Short story- Malayalam

കണ്ണാന്തളിപ്പൂക്കൾ.
       •••••••••••••••••••••••••
"ഡാ... ചെക്കാ... ദാ പൂവൊന്ന് പൊട്ടിച്ചേടാ. "

പാടവരമ്പിലെ ചെളിവെള്ളം ചവിട്ടിതെറുപ്പിച്ച്, തോട്ടിലൂടൊഴുക്കിവിട്ട ചേമ്പിലയുടെ വേഗത്തിനൊപ്പം വരമ്പിലൂടങ്ങനെ നടക്കുമ്പോഴാണ് ജലജേച്ചിയുടെ വിളി..
തന്നെക്കാൾ മൂന്ന് വയസ്സിന്  മുപ്പുണ്ട് ജലജേച്ചിക്ക്.  എന്നാലുമവളുടെ "ഡാ.." വിളി ഒട്ടുമിഷ്ടമില്ലെനിക്ക്.. അതിന്റെ പേരിൽ പലപ്പോഴും ഞങ്ങൾ ശണ്ഠകൂടാറുമുണ്ട്... എന്നാലും എന്നിലെ അഞ്ചാംക്ലാസ്സുകാരൻ ഒരു സർവ്വവിജ്ഞാനകോശമായ ജലജേച്ചിയുടെ മുന്നിലെപ്പോഴും തോറ്റുപിന്മാറിയിട്ടേയുള്ളൂ...
ജലജേച്ചി കൈചൂണ്ടിയിടത്തേയ്ക്ക് നോക്കി.. തോടുവരമ്പിനടിഭാഗത്ത് മാറാൻചേമ്പ് പന്തലിട്ട തണലിനടിയിൽ വെള്ളയും പിങ്കും  വയലറ്റുമൊക്കെ നിറംചേർന്ന ഒരുകൂട്ടം പൂക്കൾ..

"കണ്ണാന്തളിപ്പൂക്കളാടാ അത്.. "

എന്റെ ചോദ്യഭാവത്തിന് ജലജേച്ചി ഉത്തരമോതി. പിന്നെ പതിവുപുഞ്ചിരിയോടെ ആ കണ്ണുകൾ തോടിലേക്കിറങ്ങി പൂവടർത്തുവാനെന്നെ പ്രലോഭിച്ചുകൊണ്ടിരുന്നു.
ജലജേച്ചിയെപ്പോഴുമങ്ങനെയാണ്  എന്റെ മനസ്സിലുണരുന്ന സംശയങ്ങൾ മുഖത്ത്പടരുമ്പോൾ അവ നാവിലൊരു ചോദ്യമാകും മുമ്പ് ജലജേച്ചിയതിനുത്തരം പറഞ്ഞിരിക്കും.  അതുപോലെ ജലജേച്ചിയുടെ ആവശ്യങ്ങൾ നേടിയെടുക്കാനൊരിക്കലും ജലജേച്ചി അഭ്യർഥിക്കാറേയില്ല പകരം ആ മിഴികളിൽനിന്നുത്ഭവിക്കുന്നൊരു കിരണം, അതിനൊരാജ്ജയുടെയോ ആവശ്യപ്പെടലിന്റെയോ അപേക്ഷയുടേയോ ഭാവമല്ല, ഒരു വാത്സല്യത്തിന്റെ, സ്നേഹത്തിന്റെ തീഷ്ണതയാണ്.  പൂക്കളിറുത്ത് കയറുമ്പോൾ ജലജേച്ചി ആവേശത്തോടെയാണതേറ്റുവാങ്ങിയത്. ആ കണ്ണുകളിലെ തിളക്കംകാണാൻ നല്ല ചന്തമായിരുന്നു.
        ••••••••••••••
കാവിൽ വിളക്കുവയ്ക്കാൻ വിജയേട്ടനൊപ്പം പോയിമടങ്ങിയപ്പോഴാണ് കണ്ണാന്തളിയുടെ കഥ ജലജേച്ചി പറഞ്ഞത്...
" കണ്ണാന്തളി തൂവെള്ളനിറമായിരുന്നത്രെ തുമ്പപ്പൂവിന്റെ നിറം.  ശ്രീപരമേശ്വരൻ പാലാഴിമഥനത്തിനിടയിൽ കാളകൂടം ഭുജിച്ചസമയം പാർവ്വതീദേവി  ശിവാരാധനയ്ക്കായി കണ്ണാന്തളിപ്പൂവടർത്തുകയായിരുന്നു. ദേവൻ വിഷം പാനംചെയ്തനേരം പരിഭ്രമിച്ചദേവി, കൈയിലിരുന്ന പൂക്കളോടൊപ്പമാണ്  അദ്ദേഹത്തിന്റെ കണ്ഠത്തിൽ പിടിച്ചതത്രേ...!! കാളകൂടത്തിന്റെ ശക്തിയാൽ ദേവിയുടെ കൈയിലിരുന്ന പൂക്കളുടെ ഒരുഭാഗം നീലിച്ചുപോയത്രെ... പൂക്കൾ കരിഞ്ഞുപോകാതെ ദേവി അവയെ ജലത്തിലേക്കെറിഞ്ഞു. അന്നുമുതലാണത്രെ ജലമൊഴുകുന്ന ഭാഗങ്ങളിൽ പിങ്കും നീലയും വെള്ളയുമായി കണ്ണാന്തളി പരന്നത്. "

