poem Malayalam
വിരഹിണിയുടെ പാട്ട്.
=======
ഇന്നലെയും തലപൊക്കി ഗർവ്വിഷ്ഠയായ്,
മുന്നിൽ നിന്നവൾ കേമയാണെന്നപോൽ..
രാവുപെയ്തൊരു നേരത്തു പൂത്തവൾ
പാതിരാമഴ പാടേ നനഞ്ഞവൾ.
രാമഴയെ രഹസ്യം വരിച്ചവൾ,
രാമഴക്കുളിർ ഗർഭം ധരിച്ചവൾ.
രാവുപോയോരു നേരത്തു ഖിന്നയായ്
പാതയോരത്തു ചാഞ്ഞുനിന്നേകയായ്
നീർതുളുമ്പി പതംപറഞ്ഞിന്നവൾ
നഷ്ടരാവോർത്തിന്നേറെ കരഞ്ഞവൾ.
പാതതാണ്ടും പലവഴിക്കൂട്ടരോടേറെ
ശോകം കലർന്നുചെല്ലുന്നവൾ
"കണ്ടുവോ നിങ്ങൾ പോയോരിരവിലെൻ
തണ്ടുണർത്തികടന്നോരു, കാന്തനെ.
കണ്ടുവെന്നാൽ പറയുമോ എൻമലർ-
ചെണ്ടിനുള്ളിലിനിയും കരുതിയ
രണ്ടു വിത്തുകളുണ്ടൊന്നു വന്നിടാൻ,
കൊണ്ടുപോയിടാനാ മലർവിത്തുകൾ
കൊണ്ടുപോയി, വിതയ്ക്കുകീഭൂമിയിൽ
വില്പനച്ചരക്കാകാതെ പ്രേമത്തിൻ
വിത്തെറിഞ്ഞു വിതയ്ക്കും നിലങ്ങളിൽ ".
ശ്രീ. 11/7/17
(നിത്യവും പ്രഭാതസവാരിചെയ്യുന്ന വഴിയിൽ അപ്രാപ്യമായ ഉയരത്തിൽ പൂത്തുനിന്ന ഈ പൂക്കൾ ഇന്നലെരാത്രിയിലെ മഴയേറ്റാവും വഴിമുടക്കുംപോലെ ചാഞ്ഞുനിൽക്കുന്നത്. ഇടനേരം വിശ്രമിച്ച് അതിനെ നോക്കിയിരിക്കെ തോന്നിയൊരു ഭ്രാന്താണ് ഈ ചെറുരചന.)
Comments