Posts

Showing posts from April, 2019

പ്രേതവിചാരണ

Image
പ്രേതവിചാരണ             """""""""""""""""""""    ആത്മഹത്യചെയ്തതെന്തിനായിരുന്നു.?    "ഞാനാത്മഹത്യചെയ്തിരുന്നില്ല.., മനസ്സു മരവിച്ചവനെങ്ങിനെയാണാത്മഹത്യചെയ്യുക.? " ഭൂലോകവാസമവസാനിപ്പിക്കുംമുമ്പ്  നീണ്ടയിടവേളയിൽ പിന്നെ നീയെന്താണ് ചെയ്തത്.?    "ഞാൻ ചിന്തയിലാണ്ടു.." നന്നായി,  ചിന്തകളുടെയന്ത്യത്തിൽ നീ കണ്ടെത്തിയതെന്തേ.?    "ഇടവേളകൾ ചിന്തകൾക്ക് യോഗ്യമല്ല... ഇടവേളകൾ ഇടവേളകൾക്കുമാത്രമാണ്  നന്നായിണങ്ങുക.." ചോദ്യമാവർത്തിക്കട്ടെ.. ചീറിപ്പായുന്ന വാഹനത്തിനുകുറുകെ..! പാഞ്ഞുവരുന്ന തീവണ്ടിയെത്തേടി... !! ജലച്ചുഴികളിലെയാഴങ്ങൾ തേടി...! ഒരുമുഴം കയറുകൊണ്ട്....! സ്ഫടികഭരണിയിലെ പളുങ്കുതീർത്ഥത്താൽ.. !, പറയൂ സുഹൃത്തേ.. എന്തിനാണസമയത്തെ ഈ യാത്ര.?   "ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കുമത്രേ... ഇവിടമാണോ ലക്ഷ്യം.? ലക്ഷ്യപ്രാപ്തി  അതൊരു മരീചികയാണെന്നറിഞ്ഞില്ലേ.?   "അറിവുകൾ അവസാനിക്കുന്നിടത്താണ് ജീവിതാരംഭമെന്നറിഞ്ഞു.... " അവനവനഭിമതമായത് മാത്രമാണോ അറിവുകളെന്

മധ്യവേനലവധി

Image
#മധ്യവേനലവധി അത്തിമരത്തിലെ അണ്ണാറക്കണ്ണനോടാണ് പിണക്കം... പൊത്തിനുള്ളിലെ തത്തമ്മപ്പെണ്ണിന്, എത്രയാണാവോ....   മക്കൾ!! കൂമൻകിളി ഏതു ചില്ലയിലിരുന്നാണ് കൂ.. കൂ എന്ന് പേടിപ്പിക്കുന്നത്..?. വളപ്പൊട്ടുകൾ മഴവിൽ വർണ്ണങ്ങളായി.. മയിൽപീലിക്കണ്ണുകൾ നാളെയെങ്കിലും പെറ്റുപെരുകുമായിരിക്കും ആകാശം കാണാതെ കരുതണമവയെ..! കുറിഞ്ഞിപ്പെണ്ണ് എന്നാണാവോ കുഞ്ഞുകുടുക്കകളെ പ്രസവിക്കുക... ?. ഓ.   കളി തീരുംമുമ്പ് സന്ധ്യയായി.... കുളിച്ചെത്തണം വേഗം രാമനാമത്തിന്, മുത്തശ്ശിമടിയിലേക്ക്...                 ശ്രീ.

Poem malayalam

Image
       കടലോരക്കഥകൾ ആഘോഷങ്ങളുടെ, ആരവത്തിമിർപ്പുകളുടെ ചവിട്ടടികളിൽ ഞെരിഞ്ഞമർന്നത്, വെള്ളാരം കല്ലുകളും തരിമണലും മാത്രമായിരുന്നോ....? സങ്കടങ്ങളമർത്തി തേങ്ങിയമർന്നതെത്ര മുത്തുകൾ... പവിഴമണികൾ..! കരയോട് പവിഴദ്വീപിന്റെ കഥപറയാനെത്തിയ തിരകളോടവർ പതിവായ് പറയുമത്രേ തമസ്കരിക്കപ്പെടുന്നവന്റെ വേദനകൾ.. നിശ്ശബ്ദമായമർന്നുപോയ- നിലവിളികൾ. ````````````````````````````````#ശ്രീ

