കൈതപ്പൂമണമുള്ള രാത്രി



"ശാന്തിചെയ്തു പുലർത്തുവാനായിട്ടു
സന്ധ്യയോളം
വിയർക്കുന്നിതു ചിലർ""

കേട്ടിട്ടുണ്ടോ ശേഖരൻകുട്ടീദ്...?, ജ്ഞാനപ്പാനയിലേതാ.. ഭഗവാന് ശാന്തിചെയ്തു പുലരുന്നവരുടെ അവസ്ഥ ഇന്ന് എങ്ങനാണെന്ന് പറഞ്ഞിട്ടുവേണോ ശേഖരന്.. ?.. 
നിവൃത്തിയില്ല.., കുലത്തൊഴിലുവിട്ടു മറ്റൊന്നിനും. 
ഭഗവതി കോപിക്കുമോന്ന് ഭയന്നല്ലാ ശേഖരാ.. 
മറ്റൊരു തൊഴിലും നിക്കറീല കുട്ട്യോളെ പുലർത്താൻ.....

നാരായണൻ നമ്പൂതിരിയത് പറയുമ്പോൾ കണ്ഠമിടറുന്നുണ്ട്.. 
തിരുമേനി ഇന്ന് നേരത്തെ നടയടച്ചു വന്നിരിക്കയാണ്.. എന്നും തൃസന്ധ്യ കഴിഞ്ഞാലും ശേഖരൻകുട്ടി മുറുക്കാൻ പീടിക പൂട്ടാറില്ല. പെട്രോമാക്സ് കെടുത്തി, ചെറിയൊരു റാന്തൽ കൊളുത്തി പീടികയുടെ നിരപ്പലകകളിൽ രണ്ടെണ്ണംമാത്രം ഇടാൻ അവശേഷിപ്പിച്ച് എല്ലാമൊതുക്കിയിരിക്കും. പുഴക്കരയിലെ ചെറിയ ക്ഷേത്രത്തിലെ ശാന്തിപ്പണികഴിഞ്ഞ് നാരായണൻ നമ്പൂതിരിയെക്കാത്ത്.. !, നമ്പൂതിരിക്കൊരു മുറുക്കാനും കൂട്ടിവച്ചുകൊണ്ട്. ചെറിയൊരു കൊതുമ്പുകീറിൽ തുണിചുറ്റിയത് കത്തിച്ചുപിടിച്ച്, ഇടതുകൈയിൽ ചെറിയ ഓട്ടുരുളിയുമായി പുഴയോരം നടന്ന് നമ്പൂതിരിയെത്തിയാൽ ഒരു മുറുക്കാൻ വായിലാക്കും ശേഷം ശേഖരൻ കടപൂട്ടി രണ്ടുപേരുമായി ശേഖരന്റെ മൂന്ന്ബാറ്ററി എവറഡിടോർച്ചുവെട്ടത്തിലാണ് നടത്തം. 

"മുറുക്കാൻ വേണ്ട ശേഖരാ.. ഇന്നും നൈവേദ്യമില്ല.."
 നിരാശയോടെ തിരുമേനി പറഞ്ഞു
 "ചെറിയൊരു പഞ്ചാമൃതശിഷ്ടമേ ഉരുളിയിലുള്ളൂ.. അന്നപൂർണ്ണേശ്വരിയാണ് പ്രതിഷ്ഠ, കാര്യമെന്താ.. ഭഗോതിക്ക് അരപ്പട്ടിണിയാകുമ്പോൾ ശാന്തിക്കാരന് മുഴുപ്പട്ടിണി ആയിക്കൂടെന്നുണ്ടോ.. കുട്ട്യോൾടെ കാര്യമാ.." -കഷ്ടം എന്ന വാക്ക് തിരുമേനി പൂരിപ്പിച്ചില്ല.. 

ശേഖരൻ ഒരുപടല പൂവൻപഴംകൂടി അറുത്തെടുത്ത് സഞ്ചിയിലാക്കി പീടികയടച്ചു. പിന്നെ തഴുതാമലതകൾ അതിരിട്ട ഇടവഴിയിലൂടെ ഇരുവരും നടത്തം തുടർന്നു. 
                      
