കൂടുമാറിപ്പറക്കുന്ന സന്ദേശങ്ങൾ

     
നിശ്വാസങ്ങളുടെ 
താപമേറ്റുരുകിയിറങ്ങിയ
ജലബാഷ്പങ്ങൾ
സ്ഫടികവാതിലിനപ്പുറം
എന്റെ കാഴ്ചമറയ്ക്കുന്നു..

അപ്പോഴും 
നിന്റെ ഉള്ളിലുരുകിയ
കരിമഷികൊണ്ടാണ്
കർക്കിടകമേഘങ്ങൾ
കരിയെഴുതിയതെന്ന്
ഞാനറിഞ്ഞിരുന്നില്ല.

നഗ്നസത്യങ്ങളിലേക്ക് 
കൺതുറക്കാൻ
നീയെന്നെ അനുവദിച്ചിരുന്നില്ല.
നഗ്നത നീ പാപമാക്കി
വിലക്കിയിരുന്നല്ലോ..!

ഓക്സിജൻ സിലിണ്ടറുകൾ 
ഊഴംകാത്തിരിക്കുന്നപോലെ
നീയും ഏവരോടുമൊപ്പമൊരു
നിത്യസന്ദർശകമാത്രമാണിന്ന്.

ഓരോ സന്ദർശനാനന്തരവും
ഏതുസന്ദേശമയയ്ക്കാനാവും
നിന്റെ വിരലുകൾ
അക്ഷരങ്ങൾ തിരയുന്നത്..

ഉൾക്കാഴ്ചകളിലറിയുന്നു ഞാൻ
നിന്റെ ശുഭാപ്തി സന്ദേശങ്ങൾ..., 

എന്റെ അകങ്ങളൊഴിഞ്ഞിരിന്നിട്ടും
ഇടംതേടി പറന്നുപോയവയാണവ
ഇടംതേടി കുടിയിരിക്കാനാകട്ടെയിനിയതിന്...
ഇടങ്ങളിഷ്ടമാകുന്നിടങ്ങളിൽ.
        ...ശ്രീ...



Comments

Popular posts from this blog

അനുവദിക്കുമെങ്കിൽ

കാളകൾ ഒരു പഠനം

poem - morning wishes പുലർകാല വന്ദനം