Posts

Showing posts from July, 2017

Short story- Malayalam

Image
കണ്ണാന്തളിപ്പൂക്കൾ.        ••••••••••••••••••••••••• "ഡാ... ചെക്കാ... ദാ പൂവൊന്ന് പൊട്ടിച്ചേടാ. " പാടവരമ്പിലെ ചെളിവെള്ളം ചവിട്ടിതെറുപ്പിച്ച്, തോട്ടിലൂടൊഴുക്കിവിട്ട ചേമ്പിലയുടെ വേഗത്തിനൊപ്പം വരമ്പിലൂടങ്ങനെ നടക്കുമ്പോഴാണ് ജലജേച്ചിയുടെ വിളി.. തന്നെക്കാൾ മൂന്ന് വയസ്സിന്  മുപ്പുണ്ട് ജലജേച്ചിക്ക്.  എന്നാലുമവളുടെ "ഡാ.." വിളി ഒട്ടുമിഷ്ടമില്ലെനിക്ക്.. അതിന്റെ പേരിൽ പലപ്പോഴും ഞങ്ങൾ ശണ്ഠകൂടാറുമുണ്ട്... എന്നാലും എന്നിലെ അഞ്ചാംക്ലാസ്സുകാരൻ ഒരു സർവ്വവിജ്ഞാനകോശമായ ജലജേച്ചിയുടെ മുന്നിലെപ്പോഴും തോറ്റുപിന്മാറിയിട്ടേയുള്ളൂ... ജലജേച്ചി കൈചൂണ്ടിയിടത്തേയ്ക്ക് നോക്കി.. തോടുവരമ്പിനടിഭാഗത്ത് മാറാൻചേമ്പ് പന്തലിട്ട തണലിനടിയിൽ വെള്ളയും പിങ്കും  വയലറ്റുമൊക്കെ നിറംചേർന്ന ഒരുകൂട്ടം പൂക്കൾ.. "കണ്ണാന്തളിപ്പൂക്കളാടാ അത്.. " എന്റെ ചോദ്യഭാവത്തിന് ജലജേച്ചി ഉത്തരമോതി. പിന്നെ പതിവുപുഞ്ചിരിയോടെ ആ കണ്ണുകൾ തോടിലേക്കിറങ്ങി പൂവടർത്തുവാനെന്നെ പ്രലോഭിച്ചുകൊണ്ടിരുന്നു. ജലജേച്ചിയെപ്പോഴുമങ്ങനെയാണ്  എന്റെ മനസ്സിലുണരുന്ന സംശയങ്ങൾ മുഖത്ത്പടരുമ്പോൾ അവ നാവിലൊരു ചോദ്യമാകും മുമ്പ് ജലജേച്ചിയതിനുത്തരം പറ

Poem - Malayalam

Image
പ്രതിദിനസൂചിക ••••••••••••••••••••• ആദിയുമന്ത്യവുമില്ലാത്ത, ഭ്രമണപ്രദക്ഷിണവീഥികളിലൂറിയ സമയക്രമങ്ങളാണെന്റെ കലണ്ടർ... കൂട്ടിയതും കിഴിച്ചതുമെല്ലാം ഒരു ഭൂഗോളത്തിന് ഗോചരമായ, ഉദയാസ്തമയങ്ങളെ സാക്ഷിയാക്കി. ദിനരാത്രങ്ങളെ പകുത്തതാര്.? വിഭജിച്ചതും ഗുണിച്ചതുമെന്തിന്? ഒരു കിരണമവസാനിക്കാതിരുന്നാൽ ഒരിരവ് വെളുക്കാതിരുന്നാൽ എന്റെ കലണ്ടറിലവശേഷിച്ച ദിനാക്ഷരങ്ങൾക്കു മരണം..! തനിയാവർത്തനങ്ങളുടെയവസാനം. പത്രങ്ങളവസാനിക്കാത്തൊരു സൂചിക, പ്രപഞ്ചത്തിന്റെ ഉമ്മറത്തുണ്ടാകും.. മാറ്റിയിടലാവശ്യമില്ലാത്തൊരു ദിനസൂചിക, അച്ചടിമഷിയേൽക്കാതേതോ കമ്മട്ടപ്പുരയിൽ പതുങ്ങിയിരുപ്പുണ്ടൊന്ന്.. നിറമില്ലാതെയച്ചടിക്കുമത് പകലാണോ ഇരവാണോ, ഇനിയന്ത്യനാൾവരെയെന്നറിയില്ലല്ലോ.                                             ശ്രീ..

poster poems

Image
നിഴലില്ലാ കിനാവുകൾ പദയാത്രചെയ്യുമെൻ അകതാരിലൊളിപ്പിച്ച നിനവാണ് നീ....