ജലജേച്ചിയുടേത് പുളുക്കഥയാണെന്ന് വിജയേട്ടൻ കളിയാക്കി.  ജലജേച്ചി ഒന്നുംമിണ്ടാതെ മുഖംവീർപ്പിച്ചു  നടന്നു. സന്ധ്യാംബരത്തിന്റെ ചെങ്കുങ്കുമം വാരിയണിഞ്ഞ ജലജേച്ചിയുടെ കവിളുകൾക്ക് നല്ല ചന്തമായിരുന്നപ്പോൾ.

വിജയേട്ടനെ ജലജേച്ചിക്ക് തെല്ലും ഭയമുണ്ടായിരുന്നില്ല എന്നാലും വിജയേട്ടൻ കളിയാക്കുമ്പോൾ ജലജേച്ചി വഴക്കുണ്ടാക്കില്ലായിരുന്നു. വലിയവയറും കറുത്തദേഹവുമുള്ള വിജയേട്ടനെ ഞങ്ങൾ കുട്ടികൾക്കെല്ലാം നന്നേ ഭയമായിരുന്നു. ചിലദിവസങ്ങളിൽ വിജയേട്ടനൊരു അപസ്വരമുതിർത്തുകൊണ്ട് പൂക്കുലപോലെ വിറയ്ക്കുമായിരുന്നു.. പിന്നെ നിലത്തുവീണ് വായിലൂടെ നുരയും പതയുമൂറി ഏറെനേരം കിടക്കും.. അന്നേരം വലിയമാമൻ വീടിന്റെയോ മറ്റോ താക്കോൽ കൂട്ടമെടുത്ത്  വിജയേട്ടന്റെ ഉള്ളംകൈയ്യിൽ പിടിപ്പിക്കും ചുണ്ടുകൾ പിളർത്തി പല്ലുകൾക്കിടയിലൊരു സ്പൂൺ കുത്തിത്തിരുകിവയ്ക്കും നാക്കുകടിച്ചു മുറിയാണ്ടിരാക്കാനാണ്... ആ അവസ്ഥയിലെ വിജയേട്ടനെയായിരുന്നു ഞങ്ങളേറ്റവും ഭയന്നിരുന്നത്. 
എന്നിരുന്നാലും വിജയേട്ടനില്ലാത്തൊരു ദിനംപോലും വലിയമാമന്റെ വടക്കേവീട്ടിൽ ചിന്തിക്കാൻ പോലും കഴിയില്ല. പുലർച്ചെ പൂവാലിയെ കഴുകി കറക്കുന്നതുമുതൽ മൂവന്തിക്ക് തെക്കതിൽ വിളക്കുവയ്ക്കുംവരെ വിജയേട്ടനൊരു യന്ത്രത്തെപ്പോലെയായിരുന്നു. അത്താഴത്തിനുശേഷം  തെക്കേപ്പുരയിലെ പത്തായത്തിനുപുറത്ത് വലിയൊരു പനമ്പായവിരിച്ച് ഉറങ്ങാൻകിടക്കുന്ന വിജയേട്ടൻ മണ്ണെണ്ണവിളക്കിന്റെ മങ്ങിയവെട്ടത്തിൽ  ഒരുഭീകരകാഴ്ചയായാണ് തോന്നിയിട്ടുള്ളത്.
എന്തുതന്നെ വിജയേട്ടൻ കളിയാക്കിയാലും ജലജേച്ചിക്ക് വിജയേട്ടനെ വലിയ ഇഷ്ടമായിരുന്നു. ആ ബലിഷ്ഠകായത്തിന്റെ സംരക്ഷണം ജലജേച്ചിയിൽ വലിയ സുരക്ഷിതത്വബോധം തോന്നിച്ചിരിക്കണം.

