കൃഷ്ണപക്ഷം- 18


സർഗ്ഗം 18
പാണ്ഡവരുടെആശ്രയവും_ദൂതനും
ഹസ്തിനാപുരത്തിൽ പാണ്ഡവരും കൗരവരും ഒരുമിച്ച് വളർന്നുവെങ്കിലും,
ദുര്യോധനന്റെ അസൂയയും ശകുനിയുടെ കപടബുദ്ധിയും
ധർമ്മപുത്രന്മാർക്ക് എതിരായി വിഷമത വിതറി.
അരക്കില്ലഗൃഹത്തിലെ ചതിയും, വനവാസത്തിലെ ദുരിതങ്ങളും അവരെ ജീവിതത്തിന്റെ അതിരുകളിൽ എത്തിച്ചു.
അവരുടെ മനസ്സ് ധർമ്മനിഷ്ഠയിലും സത്യവിശ്വാസത്തിലും ഉറച്ചിരുന്നതുകൊണ്ട്
അവർക്കു ആശ്രയമായി ഓർക്കാനായത് ദ്വാരകാധിപതിയായ കൃഷ്ണനെ മാത്രമായിരുന്നു.
കാരണം ദ്യുതക്രീഡയിൽ എല്ലാം നഷ്ടപ്പെട്ട ശേഷം, ദ്രൗപദി അപമാനിക്കപ്പെട്ടപ്പോൾ,
അവളുടെ ഹൃദയത്തിൽ നിന്നു പൊട്ടിപ്പുറപ്പെട്ട
വിലാപപ്രാർത്ഥന ആകാശത്തെ തൊട്ടു.
“ഗോവിന്ദാ! കൃഷ്ണാ! മാധവാ!” ആ വിളി കേട്ടപ്പോൾ കൃഷ്ണൻ ദ്വാരകയിൽ തന്നെ നിന്നു അവൻ ദിവ്യശക്തിയായി അവളുടെ വസ്ത്രമായി..
ആ ദിവസം മുതൽ തന്നെ പാണ്ഡവർ കൃഷ്ണനെ ആത്മസഖാവായി കരുതിയിരുന്നു.
വനവാസത്തിൽ നിന്നും മടങ്ങിയ പാണ്ഡവർ കൃഷ്ണന്റെ ദർശനത്തിനായി ദ്വാരകയിൽ എത്തി. കൃഷ്ണൻ അവരെ ഹൃദയംകൊണ്ട് സ്വീകരിച്ചു.
അവൻ പറഞ്ഞു:
“ധർമ്മം തന്നെയാണ് നിങ്ങളുടെ ആയുധം.
സത്യത്തിൽ ഉറച്ചവർക്ക്
അവസാനം വിജയം അനിവാര്യമാണ്.” ഭീമൻ അവന്റെ കരങ്ങൾ പിടിച്ചു,
അർജുനൻ കണ്ണുനിറച്ച് പറഞ്ഞു: “മിത്രാ! നീയില്ലാതെ ഞങ്ങൾ ദുർബ്ബലർ.”
കൃഷ്ണൻ ചിരിച്ചു മറുപടി പറഞ്ഞു:
“നിങ്ങൾ തന്നെയാണ് ധർമ്മത്തിന്റെ ദൂതന്മാർ.
ഞാൻ നിങ്ങളുടെ കൂടെയായിരിക്കും,
ആവശ്യം വന്നാൽ സാരഥിയായി പോലും.”
കൃഷ്ണൻ അന്ന് പറഞ്ഞത് പാണ്ഡവർക്കു
മഹാഭാരതത്തിന്റെ അടിത്തറയായി:
 “യുദ്ധത്തിൽ ഞാൻ ആയുധമെടുക്കില്ല.
പക്ഷേ ധർമ്മത്തിനൊപ്പം നിൽക്കും. എവിടെയുണ്ടോ ധർമ്മം, അവിടെ ഞാൻ.”

