Posts

Showing posts from June, 2020

പുഴക്കരയിലെ മരം

Image
പുഴക്കരയിലെ മരം പുഴയുടെ ആഴമളന്ന  വേരുകളും ആകാശത്തിന്റെ ചൂടറിഞ്ഞ  ശിഖരങ്ങളുമായി പുഴയ്ക്കും  കരയ്ക്കുമിടയിലൊ- രിത്തിരിയിടത്തിൽ  ഞാനിടംപിടിച്ചിരുന്നു..  പുഴ പിണങ്ങി  ഇടം കവർന്നനാൾ പൊരുമുഴക്കത്തോടെ പുഴയുടെമാറിലേക്കു  ഞാനൂർന്നുപോയിട്ടും, വഴിമാറിയൊഴുകി അകന്നുപോയ്പുഴ..! #ശ്രീ.

ചിത്രകാരൻ

Image
ചിത്രകാരൻ   ‍‍‌‌ പിടിച്ചുവാങ്ങിയനിറങ്ങൾ വിരലുകൾക്കിടയിലൂടെ ഒലിച്ചുപോകുന്നു.... അടിച്ചേൽപിച്ച ചിന്തകൾ  തിണർത്തുകിടക്കുന്നു... മനസ്സിൽ ഉണങ്ങാനിട്ട  വരകളിൽ  വഴുക്കൻ  പായലുകൾ പടരുന്നു....   മനക്കണക്കുകളുടെ ശിഷ്ടം പൂജ്യംമാത്രമാകുന്ന ദിനങ്ങൾ.  അടച്ചുപൂട്ടുള്ള മനസ്സിന്റെ ചാവി ഉന്മാദിയുടെ ചൂണ്ടുവിരലിൽ..! കാലത്തിന്റെ നെടുംചുമരിൽ അവശേഷിപ്പിക്കാനൊരു ചിത്രം,  വര തീരാത്തൊരാ ചിത്രത്തിനുമുന്നിൽ  മഷിയുണങ്ങിയ  തൂലികയുമായൊരാൾ...!          #ശ്രീ.

എന്റെ കവിതകൾ

Image
എന്റെകവിത   എന്റെ ചെറുകവിത അമ്പലച്ചുമരിലെ... ഓട്ടുമണിയാണത് ശ്രീകോവിലിലെ ഗായത്രിമന്ത്രങ്ങളുടെ നിശ്വാസത്തിൽ, താനേ ചിലയ്ക്കുമത്... എന്റെ ചെറുകവിത കൽവിളക്കിലെ ഒറ്റത്തിരിയാണത്... അമ്പലമുറ്റത്താകെ സ്വർണ്ണവർണ്ണം വിതയ്ക്കുമത് തീ പകർന്നാൽമാത്രം മൂവന്തികളിൽ..  എന്റെ കവിത... വെള്ളിനീരായ് പൊഴിയുകയല്ല കുഞ്ഞുബിന്ദുക്കളുതിരുകില്ല വെയിൽപ്പെയ്ത്തിനാൽ ഒരാവരണമാണത്... നറുംചൂടാലൊരു കമ്പളം സ്വർണ്ണവർണ്ണത്തിലൊരാശ്ലേഷം. #ശ്രീ