ശേഖരർകുട്ടിയുടെ പീടികയും ശാന്തിപ്പണിപോലെ പാരമ്പര്യമായി സിദ്ധിച്ചതാണ്. ശേഖരന്റെ അച്ഛൻ വാസുദേവൻ പീടിക നടത്തിയകാലത്ത് അന്നപൂർണ്ണേശ്വരിക്ഷേത്രകാര്യങ്ങൾക്ക് കൊട്ടാരംവക വരവുണ്ടായിരുന്നു. നാരായണൻ നമ്പൂതിരിയുടെ അപ്പൻ ഭവത്രാതനായിരുന്നത്രെ അക്കാലത്ത് മേൽശാന്തി. ദേവിയെക്കാൾ പൂജാരിക്ക് കാര്യമുണ്ടായിരുന്ന കാലം. രാജഭരണം പോയി ക്ഷേത്രത്തിലേക്കുള്ള വരവും ക്ഷേത്രം ദേവസ്വംവകയായി നടവരവുകുറഞ്ഞ ക്ഷേത്രമെന്നതിനാൽ ഇപ്പോൾ ദേവസ്വത്തിനും വേണ്ടാതായി നടയിൽ പഞ്ചലോഹമൊന്നുമില്ലാത്തതിനാൽ നാട്ടാർക്കും.. നമ്പൂതിരിയുടെ നിത്യപരിഭവങ്ങൾ നടവഴിയിലെ ചെടികൾക്കുപോലും സുപരിചിതമാണ്. 

ക്ഷേത്രത്തിലേക്ക് ആരെങ്കിലും അർപ്പിക്കുന്ന ശർക്കര നൈവേദ്യവും നാളീകേരവും വെള്ളപ്പായസവുമൊക്കെയാണ് നമ്പൂതിരിയുടെ വേളിക്കും രണ്ടു പെൺകുട്ടികൾക്കും അത്താഴമേകിയിരുന്നത്. തുശ്ചശംബളം നൽകിയിരുന്ന ദേവസ്വം, വരുമാനം നിലച്ചതിനാൽ നടപൂട്ടി താക്കോലേൽപിച്ച് മടങ്ങാനാണ് ഇപ്പോൾ നിർദ്ദേശിച്ചിരിക്കുന്നത്.. രേഖകളിൽ അപ്പൻ തിരുമേനിയാണ് പൂജാരി.. അദ്ദേഹത്തിന്റെ കാലം കഴിഞ്ഞിട്ടും മകന് ചാർത്തിനൽകിയിട്ടില്ല, അതിനാൽതന്നെ നടപൂട്ടിയിട്ട് മറ്റൊരു മാർഗ്ഗവും നാരായണൻ നമ്പൂതിരിയുടെ മുന്നിലില്ല.

 "അന്നപൂർണ്ണേശ്വരിയാണ് മൂന്നുനേരം പൂജമുടങ്ങി ഒരുനേരമായി, ഇനിയും എനിക്കാവില്ല ആ തിരുനട കൊട്ടിയടയ്ക്കാൻ" അതായിരുന്നു തിരുമേനിയുടെ മറുപടി..

നിവേദിച്ച് ശിഷ്ടംകിട്ടിയ പ്രസാദവുമായി വീട്ടിലെത്തിയാലും അതു നാലുവയറിനൊന്നുമല്ലെന്ന് തിരുമേനിക്കറിയാം.. അതിനാലാണ് പതിവുള്ള മുറുക്കാൻ തീറ്റ.. പ്രസാദഉരുളി വേളിയെ ഏൽപിച്ച് പങ്കിട്ടുകഴിക്കാൻ പറയും
 " എനിക്കുവേണ്ട ഞാൻ നടയിൽവച്ച് കഴിച്ചു... വായില് മുറുക്കാനുമായി..., നിങ്ങൾ കഴിച്ചോളുക" തിരുമേനി പറഞ്ഞുനിർത്തും. "

എന്നാലും എന്റെ അന്നപൂർണ്ണേശ്വരിയെ പൂജിക്കാൻ എനിക്കൊരാന്തുണയില്ലാണ്ട് പോയീലോ ശേഖരൻകൂട്ടീ..." നമ്പൂതിരിയുടെ പരിവേദനം അല്പം ഉച്ചത്തിലായിപ്പോയതുകൊണ്ടാണ് ശേഖരൻകുട്ടി ചിന്തയിൽ നിന്നുണർന്നത്. ആ സാധുചിന്തയോർത്ത് മനസ്സിൽ ചിരിപൊട്ടിപ്പോയെങ്കിലും നമ്പൂതിരിയുടെ ശുദ്ധമനസ്സോർത്തുപോയി പാവം... 

ശാരദയെ വിവാഹം കഴിച്ച് ആറുവർഷമായി ഇതുവരെ ഒരു കുഞ്ഞായില്ല എന്നത് ഒരു നൊമ്പരംപോലെ ശേഖരൻകുട്ടിയിലേക്കിരച്ചെത്തി.. നേർച്ചയും വഴിപാടും ഞാനും ശാരദയുടെ വീട്ടുകാരും ഒരുപാട് ചെയ്തു. ആ പേരിലും പലദിവസങ്ങൾ തിരുമേനിയുടെ വീട്ടിലത്താഴമുണ്ടായി എന്നിട്ടും...