പാണ്ഡവർ അപ്പോൾ മനസ്സിലാക്കി അവരുടേതായ ജീവിതയുദ്ധത്തിൽ കൃഷ്ണൻ തന്നെയാണ് സാക്ഷാൽ ദിവ്യശക്തി.

വനവാസവും അജ്ഞാതവാസവും കഴിഞ്ഞപ്പോൾ,
ധർമ്മപുത്രൻ യുദ്ധിഷ്ഠിരൻ ശാന്തിയിലേക്കുള്ള വഴികൾ തേടി. “ഞങ്ങൾ യുദ്ധം വേണ്ടെന്നു പറയുന്നു,”
അവൻ സഹോദരന്മാരോടു പറഞ്ഞു, “പക്ഷേ നമ്മുടെ അവകാശം നിഷേധിക്കാൻ
കൗരവർക്ക് അധികാരമില്ല.”

അർജുനൻ, ഭീമൻ, നകുലൻ, സഹദേവൻ അവരുടെ ഹൃദയം തീപോലെ ജ്വലിച്ചു.
എന്നാൽ യുദ്ധം അവസാന മാർഗ്ഗമായി മാത്രം വേണമെന്ന് കൃഷ്ണൻ അവരെ ഓർമ്മിപ്പിച്ചു.


പാണ്ഡവർ ഒരുമിച്ച് പറഞ്ഞു:
“കൃഷ്ണാ, നീയാണ് ധർമ്മത്തിന്റെ മുഖം.
നീ തന്നെ നമ്മുടെ വാക്കായി ഹസ്തിനാപുരത്തിലെ രാജസഭയിൽ പോകുക.”
കൃഷ്ണൻ സൗമ്യമായി സമ്മതിച്ചു. അവന്റെ യാത്ര തുടങ്ങി — ധർമ്മത്തിനായി, സത്യത്തിനായി, രക്തസാക്ഷ്യത്തിനു പകരം സമാധാനം നേടാനായി.
കൃഷ്ണൻ ഹസ്തിനാപുരം പ്രവേശിക്കുമ്പോൾ
നഗരം വിസ്മയഭരിതമായി.
വൃദ്ധരും സ്ത്രീകളും കുട്ടികളും അവനെ ദർശിക്കാൻ ഓടിവന്നു. പിതാമഹൻ ഭീഷ്മൻ, ഗുരുദ്രോണർ, വിദുരൻ, കൃപാചാര്യൻ എല്ലാവരും കൃഷ്ണനെ സ്വീകരിച്ചു.

ദുര്യോധനൻ ചതിയാലയമായ ഒരു കൊട്ടാരം ഒരുക്കി, വിരുന്നിനായി കൃഷ്ണനെ ക്ഷണിച്ചു. കൃഷ്ണൻ പറഞ്ഞു:
“അനീതിയുടെ കൊട്ടാരത്തിൽ ഞാൻ അന്നം കഴിക്കില്ല.
സത്യവാനനായ വിദുരന്റെയിടമാണ് എനിക്കാശ്രയം.”
വിദുരഗൃഹത്തിൽ അവൻ അന്നം സ്വീകരിച്ചു പഴുതില്ലാത്ത സ്‌നേഹത്തിന്റെ പ്രതീകമായി.

