അമ്മയും അമ്പിളിയും മുയലും
ഉമ്മറത്തിണ്ണയിൽ രാവിന്റെ ആദ്യയാമങ്ങളിലെപ്പോഴോ അമ്മമടിലിരുന്ന്, അമ്മ ചൂണ്ടിക്കാട്ടുമ്പോഴാണ് ഞാനാദ്യമായി ഒരു മുയലിനെ കണ്ടത്... അന്ന് മുയൽ അങ്ങുദൂരെ അമ്പിളിമാമന്റെ മടിയിലായിരുന്നു... അമ്പിളിവെട്ടത്തിന്റെ നടുവിലെ മുയൽപ്പാടാണ് ആദ്യന്തികമായി അന്നുമിന്നും എന്റെ മുയൽ, കാരണം അതു അമ്മ കാട്ടിത്തന്നതായതിനാലാവും. വെളുവെളുത്ത രോമക്കുപ്പായക്കാരനെ കാണുമ്പോഴെല്ലാം ആ രാവുകളോർമ്മവരും അമ്മയെയും .... അവയ്ക്കാ പൂനിലാവിന്റെ വെന്മ, തീർച്ചയായും അമ്പിളിമാമന്റെ സമ്മാനമാണെന്ന് കരുതിപ്പോന്നു..
നന്നായി നെയ്പുരട്ടിക്കുഴച്ച ഒരു കുഞ്ഞുരുള ചോറ് വായിലേക്ക് ചേർക്കാൻ അമ്മ എത്ര കാക്കകളെ കാട്ടിത്തന്നു... അവയുടെ ചാഞ്ഞും ചരിഞ്ഞുമുള്ള നോട്ടത്തിലെ കൗതുകത്തിൽ "അയ്യോ കാക്കേ പറ്റിച്ചേ" എന്ന്ചൊല്ലി അമ്മയത് എപ്പോഴേ വായിൽ തിരുകിക്കഴിഞ്ഞു.. അപ്പോഴേയ്ക്കും കാക്ക പിണങ്ങിപ്പോയിരിക്കും.. കുഞ്ഞിനെ അരയിലെടുത്ത കൈയിൽതന്നെ ചോറുപാത്രവും മറുകൈയിൽ ഉരുളയുമായി അടുത്ത കാക്കയെയോ അണ്ണാറക്കണ്ണനെയോതേടി പറമ്പിലാകെ നടന്ന് ഉണ്ണിയെ ഊട്ടുന്ന അമ്മച്ചിത്രം ഇല്ലാതെ മലയാളിയുടെ ഗുഹാതുരത്വം പൂർത്തിയാകുന്നേയില്ല..
അമ്മയാട് പറഞ്ഞതുകേൾക്കാതെ വാതിൽതുറന്ന കുഞ്ഞാടിനെ ചെന്നായ പിടിച്ചകഥ അമ്മ പറയുമ്പോൾ ചെറിയൊരു താക്കീതുമുണ്ടതിലെന്ന് ഉണ്ണി വേഗം മനസ്സിലാക്കുന്നു... അടുക്കളത്തിരക്ക് ബാക്കിവച്ച് ഉണ്ണിയെ ഉറക്കാൻ കിടത്തുമ്പോൾ മടികാണിക്കന്നവനോട് അമ്മ പറയാറുണ്ട്... "ഇനിയുമുറങ്ങിയില്ലെങ്കിൽ നിന്നെയാ ചെന്നായയ്ക്ക് പിടിച്ചുകൊടുക്കുമെന്ന്" പിന്നെയവന്റെ ഉറക്കത്തിലെ സ്വപ്നങ്ങളിൽ ആ ചെന്നായയുമുണ്ട്, പറമ്പിൽ ഉണ്ണിയെ തിന്നാൻ കാത്തിരുന്നിട്ട് ഫലമില്ലാതെ നിരാശനായി മടങ്ങുന്ന ചെന്നായയെ സ്വപ്നംകണ്ട് അവനൊന്ന് പുഞ്ചിരിക്കും.. സ്വപ്നത്തിലെ അവന്റെ പുഞ്ചിരിക്ക് കൂട്ടിരിക്കുന്ന അമ്മയപ്പോൾ അവന്റെ നെറുകമുകരുകയാവും.
നടുമുറ്റത്ത് ഒന്നു തെന്നിവീഴുമ്പോൾ നെറ്റിയിലൊരു ശോണബിന്ദു പൊടിയുമ്പോൾ... കൽപടവുകളിലൊന്ന് തെന്നുമ്പോൾ.. ചെറിയ കിളിമരച്ചില്ലയിലുരഞ്ഞ് നെഞ്ചിലൊരു ചെറു പോറലാകുമ്പോൾ... ഉണ്ണി വലിയവായിൽ നിലവിളിച്ചാലും അച്ഛന്റെ ദേഷ്യമോർത്ത് കരയാതിരിക്കിലും... " സാരമില്ലുണ്ണ്യേ... എന്റെ മോൻ വല്യകുട്ട്യല്ലേ... വല്യ കുട്ട്യോൾ വീഴും.. വല്യകുട്ട്യോൾ കരയില്ല" എന്നിങ്ങനെയുള്ള സ്നേഹമൊഴികളോടെ വാരിയെടുക്കുമമ്മ... കൃഷ്ണതുളസിയും നാട്ടുപച്ചയുമൊക്കെ മുറിവിലേക്ക് പിഴിഞ്ഞൊഴിക്കെ, ചെറുനീറ്റലിൽ ഉണ്ണിപുഞ്ചിരിച്ച് അമ്മനെഞ്ചിലേക്ക്.... ചേർത്തണച്ച അമ്മയുടെ നെഞ്ചകം ഉണ്ണിയുടെ വേദനയാകെ ആവാഹിച്ചെടുക്കും.. കാട്ടുതുളസിയുടെ നീരുപോലെ ആ കണ്ണിലൂറുന്ന ഒരുതുള്ളി കണ്ണൂനീരുണാക്കാത്ത ഏതുമുറിവാണ് ഉണ്ണിക്കിനി... ആ നെഞ്ചകം വിങ്ങി അത്യുന്നതങ്ങളിലെ സർവ്വേശ്വരനോട് ഉണ്ണിക്കായ് മനംമുട്ടി പ്രാർത്ഥിക്കുമ്പോൾ ഇനിയെന്താണ് ഭൂമിയിൽ ഉണ്ണിക്കുവേണ്ടത്...
മധുരമായൊരോർമ്മയാണ് ബാല്യം.
അതിലെ അതിരസമാണ് അമ്മ.. ആ മടിത്തട്ടോളം വലുപ്പം ഒന്നിനുമുണ്ടാകില്ല ഈ പ്രപഞ്ചത്തിനു പോലും. ആ മടിത്തട്ടിലിരുന്ന് അറിഞ്ഞവ തന്നെയാണ് ഏറ്റവും വലിയ അറിവുകളും.
#ശ്രീ
Comments