കഥയില്ലായ്മകൾ
കുറച്ചു ദിവസമായി ശ്രദ്ധിക്കുന്നു സദാ കുത്തിമറിഞ്ഞ് കൂത്താടി ഊണുറക്കം എന്നുവേണ്ട, അത്യാവശ്യം കള്ളത്തരം പോലും ഒരുമിച്ച് കാണിക്കാറുള്ള "വെള്ളച്ചി"യേയും "കുറുമ്പി"യേയും ഇടക്കിടെ കാണാനില്ലാതാകുന്നു. അല്ലെങ്കിൽ രണ്ടിലൊരാളെ മാത്രമേ കാണാനുള്ളൂ.. പച്ചമീൻ ഗന്ധമടിച്ചാൽ ഓടിയണയാറുള്ളവർ വലിയ ആലസ്യം കാട്ടിയപ്പോൾ ശ്രീമതി പറഞ്ഞത് വെള്ളച്ചിക്ക് "വിശേഷം" ഉണ്ടാകുമെന്നാണ്. മകളു കട്ടായം പറഞ്ഞത് കുറുമ്പിയ്ക്കാണ് വയർ കൂടുതലെന്ന്.. ഈവക കാര്യങ്ങളിലെ വിവരക്കുറവ് കൊണ്ട് നമുക്കൊട്ടൊരഭിപ്രായം പറയാനായില്ല. എന്നാലും "ഉരക്കള"ത്തിന് പുറകിലെ അരമറയ്ക്കിടയിലുള്ള ഓട്ടയിലൂടെ ഒരു ചാരക്കണ്ണന്റെ അസമയങ്ങളിലെ നുഴഞ്ഞുകയറ്റം പലപ്പോഴും കണ്ടിട്ടുണ്ടെങ്കിലും കണ്ടില്ലെന്നവഗണിച്ചു. അല്ലേലും നമ്മുടെ വീട്ടിലുള്ളോരുടെ സമ്മതമുണ്ടാകുമല്ലോ അതിന്. ആ ചെറിയ ഓട്ടയടച്ച് നുഴഞ്ഞുകയറ്റം തടയണമെന്ന് കരുതിയെങ്കിലും നടന്നില്ല.
മകളോട് കളിക്കാറുള്ളവരാണിരുവരും പക്ഷേ ഇപ്പോൾ മകൾ അടുത്തുചെല്ലുമ്പോഴേക്കും രണ്ടാളും മാറിപ്പോകുന്നു.. ബലമായി അവളെടുത്താൽ മുരണ്ടുകൊണ്ട് കുതറുന്നു.. വിറകോ തൂമ്പയോ എടുക്കാൻ ശ്രീമതിയോ ഞാനോ ഉരക്കളത്തിലേക്ക് പോകുമ്പോൾ കൂടെ വന്ന് മുട്ടിയുരസ്സിക്കൂടാറുള്ളവർ ഇപ്പോൾ ദൂരെ മാറിനിന്ന് ഭയപ്പാടോടെ നോക്കിയിരിക്കുന്നു. ആകെയൊരു പന്തികേട്.. ഇനി ഇവർക്ക് അസുഖം വല്ലതും .. അങ്ങനൊന്നും തോന്നുന്നുമില്ല.. ഇത്യാദി ചിന്തകൾക്ക് സമയമില്ലാത്തതിനാലാണ് അവരെ അവരുടെ പാട്ടിന് വിട്ടത്.....
ഇന്നലെ രാത്രി കോരിച്ചൊരിയുന്ന മഴയുടെ താളത്തിനൊരല്പം അവരോഹണമുണ്ടായപ്പോഴാണത് കേട്ടത്.. പിന്നാമ്പുറത്തെ ഉരക്കളത്തിൽ നിന്നുള്ള നിലവിളി... പതിയെ തുടങ്ങി ഉച്ചത്തിലെത്തിയ കോറസ്സ് അല്പനേരം കഴിഞ്ഞ് അവസാനിച്ചു.. അല്ലെങ്കിൽ മഴയുടെ ഇരമ്പലിൽ ആ ശബ്ദവും അലിഞ്ഞുപോയി...
രാവിലെതന്നെ മകളും ശ്രീമതിയുമായി ദൗത്യസേന ഊരക്കളം വളഞ്ഞു.. കൂട്ടിയിട്ട രണ്ടുമൂന്ന് വിറകുകഷ്ണം മാറ്റിയപ്പോൾതന്നെ വെള്ളച്ചി പുറത്തുചാടി ഒപ്പം വിറകുകൾക്കിടയിൽ നിന്ന് രണ്ടുപേരുടെ മ്യാവൂ... വിളിയും തുടങ്ങി.. അടുത്തക്ഷണം അങ്ങേമൂലയിൽ നിന്നും വീണ്ടുമൊരു മ്യാവൂ... ഇപ്പോഴത് കോറസ്സായി. മകളുടെ ആകാംക്ഷ പുതിയ കൂട്ടുകാരെകണ്ടപ്പോൾ ആഹ്ളാദമായി മാറി... മൂന്ന് സുന്ദരസൂനങ്ങളെയും തൂക്കിയെടുത്ത് മുറ്റത്താക്കിയതും അവർ തലങ്ങും വിലങ്ങുമായി പതിയെ ഓടാൻ തുടങ്ങി. ഒപ്പം മകളും.
ദൂരെമാറി വെള്ളച്ചിയും കുറുമ്പിയും അല്പം ഭയത്തോടെ നോക്കിയിരുപ്പുണ്ട്...
" അമ്പടി കേമികളേ.. രണ്ടാളും കൂടി ഒളിച്ചുനടന്നത് ഇതിനാണല്ലേ..?" ശ്രീമതിയുടെ സംസാരംകേട്ട് രണ്ടുപേരും ഒരു സ്വരം പുറപ്പെടുവിച്ചു... അതുകേട്ടപ്പോഴേയ്ക്കും മൂന്ന് പുതിയ അഥിതികളും ചേർന്ന് വീണ്ടും കോറസ്സാരംഭിച്ചു.
ശ്രീ.
Comments