അടുത്തദിവസം കൃഷ്ണൻ രാജസഭയിൽ പ്രവേശിച്ചു.
ദുര്യോധനൻ കപടഹാസത്തോടെ സ്വീകരിച്ചു. കൃഷ്ണൻ ശാന്തമായി പറഞ്ഞു:
 “പാണ്ഡവർക്ക് അവരുടെ അവകാശം കൊടുക്കുക.
അഞ്ചു ഗ്രാമങ്ങൾ — അത്രയും മതി. ധർമ്മം നിലനിൽക്കട്ടെ, രക്തച്ചൊരിച്ചിൽ ഒഴിവാക്കാം.” ശകുനി പരിഹസിച്ചു, കർണൻ നിശബ്ദനായി, ദുര്യോധനൻ കോപത്തോടെ മുഴങ്ങി:
“അഞ്ചു ഗ്രാമം പോലും.. ഞാൻ കൊടുക്കില്ല!
സൂചിയുടെ അഗ്രം മാത്രം ഭൂമിയൊരുക്കാൻ പോലും
ഞാൻ തയ്യാറല്ല!”
കൃഷ്ണൻ ചിരിച്ചു.
അത് ഭയപ്പെടുത്തുന്ന ദിവ്യചിരി.
കൃഷ്ണൻ നിശ്ശബ്ദമായി നില്ക്കുമ്പോൾ
അവന്റെ രൂപം ദിവ്യമായി തീർന്നു. ആകാശം നിറഞ്ഞു പ്രകാശത്തോടെ അനന്തമൂർത്തികൾ, ദേവതകൾ, ഗ്രഹങ്ങൾ,
കാലത്തിന്റെ മുഴക്കം.

സമസ്തസഭ വിറച്ചു.
ഭീഷ്മനും ദ്രോണനും വിസ്മയത്തോടെ നമിച്ചു.
കൃഷ്ണൻ പറഞ്ഞു:
“ധർമ്മം നശിക്കില്ല.
അനീതി അതിന്റെ ഭാരം സഹിക്കില്ല. കാലം തന്നെയാണ് സത്യത്തിന്റെ ആയുധം.”
അതോടെ കൃഷ്ണൻ മടങ്ങി പാണ്ഡവർക്ക് സമാധാനം സാദ്ധ്യമല്ലെന്ന് അറിയിച്ചു.
യുദ്ധം അനിവാര്യമായി.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

🕉️ ധർമ്മം — ജീവിതത്തിന്റെ അടിത്തറ

കൃഷ്ണൻ പാണ്ഡവർക്ക് പറഞ്ഞ “ധർമ്മം തന്നെയാണ് നിങ്ങളുടെ ആയുധം” എന്ന വാക്ക് മഹാഭാരതത്തിന്റെ ആത്മവാക്യമാണ്.
ധർമ്മം ഒരാളുടെ മതനിഷ്ഠയല്ല, മറിച്ച് സത്യത്തിൽ ഉറച്ച നിലപാട് —
മനുഷ്യന്റെ ഉത്തരവാദിത്വവും നൈതികബോധവുമാണ്.
യഥാർത്ഥ ധർമ്മം — “നന്മയുടെ നിലനിൽപ്പിനായി പോരാടുക”,
അതായത് ആത്മശക്തിയും ആത്മവിശ്വാസവുമാണ് കൃഷ്ണൻ പാണ്ഡവർക്കു നൽകിയത്.
കൃഷ്ണൻ ഇവിടെ ദൈവം മാത്രമല്ല, മനുഷ്യന്റെ ആന്തരിക ബോധത്തിന്റെ പ്രതീകം കൂടിയാണ്.
ദ്രൗപദിയുടെ വിലാപം കേട്ട് അവളുടെ വസ്ത്രമായി മാറിയ കൃഷ്ണൻ,
മനുഷ്യൻ തന്റെ ആത്മവിശ്വാസത്തിൽ ആശ്രയിക്കുമ്പോൾ
ദിവ്യശക്തി അവന്റെ ഉള്ളിൽ ഉണരുന്നതിന്റെ പ്രതീകമാണ്.
അതിനാൽ കൃഷ്ണൻ ഒരാൾ അല്ല, അവൻ മനസ്സിലെ ധർമ്മചൈതന്യത്തിന്റെ പ്രതിനിധിയാണ്.
Sreekumar Sree 🙏 🙏 🙏 

Comments

Popular posts from this blog

അനുവദിക്കുമെങ്കിൽ

കാളകൾ ഒരു പഠനം

poem - morning wishes പുലർകാല വന്ദനം