ഒരു കർക്കിടകമഴയുടെ ഓരംചേർന്ന് ഞങ്ങൾ കുട്ടികൾ കളിച്ചുതിമിർക്കുമ്പോഴാണാ വാർത്തയറിഞ്ഞത്.. വിജയേട്ടൻ കമുകിൽ നിന്നു വീണുമരിച്ചത്രെ... വടക്കേവീട്ടിലെ ആൾക്കൂട്ടത്തിനിടയിലെ വിജയേട്ടന്റെ ആ രൂപം അവസാനമായികാണാൻ ഞങ്ങൾ കുട്ടികൾക്കായില്ല. വായുവിൽ പരന്ന ചന്ദനത്തിരിയും പച്ചകർപ്പൂരത്തിന്റെയും ഗന്ധത്തിലൂടെ ഞങ്ങൾ വിജയേട്ടന്റെ മരണമറിഞ്ഞു. പിന്നെപ്പോഴും സന്ധ്യയ്ക്ക് കാവിൽ വിളക്കുതെളിക്കുമ്പോഴെല്ലാം ആ ഗന്ധത്തിലൂടെ വിജയേട്ടന്റെ സാന്നിദ്ധ്യം ഞങ്ങളറിഞ്ഞിരുന്നു. പാവം ജലജേച്ചി കണ്ണുനീരുണങ്ങാൻ നാളുകളെടുത്തു. മുതിർന്ന കുട്ടിയായപ്പോഴും കാവിൽ വിളക്കുവച്ചു തൊഴുകൈയ്യോടെ നിൽക്കുന്ന ജലജേച്ചിയുടെ കവിളുകളിലൂടൊഴുകുന്ന കണ്ണുനീർ പ്രാർത്ഥനകളല്ലായിരുന്നു. പൊന്നാങ്ങളയുടെ ഓർമ്മകളുടെ തുളുമ്പലായിരുന്നു.
കണ്ണുനീർതുടച്ച് ഞാനുണ്ടെന്ന് പറയാമെന്ന് നിനച്ചതാണ് പലപ്പോഴും.  പക്ഷേ മനസ്സെപ്പോഴോ പ്രായത്തിനുമൂത്ത ആ കളിക്കൂട്ടുകാരിയെ പ്രണയിക്കുവാൻ തുടങ്ങിയിരിക്കുന്നു മൂകമായി..

കാലം അതിന്റെ തേർചക്രത്തിലാവശ്യമായ എണ്ണപുരട്ടികൊണ്ടിരുന്നതിനാൽ അതിന്റെ പ്രയാണത്തിന് ഒരല്പംപോലും ഭംഗമുണ്ടായില്ല.. പത്താംതരം പാസ്സായ ജലജേച്ചി പഠനത്തോട് വിടപറഞ്ഞു.  വയസ്സറിയിച്ച പെണ്ണ് അകത്തളത്തിലൊറ്റപ്പെടാൻ തുടങ്ങിയിരിക്കുന്നു. പല്ലാംകുഴിയാടാനും വട്ടുകളിക്കാനുമവൾക്ക് കടമ്പകൾ കടന്നെത്തേണ്ടതായിത്തുടങ്ങി. ബാല്യം കൗമാരത്തിന് വഴിമാറിക്കൊടുക്കുകയല്ല ഉണ്ടായത്. അടിച്ചേൽപ്പിക്കപ്പെടുകയായിരുന്നു.
       ••••••••••
പ്രീഡിഗ്രീക്കാരന്മാരുടെ ബീഡിക്കമ്മറ്റിയ്ക്കിടെയാണത് കണ്ടത് വടക്കേതിലേക്ക് ഒരാറാൾപട നടന്നുപോകുന്നു.

"മിലിട്ടറീക്കാരനാണ്. നല്ല കുടുംബം.. അതിന്റെ ആവശ്യമൊണ്ടായിട്ടല്ല.. രാജ്യംകാക്കണ പണി ഇഷ്ടായീട്ടാ..  "

രാത്രി അമ്മമ്മയോട്   ഇളയമാമനാണത് പറഞ്ഞത്
" ന്നാലും പട്ടോളോന്നെക്ക പറേമ്പം.. ദൂരദേശത്ത് വസിക്കേണ്ടിവരത്തില്ലയോ.. ലഹളയും വെടിയും കുടിയും.."