poster

Image

Short Note Malayalam

Image
ചുറ്റിലും ചുണ്ണാമ്പുനിറംപുരണ്ടൊരു  മുറുക്കാനിടിക്കുന്ന  കല്ലും അതിന്റെ "കുഴവി"യിൽ ശുഷ്കമായ വിരലുകൾ കൂട്ടിപ്പിടിച്ച് ഉമ്മറത്തെന്റെ അമ്മമ്മയുണ്ട്... വെള്ളിമുടിയിഴകൾ ഉച്ചിയിലെക്കെടുത്തുകെട്ടി ഒരുതുളസിക്കതിരതിൽ ചൂടി.. വായ്ക്കിരുവശവും പ്രായംനൽകിയ ഓവുചാലിലൂടെ  മുറുക്കാന്റെ ചുവന്നനിറമൊലിപ്പിച്ചിരുപ്പുണ്ടവർ... പടിയേറിവന്ന് ഉമ്മറത്തിണ്ണപുല്കവെ മുണ്ടിന്റെ കോന്തലകൊണ്ടെന്റെ ഉച്ചിയിലെ വിയർപ്പൊപ്പുകയാണമ്മമ്മ.... മധുരമൊരാലസ്യത്തിൽ ഉച്ചമയക്കമുണരുമ്പോൾ  കട്ടൻകാപ്പിയ്ക്കൊപ്പം എന്റെ കൊതിയൂട്ടാനൊരു "കൈയപ്പം" ചുടാനാവും ഓർമ്മകളുടെ  അടുക്കളപ്പുരയിൽ അമ്മമ്മ തിരക്കിലാണിന്നും..           ശ്രീ.

poem Malayalam

Image
 വിരഹിണിയുടെ പാട്ട്.      ======= ഇന്നലെയും തലപൊക്കി ഗർവ്വിഷ്ഠയായ്,  മുന്നിൽ നിന്നവൾ കേമയാണെന്നപോൽ.. രാവുപെയ്തൊരു നേരത്തു പൂത്തവൾ പാതിരാമഴ പാടേ നനഞ്ഞവൾ. രാമഴയെ  രഹസ്യം വരിച്ചവൾ, രാമഴക്കുളിർ ഗർഭം ധരിച്ചവൾ. രാവുപോയോരു നേരത്തു ഖിന്നയായ് പാതയോരത്തു ചാഞ്ഞുനിന്നേകയായ് നീർതുളുമ്പി പതംപറഞ്ഞിന്നവൾ നഷ്ടരാവോർത്തിന്നേറെ കരഞ്ഞവൾ. പാതതാണ്ടും പലവഴിക്കൂട്ടരോടേറെ ശോകം കലർന്നുചെല്ലുന്നവൾ "കണ്ടുവോ നിങ്ങൾ പോയോരിരവിലെൻ തണ്ടുണർത്തികടന്നോരു, കാന്തനെ. കണ്ടുവെന്നാൽ പറയുമോ എൻമലർ- ചെണ്ടിനുള്ളിലിനിയും കരുതിയ രണ്ടു വിത്തുകളുണ്ടൊന്നു വന്നിടാൻ, കൊണ്ടുപോയിടാനാ മലർവിത്തുകൾ കൊണ്ടുപോയി, വിതയ്ക്കുകീഭൂമിയിൽ വില്പനച്ചരക്കാകാതെ പ്രേമത്തിൻ വിത്തെറിഞ്ഞു വിതയ്ക്കും  നിലങ്ങളിൽ ".                                 ശ്രീ. 11/7/17 (നിത്യവും പ്രഭാതസവാരിചെയ്യുന്ന വഴിയിൽ അപ്രാപ്യമായ ഉയരത്തിൽ  പൂത്തുനിന്ന ഈ   പൂക്കൾ ഇന്നലെരാത്രിയിലെ മഴയേറ്റാവും വഴിമുടക്കുംപോലെ ചാഞ്ഞുനിൽക്കുന്നത്. ഇടനേരം വിശ്രമിച്ച് അതിനെ നോക്കിയിരിക്കെ തോന്നിയൊരു ഭ്രാന്താണ് ഈ ചെറുരചന.)

Poem Malayalam

ശാന്തമായിരിക്കുക. ----------------------------- കുത്തനെ നാട്ടിയ പായ്മരങ്ങളിലാണ് എന്റെ  ജീവനാഡികൾ. തുന്നിക്കെട്ടിയ കീറപ്പായയും കാറ്റുമാണെന്റെ ഗതി നിർണ്ണയിച്ചത്.. എന്നിട്ടും മഞ്ഞുരുകാത്ത, തിരപുണരാത്ത, തീരമണഞ്ഞുപോയി... ഹിമവടുക്കളിലുറഞ്ഞു- പോയൊരു  ജീവിതം.   ഇനി....? ഓളങ്ങൾക്ക് മേൽ നീട്ടിവരച്ച പാതകളില്ല, പങ്കായചുറ്റുകളിൽ എണ്ണവറ്റാത്ത യന്ത്രവുമില്ല. വിളക്കു കെടാത്തവെട്ടം, നക്ഷത്രപ്പൊട്ടുകളുടെ കനിവും നിശബ്ദതയ്ക്കിടം നൽകാത്ത തിരയിളക്കവും... "ശാന്തമായിരിക്കുക".. കല്പിക്കുന്നുണ്ടീ കടലിനോട്, കൈകൾ മരയാണിയാൽ കോർത്തുറഞ്ഞവന്റെ ശബ്ദം..! (കാറ്റിനെയും കടലിനെയും നിയന്ത്രിക്കാൻ കഴിവുളളവനൊരുൾക്കടലിലെ പായ്മരത്തിൽ കുരിശേറിയിരിക്കുന്നുവത്രെ!.).            ശ്രീ.

poster poem

Image