സോളമന്റെ ഉത്തമഗീതം ഭാഗം 2
സോളമന്റെ_ഉത്തമഗീതം_ഭാഗം2
നമുക്ക്
അതികാലത്ത് ഉണർന്ന്
അടുക്കളയിൽ പോകാം...
ദോശമാവ് പുളിച്ചോ എന്നും,
അരി വേവു പാകമായോ
എന്നും നോക്കാം.
മക്കളുടെ സമയത്തിനുമുമ്പ്,
അവർക്ക് പ്രാതലും
ഉച്ചഭക്ഷണവുമൊക്കെ
ഒരുക്കാം.
ഒടുവിൽ,
മധുരരഹിതമായൊരു ചായ
ദിനത്തിന്റെ
ആദ്യ മൗനഗാനം പോലെ.
നീ കപ്പിൽ ചുണ്ടമർത്തി
കുടിക്കുമ്പോൾ,
മുഖത്ത് പകലിന്റെ
ആദ്യപ്രകാശം വീഴും.
ആ നിമിഷത്തിൽ ഞാൻ,
നിന്റെ കാലിൽ എന്റെ മരുന്നുകുഴമ്പ് തേച്ചുതരാം..
ആ സ്നേഹസ്പർശത്തിൽ,
നമുക്കിടയിൽ മുഴുവൻ
ജീവിതം പകർന്ന് വീഴും.
അടുക്കളയുടെ ചൂടിലും,
ഒരു പ്രണയഗാനത്തിന്റെ
മണമുണ്ടാകും..
അതിന്റെ വരികൾ,
നമുക്ക് മാത്രം
കേൾക്കാനുമാകും...
Comments