"അതൊക്കെ പണ്ടാ.. ഇപ്പോ യുദ്ധോന്നുമില്ല.. പട്ടാളക്കാരെ പോലീസിനുപോലും ബഹുമാനാത്രേ.. പോരാത്തതിന് വലിയണ്ണനും ഇഷ്ടായീ കൂട്ടരെ... പെണ്ണിനെ നല്ലോണം ഇഷ്ടായീന്നാ കണാരൻ പറഞ്ഞത്..." --അമ്മമ്മയെ മുഴുമിക്കാനനുവദിക്കാതെയാണ് ഇളയമാമൻ പറഞ്ഞുനിർത്തിയത്..
വിശ്വസിക്കാൻ പ്രയാസം തോന്നി  ജലജേച്ചിക്ക് കല്യാണമോ...അതുമൊരു പട്ടാളക്കാരൻ..
" ചെക്കാ.. പഠിച്ച് വല്ല്യ വാദ്ധ്യാരാകാൻ നോക്ക്.. വാദ്ധ്യാമ്മാരെ എല്ലാർക്കും വലിയ ബഹുമാനമാ.... പിന്നെ എനിക്കും വാദ്ധ്യാരെയാ ഇഷ്ടം...."
പത്താംതരം പരീക്ഷയുടെ പഠനച്ചൂടിലിരിക്കുമ്പോഴാണ് ജലജേച്ചിയത് പറഞ്ഞത്. പറഞ്ഞുതീർന്ന് ഒളികണ്ണാൽ ചരിഞ്ഞൊരുനോട്ടം..  അന്നേ കരുതിയതാ ഒരു വാദ്ധ്യാരാകണം.. പ്രീഡിഗ്രികഴിഞ്ഞ് റ്റി. റ്റി. സി പഠിക്കണം.. പിന്നെ സാറാകണം.. എന്നിട്ട്.....?  ആഗ്രഹങ്ങളുടെ ഒഴുക്കവിടെയാ ചോദ്യചിഹ്നത്തിൽ തട്ടിനിൽക്കുന്നു.. ഉത്തരമില്ലാതെ....,

ഉറങ്ങാനായില്ല. മാമന്റെ വാക്കുകൾ മനസ്സിലൊരസ്വസ്ഥത വളർത്തുന്നു. സ്കൂൾ മാഷിനെ ആഗ്രഹിച്ച ജലജേച്ചിയൊരു പട്ടാളക്കാരനെ എങ്ങനെയാണിഷ്ടപ്പെടുക..!?

" നിക്കൊന്നുമറിയില്ലെടാ .. ഞാനിവിടെ ഭാരമാണല്ലോ... "
ജലജേച്ചിയുടെ കണ്ടമിടറുകയാണ്. കുളക്കടവിൽ പാതിവെള്ളത്തിൽ നിന്ന് തുണിയലക്കിയ ജലജേച്ചിയുടെ നയനങ്ങൾ ഈറനണിയുന്നു.. നെഞ്ചിലൊരു നെരിപ്പോടൂതികത്തിച്ചപോലെ വേദനതോന്നി. ഇടയ്ക്കൊന്നു മുഖമുയർത്തിയ ജലജേച്ചിയുടെ കണ്ണുകൾ  കണ്ണാന്തളിയുടെ ചുവപ്പുരാശി കടംകൊണ്ടിരിക്കുന്നു...

" ഡാ ചെക്കാ.. നന്നായി പഠിക്കണം ട്ടോ...  പഠിച്ച് പഠിച്ച് വലിയൊരു സ്കൂൾ മാഷാകണം.. പിന്നെ.. മാഷമ്മാരെ ഇഷ്ടപ്പെടണ ഒരു സുന്ദരിയെ കല്ല്യാണം കഴിക്കണം കേട്ടോ..."

ഇടനെഞ്ചിലുണർന്ന വേദന മുഖത്തൂറിവന്നത് കണ്ടാവും ജലജേച്ചി സ്നേഹമൂറിയവാക്കാൽ പറഞ്ഞുനിർത്തി. കണ്ണുകൾ നിറഞ്ഞുപോകുമെന്ന് തോന്നി പതിയെ തിരിഞ്ഞുനടന്നു..   ഏറെ നടന്ന് തിരിഞ്ഞുനോക്കവെ ജലജേച്ചി എന്നെത്തന്നെ നോക്കിനിൽക്കുന്നു..... കണ്ണാന്തളിയുടെ ചോപ്പുനിറമാവാഹിച്ച നയനങ്ങളുമായി ഒരു ജലശംഖുപുഷ്പം കണക്കെ.

#സമർപ്പണം:-ബാല്യ-കൗമാരത്തിന് കൂട്ടായിരുന്ന് വഴിപിരിഞ്ഞ പ്രിയകൂട്ടുകൾക്ക്#
              ♡♡♡ശ്രീ. 13/07/2017♡♡♡
copyright #reserved

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്