അമ്മയും പോയപ്പോഴാണ് വിവാഹം കഴിച്ചത്.. ആറുവർഷം, ഉത്തമഭാര്യയായി അവൾ വീട്ടിലുണ്ട്. ചെറിയ പീടികയാണെങ്കിലും അല്ലലില്ലാതെ കഴിഞ്ഞുപോകാനാകുന്നുണ്ട്. സ്നേഹനിധിയാണവൾ അനപദ്യദുഖം ലേശവും തോന്നിപ്പിക്കാതെ അവൾ തന്നെ നോക്കുന്നുണ്ട്.. പീടിക പൂട്ടിച്ചെന്നാൽ നല്ല ഭക്ഷണം വച്ച് കാത്തിരിക്കും കുളിക്കാൻ ചൂടുവെള്ളവും തോർത്തുമായി... പകൽ പീഠികയിലേക്ക് പോരുംവരെയും കൂടെനിന്ന് എല്ലാം ചെയ്ത് വാഴയിലയിൽ ചോറും കരിമീൻ പൊള്ളിച്ചതും.. 
"എന്നും കരിമീനും തേങ്ങാക്കറിയും.... എന്റെ പെണ്ണേ നാളെയും വേണ്ടേ നമുക്ക്..?" ചോദ്യത്തിനെ തടഞ്ഞ് അവളൊന്നു ചേർന്നുനിൽക്കും " അതേയ് പുഴേൽ വള്ളമൂന്നുന്ന കുമാരൻ വള്ളത്തേൽ തേങ്ങാവിറ്റുപോകുമ്പോൾ മേടിക്കണതാ... ഒടയക്കാരനറിയാണ്ട് വിക്കണതാവുമ്പം നമ്മ വെലക്കാ തരണെ".. 

വള്ളക്കാരന്മാർ വിരുതന്മാരാണ്.. വള്ളത്തിൽകേറ്റി ചന്തയ്ക്കുവിടുന്ന തേങ്ങ അവർ മൊതലാളി അറിയാതെ കടവുകളിൽ വിൽക്കും.. ഒപ്പം വിശ്രമസമയത്ത് ചൂണ്ടകൊരുത്ത് കരിമീൻ പിടിക്കും.. അവരിൽ നിന്നാണ് അവൾ മീനും പച്ചത്തേങ്ങയുമൊക്കെ വാങ്ങുക. 

"ന്നാ ശേഖരാ ഞാനങ്ങോട്ട് കേറിക്കോട്ടെ.. ഒന്ന് ആ വെട്ടം കാട്ടിയേക്കുക... പടിയിലാകെ ഇഴജന്തുക്കളുണ്ടാവുമേ... " 
തിരുമേനി വിണ്ടും ശേഖരനെ ചിന്തയിൽ നിന്നുണർത്തി.. "ഇന്ന് ഇത്തിരി നേരത്തെയാണ് ല്ലേ ശേഖരാ..?" തിരുമേനി ഉപചാരമെന്നോണം പറഞ്ഞു.. ശേഖരൻ തുണിസഞ്ചിയിൽ കരുതിയ ഒരുപടല പഴമെടുത്ത് തിരുമേനിയുടെ ഓട്ടുരുളിയിലേക്ക് വച്ചു.. 
" തിരുമേനീ അമ്പലത്തിലെ പ്രസാദശിഷ്ടമാണെന്ന് തന്നെ വീടരോട് പറഞ്ഞോളൂ... തീയ്യന്റെ പീടികയിലെ പഴം അകത്തോര് കഴിച്ചില്ലെങ്കിലോ..." അതുപറഞ്ഞ് ശേഖരൻ പഴയ ആ ഇല്ലത്തിന്റെ പൊട്ടിയടർന്ന് പടികളിലേക്ക് ടോർച്ച് തെളിച്ചു.. അല്പം അമാന്തിച്ചുനിന്ന തിരുമേനി പതിയെ ആ പടിയേറി, പഴമമൂടിയ ആ ഇല്ലക്കെട്ടിന്റെ ഇരുട്ടിലേക്ക് അയാൾ അലിഞ്ഞുപോയതുപോലെ ശേഖരൻകുട്ടിക്കുതോന്നി.  

