കണ്ടുമുട്ടാത്ത നക്ഷത്രങ്ങൾ

ഒരു പ്രണയവും അവസാനിക്കുന്നില്ല.. നിശ്ശബ്ദമാകുകയാണ് പതിവ്..

പ്രണയിനികൾ മനസ്സിലെന്നും
ഒരു പ്രണയം സൂക്ഷിക്കുന്നു 
കാലം മായ്ക്കാത്ത,
വാക്കുകളില്ലാത്ത 
ഒരു കത്തുപോലെ.

വർഷങ്ങൾക്കിപ്പുറം
അവരുടെ ഹൃദയങ്ങളിൽ
ഒരു നാളം ജ്വലിക്കുന്നു,
മഴവില്ലുപോലത്
മനസ്സിന്റെ വക്കൊന്നിൽ 
വിരിഞ്ഞുവിലസും..
പഴയൊരു പാട്ടിന്റെ
താളമകമ്പടിയും...

നിശ്ശബ്ദമായ രാത്രിയുടെ
തിരശ്ശീലയിൽ
അവ തെളിയുന്നുണ്ടാകും..
ഇരുഹൃദയങ്ങൾ ഇപ്പോഴും കൂട്ടിമുട്ടാത്ത പാളങ്ങളിൽ 
സമാന്തരമായി 
കുതിക്കയാകാം..

അവൾ 
ചിരിയെ മറയ്ക്കുമ്പോൾ 
അവൻ 
ശ്വാസത്തെ അടക്കിപ്പിടിക്കുന്നു...

പ്രണയം അവസാനിച്ചിട്ടല്ല,
അതിന്റെ ശബ്ദങ്ങളെ
അവരടക്കിപ്പിടിച്ചതാകാം 
കാറ്റിനൊപ്പം പായുന്ന ഒരു 
മന്ദഗന്ധം പോലെ,
അവർ വീണ്ടും പരസ്പരം മണക്കുന്നുണ്ട്
അറിയാതെയെങ്കിലും, 
അറിഞ്ഞറിഞ്ഞുനിത്യം..

പഴയ പ്രണയിനികൾ 
ആകാശഗംഗയിലെ
നക്ഷത്രങ്ങളാണ്..
അകലങ്ങളിലെ 
പ്രകാശരശ്മികൾ
കൂട്ടിമുട്ടുന്നേയില്ല..
ധ്രുവങ്ങളിലെ 
മഞ്ഞുമലകൾ പോലെ,
അവരലിഞ്ഞ് 
ഒരുപുഴയാകുന്നില്ല..

വീണ്ടും മൗനാക്ഷരങ്ങളാൽ
എഴുതി നിറയ്ക്കുന്നൊരു 
കവിതയാണ് 
അവരുടെ വർത്തമാനം...
അനന്തമായ ഒരു പ്രണയകവിതപോലെ,
ലോകത്തിനു വായിക്കാനാകാത്ത,
ഹൃദയം വായിക്കുന്ന 
കവിതയാണവർ.

Comments

Popular posts from this blog

അനുവദിക്കുമെങ്കിൽ

കാളകൾ ഒരു പഠനം

poem - morning wishes പുലർകാല വന്ദനം