Poem malayalam

Image
#എറിയാനെടുത്_അക്ഷരങ്ങൾ എറിയാനെടുത്ത  കല്ലുകൾ ഏറുനിലങ്ങളിൽ വീണുകിടന്നു പിന്നെപ്പൊഴോ മറ്റൊരാൾ... കൈകൾ പലതുമാറിയേറുകഴിഞ്ഞും പാഴിടങ്ങളിൽ വീണുടഞ്ഞുമവ വെള്ളാരംകല്ലുകളായും പിന്നെ മണൽത്തരികളായുമവതരിച്ചു..! എറിയാനെടുത്ത അക്ഷരങ്ങൾ കൂട്ടിച്ചേർത്തും  കൂട്ടിക്കുഴച്ചും വലിയവാക്കുകളായി പരിണമിച്ചു ദൃഢമായവ നിഘണ്ടുക്കളിലിടംതേടി ഭയപ്പെടുത്തിയും ഘോരമുറഞ്ഞും നിത്യമലോസരപ്പെടുത്തുന്നു... വാവിട്ടയക്ഷരങ്ങൾ കൂട്ടുചേർന്ന ശത്രുക്കൾ.                     #ശ്രീ

Story MALAYALAM

#പത്മിനിയും_പ്രഷർകുക്കറും. " അഞ്ചുമണിക്കു തുടങ്ങിയ നില്പാണ്.. ഒന്ന് സഹായിക്കാനൊരുകൈ... ആരുമില്ല.  രണ്ടുകൈയാലെ തീരുന്നതല്ല... " പ്രഭാതത്തിലെ മുഖപുസ്തകപാരായണത്തിന് വിരാമമിടാനായി അടുക്കളയിൽനിന്നൊരു സൈറൻ മുഴങ്ങി.  അത് ഉച്ചത്തിലെത്തുന്നതിനുമുമ്പ് ലാപ്ടോപ്പുപേക്ഷിച്ച് ഒഴിഞ്ഞ ചായക്കപ്പുമായി അടുക്കളയിലെത്തി..  ശ്രീമതി മുഖമുയർത്താതെ മുരിങ്ങക്കായ് വൃത്തിയാക്കി മുറിയ്ക്കുകയാണ്. പതിവുപോലെ ചിരവയ്ക്കു സമീപമിരിക്കുന്ന തേങ്ങ അതിന്റെ മുക്കണ്ണുതുറന്ന് ദയനീയമായെന്നെ നോക്കി. ഭാര്യയുടെ അടുക്കളയിലെ ഏറ്റവും വലിയ ശത്രുവാണവൻ.. ആ രസംകൊല്ലിയെ ഞാനുമിപ്പോൾ വെറുത്തുതുടങ്ങി ഒരുപക്ഷേ ഈ തേങ്ങാമുട്ടിയില്ലായിരുന്നെങ്കിൽ  ഒമ്പതുമണിവരെയെങ്കിലും  ഓൺലൈനിൽ അഭിരമിക്കാമായിരുന്നു. മൂലയ്ക്ക് അക്ഷമനായിരിക്കുന്ന വെട്ടുകത്തി വലംകൈയിലേന്തി തേങ്ങ ഇടംകൈയിലെടുത്തു. "അരുതുകാട്ടാളാ...." എന്ന വിളിയും ഇടംകൈയ്ക്കുള്ളിലെ  പെടപ്പുമൊന്നും വകവയ്ക്കാതൊരുവെട്ട്. അരിശം തീരുവോളം ചിരവയിലിട്ട് കശക്കിയെടുത്തു. "മീൻ വിളിക്കുന്നു...  ദോശനോക്കണേ....." അടുത്ത കമാന്റ് പാസ്സാക്കി ഭാര്യ കവറുമായി മീൻകാരിയെ നോക്കിയിറങ്ങി. മ

Poem Malayalam

Image
മരമൊഴി ````````````` വഴിയരികിൽ കിളിർത്ത അത്തിമരമാണ് ഞാൻ മാതൃവൃക്ഷത്തെ ഞാനറിയുകയില്ല തായ് വൃക്ഷമാണ് ഞാൻ സന്തതികളെയും ഞാനറിയുകയില്ല.. കടപ്പാടിന്റെ കടക്കെണിയില്ല പാരമ്പര്യത്തിന്റെ ചങ്ങലവളളികളില്ല. ദൗർബല്യങ്ങളുടെ അഴുക്കുചാൽ നീന്താനുമില്ല. വിവേകവും വിജ്ഞാനവും ദൈവം എന്നെയേല്പിച്ചില്ല. അതിനാലാവും അവയുടെ സൃഷ്ടികൾ കടമയും മമതയും എന്റെ സിരകളിലില്ല. അതിജീവന സമരത്തിൽ ഞാൻ  വലിച്ചെറിഞ്ഞ വാക്കിലാണ് വിനയം നോവാണ് സ്നേഹം.                    Sreekumarsree.

