Posts

Showing posts from July, 2021

വാല്മീകം

Image
ഉണ്ടവനും  ഉണ്ണിച്ചവളും തുല്ല്യമായി വീതിച്ചില്ല ഉണ്ടുകൂട്ടിയ പാപം..! നീ ഉണ്ടത്  ഞാനെന്തിനു ചുമക്കണമെന്ന് പ്രിയവേടത്തിയും മക്കളും..? കാലം വീണ്ടുമൊരു  വാല്മീകമൊരുക്കുന്നു....., ഇതിഹാസകഥകളെഴുതാൻ നാരായമുനകളൊടിഞ്ഞുപോയി.. വൃത്താലങ്കാരങ്ങളില്ലാത്ത, മാനവികതയുടെ  പടുകവിതയെങ്കിലും കുറിക്കാൻ ഇനിയുമൊരു മാമുനി പിറക്കുമായിരിക്കും... അവിടംവരെ...തപമാണ്  ഉടലുപേക്ഷിച്ചുപോകിലും മനസ്സ്... #ശ്രീ.

പൂക്കാതെ കായ്ക്കുന്ന മരങ്ങൾ

Image
ചിന്തയുടെ വേരുപടലങ്ങൾ..   ശിരസ്സിൽ നിന്ന് പടർന്നിറങ്ങി പാദംവരെ കെട്ടുപിണഞ്ഞൊരു  തടവറ തീർക്കയാണ്... ഉള്ളിലെ ഉന്മാദങ്ങളെ അനുസരിപ്പിച്ചടക്കാനൊരു കവചം. നീരുപൊട്ടിയൊലിച്ച് തായ്ത്തടിയിലൊരു ചെറുപുഴ..! സർഗ്ഗചേതനകളുടെ മന്ദമായൊരൊഴുക്കിനെ പകുതിയിലാറ്റിയുണക്കുന്നു വറുതികളിലും ശീതസൂര്യൻ, നിലംതൊട്ടൊഴുകാനിടയേകാതെ നിലതെറ്റിയുറഞ്ഞ ചിന്തകൾ.  ഉച്ചിയിൽനിന്നുച്ചത്തിലുയരുന്നു വാസനിക്കാത്ത വാക്കിന്റെ മുകുളങ്ങൾ. വിടരുന്നദലങ്ങളിലാകവേ വിദ്വേഷവിഷക്കുമിളകൾ. പൂക്കാതെമുളയ്ക്കുന്ന ഫലങ്ങളിൽ പുഴുക്കുത്തേറ്റ വിത്തുകൾ...  വിതയ്ക്കാനുതകാത്ത വിത്തുകൾ  പാഴ്നിലംതേടിപറക്കുന്നു.. പാഴ്ക്കിനാക്കളാൽ  പകലുവറ്റുന്നു.. ഇരവിലിനിയെന്തു സർഗ്ഗകാമന.       #ശ്രീ

എന്റെ കവിത (8)

Image
(കവിതയ്ക്ക് നിരൂപകൻ ശ്രീ സുരേഷ് മൊഴിമുറ്റത്തിന്റെ നിരൂപണം സഹിതം) നിരൂപണം കവിതയുടെ ലളിതമായ നിര്‍വ്വചനമൊരുക്കുന്ന രചനയാണ് മൊഴിമുറ്റം സഹയാത്രികന്‍ ശ്രീകുമാര്‍ ശ്രീ വായനയ്ക്കെത്തിച്ച 'എന്റെ കവിത' എന്ന സൃഷ്ടി. എന്റെ കവിത ഇത്തരത്തിലാണെന്നു പറയുമ്പോള്‍ കവിതകള്‍ ഇത്തരത്തിലാവണമെന്ന് കവിതയിലൂടെ കടന്നുപോകുന്ന ഓരോ വായനക്കാരനുമനുഭവപ്പെടുകയാണെങ്കില്‍, ആത്മവിമര്‍ശനത്തിനതുതകുമെങ്കില്‍ മുഖപുസ്തകത്തില്‍ കവിതയെന്നപേരിലെത്തിച്ചേരുന്ന സൃഷ്ടികളുടെ ഗുണപരമായ നിലവാരമുയര്‍ത്താനാതുപകരിച്ചേക്കാം.  വെറും വരികളുടെ സമന്വയത്വത്തിനപ്പുറം കവിത വായനക്കാരുമായി സംവദിക്കുന്നവിധം എന്റെ കവിത വെളിവാക്കുകയാണ്. ഭാവനയ്ക്കും കാല്പനികതയ്ക്കുമൊപ്പം യാഥാര്‍ത്ഥ്യത്തിന്റെ അംശംകൂടി ഉള്‍ക്കൊള്ളുമ്പോള്‍ കാവ്യശാഖയ്ക്ക് സത്യസന്ധത കൈവരിക്കുകയും അത് മാനുഷികതലത്തിലേക്കിറങ്ങി മാനവികത കൈവരിക്കുകയും ചെയ്യുന്നു. കവിത മഷിത്തണ്ടിനിണങ്ങുന്ന പുള്ളിവാലന്‍തുമ്പിയായി ഗൃഹാതുരത്വവും ഓര്‍മ്മകളും അനുഭവങ്ങളുമാകുമ്പോള്‍ത്തന്നെ തന്റെ കുഞ്ഞിച്ചിറകാല്‍ മഞ്ഞുതുള്ളിക്കനവുകളെ നെറുകയിലേക്കു തെറ്റിവീഴ്ത്തുമ്പോള്‍ സ്വപ്നസദൃശ്യമയക്കത്തില്‍നിന്ന് നമ്മെയുണര്‍ത്തു

