ പട്ടീ... ഈ മൊഗപുസ്കോത്തവന്മാരിൽ എത്രപേരുണ്ട് പുസ്തകം വായിക്കുന്നത്...? അതുകൊണ്ടാ എന്റെ കവിതകളിൽ എനിക്കിത്ര കമന്റും അവാർഡുകളും... 
നിന്റെ പൊത്തോം ഞാൻ നോക്കി... പത്തു കമന്റിനുമേലുണ്ടോ ഒന്നിനെങ്കിലും കവിയാണ് പോലും പോടാ പോയി ചാകെടാ... പ്ഫൂ...." 

അവന്റെ  മറുപടികേട്ടപ്പോൾ വേണ്ടിയിരുന്നില്ല എന്നുതോന്നി... കിട്ടേണ്ടതു കിട്ടി... എന്നിട്ടും അവന്റെ മറ്റു കവിതകൾകൂടി നോക്കി..
ദേ കിടക്കണൂ അടുത്തത് 
#ചന്ദ്രന് ഒരു ചരമഗീതം... വിഷയം ചന്ദ്രയാനും ചന്ദ്രന്റെ വിനാശവുമാ...
അടുത്തത് #യക്ഷിപ്പാട്ട്  ഡേ കെയറിൽ പോയ കുട്ടിയെ യക്ഷിപിടിച്ചപ്പോൾ അമ്മ രക്ഷപ്പെടുത്തിയതാ കഥ. മറ്റൊന്ന് #ഹൃദയത്തിൽ_കത്തുന്ന 
_ചിത... അച്ഛൻ മരിച്ചതിൽ  ദുഖിക്കുന്ന കുട്ടിയാണ് കഥ,  അങ്ങനങ്ങനെ.... ചിലതിന് അമ്പലക്കമ്മറ്റീം അലവലാതിക്കൂട്ടോം സോറി അയൽക്കൂട്ടോം മണിക്കുട്ടി ക്ലബ്ബുമൊക്കെ നൽകുന്ന അവാർഡുമുണ്ട്... 
ഇനിയും വായിക്കാൻ ത്രാണിയില്ലാതെ കിടക്കയിലേക്ക് പതിയ ചാഞ്ഞു.... രാത്രി ഏറെക്കഴിഞ്ഞുകാണും. ഒരുപാടുപേരുടെ നിർത്താതെയുള്ള പൊട്ടിച്ചിരികേട്ടാണ്  ഞെട്ടി ഉണർന്നത്.... ഇരുട്ടിൽ ആരോ തന്റെ മുഖപുസ്തകം വായിച്ചുനോക്കുന്നു... ഞാനത് ഓഫ് ചെയ്യാൻ മറന്നാണ് കിടന്നത്... കൈയെത്തിച്ച് ലൈറ്റു തെളിച്ചു...  മേശയ്ക്കു ചുറ്റുമിരുന്ന ബഷീറും ഉറൂബും അയ്യപ്പനും കുട്ടികൃഷ്ണമാരാരും തകഴിയും കുഞ്ഞബ്ദുല്ലയും പൊറ്റക്കാടും ലളിതാമ്മയും മാധവിക്കുട്ടിയുമൊക്കെ പെട്ടന്നെണീറ്റ് അലമാരയിലെ അവരവരുടെ കൃതികളിലേക്ക് കുടിയേറി...  
നിശ്ശബ്ദത....!!  പോകുന്നതിനു മുമ്പ്  അവർ തന്നെയൊന്നു ചൂഴ്ന്ന് നോക്കിയിരുന്നോ.. സഹതാപമോ അവജ്ഞയോ വെറുപ്പോ ഒക്കെ സമിശ്രമായ ഒരു നോട്ടം... 
നിശ്ശബ്ദതയുടെ കട്ടി കൂടിവരുന്നപോലെ...

 പതിയെ കിടക്കവിട്ടെണീറ്റു പിന്നെ മൊബൈൽ ഫോണെടുത്ത് മുഖപുസ്തകത്തിലെ തന്റെ പൊട്ട സൃഷ്ടികൾ പോസ്റ്റ് ചെയ്യാറുള്ള പേജിന്റെ deactivate ബട്ടണിൽ വിരലമർത്തി...
Reason for deactivation എന്ന option ൽ ടൈപ്പ് ചെയ്യാനിടം തെളിഞ്ഞുവന്നു... അലമാരയിലേക്ക് നോക്കി കുറച്ചധികം കണ്ണുകൾ പെട്ടെന്ന് ഉൾവലിഞ്ഞപോലെ...

 "Desire to read pure literature.." എന്ന് ടൈപ്പ് ചെയ്തു ആ അക്കൗണ്ട്  ഡിലീറ്റ് ചെയ്തു..  പിന്നെ നെടുവീർപ്പിട്ടു.  വീണ്ടും കിടക്കയിലേയ്ക്ക് ചാഞ്ഞു പുതിയൊരു വായനാപ്രഭാതത്തെ വരവേൽക്കാൻ... 

ഉറക്കം കണ്ണുകളെ വീണ്ടും തലോടുമ്പോഴും അലമാരയിൽനിന്ന് നിലയക്കാത്ത കൈയടിയായിരുന്നു. 
#sree. 5.11.2023

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്