കവിയുടെ മഴ
കവിയുടെ മഴ പണ്ഡിതന്റെയും
മഴ അല്പനേരത്തിന് അവധിയെടുത്തിരിക്കുന്നു. ഗ്രന്ഥാലയത്തിന്റെ ഓടുമേഞ്ഞ പഴയ മേൽക്കൂരയിൽ വെള്ളത്തുള്ളികൾ മിന്നിനില്ക്കുന്നു...
ആകാശം ഇപ്പോഴും മൂടിയതാണെങ്കിലും, അന്തരീക്ഷം അതിശാന്തമായി കാണപ്പെട്ടു....
പണ്ഡിതൻ,
തന്റെ ഒരുപുസ്തകവുമായി നടന്നു വന്നു. തലയിൽ ചുറ്റിയ തുണിയിൽ മഴത്തുള്ളികൾ വീണിരിക്കുന്നു.. തീർച്ച അയാൾ മഴ പൂർണ്ണമായി തീരുന്നതിനുമുമ്പ് ഇറങ്ങിയതാകണം.
അയാളുടെ കണ്ണുകൾ ഗ്രന്ഥശാലയിലെ ബെഞ്ചിൽ ഇരിക്കുന്ന കവിയിലേക്കു വഴുതി.
കവി,
അന്ന് രാവിലെതന്നെ ഒരു പുതിയ കവിതയുടെ വരികളിൽ മുങ്ങിയിരുന്നു.
മഴയുടെ നനവേറ്റ് പേപ്പർ അല്പം ചുളിഞ്ഞിരിക്കുന്നു.
അവന്റെ കണ്ണുകൾക്ക് മുന്നിൽ — പദങ്ങളല്ല, അനുഭവങ്ങളായിരുന്നു മിന്നിയിരുന്നത്. .
പണ്ഡിതൻ അൽപം മടിച്ച്മടിച്ച് കവിയെ സമീപിച്ചു.
“നിങ്ങളൊരു കവിയാണെന്ന് തോന്നുന്നു,” പറഞ്ഞു.
വാക്കുകളിൽ പരിഹാസമല്ല, കൌതുകം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
കവി തല ഉയർത്തി നോക്കി, ഒന്നു പുഞ്ചിരിച്ചു.
“അതുകൊണ്ടുതന്നെ അല്പം ഉച്ചത്തിൽ സംസാരിക്കും എന്നതിനപ്പുറം മറ്റു പ്രശ്നമുണ്ടാക്കില്ല,” എന്നു മറുപടിനൽകി..
പണ്ഡിതൻ വിസ്മയത്തോടെ ചിരിച്ചു. “എനിക്കു നിങ്ങളെ ഇഷ്ടമായി,” അയാൾ പറഞ്ഞു. ആ വാക്കുകൾക്കൊപ്പം ഒരു സത്യസന്ധമായ നനവ് ഉണ്ടായിരുന്നു.
കവി അല്പം നിശബ്ദമായി.. പിന്നെ പണ്ഡിതനെ നോക്കി. “എനിക്ക് തിരിച്ച് അങ്ങനെ അല്ല,” കവി ശാന്തമായി പറഞ്ഞു, “കാരണം നാമിപ്പോൾ പരസ്പരം കണ്ടിട്ട് ഒരു നാഴികയേ ആയുള്ളൂ.”
പണ്ഡിതൻ ചിന്തിച്ചു.... ആ മറുപടിയിൽ തർക്കമില്ല, പക്ഷേ ഒരു തരത്തിലുള്ള സമാധാനമുണ്ട്.
“നിങ്ങളുടെ വാക്കുകൾക്കു കാഠിന്യമുണ്ട്,” പണ്ഡിതൻ മൊഴിഞ്ഞു.
“അതെ,” കവി പുഞ്ചിരിച്ചു, “സത്യം മധുരമാകില്ല എങ്കിലും അതാണ് ശുദ്ധം.”
അവരുടെ ഇടയിൽ ആ നിമിഷം ഒരു മൗനം പിറവിയെടുത്തു.
ഗ്രന്ഥാലയത്തിന്റെ പിന്നിലൂടെയൊരു കാറ്റ് കടന്നു പോയി.
പഴയ പുസ്തകങ്ങളിലെ പേജുകൾ തഴുകി കടന്നപോലെയായിരുന്നു ആ ശബ്ദം, അതിൽ ഒരു മൗനത്തിന്റെ സംഗീതവുമുണ്ടായിരുന്നു.
പണ്ഡിതൻ ചോദിച്ചു:
“കവിത എന്നാൽ എന്താണ്, നിങ്ങളുടെ ഭാഷയിൽ?”
കവി ആകാശത്തേക്ക് നോക്കി.
“മഴത്തുള്ളി വീഴുമ്പോൾ മണ്ണ് പാടുന്നത് കേട്ടിട്ടുണ്ട്.. അതാണ് കവിത,” അവൻ പറഞ്ഞു. “ഞാനത് കവിതയാക്കി എഴുതി വയ്ക്കും.”
പണ്ഡിതൻ പുഞ്ചിരിച്ചു.
“അപ്പോൾ എനിക്കുള്ള സ്ഥാനം എവിടെ?”
“നിങ്ങൾ അതിന്റെ അർത്ഥം കണ്ടെത്തുന്നവൻ,” കവി പറഞ്ഞു. “ഞാൻ അർത്ഥം നഷ്ടമാക്കുന്നവൻ.”
അവർ രണ്ടുപേരും മിണ്ടാതെയിരുന്നു ഏറെ നേരം, ആ മൗനം ഭജിക്കാനെന്നോണം മഴ വീണ്ടും തുടങ്ങി.
കവി എഴുന്നേറ്റ് പറഞ്ഞു,
“ഇഷ്ടം പാകമാകാൻ കാലവും മൗനവും വേണം. മൗനം നമുക്കുണ്ടാക്കാം.. കലം.. അതു കാത്തിരിക്കേണ്ട സമസ്യയാണ്.." അതുപറഞ്ഞ് കൈയിലിരുന്ന കടലാസുകഷ്ണം ചുരുട്ടിയെറിഞ്ഞ് അയാൾ മഴയിലേക്കിറങ്ങിപ്പോയി...
കവിയെ മഴമൂടുന്നതു പണ്ഡിതൻ നോക്കിനിന്നു. കവി ചുരുട്ടിയെറിഞ്ഞ കടലാസുതുണ്ടിലെ അക്ഷരങ്ങൾ മഴയിൽ കുതിർന്ന് നിലത്തൂറിയിറങ്ങി പുതിയ വാക്കുകൾ ചമയ്ക്കുന്നതും അതുവായിച്ച് മഴ നൃത്തം ചെയ്യുന്നതും പരിസമാപ്തിയിൽ അക്ഷരങ്ങളലിഞ്ഞ് സൗന്ദര്യമാകുന്നതും പണ്ഡിതനു കാണാനായി...
സത്യവും സൗന്ദര്യവും ഒരുപോലെ ശബ്ദമില്ലാത്തതാണെന്ന് പണ്ഡിതന് മനസ്സിലായപ്പോഴേക്കും ആ മഴയും അവസാനിച്ചിരുന്നു..
....sree. 01.11.2025.
Comments