അമ്മയും അമ്പിളിയും മുയലും
ഉമ്മറത്തിണ്ണയിൽ രാവിന്റെ ആദ്യയാമങ്ങളിലെപ്പോഴോ അമ്മമടിലിരുന്ന്, അമ്മ ചൂണ്ടിക്കാട്ടുമ്പോഴാണ് ഞാനാദ്യമായി ഒരു മുയലിനെ കണ്ടത്... അന്ന് മുയൽ അങ്ങുദൂരെ അമ്പിളിമാമന്റെ മടിയിലായിരുന്നു... അമ്പിളിവെട്ടത്തിന്റെ നടുവിലെ മുയൽപ്പാടാണ് ആദ്യന്തികമായി അന്നുമിന്നും എന്റെ മുയൽ, കാരണം അതു അമ്മ കാട്ടിത്തന്നതായതിനാലാവും. വെളുവെളുത്ത രോമക്കുപ്പായക്കാരനെ കാണുമ്പോഴെല്ലാം ആ രാവുകളോർമ്മവരും അമ്മയെയും .... അവയ്ക്കാ പൂനിലാവിന്റെ വെന്മ, തീർച്ചയായും അമ്പിളിമാമന്റെ സമ്മാനമാണെന്ന് കരുതിപ്പോന്നു.. നന്നായി നെയ്പുരട്ടിക്കുഴച്ച ഒരു കുഞ്ഞുരുള ചോറ് വായിലേക്ക് ചേർക്കാൻ അമ്മ എത്ര കാക്കകളെ കാട്ടിത്തന്നു... അവയുടെ ചാഞ്ഞും ചരിഞ്ഞുമുള്ള നോട്ടത്തിലെ കൗതുകത്തിൽ "അയ്യോ കാക്കേ പറ്റിച്ചേ" എന്ന്ചൊല്ലി അമ്മയത് എപ്പോഴേ വായിൽ തിരുകിക്കഴിഞ്ഞു.. അപ്പോഴേയ്ക്കും കാക്ക പിണങ്ങിപ്പോയിരിക്കും.. കുഞ്ഞിനെ അരയിലെടുത്ത കൈയിൽതന്നെ ചോറുപാത്രവും മറുകൈയിൽ ഉരുളയുമായി അടുത്ത കാക്കയെയോ അണ്ണാറക്കണ്ണനെയോതേടി പറമ്പിലാകെ നടന്ന് ഉണ്ണിയെ ഊട്ടുന്ന അമ്മച്ചിത്രം ഇല്ലാതെ മലയാളിയുടെ ഗുഹാതുരത്വം പൂർത്തിയാകുന്നേയില്ല.. അമ്മയാട് പറഞ്ഞതുകേൾക്കാതെ വാതിൽതുറന്