മയങ്ങാതെ കാണുന്ന കിനാക്കൾ

മയങ്ങാതെകാണുന്ന കിനാക്കൾ മുനിഞ്ഞുകത്തുന്ന മണ്ണെണ്ണവിളക്കുതിരുന്നൊരു ഗന്ധമുണ്ട്...  മുഷിഞ്ഞ ദാരിദ്ര്യം കുടിയിലമരുന്നൊരു ഗന്ധവും.. ഇണചേരുമവ നിറസന്ധ്യയിൽ.! മനംമടുപ്പിക്കുന്ന  ഗന്ധങ്ങളെയുപേക്ഷിച്ച് രാത്രിയിലേക്കിറങ്ങണം.. വെറും മണ്ണിൽ  ആകാശം നോക്കി കിടക്കണം.. നറുമുല്ലമണവുമായൊരു കുളിർകാറ്റണയുമപ്പോൾ.. വെൺനുരയുതിരുന്നൊരാകാശം പൗർണ്ണമിയെ പരിലാളിക്കവേ മനമാകെ കുളിരണമടിമുടിയുടലും. ""പ്രിയ പൌർണ്ണമീ.. നീയെനിക്കെന്നുമൊരു ചാരായലഹരിയാണ്.... മൂവന്തിവാറ്റിയെടുത്ത് പാതിരാവിന്റെ ചഷകത്തിൽ നിറച്ചുവച്ച സോമരസലഹരി."" ഇരുളലിയുന്നനേരം വെറുതെ മോഹിക്കാറുണ്ട്.. എന്നും പൗർണ്ണമിയായിരുന്നെങ്കിൽ നീലാകാശത്തിന്റെ  മട്ടുപ്പാവിലെങ്ങാൻ നക്ഷത്രശോഭയുടെ  ഭംഗി കൈകൊണ്ട്, മധുരസ്വപ്നം  മെടഞ്ഞുറങ്ങുന്നൊരുവളെ കണ്ടെത്താനായേക്കുമായിരുന്നു. തെങ്ങോലത്തുമ്പിലൂടൂർന്നുവീഴുന്ന മഞ്ഞുതുളളികളിണചേർന്നൊഴുകുന്ന കുഞ്ഞരുവിക്കുളിരിൽ  മനംചേർക്കാമായിരുന്നു. ------------------#ശ്രീ

കഥയില്ലായ്മ

#കഥയില്ലായ്മ വാട്സാപ്പ്; അതെന്റെ നാടകസ്റ്റേജാണ്. പുതിയപുതിയ ചായമിട്ട്  ഞാനതിൽ നിത്യമാടുന്നൊരേ നാടകം. ഫേസ്ബുക്ക്; അതെന്റെ സിനിമാകൊട്ടകയാണ്.. അനുനിമിഷം മിന്നിമറയുന്നു  ഞാനതിൽ... പലഭാവത്തിൽ പലരൂപത്തിൽ. ആടിത്തിമിർത്തലയവേ ഞാൻ മറന്നുപോയൊരു സത്യമുണ്ട്.. ഞാൻ ആരാണെന്ന്. ഞാൻ എന്താണെന്നും. #ശ്രീ 

ആറ്റുകാൽ ദേവീ സ്തുതി

                ആറ്റുകാൽ   ചെമ്പകമണമെഴും പൂമഴ പൊഴിയുമ്പോൾ  അമ്പലനടയിലേക്കെത്തുന്നു മനമെന്നും  ചന്ദനഗന്ധം വഹിക്കുന്ന മാരുതൻ ചിന്തയുണർത്തുന്നു നിൻതിരുദർശനം.. ദേവി നാരായണിയമ്മേ... ആറ്റുകാൽ ആനന്ദസാഗരമാക്കുമമ്മേ.......(ചെമ്പക.. കിള്ളിയാറിൻകരതാണ്ടുന്ന നേരം കൺമഷമെല്ലാമൊഴിഞ്ഞിടുന്നു.. കാലടിയിൽ വീണുകേഴുന്നുനേരം കാലികദു:ഖങ്ങളെന്നേ പിരിയുന്നു... ദേവി നാരായണിയമ്മേ ആത്മാവിനാ- നന്ദമാരി ചൊരിയുമമ്മേ...(ചെമ്പക... കുത്തിയോട്ടംകണ്ടുറങ്ങാതിരിക്കുമ്പോൾ കുത്തിയൊലിച്ചങ്ങുപോകുന്നുവെൻ ദുഖം മൺകലത്തിൽ വെന്തുതീരുന്നുസംസാര സങ്കടമെല്ലാമീ പൊങ്കാലയിൽ ദേവിനാരായണിയമ്മേ വേദന തേവിയകറ്റുന്നൊരമ്മേ...... 4/12/2019