Poster poem MALAYALAM

Image

Malayalam poem

Image
*കുമ്പസാരം.* ഒരു ജന്മമല്ല... നീ ചുട്ടുതിന്നാൻ തുടങ്ങിയനാൾ കൂട്ടുകൂടിയതാണ് ഞാൻ.. നീ കട്ടെടുത്തതിനും ഞാൻ കാവലിരിക്കുന്നിപ്പോൾ.. ജന്മാന്തരങ്ങളായി നിന്റെ വാതിൽപ്പലകയിലാണ്, നിന്റെ അനിഷ്ടങ്ങളെ തുരത്തിയോടിക്കുവാൻ നിന്റെ ഇഷ്ടങ്ങൾക്ക് വാലാട്ടി നിൽക്കുവാൻ.. എന്നിട്ടും നിന്റെ മനസ്സിൽ കുടിയേറിയ കുടിലതകളെ ആട്ടിയോടിക്കാനായില്ലെനിക്ക് എന്റെ പിഴ... എന്റെ പിഴ... എന്റെമാത്രം പിഴ...                 #ശ്രീ.

വൈലോപ്പിള്ളി നൽകിയ വേദന

"മാമ്പഴം പെറുക്കുവാൻ ഞാൻവരുന്നില്ലെന്നവൻ മാൻപെഴും മലർക്കുല- യെറിഞ്ഞു വെറുംമണ്ണിൽ"      വേനൽചൂടിൽ നിറയെ കായ്ചുനിൽക്കുന്ന തൈമാവിനെ കാണുമ്പോൾ എന്താണ് തോന്നുക... മാമ്പഴത്തിന്റെ സ്വാദ്തന്നെയാവുമല്ലേ.? എന്നാൽ പൊന്നുണ്ണിയെ നഷ്ടപ്പെട്ട ഒരമ്മയുടെ ദു:ഖം നെഞ്ചേറ്റിയൊരു ശരാശരിമലയാളിയെ അറിയുമോ ഈ തലമുറ !. എത്ര തീവ്രമായാണ് ആ ദു:ഖം വൈലോപ്പിള്ളി,  മാമ്പഴമെന്ന കൃതിയിലൂടെ  മലയാളിയുടെ മനസ്സിലേക്ക് സന്നിവേശിപ്പിച്ചത്.   മാത്രമല്ല ആദികാലംമുതൽ മലയാളിയുടെ പഴമൊഴിയായ,  " മക്കളെക്കണ്ടും മാമ്പൂകണ്ടും സ്വപ്നം മെനയരുതെന്ന " വാക്യത്തിന് അടിവരയായി ആ മഹാകവി പറഞ്ഞുനിർത്തിയ നാലുവരികൾ  എത്ര അർത്ഥസംപുഷ്ടമാണ്...   "" ☆ വാക്കുകൾ കൂട്ടിച്ചേർക്കാൻ വയ്യാത്ത കിടാങ്ങളെ, ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നമ്മൾ ☆."" അതെ അജ്ഞാതമായ ലോകത്തിലേക്ക് ആ അമ്മയെ വിട്ടുപിരിഞ്ഞ കുസൃതിക്കുരുന്നിനെയോർത്ത് ഇന്നും മനസ്സുപിടയുന്നു. """" വരിക കണ്ണാൽകാണാൻ വയ്യാത്തൊരെൻ കണ്ണനേ സരസാ നുകർന്നാലും തായതൻ നൈവേദ്യം നീ"""". ................ ശ്രീ.

മുവരിക്കവിതകൾ

സാമ്രാജ്യം നഷ്ടമായ രാജാവിനേക്കാൾ തീവ്രവേദന കളിപ്പാട്ടം നഷ്ടമായ കുട്ടിയുടേതാണ്.... #ശ്രീ

മുവരിക്കവിതകൾ

ഒളിയിടങ്ങളിൽ ഒച്ചയുണ്ടാക്കാതെ ഒളിച്ചിരിപ്പാണ് ചിറകുകളിൽ  ഓട്ടവീണ എന്റെ കവിതകൾ...

ഹൈക്കു

Image

ഹൈക്കു

Image

ഹൈക്കു

Image

ഹൈക്കു

Image