ഇന്നല്പം നേരത്തെയാണ് ശാരദയ്ക്ക് സന്തോഷമാകും.. ടോർച്ചുവെട്ടം വേണ്ട ഇനി കായലോരത്തുകൂടിയാണ് വഴി പഞ്ചാരമണലിന്റെ വെട്ടമുണ്ട്.. ശേഖരൻകുട്ടി ടോർച്ചുകെടുത്തി നടന്നു ദൂരെ കായലിൽ കെട്ടുവള്ളങ്ങൾ പോകുന്നുണ്ട് ചില വള്ളക്കാർ നീട്ടിപ്പാടും ചിലർ വെറുതെ പൂഹോ വിളിച്ചു നാട്ടുകാരുടെ ശ്രദ്ധയുണർത്തും ആരെങ്കിലും പരിചയക്കാർ കരയിൽ നിന്നു മറുപടി പുഹോ വിളിക്കുകയുമുണ്ടാകും... കായലും പുഴയും ചേരുന്നിടമെത്തിയാൽ പിന്നെ അല്പദൂരമേയുള്ളൂ വീട്ടിലേക്ക്.. 
പഞ്ചാരമണലിൽ കേളിക്കെത്തിയ കാറ്റിലാകെ കൈതപ്പൂമണം.. ശേഖരന്റെ നാസാരന്ദ്രങ്ങളെ ഭേദിച്ച് ആ ഗന്ധം ഉടലിലാകെയൊരുന്മാദം നിറച്ചു.. പുഴയോരത്ത് കൈതപൂത്തിരിക്കുന്നു..!! കൈതപ്പൂവ് ശാരദയ്ക്കിഷ്ടമാണ്.. ആ ഗന്ധം മുടിയിൽചൂടിയ പെണ്ണ് രാത്രിയെ സുഗന്ധിയാക്കും. നോക്കട്ടെ അടർത്താനാകുമോന്ന്.. 

ശേഖരൻ പുഴയും കായലും സംഗമിക്കുന്ന കടവിനടുത്തേയ്ക്കു നടന്നു.. കൈതയും ഒതളങ്ങയും കദമ്പും നിറയെ വളർന്ന് പുഴയ്ക്കുമേലൊരു ലതാകുടീരം തീർത്തിട്ടുണ്ട്.. പുഴക്കരയിലെത്തിയപ്പോഴാണ് ശേഖരനതു ശ്രദ്ധിച്ചത്. നിറയെപ്പൂത്ത കൈതക്കാടിനടിയിലൊരു കെട്ടുവള്ളം പുഴയിൽ മണൽതിട്ടയിൽ പകുതിയേറിയ നിലയിലുണ്ട് അതിലാരോ... 
"ആരാദ്.. ആരാ അവിടെ...?" ചോദ്യത്തിനൊപ്പം ശേഖരൻ തുണിസഞ്ചിയിലെ എവറടിടോർച്ചെടുത്ത് അങ്ങോട്ട് ഞെക്കിപ്പിടിച്ചു.. 
വള്ളപ്പടിയിൽ നിന്ന് പിടഞ്ഞെണീറ്റ വള്ളക്കാരൻ കുമാരൻ..! അടിയിൽ നിന്ന് ഉടുമുണ്ടടക്കിപ്പിടിച്ചവൾ മണൽതിട്ടയിലേക്ക്...

 "ശാരദ" ..? മിന്നായംപോലെ തുണിവാരിയുടുത്തു മുന്നിലൂടോടിയ ശാരദയ്ക്കപ്പോൾ പച്ചത്തേങ്ങയുടെയും പൊള്ളിച്ച കരിമീനിന്റെയും ഗന്ധമുണ്ടായിരുന്നു..
 സ്ഥലകാലബോധമുണ്ടായ ശേഖരൻകുട്ടി പിന്തിരിഞ്ഞ് നോക്കുന്നതിനുമുമ്പ് ചെറിയ മരത്തടിയിലുള്ള പങ്കായവുമായി വള്ളക്കാരൻ കുമാരൻ ശേഖരന്റെ പിന്നിലെത്തിയിരുന്നു... 

പുഴക്കടവിലെ വഴുക്കലിൽ തെന്നിവീണ് തലമുട്ടിമരിച്ചുകിടന്ന ശേഖരൻകുട്ടിയുടെ ശരീരം കുമാരന്റെ വള്ളത്തിലേറ്റി മണൽതിട്ടയിലേക്കെടുത്തപ്പോഴാണ് അവൾ നിലവിളിച്ചുകൊണ്ട് കടവിലേക്കോടിയെത്തിയത്.. അപ്പോഴും അവളുടെ ഉടലാകെ കരിമീൻ പൊള്ളിച്ചഗന്ധവും മുടിയിലാകെ കൈതപ്പൂമണമായിരുന്നു.
ശ്രീ. 26/10/20





Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്