Posts

Showing posts from June, 2022

കൈതപ്പൂമണമുള്ള രാത്രി

Image
"ശാന്തിചെയ്തു പുലർത്തുവാനായിട്ടു സന്ധ്യയോളം വിയർക്കുന്നിതു ചിലർ"" കേട്ടിട്ടുണ്ടോ ശേഖരൻകുട്ടീദ്...?, ജ്ഞാനപ്പാനയിലേതാ.. ഭഗവാന് ശാന്തിചെയ്തു പുലരുന്നവരുടെ അവസ്ഥ ഇന്ന് എങ്ങനാണെന്ന് പറഞ്ഞിട്ടുവേണോ ശേഖരന്.. ?..  നിവൃത്തിയില്ല.., കുലത്തൊഴിലുവിട്ടു മറ്റൊന്നിനും.  ഭഗവതി കോപിക്കുമോന്ന് ഭയന്നല്ലാ ശേഖരാ..  മറ്റൊരു തൊഴിലും നിക്കറീല കുട്ട്യോളെ പുലർത്താൻ..... നാരായണൻ നമ്പൂതിരിയത് പറയുമ്പോൾ കണ്ഠമിടറുന്നുണ്ട്..  തിരുമേനി ഇന്ന് നേരത്തെ നടയടച്ചു വന്നിരിക്കയാണ്.. എന്നും തൃസന്ധ്യ കഴിഞ്ഞാലും ശേഖരൻകുട്ടി മുറുക്കാൻ പീടിക പൂട്ടാറില്ല. പെട്രോമാക്സ് കെടുത്തി, ചെറിയൊരു റാന്തൽ കൊളുത്തി പീടികയുടെ നിരപ്പലകകളിൽ രണ്ടെണ്ണംമാത്രം ഇടാൻ അവശേഷിപ്പിച്ച് എല്ലാമൊതുക്കിയിരിക്കും. പുഴക്കരയിലെ ചെറിയ ക്ഷേത്രത്തിലെ ശാന്തിപ്പണികഴിഞ്ഞ് നാരായണൻ നമ്പൂതിരിയെക്കാത്ത്.. !, നമ്പൂതിരിക്കൊരു മുറുക്കാനും കൂട്ടിവച്ചുകൊണ്ട്. ചെറിയൊരു കൊതുമ്പുകീറിൽ തുണിചുറ്റിയത് കത്തിച്ചുപിടിച്ച്, ഇടതുകൈയിൽ ചെറിയ ഓട്ടുരുളിയുമായി പുഴയോരം നടന്ന് നമ്പൂതിരിയെത്തിയാൽ ഒരു മുറുക്കാൻ വായിലാക്കും ശേഷം ശേഖരൻ കടപൂട്ടി രണ്ടുപേരുമായി ശേഖരന്റെ മൂന്ന്ബാറ്ററി

വിജല്പം

Image
ഉത്തുംഗപദസഞ്ചയം കൃത്യം ചേർത്തൊഴുകുംനദി, നിലാവിലെന്നപോൽ വൃത്തം രസം ഭംഗിനിറയുംകൃതി, കൃത്യം നൽവായനയ്ക്കുതകുംസുഖം. മുക്തം വാക്യരചനാവൈകൃതങ്ങൾ മുറ്റുംവാത്സല്യഭാവേന ചൊന്നുവെന്നാൽ ചിത്തം പതഞ്ഞവനെന്നു ചൊല്ലി ഉത്തമാംഗർ ചിലർ, വിലസുന്നു മുഖപുസ്തകത്തിൽ. സത്യം പലതു ചൊല്ലുവാനിത്ഥം ഭയമുണ്ടീ പുസ്തകത്തിൽ ചിത്രവധം ചെയ്തുകൂട്ടുന്നു ഭാഷയെയെന്നാലും കഷ്ടം കണ്ടുനില്പാണ് ഗതിയില്ല വേറേ! #ശ്രീ.. 3.6.22
Image
സ്നേഹം ഇരുപാടും ശിഖരങ്ങൾപടർന്നൊരു വൻനുണയാണ്.. ഞാനുള്ളിൽ കരുതിയ കലങ്ങാത്ത പുഴകളോ, തുള്ളിയടർന്നുവീണൊരു പഞ്ചാരമണൽ ഘടികാരമോ അതിലില്ലാതെപോയി... പകുതിയിലസ്തമിച്ച പൗർണ്ണമിവെട്ടംപോലെ, പാതിയിലുപേക്ഷിച്ചുപോയൊരു നിഴലുപോലെ വ്യഥയറിയുന്ന സൂചികകളില്ലാത്തൊരു കളിപ്പാവയാണതിലെ  കാമിനി. ആകാശമെന്നും ഒരു സത്യമായെങ്കിലെന്ന വൃഥാമോഹം പേറുമ്പോൾ  കറുത്തവാവുകളെങ്ങനെയോ  നുണകളല്ലാതായിപ്പോകുന്നു...  കറുത്തഭൂപടംനോക്കി, വഴിവെട്ടുന്നവന്റെ  കുരുട്ടുകണ്ണുകളിലാണ് ഭ്രമമില്ലാത്ത ഭദ്രമായ പ്രണയം

