പിറക്കാത്ത കവിതകൾ
കവിതകൾ
എന്റെ കവിത...
പുലർവെട്ടത്തിൽ മുഖംമിനുക്കുന്നൊരു
പരൽമീനാണത്...
തെളിവെള്ളത്തിലലസ
നീന്തിനടക്കുമതെന്റെ ഹൃത്തടത്തിൽ...
എന്റെ കവിത..
നിലാവിന്റെ താപമേറ്റുരുകുന്ന
നറുവെണ്ണയാണത്...
നിഴൽപ്പാടുകളെ നോക്കാതെ
കണ്ണുപൂട്ടിയിരിക്കുമത്..
പാർവ്വണേന്ദുകണ്ടുറങ്ങുമത്.
എന്റെ കവിത...
മച്ചിലെ കിളിവാതിലിൽ
കാറ്റുകൊണ്ടിരിക്കുമത്
അടയ്ക്കാക്കുരുവികളോട് കൂട്ടുകൂടി,
അരിപ്രാവുകളുടെ
കുറുതർക്കങ്ങളെ
തലയാട്ടി സമ്മതിച്ച്,
അതെപ്പോഴും സങ്കല്പങ്ങളിലൊരു
സ്വർഗ്ഗം ചമയ്ക്കുന്നു....
എന്റെ കവിത..
ഓട്ടവീണ ഒറ്റമുണ്ടിലായ
പരൽമീനാണത്
ഒരുകുതിപ്പിനത്,
പുഴയിലേക്കൊഴുകിമറയുന്നു.
എന്റെ കവിത...
ഹൃദയമിടിപ്പുകളെ ഭയന്ന്
ഹൃദയവടുക്കുകളിൽ
ഒളിച്ചിരിപ്പാണ്..
ഒളിയമ്പുകളുടെ
പ്രഹരമേൽക്കാനാവതില്ലാതെ
അതെന്റെ തൂലികയിലേക്ക്
വരാൻ കൂട്ടാക്കുന്നേയില്ല.
എന്റെ പുസ്തകത്താളിലേക്കതിനെ
കുടഞ്ഞെറിയുവാനാവാതെ ഞാൻ:
#ശ്രീ.
Comments