ഉണ്ണിയുടെ സന്ധ്യകൾ

Image
നാമജപം കഴിഞ്ഞ് മുത്തശ്ശി ഒരു ചെമ്പരത്തിയിതളെടുത്തു തിരിനാളത്തെ ഒപ്പിയണയ്ക്കും... ഉമ്മറപ്പടിയിലെ തൂക്കുവിളക്കിലെ നാളം അപ്പോഴും തെളിയുന്നുണ്ടാകും. വല്യമാമ വരുംവരെ നിന്നുകത്താൻ അതിനവകാശമുണ്ട്. എന്നാൽ അണയ്ക്കാനായി ആരും ചെല്ലാത്ത പടിപ്പുരപ്പുറത്തെ ദീപം..! അതു ഇളയമ്മയാണ് തെളിയിക്കാറുള്ളത്, അതു കാറ്റത്തോ മഴയേറ്റോ അല്ലെങ്കിൽ എണ്ണവറ്റിയോ നേരത്തെതന്നെ സമാധിയാകും.. അതിന്റെ ചൂടാറുംമുമ്പ് മതിലുവഴിയൊരു കണ്ടൻപൂച്ച ആ തിരിക്കുഴി നക്കിതുടച്ചുവയ്ക്കും...  സന്ധ്യാവന്ദനം കഴിഞ്ഞാൽ ഉണ്ണിയുടെ മനസ്സ് ഉമ്മറത്തിനു പുറത്തെ തൊടിയിലെ ഇരുട്ടിനൊപ്പം ഒരോട്ടപ്പാച്ചിലിലാണ്.. ഉമ്മറത്ത് വല്യമാമനെ കാത്തിരിക്കെ, ഉണ്ണി പടിപ്പുരക്കപ്പുറത്ത് മറ്റാരും കാണാത്ത കാഴ്ചകൾ കണ്ട് അങ്ങനെ ഇരിക്കും...  ""അങ്ങാടിയിലേക്കുള്ള വഴിതാണ്ടി ഒരാൾ വരുന്നു... നീലിച്ചുതുടങ്ങിയ വലതു കാൽവണ്ണയിൽ നിന്ന് ചോരയൊലിക്കുന്നുണ്ട്.. പടിപ്പുരവരെ വന്നപ്പോഴേക്കും ദേഹമാകെ നീലിച്ച്,.. വിറങ്ങലിച്ച് അകത്തേക്ക് വീഴുന്നു...! ഒരപശബ്ദമുണ്ടാക്കിക്കൊണ്ട് കണ്ടൻപുച്ച കുറുകെ പാഞ്ഞുപോകുമപ്പോൾ. പിന്നെ തന്റെ വായിൽനിന്ന് മുലക്കണ്ണ് വലിച്ചെടുത്ത് അകത്ത് ഏതോമുറിയിൽ അലമുറയി

ഒരു ലളിതഗാനം

#ഒരു_ലളിതഗാനം കൂത്തമ്പലത്തിന്റെ അരമതിൽചാരിനീ കൂത്തുകഴിഞ്ഞിട്ടും നിന്നതെന്തേ.. കൂട്ടുചമയങ്ങളഴിച്ചുഞാൻ പോരുമ്പോൾ  കൂട്ടുവരാൻ കാത്തുനിന്നതാണോ...       (കൂത്തമ്പലത്തിന്റെ...) ഫൽഗുനവേഷത്തിലാടിഞാൻ നിൽക്കുമ്പോൾ  ചിത്രാംഗദയായിരുന്നുനീ.., ഞാനപ്പോൾ, ഉത്തരാസ്വയംവരമാടിനിന്നൂ.. ഉത്തരീയംകൊണ്ട് മെയ്പാതിമറച്ചനീ ഉത്തമമാം ദാരുശില്പമായ്നിന്നൂ ഉത്സവതുടിതാളമുയിരാകെ നിറഞ്ഞൂ...       (കൂത്തമ്പലത്തിന്റെ...) കൃഷ്ണനാട്ടം പകർന്നാടുവാനായിഞാൻ കൃഷ്ണവേഷംചാർത്തികാത്തിരിക്കേ കേളികൊട്ടുണരുന്നവേളയിലാരാരും കാണതെ ചാരത്തുവന്നതെന്തേ കാതരവാക്കുകൾ ചോരുമ്പോളാമിഴി കോണിൽ തെളിഞ്ഞതിന്നേതുരാഗം..     (കൂത്തമ്പലത്തിന്റെ....)  #ശ്രീ