ലളിതഗാനം

Image
സായംസന്ധ്യതൻ ശരപ്പൊളിമാലതൻ   ചായം, ശശിലേഖ കവർന്നെടുത്തു... ചാമരംവീശിയ കാറ്റുമറിഞ്ഞില്ല ചാരുത നക്ഷത്ര  ജാലവും കണ്ടില്ല രാവിൻമിഴി നാണം  ചിമ്മി നിന്നൂ...     (സായം സന്ധ്യതൻ) ദീപം സാക്ഷിയായ് കൈകൂപ്പിനിന്നൊരു പൂവിൻ തേന്മനം ആരെടുത്തൂ..... പൂമുടലായിരുന്നപ്പോൾ ഭവാനുമാ  പൂമിഴി മെല്ലെയടച്ചിരുന്നു... പായസനേദ്യം നുണഞ്ഞിരുന്നു....          (സായം സന്ധ്യതൻ...) കാലം സാക്ഷിയായ് നിൻകണ്ണിണകൾതൻ ജാലം കണ്ടുണർന്നീടുവാനായ് പാതിരാവായിട്ടും നീർമിഴിപൂട്ടാതെ പാരിജാതം പകൽ പാർത്തിരുന്നൂ.... പൂവിന്നിദൾ ദാഹ- മാർത്തുനിന്നൂ....   (സായം സന്ധ്യതൻ...) ശ്രീ

കൂടുമാറിപ്പറക്കുന്ന സന്ദേശങ്ങൾ

Image
      നിശ്വാസങ്ങളുടെ  താപമേറ്റുരുകിയിറങ്ങിയ ജലബാഷ്പങ്ങൾ സ്ഫടികവാതിലിനപ്പുറം എന്റെ കാഴ്ചമറയ്ക്കുന്നു.. അപ്പോഴും  നിന്റെ ഉള്ളിലുരുകിയ കരിമഷികൊണ്ടാണ് കർക്കിടകമേഘങ്ങൾ കരിയെഴുതിയതെന്ന് ഞാനറിഞ്ഞിരുന്നില്ല. നഗ്നസത്യങ്ങളിലേക്ക്  കൺതുറക്കാൻ നീയെന്നെ അനുവദിച്ചിരുന്നില്ല. നഗ്നത നീ പാപമാക്കി വിലക്കിയിരുന്നല്ലോ..! ഓക്സിജൻ സിലിണ്ടറുകൾ  ഊഴംകാത്തിരിക്കുന്നപോലെ നീയും ഏവരോടുമൊപ്പമൊരു നിത്യസന്ദർശകമാത്രമാണിന്ന്. ഓരോ സന്ദർശനാനന്തരവും ഏതുസന്ദേശമയയ്ക്കാനാവും നിന്റെ വിരലുകൾ അക്ഷരങ്ങൾ തിരയുന്നത്.. ഉൾക്കാഴ്ചകളിലറിയുന്നു ഞാൻ നിന്റെ ശുഭാപ്തി സന്ദേശങ്ങൾ...,  എന്റെ അകങ്ങളൊഴിഞ്ഞിരിന്നിട്ടും ഇടംതേടി പറന്നുപോയവയാണവ ഇടംതേടി കുടിയിരിക്കാനാകട്ടെയിനിയതിന്... ഇടങ്ങളിഷ്ടമാകുന്നിടങ്ങളിൽ.         ...ശ്രീ...